This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കൂർത്തുവാ, ബർണാഡ് (1777 - 1838)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കൂർത്തുവാ, ബർണാഡ് (1777 - 1838)
Courtois, Bernard
അയഡിന്‍ മൂലകം കണ്ടുപിടിച്ച ശാസ്ത്രജ്ഞന്. 1777 ഫെ. 8-ന് ഫ്രാന്‍സിലെ ദിജോങ്ങിൽ ജനിച്ചു. പിതാവ് ഒരു ലവണസംസ്കരണ വ്യാപാരിയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പോളിടെക്നിക് സ്കൂളിൽ പഠനം പൂർത്തിയാക്കി. തുടർന്ന് സൈനിക ആശുപത്രിയിൽ ഫാർമസിസ്റ്റ് ആയി ജോലി നോക്കി. അധികം താമസിയാതെ തന്റെ പിതാവിന്റെ വ്യാപാരരംഗത്തേക്കുതന്നെ കൂർത്തുവാ മടങ്ങിയെത്തി. കടൽപ്പായൽ കരിച്ചുകിട്ടുന്ന ചാരത്തിൽ വെള്ളം കലർത്തി ഊറ്റിയെടുത്ത് അതിലുണ്ടായേക്കാവുന്ന മാലിന്യങ്ങളെ വീര്യമേറിയ ആസിഡുകള്‍ ചേർത്ത് നീക്കംചെയ്ത്, ബാഷ്പീകരിക്കുമ്പോള്‍ കിട്ടുന്ന ലവണ അവക്ഷിപ്തങ്ങളായിരുന്നു കൂർത്തുവായുടെ പിതാവ് വ്യാപാരം ചെയ്തിരുന്നത്. 1811-ൽ ഒരു ദിവസം സള്‍ഫർ യൗഗികങ്ങള്‍ നീക്കുന്നതിനുവേണ്ടി പതിവിലേറെ സള്‍ഫ്യൂറിക് ആസിഡ് കൂർത്തുവാ ചേർത്തപ്പോള്‍ ലായനിയിൽ നിന്ന് വയലറ്റുനിറമുള്ള ആവിപ്പുക ധാരാളമായി പുറത്തുവന്നു. കൂർത്തുവാ പ്രസ്തുത ബാഷ്പത്തെ തണുത്ത പ്രതലത്തിൽ തട്ടിച്ചപ്പോള്‍ തിളക്കമുള്ള ഇരുണ്ട പരലുകള്‍ രൂപംകൊണ്ടു. ഏകദേശം ആറ് മാസത്തോളം ഈ പുതിയ വസ്തുവിനെപ്പറ്റി ഇദ്ദേഹം പഠനം നടത്തി. ഹൈഡ്രജന്‍, ഫോസ്ഫറസ്, അമോണിയ, പലതരം ലോഹങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ചു പുതിയ വസ്തുവിന്റെ അനേകം യൗഗികങ്ങള്‍ കൂർത്തുവാ നിർമിച്ചു. എന്നാൽ സാമ്പത്തികത്തകർച്ചയെത്തുടർന്ന് തന്റെ ഗവേഷണപരിപാടി ഇദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടിവന്നു.
1812 ജൂലായിൽ കൂർത്തുവാ തന്റെ ഗവേഷണത്തെപ്പറ്റി ദിജോങ്ങിലെ രസതന്ത്രജ്ഞരായ ചാള്‍സ് ബർനാർ ദെ സോർച്ച്, നിക്കോളാസ് ക്ലെമന്റ് എന്നിവരുമായി ചർച്ച ചെയ്യുകയും പ്രസ്തുത ഗവേഷണം പൂർത്തിയാക്കാന്‍ അവരെ പ്രരിപ്പിക്കുകയും ചെയ്തു. തുടർന്ന് ഇവർ ഈ വിഷയത്തെക്കുറിച്ച് കൂടുതൽ പഠിക്കുകയും 1813 ന. 29-ന് ഗവേഷണഫലം ഇന്‍സ്റ്റിറ്റ്യൂട്ട് ഡി ഫ്രാന്‍സിന് സമർപ്പിക്കുകയും ചെയ്തു. ഗേ ലൂസാക്, ഹംഫ്രി ഡേവി എന്നീ പ്രശസ്ത ശാസ്ത്രജ്ഞന്മാർ പുതിയ വസ്തു പരിശോധിക്കുകയും അത് ഒരു നൂതന മൂലകമാണെന്ന് വിധിക്കുകയും ചെയ്തു. വയലറ്റ് നിറമുള്ള വസ്തു ആയതിനാൽ ഗേ ലൂസാക് ഇതിന് "അയോഡ്' എന്നു നാമകരണം ചെയ്തു. ഇതു പിന്നീട് അയഡിന്‍ എന്ന് അറയപ്പെട്ടു. ഈ ഗവേഷണവുമായി ബന്ധപ്പെട്ട എല്ലാ ശാസ്ത്രജ്ഞന്മാരും അതിന്റെ മുഴുവന്‍ അംഗീകാരവും കൂർത്തുവായ്ക്കുതന്നെ നല്കി. ഇതിന്റെ പുരസ്കാരമായി ഇന്‍സ്റ്റിറ്റ്യൂട്ട് കൂർത്തുവായ്ക്ക് 6,000 ഫ്രാങ്ക് നല്കുകയുണ്ടായി. ഇതേത്തുടർന്ന് കൂർത്തുവാ ലവണവ്യാപാരം ഉപേക്ഷിക്കുകയും അയഡിനും അയഡിന്‍ യൗഗികങ്ങളും വ്യാപാരം ചെയ്യുന്നതിൽ ഏർപ്പെടുകയും ചെയ്തു. എന്നാൽ ഈ ഉദ്യമത്തിൽ കൂർത്തുവാ പരാജയപ്പെട്ടു. 1838 സെപ്. 27-ന് ദരിദ്രനായിത്തന്നെ ഇദ്ദേഹം മരണമടഞ്ഞു.