This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുയമ്പപ്പൂ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:53, 11 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുയമ്പപ്പൂ

Safflower

ആസ്റ്റെറേസീ കുടുംബത്തിൽപ്പെട്ട ഒരു ചെടി. ശാ. നാ.: കാർത്താമസ്‌ ടിങ്‌ടോറിയസ്‌ (Carthamus tinctorius)എണ്ണക്കുരുക്കളിൽ ഒന്നാണിത്‌. സാഫ്‌ളവർ (Safflower)എന്ന്‌ ഇംഗ്ലീഷിലും കുസുംഭം എന്ന്‌ സംസ്‌കൃതത്തിലും അറിയപ്പെടുന്ന ഇതിന്റെ വിത്തുകളിൽ നിന്ന്‌ "സാഫ്‌ളവർ എണ്ണ'യും പൂക്കളിൽ നിന്ന്‌ "സാഫ്‌ളവർ ചായ'വും എടുക്കുന്നു. ഇതിൽനിന്നും വേർതിരിച്ചെടുക്കുന്ന കാർത്താമിന്‍ എന്ന ചായം അനിലിന്‍ ചായങ്ങള്‍ കണ്ടുപിടിക്കുന്നതിന്‌ വളരെക്കാലം മുമ്പുതന്നെ ഭാരതത്തിലും വിദേശങ്ങളിലും വന്‍തോതിൽ ഉപയോഗിച്ചിരുന്നു. എന്നാൽ അനിലിന്‍ ചായങ്ങള്‍ കണ്ടുപിടിച്ചതോടെ ഇതിന്റെ പ്രചാരം കുറയുകയുണ്ടായി. ഇന്നു പ്രധാനമായും എണ്ണയ്‌ക്കുവേണ്ടിയാണ്‌ സാഫ്‌ളവർ കൃഷിചെയ്യുന്നത്‌. സാഫ്‌ളവറിന്റെ ജന്മദേശത്തെപ്പറ്റി ഭിന്നാഭിപ്രായങ്ങള്‍ നിലവിലുണ്ട്‌. എങ്കിലും ഇതിന്റെ ഉദ്‌ഭവസ്ഥാനം ഇന്ത്യയായിരിക്കാനാണ്‌ കൂടുതൽ സാധ്യത.

ഉഷ്‌ണമേഖലയിലെ പ്രധാനവിളകളിൽ ഒന്നായിത്തീർന്നിട്ടുണ്ട്‌ കുയമ്പപ്പൂ. സമശീതോഷ്‌ണമേഖലയിലെ പല രാജ്യങ്ങളിലും ഇത്‌ കൃഷി ചെയ്യപ്പെടുന്നു. ഇന്ത്യ, ചൈന, ഈസ്റ്റിന്‍ഡീസ്‌, സ്‌പെയിന്‍, ജർമനി, ഇറ്റലി, റഷ്യ, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ ഇതു കൃഷി ചെയ്‌തുവരുന്നു. ഇന്ത്യയിൽ ആകെ നാലുലക്ഷം ഹെക്‌ടർ സ്ഥലത്ത്‌ ഇതു കൃഷിചെയ്യുന്നുണ്ട്‌. വാർഷികോത്‌പാദനം രണ്ടു ലക്ഷം ടണ്‍ ആണ്‌ (2005-06). മഹാരാഷ്‌ട്രമാണ്‌ ഏറ്റവും കൂടുതൽ കൃഷിയുള്ള സംസ്ഥാനം. 100-200 സെ.മീ. ഉയരത്തിൽ നിരവധി ശിഖരങ്ങളോടെ വളരുന്ന ഒരു ഏകവർഷ-ഓഷധിയാണ്‌ ഈ ചെടി. ഏകാന്തരമായി ക്രമീകരിച്ചിരിക്കുന്ന ഇലകളുടെ അരികിൽ മുള്ളുകള്‍ കാണപ്പെടുന്നു. കാപ്പിറ്റുലം (Capitulum) ആണ്‌ പുഷ്‌പം. ഓരോ ശിഖരത്തിലും 4-5 പുഷപങ്ങള്‍ കാണും. ഓരോ പുഷ്‌പത്തിലും 15-20 വിത്തുകള്‍ വരെ ഉണ്ടായിരിക്കും.

പരുത്തിക്കരിമണ്ണ്‌, എക്കൽമണ്ണ്‌, ലഘു അലൂവിയൽ മണ്ണ്‌ എന്നീ ഇനം മണ്ണുകളുള്ള പ്രദേശങ്ങളിൽ കുയമ്പപ്പൂ നന്നായി വളരുന്നു. ശരിയായ വളർച്ചയ്‌ക്കു മിതമായ മഴയും ചൂടും അനുപേക്ഷണീയമാണ്‌. 63-100 സെ.മീ. മഴ ഇതിന്‌ ഏറ്റവും അനുകൂലമാണ്‌. ദക്ഷിണേന്ത്യ, മഹാരാഷ്‌ട്രം എന്നിവിടങ്ങളിൽ മഴയെ മാത്രം ആശ്രയിച്ചാണ്‌ ഇത്‌ കൃഷി ചെയ്യുന്നത്‌. ഇന്ത്യയുടെ മറ്റു ചില ഭാഗങ്ങളിൽ കൃഷിക്ക്‌ നനച്ചുകൊടുക്കാറുമുണ്ട്‌. വിവിധ സംസ്ഥാനങ്ങളിലെ കൃഷിക്ക്‌ അനുയോജ്യമായ പലതരം കുയമ്പപ്പൂവിനങ്ങളുണ്ട്‌. 130 ദിവസംകൊണ്ട്‌ മൂപ്പെത്തുന്നതും വിത്തിൽ 29.1 -30.6 ശതമാനം വരെ എണ്ണ അടങ്ങിയിട്ടുള്ളതുമായ എന്‍.-630, എന്‍-628, എന്‍-300 എന്നീ ഇനങ്ങളും 146 ദിവസത്തെ മൂപ്പുള്ള എന്‍.-7, എന്‍.-11, എന്‍.-28 എന്നീ ഇനങ്ങളും മഹാരാഷ്‌ട്രയിൽ ഏറ്റവും വിജയകരമായി കൃഷിചെയ്യുവാന്‍ സാധിക്കും. കർണാടകത്തിന്‌ ഏറ്റവും അനുയോജ്യമായ ഇനങ്ങള്‍ സി.റ്റി.-11, സി. റ്റി.-66, സി.റ്റി.-68 എന്നിവയാണ്‌. മഞ്ഞുവീഴ്‌ചയെ അതിജീവിക്കാന്‍ കരുത്തുള്ള എന്‍.പി.-30, എന്‍.പി.-13 എന്നീ ഇനങ്ങളാണ്‌ ഡൽഹിയിൽ കൃഷി ചെയ്യാന്‍ ഏറ്റവും പറ്റിയത്‌.

ഒക്‌ടോബർ മാസത്തിലാണ്‌ കൃഷിയിറക്കുന്നത്‌. നിലം ഉഴുതു നിരപ്പാക്കി ഹെക്‌ടറിന്‌ അഞ്ച്‌ ടണ്‍ എന്ന തോതിൽ കാലിവളം ചേർക്കുന്നു. കുയമ്പപ്പൂ മാത്രം കൃഷി ചെയ്യുന്ന പ്രദേശങ്ങളിൽ ഹെക്‌ടറിന്‌ 10-15 കിലോഗ്രാം. വിത്ത്‌ വേണ്ടിവരുന്നു. കടല, മല്ലി, പയറുവർഗങ്ങള്‍, ചെറുധാന്യങ്ങള്‍ എന്നിവയോടൊപ്പം മിശ്രവിളയായും കൃഷി ചെയ്യാറുണ്ട്‌. ഈ അവസരത്തിൽ വളരെക്കുറച്ച്‌ വിത്ത്‌ മതിയാകും. മുളച്ചുകഴിഞ്ഞശേഷം രണ്ടാഴ്‌ച കൂടുമ്പോള്‍ രണ്ടുതവണ ഇടയിളക്കണം. രണ്ടാമത്തെ പ്രാവശ്യം ഇടയിളക്കിക്കഴിഞ്ഞ്‌ രണ്ടോ മൂന്നോ ആഴ്‌ച കഴിയുമ്പോള്‍ ചെടിയുടെ അഗ്രം മുറിച്ചു മാറ്റുന്നത്‌ ധാരാളം ശിഖരങ്ങളുണ്ടാകാന്‍ സഹായിക്കും. ഫെബ്രുവരി-മാർച്ച്‌ മാസങ്ങളിൽ വിളവെടുക്കാം. പാകമായ ചെടികള്‍ പിഴുതെടുത്ത്‌ ഉണക്കി വിത്തു വേർതിരിച്ചെടുക്കുന്നു. ഒരു ഹെക്‌ടറിൽ നിന്ന്‌ ശരാശരി 600 കിലോഗ്രാം വിത്തു ലഭിക്കും. വിത്ത്‌ ആട്ടി എണ്ണ എടുക്കുന്നു.

ജനുവരി-ഫെബ്രുവരി മാസങ്ങളിൽ ചെടി പുഷ്‌പിക്കുമ്പോഴാണ്‌ ചായമുണ്ടാക്കാന്‍വേണ്ടി പൂങ്കുലകള്‍ ശേഖരിച്ച്‌ ഉണക്കാറുള്ളത്‌. നല്ല നിറവും തിളക്കവും ഉള്ള ദളങ്ങള്‍ മാത്രം ചായമുണ്ടാക്കാനായി പ്രത്യേകം തിരഞ്ഞെടുക്കുന്നു. ഓറഞ്ച്‌, മഞ്ഞ, ചെവപ്പ്‌ എന്നീ നിറങ്ങളിലാണ്‌ പുഷ്‌പങ്ങള്‍ കാണപ്പെടുന്നത്‌. ചെമപ്പ്‌ നിറത്തിലും മഞ്ഞ നിറത്തിലുമുള്ള ചായങ്ങള്‍ ഉണ്ടാക്കുന്നുണ്ട്‌. ചെമപ്പുചായം റൂഷ്‌ നിർമിക്കാനും ഉപയോഗിക്കാറുണ്ട്‌. കുയമ്പപ്പൂ വിത്തിൽ 24 ശതമാനം മുതൽ 36 ശതമാനം വരെ എണ്ണയുണ്ട്‌. മഞ്ഞ നിറത്തോടുകൂടിയ തെളിഞ്ഞ എണ്ണ പാചകത്തിന്‌ ഉപയോഗിക്കുന്നു. ഹൃദ്രാഗികള്‍ക്കും ഉയർന്ന രക്തസമ്മർദമുള്ളവർക്കും ഇത്‌ ശിപാർശ ചെയ്യപ്പെടുന്നു. വിത്തുകള്‍ പച്ചയായും വറുത്തും ഭക്ഷിക്കാവുന്നതാണ്‌. പ്ലാസ്റ്റിക്‌ പോലുള്ള പലതരം ഉത്‌പന്നങ്ങള്‍ ഉണ്ടാക്കാനും വെളുത്ത പെയിന്റുണ്ടാക്കാനും ഈ എണ്ണ ഉപയോഗിക്കുന്നു. ഇതിന്റെ പിണ്ണാക്ക്‌ നല്ല കാലിത്തീറ്റയാണ്‌; നൈട്രജന്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ വളമായും ഉപയോഗിക്കുന്നു. തിളയ്‌ക്കുന്ന കുയമ്പപ്പൂവെണ്ണ തണുത്ത വെള്ളത്തിലേക്ക്‌ സാവധാനം ഒഴിക്കുമ്പോള്‍ കുഴമ്പുപോലെ പശയുള്ള ഒരു ഉത്‌പന്നം ലഭിക്കും. കണ്ണാടി ഒട്ടിക്കാനും മറ്റും ഈ കുഴമ്പ്‌ വളരെ നല്ലതാണ്‌. മറ്റു ചില വസ്‌തുക്കളുമായി ചേർത്ത്‌ ഈ എണ്ണ ക്യാന്‍വാസ്‌ തുണികളിൽ പുരട്ടിയാൽ അതു വെള്ളം ചോരാത്തതായിത്തീരും. സോപ്പ്‌ നിർമാണത്തിലും ഇതുപയോഗിക്കുന്നു. കുങ്കുമപ്പൂവി(Saffron)ൽ മായം ചേർക്കാന്‍ ഇതുപയോഗിക്കാറുണ്ട്‌. കുയമ്പപ്പൂവിന്‌ ഔഷധഗുണങ്ങളുമുണ്ട്‌. ഇതിന്റെ ഉണങ്ങിയ പൂവ്‌ മഞ്ഞപ്പിത്തത്തിനും ചെടിയിട്ട്‌ തിളപ്പിച്ച എള്ളെണ്ണ ശ്രാണീവാതത്തിനും പക്ഷവാതത്തിനും ഔഷധമാണ്‌. വിത്ത്‌ വിരേചനൗഷധമായും വേര്‌ മൂത്രവർധകം (diuretic)ആയും ഉപയോഗിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍