This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൂട്ടങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:12, 11 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കൂട്ടങ്ങള്‍

മധ്യകാലകേരളത്തിൽ നിലനിന്ന സവർണജാതികളുടെ പ്രാദേശിക കൂട്ടായ്‌മകള്‍. രാജ്യകാര്യങ്ങളിൽ മേൽജാതിക്കാർക്കുണ്ടായിരുന്ന സ്വാധീനത്തെയാണ്‌ ഇത്തരം കൂട്ടങ്ങള്‍ പ്രതിനിധീകരിച്ചിരുന്നത്‌. ഇവിടെ കുടിയേറിപ്പാർത്ത ബ്രാഹ്മണർ അറുപത്തിനാലു ഗ്രാമങ്ങള്‍ സ്ഥാപിച്ചതിനെയും അവയുടെ നിയന്ത്രണത്തിന്‌ നാലു കഴകങ്ങള്‍ ഏർപ്പെടുത്തിയതിനെയുംപറ്റി കേരളോത്‌പത്തിയിൽ പ്രസ്‌താവിക്കുന്നു. പറവൂർക്കൂട്ടം, ഐരാണിക്കുളം കൂട്ടം ഇരിങ്ങാലക്കുടക്കൂട്ടം എന്നിവയെക്കുറിച്ചും ഇതിൽ പറഞ്ഞിട്ടുണ്ട്‌. ശിലാരേഖകളിലും ചെപ്പേടുകളിലും മധ്യകാലങ്ങളിലുണ്ടായ സഞ്ചാരവിവരണങ്ങളിലും കൂട്ടങ്ങളെപ്പറ്റി പറഞ്ഞുകാണുന്നു. കോതനല്ലൂർ സഭ, മിത്രാനന്ദപുരം സഭ എന്നിവയെക്കുറിച്ചു പ്രാഫ. സുന്ദരംപിള്ളയും കൂട്ടങ്ങളെക്കുറിച്ചു പൊതുവേ ലോഗനും വിസ്‌തരിച്ചു പ്രതിപാദിച്ചിട്ടുണ്ട്‌. രക്ഷകവർഗത്തിൽപ്പെട്ട നായന്മാർ രാജ്യത്തെ സൈനികാവശ്യത്തിനായി ദേശങ്ങളായും നാടുകളായും തറകളായും വിഭജിച്ചു. നാട്‌, തറ എന്നിങ്ങനെ അവസാനിക്കുന്ന അനേകം സ്ഥലങ്ങള്‍ ഇന്നും ശേഷിച്ചിട്ടുണ്ട്‌. ദേശത്തിന്റെ ചുമതല ദേശവാഴിക്കും നാടിന്റെ ചുമതല നാടുവാഴിക്കുമായിരുന്നു. നാട്‌ അനേകം തറകള്‍ അടങ്ങിയതാണ്‌. തറയുടെ നേതൃത്വം കാരണവനാണ്‌ വഹിച്ചിരുന്നത്‌. കാരണവനെ മുഖ്യസ്ഥനെന്നോ പ്രമാണിയെന്നോ പറയാറുണ്ട്‌. തറയാണ്‌ ഭരണത്തിന്റെ ഏറ്റവും ചെറിയ ഘടകം. സൈനികഭരണത്തെ സംബന്ധിച്ചിടത്തോളം ദേശത്തിനാണ്‌ പ്രാധാന്യം. ആദ്യകാലത്ത്‌ ഈ സംഘടനകള്‍ 500, 600, 5000 എന്നിങ്ങനെ സംഖ്യാവാചികളായ നാമങ്ങളിൽ അറിയപ്പെട്ടിരുന്നുവെന്ന്‌ കോട്ടയം, തിരുനെല്ലി ചെപ്പേടുകളിൽ നിന്നു മനസ്സിലാക്കാം. അവർ നാടുകളുടെ സംരക്ഷണഭാരം വഹിച്ചിരുന്നു. ഈ സംഘടനകള്‍ തറക്കൂട്ടം, നാട്ടുക്കൂട്ടം, അഖിലകേരളക്കൂട്ടം എന്നിങ്ങനെ അറിയപ്പെടുന്നു. അഖിലകേരള സംഘടന പന്ത്രണ്ടു സംവത്സരത്തിലൊരിക്കൽ തിരുനാവായയിൽ വച്ച്‌ മാമാങ്കത്തോടൊന്നിച്ചു നടത്തപ്പെട്ടിരുന്നു. ഒടുവിലത്തെ മാമാങ്കം നടന്നത്‌ 1743-ലാണ്‌. തറക്കൂട്ടം കാരണവന്മാർ ഉള്‍പ്പെട്ടതാണ്‌. അവർ യോഗം ചേർന്നു തറയിലെ കാര്യങ്ങള്‍ ആലോചിച്ചുവന്നു. നാട്ടുകൂട്ടമാകട്ടെ തറകളുടെ (ഗ്രാമങ്ങളുടെ) പ്രതിനിധികള്‍ കൂടിയിരുന്നു പ്രാധാന്യമേറിയ പൊതുകാര്യങ്ങള്‍ ചർച്ച ചെയ്യും.

തറക്കൂട്ടങ്ങള്‍ സാമുദായികമായും രാഷ്‌ട്രീയമായും വളരെ സ്വാധീനതയുള്ളവയായിരുന്നു. കൂട്ടം കൂടുന്നത്‌ ക്ഷേത്രസന്നിധിയിലുള്ള കളിത്തട്ടിലോ ആൽത്തറയിലോ ആയിരിക്കും. ഇവയ്‌ക്കു സ്വന്തമായ നിധിയും ജീവനക്കാരുമുണ്ട്‌. നിധി തറയുടെ ആവശ്യത്തിനുവേണ്ടി വിനിയോഗിക്കും. നീതിന്യായനിർവഹണം, ഗ്രാമക്ഷേത്രഭരണം എന്നിവ ഇതിന്റെ ചുമതലയിലാണ്‌. ഗ്രാമത്തിലെ എല്ലാ വഴക്കുകളും തർക്കങ്ങളും ഭൂരിപക്ഷാഭിപ്രായപ്രകാരം തീരുമാനിക്കും. ഇവരുടെ നിശ്ചയങ്ങളെ എല്ലാവരും അനുസരിച്ചുവന്നു; അനുസരിക്കാത്തവരെ സമുദായഭ്രഷ്‌ടരാക്കിയിരുന്നു. അലക്കുകാരനോ ക്ഷുരകനോ കൊല്ലനോ മറ്റു തൊഴിലുകാരോ ബഹിഷ്‌കൃതനുമായി സഹകരിക്കാന്‍ പാടില്ലെന്നതായിരുന്നു വ്യവസ്ഥ.

ദുർഭരണം നടത്തിയ രാജാക്കന്മാരെയും മന്ത്രിമാരെയും നാട്ടുക്കൂട്ടം ശിക്ഷിക്കാന്‍ മടിച്ചിരുന്നില്ല. തിരുവിതാംകൂറിൽ വളരെക്കാലം രാജശക്തിയെ നിയന്ത്രിച്ചിരുന്ന എട്ടുവീട്ടിൽ പിള്ളമാർ മുമ്പ്‌ അറുനൂറ്റവർ എന്ന സംഘടനയിൽപ്പെട്ടവരായിരുന്നുവെന്നു ചരിത്രകാരനായ കെ.പി. പദ്‌മനാഭമേനോന്‍ പ്രസ്‌താവിച്ചിട്ടുണ്ട്‌. അനിഴം തിരുനാള്‍ മാർത്താണ്ഡവർമ അവരെ നായിക്കരാജാക്കന്മാരുടെയും ബ്രിട്ടീഷുകാരുടെയും സഹായത്തോടുകൂടി നിശ്ശേഷം നശിപ്പിച്ചു.

മധ്യകാലകേരളത്തിന്റെ ദക്ഷിണസീമയിൽ ഉണ്ടായിരുന്ന ജനകീയ സംഘടനയാണ്‌ നാഞ്ചിനാട്ടെ നാട്ടാർക്കൂട്ടം എന്ന പേരിൽ അറിയപ്പെട്ടിരുന്നത്‌. തോവാള, അഗസ്‌തീശ്വരം താലൂക്കുകളിലെ പന്ത്രണ്ടു "പിടാക'കളിലെ പ്രതിനിധികള്‍ ഉള്‍പ്പെട്ടതായിരുന്നു അത്‌. ആ പിടാകയോഗത്തിന്റെ കേന്ദ്രസ്ഥാനം അഴകിയ പാണ്ഡ്യപുരമായിരുന്നു. പെരിയവീട്ടിലെ മുതലിയാർ ആയിരുന്നു അതിന്റെ അധ്യക്ഷന്‍. രാജഹസ്‌തങ്ങളിൽ നിന്നു ആ സംഘടനയ്‌ക്കും അതിന്റെ നായകനും അനേകം "വിരുതുകള്‍' നല്‌കിയിരുന്നു. മുതലിയാരുടെ വംശക്കാർ ഇന്നുമുണ്ട്‌. മുതലിയാരെ നാഞ്ചിനാടിന്റെ "ഒലിവർ ക്രാംവെൽ' എന്നാണ്‌ ഒരു ചരിത്രകാരന്‍ വിശേഷിപ്പിച്ചിരിക്കുന്നത്‌. ശുചീന്ദ്രം തേരോട്ടക്കാലത്താണ്‌ ഈ കൂട്ടത്തിന്റെ വാർഷികസമ്മേളനം. ഓരോ പിടാകയിൽനിന്നും രണ്ടോ മൂന്നോ പ്രതിനിധികള്‍ യോഗത്തിൽ പങ്കുകൊള്ളും. സമ്മേളനം പത്തുദിവസം വരെ നീണ്ടുനില്‌ക്കും. പ്രധാന രാഷ്‌ട്രീയ കാര്യങ്ങളും സമുദായകാര്യങ്ങളും ചർച്ചാവിഷയമാകും. യോഗം കൂടുന്നത്‌ ക്ഷേത്രസന്നിധിയിൽ വച്ചാണ്‌. വമ്പിച്ച തോതിലുള്ള ഒരു ഘോഷയാത്രയ്‌ക്കു ശേഷമാണ്‌ സമ്മേളനമാരംഭിക്കുക. മഹാരാജാവ്‌ സമ്മാനിച്ച വെങ്കലമുരശ്‌, കാഹളം മുതലായവയുടെ ഗംഭീരനാദത്തോടുകൂടി പെരിയവീട്ടു മുതലിയാർ, പിടാകപ്രധാനികള്‍, നൂറിലധികം പ്രതിനിധികള്‍, ജീവനക്കാർ എന്നിവർ സ്ഥാനചിഹ്നങ്ങളോടും മുത്തുക്കുട മുതലായവ ആഡംബരങ്ങളോടുംകൂടി പ്രധാനവീഥികള്‍ കടന്നിട്ടാണ്‌ യോഗസ്ഥലത്തെത്തുന്നത്‌. ജനങ്ങള്‍ വഴിനീളെ നിരന്നുനിന്ന്‌ ആ ജനനായകന്മാരെ അഭിവാദ്യം ചെയ്യും. യോഗനിശ്ചയങ്ങള്‍ ഭൂരിപക്ഷമനുസരിച്ചാണ്‌. അവയെ ലംഘിക്കാന്‍ ആരും ധൈര്യപ്പെട്ടിരുന്നില്ല. സാമുദായികമായ തരംതാഴ്‌ത്തൽ നല്ലൊരു ആയുധമായിരുന്നു അന്ന്‌.

തിരുമലനായ്‌ക്കരുടെ നിരന്തരാക്രമണം നിമിത്തം പൊറുതിമുട്ടിയ "നാട്ടാർ' കൂടുതൽ നികുതി ചുമത്തിയതിനെ പ്രതിഷേധിച്ച്‌ വടശ്ശേരി, ആശ്രാമം, ഈശാന്തിമംഗലം മുതലായ സ്ഥലങ്ങളിൽ വച്ച്‌ യോഗങ്ങള്‍ കൂടി. സങ്കടപരിഹാരം വരുത്തിയില്ലെങ്കിൽ നിസ്സഹകരണം തുടങ്ങുമെന്ന്‌ അധികൃതർക്കു മുന്നറിയിപ്പു നല്‌കി. യോഗനിശ്ചയങ്ങളും അതിന്മേൽ ഗവണ്‍മെന്റ്‌ പുറപ്പെടുവിച്ച ഉത്തരവുകളും തിരുവിതാംകൂർ ശിലാശാസന ഗ്രന്ഥാവലിയിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. രാജാ കേശവദാസന്റെ നിര്യാണത്തെത്തുടർന്നുണ്ടായ അഴിമതികളെ നിരോധിക്കുന്നതിന്‌ സന്നദ്ധനായ തലക്കുളം വേലുത്തമ്പിക്ക്‌ ഈ നാട്ടാർകൂട്ടത്തിന്റെ പരിപൂർണസഹകരണം ലഭിച്ചു. അന്നത്തെ രാഷ്‌ട്രീയനില പൊതുജനങ്ങളെ ഗ്രഹിപ്പിക്കുന്നതിന്‌ അദ്ദേഹത്തിന്റെ നിർദേശമനുസരിച്ചു നാട്ടാർകൂട്ടം ചേർന്നതിന്‌ പില്‌ക്കാലത്ത്‌ പെരിയവീട്ടു മുതലിയാർക്ക്‌ ശിക്ഷ നിശ്ചയിച്ചതായിക്കാണുന്നു.

ദക്ഷിണതിരുവിതാംകൂറിൽ വളരെക്കാലം ജനങ്ങളെ നയിച്ച ഈ സംഘടനയെ ഉമ്മിണിത്തമ്പിദളവയും റെസിഡന്റ്‌ മണ്‍റോയും കൂടി നശിപ്പിച്ചു. മലബാറിലെ കൂട്ടങ്ങളെല്ലാം ടിപ്പുവിന്റെ ആക്രമണത്തോടുകൂടി നശിച്ചുകഴിഞ്ഞിരുന്നു.

ഭാരതത്തിന്റെ പുരാതനചരിത്രത്തിൽ കൂട്ട (സഭ, സമിതി)ങ്ങള്‍ക്കു വളരെ പ്രാധാന്യമുണ്ടായിരുന്നു. വേദകാലത്തും ബൗദ്ധജൈനമതങ്ങളുടെ പ്രാബല്യകാലത്തും കൂട്ടങ്ങള്‍ക്കു ഭരണകാര്യത്തിൽ വലിയ പങ്കുണ്ടായിരുന്നതായി കാണാം. ദക്ഷിണേന്ത്യയിൽ ആംഗലഭരണം ഉറയ്‌ക്കുന്നതുവരെ സംഘങ്ങള്‍ ശക്തിയേറിയ ഭരണഘടകങ്ങളായിരുന്നു. തമിഴ്‌ സംഘകാല (ക്രിസ്‌ത്വബ്‌ദത്തിന്റെ ആദിമശതകങ്ങള്‍)ത്ത്‌ കൂട്ടങ്ങള്‍ എല്ലാ കാര്യത്തിലും ജനങ്ങളുടെ പ്രാതിനിധ്യം വഹിച്ചിരുന്നു. ചേര-ചോള-പാണ്ഡ്യരാജാക്കന്മാരുടെ ഭരണകാലം കൂട്ടങ്ങളുടെ സുവർണദശയായിരുന്നുവെന്നു ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്‌. വിഖ്യാതരായ വിജയനഗരസമ്രാട്ടുകള്‍ പ്രാദേശികഭരണം സഭകളെയാണ്‌ ഏല്‌പിച്ചിരുന്നത്‌. ഹരിയാന, രാജസ്ഥാന്‍, ഉത്തർപ്രദേശ്‌ തുടങ്ങിയ വടക്ക്‌ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിൽ പുരാതനകാലം മുതൽതന്നെ നാട്ടുകൂട്ടങ്ങളായ കാപ്‌ പഞ്ചായത്തുകള്‍ക്ക്‌ വളരെയധികം പ്രാധാന്യമുണ്ടായിരുന്നു. ഇന്നും ഈ സംസ്ഥാനങ്ങളിൽ കാപ്‌ പഞ്ചായത്തുകള്‍ സജീവമാണ്‌. ഇവയുടെ അംഗീകാരത്തോടെ നടക്കുന്ന "ദുരഭിമാനക്കൊലകള്‍' ഇത്തരം സംഘങ്ങളുടെ പ്രവർത്തനത്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധത്തിന്‌ വഴിയൊരുക്കിയിട്ടുണ്ട്‌. കാപ്‌ പഞ്ചായത്തുകള്‍ അനധികൃതമായാണ്‌ പ്രവർത്തിക്കുന്നത്‌ എന്നും അവയ്‌ക്ക്‌ നിയമസാധുതയില്ലെന്നും സുപ്രീംകോടതിയും പ്രഖ്യാപിച്ചിട്ടുണ്ട്‌.

(വി.ആർ. പരമേശ്വരന്‍ പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍