This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃതമാല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:07, 11 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കൃതമാല

പുരാണ പ്രസിദ്ധമായ ഒരു പുണ്യനദി. ഇതിലാണ്‌ മഹാവിഷ്‌ണു മത്സ്യമായി അവതരിച്ചതെന്നു കരുതിപ്പോരുന്നു. മരീചിപുത്രനായ കശ്യപന്‌ അദിതിയിൽ ജനിച്ച വിവസ്വാന്റെ പുത്രനായ വൈവസ്വത (സത്യവ്രത) മനുവിന്റെ കാലത്താണ്‌ ഈ മത്സ്യാവതാരം നടന്നതെന്ന്‌ പുരാണങ്ങള്‍ ഉദ്‌ഘോഷിക്കുന്നു.

ഒരിക്കൽ ബ്രഹ്മദേവന്‍ വേദസൂക്തങ്ങള്‍ ഉരുവിട്ടുകൊണ്ടിരിക്കുമ്പോള്‍ ഹയഗ്രീവനെന്ന ദൈത്യന്‍ ബ്രഹ്മസന്നിധിയിൽനിന്ന്‌ വേദങ്ങള്‍ മോഷ്‌ടിച്ചുകൊണ്ടു സമുദ്രത്തിൽപ്പോയി ഒളിച്ചു. ദൈത്യനെ ഹനിച്ചു വേദങ്ങളെ വീണ്ടെടുക്കുന്നതിനുവേണ്ടി മഹാവിഷ്‌ണു മത്സ്യമായി അവതരിച്ചതെന്നാണ്‌ വിശ്വാസം.

ബദരി എന്ന പുണ്യസ്ഥലത്തു തപസ്സ്‌ അനുഷ്‌ഠിക്കുകയായിരുന്ന ഭക്തശിരോമണിയായ സത്യവ്രതമനു, സ്‌നാനം ചെയ്യുന്നതിനുവേണ്ടി കൃതമാലാനദിയിൽ ഇറങ്ങിയപ്പോള്‍ ഒരു കൊച്ചു മത്സ്യം "മഹാരാജാവേ! അങ്ങ്‌ എന്നെ ജ്ഞാതിഘാതികളിൽ നിന്നു രക്ഷിക്കണം, എന്നെ പരിത്യജിക്കരുത്‌' എന്ന്‌ അദ്ദേഹത്തോട്‌ അഭ്യർഥിച്ചു. ദയാലുവായ മനു ആ അഭ്യർഥന കൈക്കൊണ്ട്‌ മത്സ്യത്തെ എടുത്ത്‌ ഒരു മണ്‍കുടത്തിലിട്ടു വളർത്തി. കുറേക്കഴിഞ്ഞപ്പോള്‍ വളർന്നു വലുതായ മത്സ്യത്തെ രാജാവ്‌ ഒരു വലിയ പാത്രത്തിലിടുകയും ക്ഷണനേരംകൊണ്ട്‌ ആ പാത്രവും നിറഞ്ഞപ്പോള്‍ അതിനെ ഒരു കുളത്തിൽ വിടുകയും ചെയ്‌തു. കുളവും നിറഞ്ഞപ്പോള്‍ രാജാവ്‌ ആ മത്സ്യത്തെ ഗംഗയിലാക്കി. കുറേ ദിവസത്തിനുള്ളിൽ മത്സ്യം ഗംഗയിലും നിറഞ്ഞു കൊള്ളാതായപ്പോള്‍ ഏഴു ദിവസത്തിനുള്ളിൽ മഹാപ്രളയമുണ്ടാകുമെന്നും രാജാവ്‌ ഒരു തോണിയുണ്ടാക്കി സപ്‌തർഷികളെയും ഓഷധിബീജങ്ങളെയും അതിൽക്കയറ്റി രക്ഷിക്കുകയും സ്വയം രക്ഷപ്പെടുകയും വേണമെന്നും അക്കാര്യത്തിൽ തന്റെ സഹായമുണ്ടാകുമെന്നും മത്സ്യം രാജാവിനോട്‌ പറഞ്ഞു. പ്രളയത്തിൽ മത്സ്യം രാജാവിന്റെ തോണി ബന്ധിച്ച ഹിമാലയത്തിന്റെ ഒരു ശൃംഗമാണ്‌ നൗബന്ധന ശൃംഗം.

മഹാഭാരതം ആരണ്യപർവം 187-ാം അധ്യായവും അഗ്നിപുരാണം 2-ാം അധ്യായവും ഭാഗവതം അഷ്‌ടമസ്‌കന്ധം 24-ാം അധ്യായവും ഈ വസ്‌തുത പരാമർശിച്ചിട്ടുണ്ട്‌.

ഇതിനു സമാനമായ ഒരു കഥ-നോഹയുടെ ചരിത്രം-വിശുദ്ധ ബൈബിള്‍ ഉത്‌പത്തി പുസ്‌തകം 6, 7, 8 അധ്യായങ്ങളിൽ വിവരിച്ചിട്ടുണ്ട്‌.

(മുതുകുളം ശ്രീധർ)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%83%E0%B4%A4%E0%B4%AE%E0%B4%BE%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍