This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുമാരസംഭവം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:35, 11 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുമാരസംഭവം

കാളിദാസന്റെ ഒരു മഹാകാവ്യം. സംസ്‌കൃതത്തിലെ പ്രസിദ്ധങ്ങളായ പഞ്ചമഹാകാവ്യങ്ങളിൽ ലളിതകോമളമാണ്‌ കുമാരസംഭവം. മേഘദൂതത്തെക്കാളും ആധുനിക സഹൃദയന്മാരെ ആകർഷിക്കാന്‍ കഴിവുറ്റത്‌ കുമാരസംഭവമാണെന്നാണ്‌ സംസ്‌കൃതപണ്ഡിതനും ഇന്‍ഡോളജിസ്റ്റുമായ എ.ബി. കീഥിന്റെ അഭിപ്രായം. കാളിദാസന്റെ രഘുവംശത്തോളം ആശയപുഷ്‌ടവും പക്വവുമല്ലെങ്കിലും പദരചനാസൗകുമാര്യത്തിൽ കുമാരസംഭവമാണ്‌ മുന്നിൽ നിൽക്കുന്നത്‌.

ആകെ പതിനേഴു സർഗങ്ങളുള്ള ഈ മഹാകാവ്യത്തിൽ ആദ്യത്തെ ഏഴോ എട്ടോ സർഗങ്ങള്‍ മാത്രമേ കാളിദാസന്റേതായിട്ടുള്ളൂ എന്നാണ്‌ പണ്ഡിതന്മാരുടെ അഭിപ്രായം. മല്ലിനാഥന്‍ വ്യാഖ്യാനിച്ചിട്ടുള്ളതും ആദ്യത്തെ എട്ടുസർഗങ്ങള്‍ മാത്രമാണ്‌. ബാക്കിയുള്ള ഒന്‍പതു സർഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഉത്തരഭാഗം കാവ്യഗുണങ്ങളുടെ വൈരള്യംകൊണ്ട്‌ അപകൃഷ്‌ടമാണ്‌. ലോകപിതാക്കളായ പാർവതീപരമേശ്വരന്മാരുടെ പരസ്‌പരലാഭാർഥമായ തപസ്സും തജ്ജന്യമായ ഫലസിദ്ധിയുമാണ്‌ കുമാരസംഭവത്തിലെ പ്രതിപാദ്യം. മാദകമായ ഭാവങ്ങളുടെ നിസ്സാരതയെയും ത്യാഗസുരഭിലമായ പ്രമത്തിന്റെ സർവാർഥസിദ്ധിയെയും കാളിദാസന്‍ ഈ കാവ്യത്തിൽ രുചിരവും ഉദാത്തവുമായി പ്രപഞ്ചനം ചെയ്‌തിരിക്കുന്നു. കുമാരസംഭവം ഒന്നാം സർഗം ആരംഭിക്കുന്നതു ദേവതാത്മാവായ ഹിമവാന്റെ വർണനയോടുകൂടിയാണ്‌. തുടർന്ന്‌ ഹിമവാന്റെയും പത്‌നി മേനയുടെയും പുത്രിയായി അവതരിച്ച "യോഗവിസൃഷ്‌ടദേഹ'യായ "സതി'യെ -പാർവതിയെ- ആപാദചൂഡം വർണിക്കുന്നു. നായകനായ ശിവന്‍ സതീവിയോഗം കൊണ്ടു നിർവിണ്ണനായി തപസ്സനുഷ്‌ഠിക്കുകയാണ്‌. പാർവതീസമാഗമംതന്നെയായിരിക്കാം ശിവന്റെ തപോനുഷ്‌ഠാനത്തിന്റെ ആത്യന്തിക ലക്ഷ്യം. അനവദ്യലാവണ്യമൂർത്തിയായ പാർവതി പിതാവിന്റെ അനുജ്ഞയോടുകൂടി തപഃസ്ഥിതനായ ശിവനെ പരിചരിക്കുന്നു. രണ്ടാം സർഗത്തിൽ ലോകകണ്ടകനായ താരകാസുരനെ നിഗ്രഹിക്കാന്‍ വേണ്ടി ദേവന്മാർ പ്രയോഗിക്കുന്ന ഉപായങ്ങളാണ്‌ പ്രതിപാദിക്കപ്പെടുന്നത്‌. താരകനെ വധിക്കാന്‍ ശൈവതേജസ്സിനല്ലാതെ മറ്റാർക്കും കഴിയുകയില്ലെന്നു മനസ്സിലാക്കിയ ഇന്ദ്രാദികള്‍ കാമനെ അഭീഷ്‌ടസിദ്ധിക്ക്‌ ഉപകരിക്കത്തക്കവണ്ണം വശപ്പെടുത്തുന്നു. മൂന്നാം സർഗത്തിലെ വിഷയം, വസന്തപുഷ്‌പാഭരണങ്ങളിഞ്ഞു പല്ലവിനിയും സഞ്ചാരിണിയുമായ ലതയെപ്പോലെ വന്ന പാർവതിയുടെ ആശാഭംഗവും പിനാകപാണിയായ ഹരനെപ്പോലും ഇളക്കിമറിക്കുമെന്ന്‌ വീമ്പുപറഞ്ഞ കാമദേവന്റെ ശരീരനാശവുമാണ്‌. നാലാം സർഗം, പതിവിയോഗഖിന്നയായ രതിയുടെ വിലാപംകൊണ്ട്‌ കരുണമസൃണവും അനശ്വരവുമായിത്തീർന്നു. പാർവതി ശിവപ്രാപ്‌തിക്കുവേണ്ടി ഉഗ്രമായ തപസ്സനുഷ്‌ഠിച്ചു സാഫല്യം നേടുന്നതാണ്‌ അഞ്ചാം സർഗത്തിലെ കഥാവസ്‌തു. ആറാം സർഗത്തിലാകട്ടെ, ശിവന്‍ പാർവതിയെ പാണിഗ്രഹണം ചെയ്യാന്‍ ആഗ്രഹിക്കുന്ന വിവരം സപ്‌തർഷികള്‍ മുഖേന ഹിമവാനെ അറിയിച്ച്‌ വിവാഹമുഹൂർത്തം കുറിക്കുന്നു. പാർവതീപരിണയത്തിന്റെ മനോഹരവും സമഗ്രവുമായ വർണനമാണ്‌ ഏഴാം സർഗത്തിലെ വിഷയം. എട്ടാം സർഗം കാളിദാസന്‍ എഴുതിയതാണോ എന്നും സന്ദേഹമില്ലാതില്ല. ഉദ്ദാമമായ സംഭോഗത്തിന്റെ ശ്രീകരമല്ലാത്ത വർണനമാണ്‌ അതിൽ കാണുന്നത്‌. കുമാരസംഭവത്തിലെ രതിവിലാപവും രഘുവംശത്തിലെ അജവിലാപവുമാണ്‌ ഭാരതീയ വിലാപകാവ്യങ്ങള്‍ക്കു മാർഗദർശനം നല്‌കിയിട്ടുള്ളത്‌.

കാളിദാസന്റെ കുമാരസംഭവത്തിലും ആദികവിയുടെ അനശ്വരപ്രതിഭയുടെ പ്രകാശകന്ദളങ്ങള്‍ സ്‌ഫുരിക്കുന്നതായിക്കാണാം. മൂന്നാം സർഗത്തിലെ വസന്തവർണന വാല്‌മീകി രാമായണം കിഷ്‌കിന്ധാ കാണ്ഡത്തിലെ പമ്പാതടീകാനന വർണനത്തെ സർവഥാ അനുസ്‌മരിപ്പിക്കുന്നു. അതുപോലെതന്നെ രാമബാണഹതനായ ബാലിയെച്ചൊല്ലിയുള്ള താരയുടെ വിലാപം പരമശിവന്റെ തൃതീയ നേത്രാഗ്നിയിൽ ദഹിച്ചു ചാമ്പലായ കാമദേവനെക്കുറിച്ചുള്ള രതിയുടെ വിലാപത്തിനു പ്രത്യക്ഷമായിത്തന്നെ പ്രചോദനം നല്‌കിയിരിക്കാനുമിടയുണ്ട്‌. കുമാരസംഭവം ഏഴാം സർഗത്തിലെ 56 മുതൽ 69 വരെയുള്ള ശ്ലോകങ്ങള്‍ക്കു ബുദ്ധചരിതം മൂന്നാം സർഗത്തിലെ 13 മുതൽ 24 വരെയുള്ള ശ്ലോകങ്ങള്‍ മാതൃകയാക്കിയതായി അഭിപ്രായപ്പെടുന്ന ചില പണ്ഡിതന്മാരുമുണ്ട്‌. ഈ ശ്ലോകങ്ങള്‍ രഘുവംശത്തിലും കാളിദാസന്‍ ആവർത്തിച്ചു കാണുന്നു. കൂടാതെ രൂപത്തിലും ഭാവത്തിലും പറയത്തക്ക വ്യത്യാസമൊന്നുമില്ലാത്ത പദ്യങ്ങള്‍ കാളിദാസ കൃതികളിലും ബുദ്ധചരിതത്തിലും കാണുന്നുണ്ട്‌.

""പ്രസന്നദിക്‌പാംസുവിവിക്തവാതം
	ശംഖസ്വനാനന്തര പുഷ്‌പവൃഷ്‌ടി
	ശരീരിണാം സ്ഥാവരജംഗമാനാം
	സുഖായ തജ്ജന്മദിനം ബഭൂവ''
				(കുമാരസംഭവം)
""പ്രസന്നദിക്‌പാംസുവിവിക്തവാതം
	കംബുസ്വനാനന്തര സൂനവൃഷ്‌ടി
	ശരീരിണാം സ്ഥാവരജംഗമാനാം
	ബഭൂവ തജ്ജന്മദിനം സുഖായ''
				(ബുദ്ധചരിതം)
 

കാളിദാസകൃതികളാണ്‌ അശ്വഘോഷന്റെ ബുദ്ധചരിതത്തിനു മാതൃകയായിത്തീർന്നതെന്നാണ്‌ ആധുനികഗവേഷകന്മാർ അഭിപ്രായപ്പെടുന്നത്‌. നോ. കാളിദാസന്‍

കാളിദാസന്‍ ആദ്യത്തെ എട്ടു സർഗങ്ങളുടെ രചനകൊണ്ടു കുമാരസംഭവം ധ്വനിപ്പിച്ചു കൃതകൃത്യനായിത്തന്നെ പിന്മാറിയിരിക്കാം. അനന്തരകവികള്‍ ആരെങ്കിലും ബാക്കി സർഗങ്ങള്‍ എഴുതിച്ചേർത്തതാകാം. കുമാരസംഭവം, താരകാവധം എന്നീ വർണ്യവിഷയങ്ങള്‍ അവർക്ക്‌ പ്രചോദകമായി ഭവിച്ചിരിക്കാം. വൃത്തപൂരണാർഥം പ്രയോഗിച്ചിട്ടുള്ള അവ്യയങ്ങളുടെയും യതിഭംഗങ്ങളുടെയും ഒരു ഘോഷയാത്ര തന്നെ ഉത്തരഭാഗത്തിൽ ദർശിക്കാം. കുമാരസംഭവത്തിന്റെ ഉത്തരഭാഗംകൂടി ഉള്‍ച്ചേർന്ന കൈയെഴുത്തുപ്രതികളും ലഭ്യമല്ല. ഈവക കാരണങ്ങളാൽ കുമാരസംഭവം ഉത്തരഖണ്ഡം കാളിദാസന്റേതല്ലാതാകാനാണ്‌ ന്യായം. ഉണാദിസൂത്രങ്ങള്‍ക്ക്‌ ഉജ്ജ്വലദത്തന്‍ എഴുതിയ വ്യാഖ്യാനത്തിൽ 14-ാം സർഗത്തിലെ 32-ാം പദ്യം ആദ്യപാദത്തിന്റെ പാഠഭേദം ("രവഃപ്രഗല്‌ഭാഹതിഭേരിസംഭവഃ') ഉദ്ധരിച്ചുകാണുന്നു. അതിനാൽ വിപുലിതമായ കുമാരസംഭവത്തിന്‌ ഏറെക്കുറെ പതിനാലാം ശതകത്തോളമുള്ള പഴക്കമുണ്ടെന്ന്‌ അനുമാനിക്കാം.

കുമാരസംഭവം ആദ്യത്തെ ഏഴു സർഗം ലത്തീന്‍ പരിഭാഷയോടുകൂടി ലണ്ടനിൽനിന്ന്‌ 1838-ൽ സ്റ്റെന്‍സ്‌ലർ പ്രസിദ്ധപ്പെടുത്തി. ആദ്യത്തെ എട്ടുസർഗം നാരായണന്റെ "വിവരണ' വ്യാഖ്യാനത്തോടും അരുണഗിരിനാഥന്റെ "പ്രാകാശിക'യോടും കൂടി തിരുവനന്തപുരം ഹസ്‌തലിഖിത ഗ്രന്ഥശാലയിൽനിന്നും ഡോ. ഗണപതി ശാസ്‌ത്രികള്‍ പ്രസിദ്ധീകരിച്ചു. 8 മുതൽ 17 വരെ സർഗങ്ങള്‍ ആദ്യമായി പ്രസിദ്ധപ്പെടുത്തിയതു വിട്ടംല ശാസ്‌ത്രികളാണ്‌. 1908-ൽ നിർണയ സാഗര പ്രസ്സുകാർ കുമാരസംഭവം പൂർണമായി പ്രസിദ്ധം ചെയ്‌തു. അതിൽ ആദ്യത്തെ എട്ടു സർഗത്തിനു മല്ലിനാഥന്റെയും ബാക്കി സർഗത്തിനു സീതാരാമന്റെയും വ്യാഖ്യാനങ്ങള്‍ ചേർത്തിരുന്നു. ഇതിന്റെ ഇംഗ്ലീഷ്‌ തർജുമ നിർവഹിച്ചത്‌ ആർ.റ്റി.എച്ച്‌.ഗ്രിഫിത്ത്‌ ആണ്‌. ഇതര ഭാഷകളിലേക്കും കുമാരസംഭവം വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. മലയാളത്തിലേക്ക്‌ ഇതു തർജുമ ചെയ്‌തവരിൽ ഏ.ആറും കുണ്ടൂരും കെ.എം. പണിക്കരും കെ.പി. നാരായണപ്പിഷാരടിയുമാണ്‌ പ്രമുഖന്മാർ. കുട്ടിക്കൃഷ്‌ണമാരാരുടെ കുമാരസംഭവം ഗദ്യവിവർത്തനം പ്രസ്‌തുത കൃതിയുടെ വിവർത്തനങ്ങളിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്‌. കുമാരസംഭവത്തിന്‌ അനേകം സംസ്‌കൃത വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. മല്ലിനാഥന്റെ "സഞ്‌ജീവനി'യും കൃഷ്‌ണപതിശർമയുടെ "പദാർഥദീപിക'യും ഗോപാലനന്ദന്റെ "സാരാവലി'യും ഗോവിന്ദരാമന്റെ "ധീരഞ്‌ജനിക'യും ചരിത്രവർധനന്റെ "ശിശുഹിതൈഷിണി'യും ഹരിചരണദാസന്റെ "ദേവസേന'യും കൈക്കുളങ്ങര രാമവാരിയരുടെ "പ്രയസി'യും മറ്റും പ്രത്യേകം ശ്രദ്ധേയമാണ്‌.

(മുതുകുളം ശ്രീധർ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍