This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുറവർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:16, 11 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുറവർ

കേരളത്തിലെ ഒരു പട്ടികജാതി വിഭാഗം. കർണാടകത്തിലെ കൊറഗർ കേരളത്തിൽ എത്തിയപ്പോള്‍ കുറവരായി മാറി എന്നു പറയപ്പെടുന്നു. ഇവർ പണ്ട്‌ ഭൂവുടമകളായിരുന്നു. എഴുന്നൂറു വർഷങ്ങള്‍ക്കുമുമ്പു നാഞ്ചിനാടു തുടങ്ങിയ പ്രദേശങ്ങള്‍ ഭരിച്ചിരുന്നത്‌ കുറവവർഗത്തിൽപ്പെട്ട രാജാക്കന്മാരായിരുന്നു. കൊനാങ്കിക്കുറവന്‍, ബൊമ്മച്ചക്കുറവന്‍, നാഞ്ചിക്കുറവന്‍ തുടങ്ങിയവർ എ.ഡി. 1117 വരെ നാഞ്ചിനാട്‌ ഭരിച്ചിരുന്ന കുറവരാജാക്കന്മാരാണ്‌. വേണാട്ടു രാജാവ്‌ നാഞ്ചിനാടു ഭരിച്ചിരുന്ന അവസാനത്തെ കുറവരാജാവിനെ തോല്‌പിച്ചതോടെയാണ്‌ ഇവർ ക്ഷയിച്ചത്‌. ആദിചേരചക്രവർത്തിമാർ കുറവവംശക്കാരായിരുന്നുവെന്ന്‌ ചില ചരിത്രപരാമർശങ്ങളുണ്ട്‌. ഹബാശികന്‍ എന്നൊരു കുറവരാജാവ്‌ ഒരു കാലത്ത്‌ മഞ്ചേശ്വരം വരെയുള്ള വടക്കന്‍പ്രദേശങ്ങളുടെ അധിപനായിരുന്നതായി ചില ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു. കുറവർക്ക്‌ സംഘകാലത്തെ പണ്ഡിതന്മാരുടെ നിരയിൽ മാന്യമായ ഒരു സ്ഥാനമുണ്ടായിരുന്നു. സംഘകാലത്തെ കവയിത്രികളിൽപ്പെട്ട ഇളവെയിനി, വെണ്ണിക്കായത്തി, കുറമകള്‍ കുറി ഏയിനി, വാചാത്തികാവക്കണ്ണി മുതലായവർ കുറവവംശത്തിൽപ്പെട്ടവരാണ്‌. സംഘകൃതികളിൽ കുറവരെക്കുറിച്ച്‌ ധാരാളം പ്രതിപാദനങ്ങളുണ്ട്‌; ഇവരുടെ പ്രമസല്ലാപങ്ങളും വീരസാഹസിക കഥകളുമാണ്‌ സംഘംകൃതികളുടെ ഗണ്യമായൊരു പങ്കും. ജൈനമതം സ്വീകരിച്ചിരുന്ന ആദിമദ്രാവിഡരാണ്‌ കുറവരെന്ന്‌ മറ്റൊരു പരാമർശമുണ്ട്‌.

കുറവർക്ക്‌ കേരളത്തിൽ പല തറക്കൂട്ടങ്ങളുടെയും ആധിപത്യം ഉണ്ടായിരുന്നതായി കാണാം. കുറവന്‍കര, കുറവന്‍കോണം, കുറത്തിനാട്‌ എന്നീ സ്ഥലനാമങ്ങള്‍ ഇതിനുദാഹരണങ്ങളാണ്‌. കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഇന്നും പ്രചാരത്തിലിരിക്കുന്ന നാടന്‍പാട്ടുകള്‍ ഇവരുടെ പാരമ്പര്യത്തെ സൂചിപ്പിക്കുന്ന മറ്റൊരു തെളിവാണ്‌. മധ്യതിരുവിതാംകൂറിലെ മലയോരപ്രദേശങ്ങളിലും അവയ്‌ക്കു പടിഞ്ഞാറുള്ള സമതലങ്ങളിലുമാണ്‌ കുറവർ ധാരാളമായി നിവസിക്കുന്നത്‌. തെക്കന്‍തിരുവിതാംകൂറിലും തമിഴ്‌നാട്ടിലും ഇവരെ കാണാം. കുറവരിൽത്തന്നെ പല ഉപവിഭാഗങ്ങള്‍ ഉണ്ട്‌. കുന്നത്തൂർ, കൊട്ടാരക്കര, ചിറയിന്‍കീഴ്‌ എന്നീ താലൂക്കുകളിലെ മലമ്പ്രദേശങ്ങളിൽ നിവസിക്കുന്ന മലങ്കുറവരാണ്‌ ഏറ്റവും പ്രധാനം. മലങ്കുറവന്മാരെ കുറുമ്പന്മാരെന്നും വേടന്മാരെന്നും വിളിക്കാറുണ്ട്‌. ഇവർക്കു പുറമേ കുന്തക്കുറവന്‍, കാക്കക്കുറവന്‍, പാണ്ടിക്കുറവന്‍, മങ്കുറവന്‍, തേന്‍കുറവന്‍, പൂങ്കുറവന്‍, കാക്കാലക്കുറവന്‍, വേൽക്കുറവന്‍, വേയ്‌ക്കുറവന്‍, നാഞ്ചിക്കുറവന്‍ തുടങ്ങി നിരവധി ഉപവിഭാഗങ്ങളുണ്ട്‌. ചില സ്ഥലങ്ങളിൽ ഇവർ ഊരാളികള്‍ എന്ന പേരിലും അറിയപ്പെടുന്നുണ്ട്‌. രാജാക്കന്മാരുടെ മഞ്ചൽ ചുമന്നിരുന്ന കുറവരെ "മൂളിക്കുറവർ' എന്നാണ്‌ വിളിച്ചിരുന്നത്‌. മഞ്ചൽ ചുമക്കുമ്പോള്‍ മൂളിക്കൊണ്ടിരുന്നതുകൊണ്ടാണ്‌ ഇവർക്ക്‌ ഈ പേര്‌ ലഭിക്കാനിടയായത്‌. കർണാടകത്തിൽ ഇവർ കൊറഗർ, കുറഗർ, ചെർക്കുലന്‍, കൊറച്ചന്‍, കപ്പടാ, തിപ്പി, വാന്തി എന്നീ പേരുകളിൽ അറിയപ്പെടുന്നു. കൊറഗർക്ക്‌ ഒരു രഹസ്യഭാഷയുണ്ട്‌.

കുറവർ കർഷകത്തൊഴിലാളികളാണ്‌. പനയോലയും പനനാരും കൊണ്ട്‌ വട്ടിയും കുട്ടയും മറ്റുമുണ്ടാക്കുകയാണ്‌ ഇവരുടെ സ്‌ത്രീകളുടെ മറ്റൊരു പ്രധാന ഉപജീവനമാർഗം. കുറത്തി (കുറവ സ്‌ത്രീ)കള്‍ വഴിയേ നടന്നുപോകുമ്പോഴും പനനാരും ഈറപ്പൊളിയുംകൊണ്ട്‌ ചെറുതരം കുട്ടകള്‍ മെനഞ്ഞുകൊണ്ടിരിക്കും. "കൊടിച്ചികള്‍' എന്നാണ്‌ സംഘകൃതികളിൽ കുറത്തികളെപ്പറ്റി പരാമർശിച്ചിട്ടുള്ളത്‌. തമിഴ്‌നാട്ടിലെ കുറത്തികള്‍ക്ക്‌ പക്ഷിശാസ്‌ത്രവും കൈനോട്ടവും വശമാണ്‌. നല്ല ഈണത്തിൽ പാടുന്ന കുറത്തിപ്പാട്ടുകള്‍ക്ക്‌ തെക്കേ ഇന്ത്യയിൽ വലിയ പ്രചാരമുണ്ട്‌.

താലികെട്ടും വിവാഹവും കുറവരുടെ ഇടയിൽ നിലവിലുണ്ട്‌. പ്രായമായ ഒരു കുറവസ്‌ത്രീ പ്രതിശ്രുത വധുവിന്റെ കഴുത്തിൽ താലികെട്ടുന്നു. വിവാഹസമയത്ത്‌ വരന്‍ വധുവിന്റെ അമ്മാവന്‌ കന്യാശുല്‌കം നല്‌കേണ്ടതുണ്ട്‌. വിവാഹമോചനത്തിനോ വിധവാവിവാഹത്തിനോ യാതൊരുവിധ നിയന്ത്രണങ്ങളുമില്ല. ദായക്രമം മരുമക്കത്തായമാണ്‌. മൃതദേഹം മറവു ചെയ്യുകയാണ്‌ പതിവ്‌. മരണശേഷം 12 ദിവസം പുല ആചരിക്കും.

"സിദ്ധനർ' എന്ന പൊതുജാതിപ്പേരാണ്‌ കുറവർ ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്‌. ജൈനമതത്തോട്‌ ഇവരുടെ പൂർവികർക്ക്‌ ആഭിമുഖ്യമുണ്ടായിരുന്നതുകൊണ്ടും സിദ്ധാർഥരും ജൈനമതക്കാരടങ്ങിയ വിഭാഗമായതുകൊണ്ടും ആയിരിക്കാം ഇവർ "സിദ്ധനർ' എന്ന പേര്‌ സ്വീകരിക്കാനിടയായത്‌. കുറവരിൽ നല്ലൊരു വിഭാഗം മതപരിവർത്തനത്തിനു വിധേയരായിട്ടുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%81%E0%B4%B1%E0%B4%B5%E0%B5%BC" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍