This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുളക്കോഴി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:56, 11 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുളക്കോഴി

Water Hen

ജലാശയങ്ങളുടെ സമീപമുള്ള പാടങ്ങളിലും തൊടികളിലും കാണപ്പെടുന്ന ഒരിനം പക്ഷി. ഇംഗ്ലീഷിൽ വാട്ടർ ഹെന്‍ (Water Hen)എന്നറിയപ്പെടുന്ന ഇതിന്റെ ശാസ്‌ത്രനാമം. അമൗറോർനിസ്‌ ഹെയ്‌നിക്കുറസ്‌ (Amaurornis phoenicurus). വെളർത്തുകോഴികളെക്കാള്‍ ചെറിയ ശരീരമാണിവയ്‌ക്കുള്ളത്‌. ശരീരത്തിന്‌ കടുംതവിട്ടുനിറമാണ്‌; തലയ്‌ക്കും ഉരസ്സിനും വെള്ളനിറവും വാൽ ചെറുതും കറുപ്പും ചാരനിറവും കലർന്നതുമാണ്‌. ജലസാമീപ്യം വെടിയാത്ത ഈ പക്ഷികളെ ചതുപ്പുനിലപ്പക്ഷികളായാണ്‌ കണക്കാക്കുന്നത്‌.

കുളങ്ങള്‍, തോടുകള്‍, നീർച്ചാലുകള്‍ എന്നിവയുടെ സമീപമാണ്‌ ഇവയുടെ വാസസ്ഥാനം; മുളങ്കൂട്ടങ്ങളാണ്‌ ഇഷ്‌ടസങ്കേതം. തറയിൽ സഞ്ചരിച്ച്‌ ധാന്യമണികള്‍, പുഴുക്കള്‍ എന്നിവ കൊത്തിത്തിന്നുകൊണ്ട്‌ ഒറ്റയ്‌ക്കോ ഇണകളായോ ഇവ കാണപ്പെടുന്നു. മനുഷ്യസഹവാസം ശ്രദ്ധയിൽപ്പെട്ടാൽ ഉടന്‍തന്നെ അടുത്തുള്ള കുറ്റിക്കാട്ടിലോ മുളങ്കൂട്ടത്തിലോ ഓടിമറയാറുണ്ട്‌. അപൂർവമായേ പറക്കാറുള്ളൂ. മരത്തിലും ഓടിക്കയറാറുണ്ട്‌. മണ്‍സൂണ്‍ ആരംഭിക്കുന്നതോടെ കുണ്ടുകളും കുഴികളും വെള്ളംകൊണ്ട്‌ നിറയുമ്പോള്‍ ഇവ കരസ്ഥലത്തേക്ക്‌ കടക്കുന്നു. അപ്പോള്‍ നാട്ടുപാതകളുടെ സമീപത്തും പുൽപ്പടർപ്പുകളിലും ഇവയെ കാണാറുണ്ട്‌. നടക്കുമ്പോഴും ഓടുമ്പോഴും ചെറിയ വാൽ സദാ ഉയർത്തിപ്പിടിച്ചിരിക്കും.

ചെറുകീടങ്ങള്‍, നത്തയ്‌ക്ക, പുഴുക്കള്‍, വിത്തുകള്‍ എന്നിവയാണ്‌ കുളക്കോഴിയുടെ ഇഷ്‌ടാഹാരം. സാധാരണ ശബ്‌ദമുണ്ടാക്കാത്ത ഒരു പക്ഷിയാണിത്‌. എന്നാൽ ഇണചേരൽക്കാലമായ മഴക്കാലത്ത്‌ ഇത്‌ വിവിധ ശബ്‌ദം പുറപ്പെടുവിക്കാറുണ്ട്‌. ഈ സമയം ആണ്‍പക്ഷികളുടെ ശബ്‌ദം ചൂളംവിളിയുടെ രൂപത്തിൽ വരെ എത്തുന്നു. കുർ-ക്വാക്ക്‌-ക്വാക്ക്‌-കുർ എന്നു തുടങ്ങി കൂക്‌-കൂക്‌-കൂക്‌ എന്നവസാനിക്കുന്ന ശബ്‌ദമാണ്‌ ഇതു പുറപ്പെടുവിക്കുന്നത്‌. ഇതിന്റെ കൂടിന്‌ കപ്പിന്റെ ആകൃതിയാണുള്ളത്‌. പടർന്നു കയറുന്ന സസ്യഭാഗങ്ങളും ചുള്ളിക്കമ്പുകളും ഉപയോഗിച്ചാണ്‌ കൂടുകെട്ടുക. ജലസാമീപ്യമുള്ള ചെടിപ്പടർപ്പുകള്‍ക്കു കീഴിൽ ഒന്നുരണ്ടു മീറ്റർ ഉയരത്തിലായാണ്‌ കൂടുകള്‍ കാണപ്പെടുന്നത്‌.

മുട്ടയ്‌ക്ക്‌ ഇളം മഞ്ഞയോ, ഇളം ചുവപ്പുകലർന്ന വെളുപ്പോ നിറമാണ്‌. മുട്ടയിൽ ചുവപ്പുകലർന്ന തവിട്ടുനിറത്തിലുള്ള പുള്ളികളും കാണപ്പെടുന്നു. ഒരു പ്രാവശ്യം ആറോ ഏഴോ മുട്ടകളിടും. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ പറക്കാനാവുന്നതിനു മുമ്പുതന്നെ വെള്ളത്തിലിറങ്ങുന്നു. കുഞ്ഞുങ്ങളുടെ നിറം കറുപ്പായിരിക്കും. സ്വാദിഷ്‌ഠമായ മാംസമുള്ള കുളക്കോഴികളെ ആഹാരത്തിനായി വേട്ടയാടാറുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍