This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃത്യ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:09, 11 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കൃത്യ

1. ഹൈന്ദവവിശാസപ്രകാരം ആഭിചാരം കൊണ്ട്‌ ശത്രുസംഹാരത്തിനു നിയോഗിക്കപ്പെടുന്ന ഒരു ദുർദേവത. ആഭിചാരവും അതിനുപയോഗിക്കുന്ന പ്രതിമയും കൃത്യയെന്നറിയപ്പെടുന്നു. കൃത്യക എന്നും പേരുണ്ട്‌. ഛേദിക്കുകയെന്നർഥമുള്ള "കൃത്‌' ധാതുവിൽ നിന്നോ ഹിംസാർഥത്തിലുള്ള "കൃ' ധാതുവിൽ നിന്നോ നിഷ്‌പന്നമായ "കൃത്യാ' ശബ്‌ദം വിനാശകാരിണിയായ ദേവതയുടെ പേരാണ്‌. ഇഷ്‌ടപ്രാപ്‌തി, അനിഷ്‌ടപരിഹാരം, ശത്രുനാശം എന്നിവയ്‌ക്കായി അഥർവ വേദോക്ത മന്ത്രങ്ങള്‍കൊണ്ടു നടത്തുന്ന ആഭിചാരപ്രവൃത്തിയും കൃത്യയാണ്‌. കൃത്യയെ പ്രയോഗിച്ചാൽ മറുപ്രയോഗം നടത്തി പരിഹാരം നേടേണ്ടതുണ്ട്‌. അപാമാർഗ (കലാടി) ഹോമം കൃത്യാപരിഹാരത്തിനുള്ളതാണെന്നു പറയപ്പെടുന്നു. കൃത്യ നിരപരാധനെ ഹിംസിക്കാറില്ല; ചിലപ്പോള്‍ അതു പ്രയോക്താവിനെത്തന്നെ പിടികൂടിയെന്നും വരാം. കൃത്യാപ്രയോഗത്തിൽ പ്രതീചീനാംഗിരസന്‍ അതിപ്രസിദ്ധനായ പുരോഹിതനായിരുന്നു എന്ന്‌ അഥർവവേദത്തിൽ പറഞ്ഞുകാണുന്നു. അസുരന്മാർ ദുര്യോധനനെ കൃത്യയെക്കൊണ്ട്‌ എടുപ്പിച്ചു പാതാളത്തിൽ കൊണ്ടുപോയി പാണ്ഡവർക്കു രാജ്യം കൊടുക്കരുതെന്ന്‌ ഉപദേശിച്ചശേഷം തിരികെ ഹസ്‌തിനപുരത്തിൽ എത്തിച്ചതായി മഹാഭാരതം വനപർവം 252-ാം അധ്യായത്തിൽ കാണുന്നു. അശ്വിനീദേവകള്‍ക്ക്‌ ഇന്ദ്രന്‍ നിഷേധിച്ച സോമപാനം വീണ്ടും ഇന്ദ്രനെക്കൊണ്ടുതന്നെ അനുവദിപ്പിച്ചത്‌ ച്യവനമഹർഷി സൃഷ്‌ടിച്ച മദനന്‍ എന്ന പേരുള്ള പുരുഷാകൃതിയായ കൃത്യയാണ്‌ (മഹാഭാരതം വനപർവം 124-ാം അധ്യായം).

അംബരീഷന്റെ ഏകാദശീവ്രതം മുടക്കാന്‍ ഇന്ദ്രാദികളാൽ നിയുക്തനായ ദുർവാസാവ്‌ കോപിച്ച്‌ ആഭിചാരത്താൽ കൃത്യയെ സൃഷ്‌ടിച്ച്‌ അംബരീഷന്റെ നേർക്കയച്ചുവെന്നും സുദർശനചക്രം കൃത്യയെ സംഹരിച്ചുവെന്നും ഭാഗവതത്തിൽ കാണുന്നു. കാരുഷ്യരാജാവായ പൗണ്‌ഡ്രകവാസുദേവനെ സുദർശനചക്രം കൊണ്ടു നിഗ്രഹിച്ച ശ്രീകൃഷ്‌ണനെ എതിർക്കാന്‍ വേണ്ടി പൗണ്‌ഡ്രക പുത്രനായ സുദക്ഷിണന്‍ ശിവപ്രസാദം കൊണ്ട്‌ മന്ത്രശക്തിയാൽ കൃത്യയെ സൃഷ്‌ടിച്ചു. സുദർശനചക്രം, ദ്വാരകയെ ദഹിപ്പിക്കാനൊരുങ്ങിയ കൃത്യയെയും സുദക്ഷിണനെയും തത്‌ക്ഷണം ഹനിച്ചു (ഭാഗവതം-ദശമസ്‌കന്ധം). പ്രഹ്‌ളാദന്റെ വിഷ്‌ണുഭക്തി മാറ്റിയെടുക്കാന്‍ അസുരഗുരു അയച്ച കൃത്യയുടെ ശൂലം തകർന്നതിനാൽ അവള്‍ പ്രഷകനെത്തന്നെ ആക്രമിച്ചതായി വിഷ്‌ണുപുരാണം 1-ാം അംശം 18-ാം അധ്യായത്തിൽ കാണുന്നു.

2. ഭരദ്വാജമഹർഷിയുടെ മകന്‍ യവക്രീതന്‍ പരാവസുവിന്റെ പത്‌നിയെ അപമാനിക്കുവാന്‍ ഒരുങ്ങിയപ്പോള്‍ വിശ്വാമിത്രന്റെ പുത്രനായ രൈഭ്യന്‍ കൃത്യയെയും ഒരു രാക്ഷസനെയും സൃഷ്‌ടിച്ചുവെന്നും കൃത്യ യവക്രീതന്റെ കമണ്ഡലു അപഹരിക്കുകയും രാക്ഷസന്‍ അവനെ കൊല്ലുകയും ചെയ്‌തുവെന്നും പുരാണത്തിൽ കാണുന്നു.

"ഇഹ ഖേലതി പൂതനേതി കൃത്യാ' എന്നു ശിശുഹത്യാനിരതയായ പൂതനയെ കൃത്യയായി ശ്രീകൃഷ്‌ണവിലാസത്തിൽ വർണിച്ചിരിക്കുന്നു. കൂടാതെ കൃത്യ എന്ന ഒരു നദിയെകുറിച്ചുള്ള ഒരു പരാമർശം മഹാഭാരത(ഭീഷ്‌മപർവം 9-ാം അധ്യായം 18-ാം ശ്ലോകം)ത്തിൽ ഉണ്ട്‌.

(മുതുകുളം ശ്രീധർ; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%83%E0%B4%A4%E0%B5%8D%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍