This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുമാരസ്വാമി സന്ന്യാസി (1890 - 1984)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:36, 11 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുമാരസ്വാമി സന്ന്യാസി (1890 - 1984)

ദീർഘകാലം ശ്രീനാരായണഗുരുവിന്റെ തത്ത്വപ്രചാരണത്തിനായി മിഷനറിയായി പ്രവർത്തിച്ച ആധ്യാത്മിക പ്രവർത്തകന്‍. തലശ്ശേരിയിലെ തലായിയിൽ കൊടിയേരി മണപ്പാട്ട്‌ വീട്ടിൽ ചിരുതമ്മയുടെയും മുരുക്കോളിയിൽ മന്ദന്റെയും പുത്രനായി 1890-ൽ ജനിച്ചു. തലശ്ശേരി സെന്റ്‌ ജോസഫ്‌ ഹൈസ്‌കൂളിൽ എട്ടാം ക്ലാസ്സുവരെ പഠിച്ചശേഷം ഉപജീവനത്തിനായി ചില തൊഴിലുകളിൽ ഏർപ്പെട്ടു.

1908-ൽ ജഗന്നാഥക്ഷേത്ര പ്രതിഷ്‌ഠയ്‌ക്ക്‌ ഗുരു തലശ്ശേരിയിൽ വന്നപ്പോഴാണ്‌ ഇദ്ദേഹത്തിന്‌ ആദ്യമായി ഗുരുദർശനത്തിന്‌ ഭാഗ്യമുണ്ടായത്‌. കുമാരനാശാനുമായും ഈ സന്ദർഭത്തിൽ സൗഹൃദം നേടാന്‍ ഇടയായി. 36-ാം വയസ്സിൽ ഗുരുദേവനിൽനിന്ന്‌ കാഷായം സ്വീകരിച്ച്‌ സന്ന്യാസിയാവുകയും, ശിവഗിരിധർമ സംഘത്തിലെ അംഗമെന്ന നിലയ്‌ക്ക്‌ ആലുവാ അദ്വൈതാശ്രമം, തോട്ടുമുഖം ഗോവർധനഗിരി, ഏരൂർ നരസിംഹാശ്രമം എന്നീ സ്ഥാപനങ്ങളിൽ സെക്രട്ടറിയായി സേവനമനുഷ്‌ഠിക്കുകയും ചെയ്‌തു. പിന്നീട്‌ അഭിപ്രായവ്യത്യാസംമൂലം ധർമസംഘത്തിൽ നിന്ന്‌ പിരിഞ്ഞ്‌ തലശ്ശേരിയിൽ തിരിച്ചെത്തി ധർമപ്രഭ എന്ന ശ്രീനാരായണ തത്ത്വപ്രചാരമാസിക ആരംഭിച്ചു. 1935-ൽ വർക്കല കേന്ദ്രമാക്കി, "ശ്രീനാരായണ ധർമപ്രചാരണസഭ' തുടങ്ങുകയും അതിന്റെ ആഭിമുഖ്യത്തിൽ നൂറിൽപ്പരം ലഘുലേഖകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്‌തു. സഭയുടെ മുഖപത്രമായി 1946-ൽ ധർമം മാസിക ആരംഭിച്ചു. സഭയുടെ പ്രവർത്തനം പിന്നീട്‌ എറണാകുളത്തേക്കു മാറ്റി. വിശ്വവന്ദ്യശ്രീനാരായണന്‍, പഞ്ചശുദ്ധിപ്രകരണം, ശ്രീനാരായണ കാവ്യതീർഥം, ഗുരുസ്‌തുതികള്‍ തുടങ്ങിയ കൃതികള്‍ ഇവിടെവച്ച്‌ പ്രസിദ്ധീകരിച്ചു. ജീവിതാന്ത്യത്തിൽ പെരിങ്ങണ്ടൂർ ശ്രീനാരായണാശ്രമം പ്രവർത്തനകേന്ദ്രമായി സ്വീകരിച്ചു. 1978-ൽ ഗുരുശബ്‌ദം മാസിക തുടങ്ങി. 1984 ഡി. 17-ന്‌ 94-ാം വയസ്സിൽ അന്തരിച്ചു. ഗുരുദേവദർശനങ്ങളെ ആസ്‌പദമാക്കി അദ്ദേഹം രചിച്ച നൂറിലേറെ ഗദ്യ-പദ്യ കൃതികള്‍ പ്രചാരത്തിലുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍