This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുറുപ്പ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:22, 11 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുറുപ്പ്‌

ബ്രാഹ്മണ ക്ഷത്രിയേതരരായ ചില ജാതിക്കാർക്കുള്ള ഒരു സ്ഥാനപ്പേര്‌. ജാതിപ്പേരായും ഇതുപയോഗിക്കാറുണ്ട്‌. യുദ്ധം, കുസൃതി, കോട്ട എന്നീ അർഥങ്ങളുള്ള "കുറുമ്പ്‌' എന്ന തമിഴ്‌ വാക്കിൽനിന്നാണ്‌ "കുറുപ്പ്‌' എന്ന പദം നിഷ്‌പന്നമായത്‌ എന്ന്‌ ഗുണ്ടർട്ട്‌ അഭിപ്രായപ്പെടുന്നു. കോഴിക്കോട്ടെ നായന്മാരെ കുറുപ്പന്മാർ എന്നു വിളിക്കുന്നതായി ഗുണ്ടർട്ട്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. കമ്മാളജാതിക്കാരുടെ ഇടയിലുള്ള കുറുപ്പന്മാരെപ്പറ്റി തഴ്‌സ്റ്റണ്‍ ഊന്നിപ്പറയുന്നു. കുറുപ്പ്‌ എന്ന സ്ഥാനനാമം പ്രധാനമായും കൊല്ലന്മാർക്കാണ്‌ ഇദ്ദേഹം നല്‌കുന്നത്‌. വിൽക്കുറുപ്പ്‌, ചായക്കുറുപ്പ്‌, തോൽക്കുറുപ്പ്‌ എന്നീ വിഭാഗങ്ങളെക്കുറിച്ചും തഴ്‌സ്റ്റണ്‍ പ്രസ്‌താവിക്കുന്നുണ്ട്‌. നായന്മാരുടെ ഒരു സ്ഥാനപ്പേരായും കുറുപ്പ്‌ എന്ന പദത്തെ ഇദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നു. ഉത്തരകേരളത്തിലെ ആയുധവിദ്യാചാര്യന്മാരായ നായന്മാർക്കുള്ള "കുറുപ്പ്‌' എന്ന സ്ഥാനപ്പേര്‌ (കളരിക്കുറുപ്പ്‌) ഇതിനുദാഹരണമായി ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. കൊല്ലന്‍, അസുകൊല്ലന്‍, ആയുധാഭ്യാസം സിദ്ധിച്ച കമ്മാളർ എന്നിവരും കുറുപ്പ്‌ എന്നാണ്‌ അറിയപ്പെടുന്നത്‌. മന്ത്രവാദികളായ കണിയാന്മാരും ചില സ്ഥലങ്ങളിൽ കുറുപ്പന്മാർ എന്ന പേരിലറിയപ്പെടുന്നു. പദ്‌മനാഭസ്വാമി ക്ഷേത്രത്തിൽ ഒറ്റക്കൽ മണ്ഡപത്തിന്റെ സൂക്ഷിപ്പുകാരായ കുറുപ്പന്മാർക്ക്‌ ചില പ്രത്യേകാധികാരാവകാശങ്ങളുണ്ട്‌. ഈ പദം ചിലപ്പോള്‍ ജാതിത്തൊഴിലിനെയും സൂചിപ്പിക്കാറുണ്ട്‌. ഉദാ. ഈഴവക്കുറുപ്പ്‌, തീയക്കുറുപ്പ്‌, ബാർബർക്കുറുപ്പ്‌, വേലക്കുറുപ്പ്‌. ചില സമസ്‌തപദങ്ങളുടെ അന്ത്യത്തിൽ ബഹുമാനസൂചകമായി ഈ പദം ഉപയോഗിക്കാറുണ്ട്‌. ഉദാ. പള്ളിക്കുറുപ്പു കൊള്ളുക (രാജാവുറങ്ങുക). നാഥന്‍ എന്ന അർഥത്തിൽ കുറുപ്പ്‌ എന്ന പദം ചേർത്തുള്ള നിരവധി ശൈലികള്‍ മലയാളത്തിൽ പ്രചാരത്തിലുണ്ട്‌. ഉദാ. കുറുപ്പിലേറ്റുക (ഉണർത്തിക്കുക), കുറുപ്പുകേട്‌ (അഹിതം), കുറുപ്പിലേറുക (കല്‌പിക്കുക), കുറുപ്പില്ലാക്കളരി (നാഥനില്ലാത്ത സ്ഥാപനം), കുറുപ്പിനും കുത്തുപിഴയ്‌ക്കും (ആചാര്യനും തെറ്റുപറ്റും). സി.വി. രാമന്‍പിള്ളയുടെ കുറുപ്പില്ലാക്കളരി എന്ന പ്രഹസനത്തിലൂടെ ഈ പദം സാഹിത്യത്തിലും ചിരപ്രതിഷ്‌ഠ നേടിയിട്ടുണ്ട്‌.

പ്രാചീനകാലങ്ങളിൽ കളരിയിലെ ആശാന്മാർക്കാണ്‌ പ്രധാനമായും കുറുപ്പ്‌ എന്ന സ്ഥാനമുണ്ടായിരുന്നത്‌. കളരിക്കുറുപ്പന്മാർ ഇന്ന്‌ മറ്റു പിന്നാക്കവിഭാഗത്തിൽപ്പെട്ടവരാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍