This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഷിറ്റിക്‌ ജനത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:43, 11 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുഷിറ്റിക്‌ ജനത

Kushitic People

ആഫ്രിക്കയുടെ കിഴക്കേ മുനമ്പിലും സമീപപ്രദേശങ്ങളിലും വസിക്കുന്ന ഒരു ഹമിറ്റോ-സെമിറ്റിക്‌ ജനവർഗം. ശരീരഘടനയിൽ ഹമൈറ്റ്‌ ജനവർഗത്തോട്‌ സാദൃശ്യമുള്ള കുഷൈറ്റുകള്‍ക്ക്‌ സാധാരണയിൽക്കവിഞ്ഞ ഉയരമുണ്ട്‌. ആഫ്രാ-ഏഷ്യാറ്റിക്‌ (ഹമിറ്റോ-സെമിറ്റിക്‌) ഭാഷാവിഭാഗത്തിലെ കുഷിറ്റിക്‌ ഭാഷകളാണ്‌ ഇക്കൂട്ടർ സംസാരിക്കുന്നത്‌.

കുഷിറ്റിക്‌ ജനവർഗത്തിന്റെ അവാന്തര വിഭാഗങ്ങള്‍ തമ്മിൽ സാമ്പത്തിക-സാമൂഹിക-സാംസ്‌കാരിക വിഷയങ്ങളിൽ പ്രകടമായ വൈജാത്യമുണ്ട്‌. സെമിറ്റിക്‌, നീഗ്രായ്‌ഡ്‌ ജനവർഗങ്ങളുമായുള്ള സമ്പർക്കവും കാലാവസ്ഥയിലും പരിസ്ഥിതിയിലുമുള്ള പ്രാദേശികമായ വ്യത്യാസങ്ങളുമാണ്‌ ഈ വൈജാത്യങ്ങള്‍ക്ക്‌ കാരണമെന്നു പറയപ്പെടുന്നു. കടുത്ത കറുപ്പുനിറമുണ്ടെങ്കിലും കുഷിറ്റിക്‌ ജനവർഗത്തിന്‌ നരവംശശാസ്‌ത്രപരമായി നീഗ്രായ്‌ഡിന്റേതിനേക്കാള്‍ കോക്കസോയ്‌ഡ്‌ സെമിറ്റിക്‌ വർഗത്തിന്റെ ശാരീരീകപ്രത്യേകതകളോടാണ്‌ അടുപ്പമുള്ളത്‌. വിവിധ സംസ്‌കാരങ്ങളുള്ള നിരവധി ഗോത്രങ്ങള്‍ ഉള്‍പ്പെട്ടതാണ്‌ കുഷിറ്റിക്‌ ജനവർഗം. സമത്വവാദികളായ സൊമാലി നാടോടികള്‍, ടൈഗ്ര്‌- ടൈഗ്രാനിയ ഭാഷകള്‍ സംസാരിക്കുന്ന ജനങ്ങള്‍, എറിട്രിയ-എത്യോപ്യ-ഉന്നത മേഖലകളിൽ കാണപ്പെടുന്ന അംഹാരജനവർഗം തുടങ്ങിയവ ഇതിൽപ്പെടുന്നു. ഏറെ വികസിതമായ കാർഷിക സമ്പദ്‌വ്യവസ്ഥയും സങ്കീർണമായ ശ്രണീക്രമമുള്ള രാഷ്‌ട്രീയ ഘടനയുമുള്ളവരാണ്‌ അംഹാരജനങ്ങള്‍. കൃഷിയും കാലിമേയ്‌പും ഉപജീവനമാക്കിയിട്ടുള്ള ഗല്ലാജനവർഗം തങ്ങളുടെ പഴക്കംചെന്ന രാഷ്‌ട്രീയ സംഘടനമൂലം ഏറ്റവും അടുത്ത സൊമാലി ജനവർഗങ്ങളിൽനിന്നു വ്യത്യസ്‌തമായി നിലകൊള്ളുന്നു. കുഷിറ്റിക്‌ ഭാഷ സംസാരിക്കുന്ന മറ്റൊരു ജനവിഭാഗമായ സിദാമ എത്യോപ്യയുടെ തെക്കുപടിഞ്ഞാറ്‌ പ്രദേശങ്ങളിലാണ്‌ കേന്ദ്രീകരിച്ചിട്ടുള്ളത്‌. കൃഷിയാണ്‌ ഇക്കൂട്ടരുടെ മുഖ്യതൊഴിൽ. പരമ്പരാഗതമായിത്തന്നെ ചെറുസംസ്ഥാനങ്ങളിൽ സുസംഘടിതരായിട്ടുള്ള ഇക്കൂട്ടരെ ഭരിക്കുന്നത്‌ ദൈവികത്വം അവകാശപ്പെടുന്ന രാജാക്കന്മാരാണ്‌.

ആഫ്രാ-ഏഷ്യാറ്റിക്‌ വിഭാഗത്തിലെ കുഷിറ്റിക്‌ ഭാഷകള്‍ സംസാരിക്കുന്ന ഈ ജനങ്ങളെ നൂബിയർ എന്നും വിശേഷിപ്പിക്കാറുണ്ട്‌. ബെനി, അമർ, ബെയിറ്റ്‌, അസ്‌ഗേഡ്‌, മേരിയ, മെന്‍സ എന്നീ വിഭാഗങ്ങളെ കൂട്ടായി ടൈഗ്ര്‌ എന്നും അകാല, ഗുസേ, ഹമാസന്‍, സെറേയ്‌ തുടങ്ങിയവയെ കൂട്ടായി ടൈഗ്രീനിയ വിഭാഗമെന്നും അംഹാര, ഗുറേജ്‌ എന്നിവയെ കൂട്ടായി അംഹാരിക്‌ വിഭാഗമെന്നും വിശേഷിപ്പിക്കുന്നു. ഈ പറഞ്ഞ വിഭാഗങ്ങളുടെ ആചാരവ്യവഹാരാദികള്‍ തികച്ചും വിഭിന്നങ്ങളാണ്‌.

കുഷിറ്റിക്‌ ഭാഷയ്‌ക്ക്‌ സെജ, അഗോ, പൂർവകുഷിറ്റിക്‌, പശ്ചിമകുഷിറ്റിക്‌, ദക്ഷിണകുഷിറ്റിക്‌ എന്നിങ്ങനെ അഞ്ച്‌ ഉപവിഭാഗങ്ങളുണ്ട്‌. ക്രിസ്‌തുമതവും ഇസ്‌ലാംമതവും സ്വീകരിച്ച വിഭാഗങ്ങള്‍ക്കിടയിൽപ്പോലും ആകാശദേവതയെ(Sky God)ആരാധിക്കുന്ന സമ്പ്രദായം നിലനില്‌ക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍