This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കുറിഞ്ഞിക്കാവ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കുറിഞ്ഞിക്കാവ്
തീയസമുദായക്കാരുടെ ഒരു ആരാധനാ സ്ഥാനം. തളിപ്പറമ്പ് താലൂക്കിലെ തായിനേരിയാണ് ഇതിന്റെ ആസ്ഥാനം. പയ്യന്നൂർ ടൗണിൽ നിന്ന് ഒന്നര കി.മീ. വടക്കു പടിഞ്ഞാറ് ഭാഗത്താണിത് സ്ഥിതിചെയ്യുന്നത്. "കുറിഞ്ഞി' എന്നാൽ വയൽച്ചുള്ളി എന്നാണർഥം. കരിങ്കുറിഞ്ഞി, ചെങ്കുറിഞ്ഞി, നീലക്കുറിഞ്ഞി, ചെറുകുറിഞ്ഞി, മഞ്ഞക്കുറിഞ്ഞി തുടങ്ങിയ പുഷ്പങ്ങള്‍ വിടർന്നുനിന്നൊരു കാവായിരുന്നു അതെന്ന് വിശ്വസിക്കപ്പെടുന്നു. "പൂമാല ഭഗവതി'യാണ് ഈ കാവിലെ പ്രധാനദേവത.
ആര്യർനാട്ടിൽ നിന്ന് മരക്കലം വഴി മലനാട്ടിൽ വന്നു ചേർന്ന ദേവതയാണ് പൂമാല. പൂരം നോറ്റ് പൂ പറിക്കുവാന്‍ ചെന്ന ആര്യരാജപുത്രിയിൽ ഈ ദേവത ആവേശിച്ചു. ആര്യരാജന്, പ്രശ്നം മുഖേന കാര്യം ഗ്രഹിച്ച്, മലനാടു കാണുവാന്‍ ആഗ്രഹിച്ച ആ ദേവതയ്ക്ക് മരക്കലം പണിതീർപ്പിച്ചു. ആര്യപ്പൂമാലയോടൊപ്പം പൂമാരുതന്‍ എന്ന ദേവതയും എഴുന്നള്ളി. ആദ്യം ഏഴിമലയ്ക്കു സമീപമുള്ള "കുറുവന്തട്ട'യെന്ന സ്ഥാനത്ത് വന്നുചേർന്നു. പിന്നീടാണ് രാമവില്യം, കുറിഞ്ഞിക്കാവ്, മണിയറക്കാവ്, അണീകര തുടങ്ങിയ മറ്റു സ്ഥാനങ്ങളിലേക്ക് എഴുന്നള്ളിയത്. "കളത്തിലരിയും പാട്ടും' എന്ന ഉത്സവത്തിന് കണിശന്മാർ പാടാറുള്ള മരക്കലപ്പാട്ടിൽ ഈ കഥ ആഖ്യാനം ചെയ്യുന്നുണ്ട്.
മകരമാസം 27-നു മുതൽ നാലുദിവസമാണ് കുറിഞ്ഞിക്കാവിൽ കളിയാട്ട മഹോത്സവം. "പൂമാല'യ്ക്ക് കെട്ടിക്കോലമില്ല. പൂമാരുതന്‍, മടേച്ചാമുണ്ഡി, വിഷ്ണുമൂർത്തി, കുണ്ഡോറച്ചാമുണ്ഡി തുടങ്ങിയ മറ്റു ദേവതകളെ ഈ കാവിൽ കോലംകെട്ടിയാടിച്ചുവരുന്നു. (ഡോ. എം.വി. വിഷ്ണുനമ്പൂതിരി)