This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുന്ദലത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:11, 11 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുന്ദലത

ആദ്യകാല മലയാളനോവലുകളിൽ പ്രാധാന്യമർഹിക്കുന്ന കൃതി. ടി. അപ്പു നെടുങ്ങാടി രചിച്ച ഈ നോവൽ 1887-ൽ പ്രസിദ്ധീകൃതമായി. കുന്ദലതയുടെ ഇതിവൃത്തത്തിന്‌ ഷെയ്‌ക്‌സ്‌പിയറുടെ സിംബലിന്‍ എന്ന നാടകത്തോടു കടപ്പാടു കാണുന്നു. കലിംഗരാജാവ്‌ മന്ത്രിയായ കപിലനാഥനെ നാടുകടത്തുകയും പകരം കപിലന്റെ സഹോദരനായ അഘോരനാഥനെ മന്ത്രിയായി വാഴിക്കുകയും ചെയ്‌തു. സ്ഥാനഭ്രഷ്‌ടനായ കപിലനാഥന്‍ കലിംഗരാജാവിന്റെ പുത്രി കുന്ദലതയെന്ന ശിശുവിനെ മോഷ്‌ടിച്ചുകൊണ്ട്‌ രാമദാസന്‍ എന്ന ഭൃത്യനുമൊത്തു കാട്ടിൽച്ചെന്നു താമസമാക്കി. കുറേക്കാലം കഴിഞ്ഞ്‌ കലിംഗയുവരാജാവായ പ്രതാപചന്ദ്രന്‍ കപിലനാഥന്റെ മകളായ സ്വർണമയിയെ വിവാഹം ചെയ്യുകയും ഇതിൽ നീരസം തോന്നിയ കപിലപുത്രനായ താരാനാഥന്‍ കാട്ടിൽ പാർക്കുന്ന പിതാവിന്റെ ആശ്രമത്തിലേക്കു പോവുകയും ചെയ്‌തു. കുന്ദലത താരാനാഥനെ ഹൃദയനാഥനായി വരിച്ചു. ഇതിനകം പ്രതാപചന്ദ്രന്‍ കുന്തളേശ്വരനുമായി യുദ്ധത്തിന്‌ ഒരുങ്ങിക്കഴിഞ്ഞിരുന്നു. കപിലനാഥന്‍ ജീവിച്ചിരിപ്പുണ്ടെന്നു മനസ്സിലാക്കിയ അഘോരനാഥന്‍ സഹോദരനുമൊത്ത്‌ കുന്തളേശ്വരന്റെ നീക്കങ്ങളെ ചെറുക്കാന്‍ കരുക്കളൊരുക്കി. യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ കുന്തളേശ്വരന്‍ കലിംഗരാജാവിനെ ബന്ധനസ്ഥനാക്കിയെങ്കിലും അടുത്ത ഘട്ടത്തിൽ അദ്ദേഹത്തെ കപിലനാഥന്‍ മോചിപ്പിച്ചു. ഇതോടെ രാജാവിനു കപിലനാഥനെക്കുറിച്ചുണ്ടായിരുന്ന തെറ്റിദ്ധാരണ നീങ്ങി. താരാനാഥനും കുന്ദലതയും വിവാഹിതരാകുന്നതോടെ നോവൽ അവസാനിക്കുന്നു. കഥാതന്തു ഷെയ്‌ക്‌സ്‌പിയർ നാടകത്തിന്റേതാണെന്നതുപോലെ കുന്ദലതയിലെ ഏതാനുംഭാഗങ്ങള്‍ വാള്‍ട്ടർ സ്‌കോട്ടിന്റെ ഐവാന്‍ഹോ എന്ന നോവലിലെ ചില രംഗങ്ങളോടു സാദൃശ്യം വഹിക്കുന്നവയുമാണ്‌. എന്നിരുന്നാലും കുന്ദലത ഒരു വിവർത്തനമല്ല.

കുന്ദലതയെ മലയാളത്തിലെ ആദ്യത്തെ നോവൽ എന്നാണ്‌ നോവൽസാഹിത്യത്തിൽ എം.പി.പോളും. കേരള ഭാഷാ സാഹിത്യചരിത്രത്തിൽ ഉള്ളൂരും വിശേഷിപ്പിച്ചിട്ടുള്ളത്‌. എന്നാൽ മലയാളത്തിലെ ആദ്യനോവൽ മിസ്‌ റിച്ചാർഡ്‌ കോളിന്‍സ്‌ ഇംഗ്ലീഷിൽ രചിച്ചതും പിന്നീട്‌ മലയാളത്തിലേക്കു വിവർത്തനം ചെയ്യപ്പെട്ടതുമായ ദ സ്‌ലെയർ സ്‌ലെയിന്‍ (ശിഘാതകവധം) എന്ന കൃതിയാണെന്ന്‌ പില്‌ക്കാല പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. കേരളീയ ജീവിതത്തെ പശ്ചാത്തലമാക്കി രചിച്ച ഘാതകവധം 1864-ൽ പ്രസിദ്ധീകൃതമായി. തുടർന്ന്‌ 1882-ൽ ആർച്ച്‌ ഡീക്കണ്‍ കോശിയുടെ പുല്ലേലിക്കുഞ്ചു എന്ന മറ്റൊരു നോവൽ പ്രകാശിതമായി. ആദ്യനോവൽ എന്ന നിലയിലല്ലെങ്കിലും കുന്ദലതയ്‌ക്ക്‌ മലയാളസാഹിത്യത്തിൽ ചരിത്രപരമായ ഒരു സ്ഥാനമുണ്ട്‌. നോവൽ എന്ന സാഹിത്യരൂപത്തിന്റെ ഇന്നത്തെ മാനദണ്ഡം വച്ചുനോക്കിയാൽ പല പോരായ്‌മകളും ഉണ്ടെങ്കിലും, എം.പി. പോള്‍ ചൂണ്ടിക്കാട്ടിയതുപോലെ ഒരു വമ്പിച്ച പ്രസ്ഥാനത്തിന്റെ മുന്‍ഗാമിയെന്ന നിലയിൽ കുന്ദലതയ്‌ക്കുള്ള പ്രാമുഖ്യം എല്ലാംകൊണ്ടും ശ്ലാഘനീയമാണ്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%B2%E0%B4%A4" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍