This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കുന്തകന്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കുന്തകന്
വക്രാക്തി പദ്ധതിയുടെ ഉപജ്ഞാതാവായ സാഹിത്യശാസ്ത്രജ്ഞന്‍. രാജാനകനെന്ന ഉപനാമത്തോടു കൂടിയ ഇദ്ദേഹം 11-ാം ശതകത്തിൽ കാശ്മീരിൽ ജീവിച്ചിരുന്നു. വക്രാക്തിജീവിതം ആണ് ഇദ്ദേഹത്തിന്റെ സാഹിത്യശാസ്ത്രഗ്രന്ഥം. കുന്തകന് ധ്വനിമാർഗാനുസാരിയായ അഭിനവഗുപ്താചാര്യന്റെയും അനുമാനവാദിയായ മഹിമഭട്ടന്റെയും സമകാലികനായിരുന്നു. വക്രാക്തി ജീവിതത്തിൽ കുന്തകന് ധ്വനികാരനായ ആനന്ദവർധനനെ പരാമർശിക്കുന്നുണ്ടെങ്കിലും അഭിനവഗുപ്തനെക്കുറിച്ചു പറയുന്നില്ല. മഹിമഭട്ടന് വ്യക്തിവിവേകത്തിൽ കുന്തകനെ നിശിതമായി നിരൂപിക്കുന്നുണ്ട്.
"കാവ്യസ്യായമലങ്കാരഃ കോങ്കപ്യ പൂർവോ വിധീയതേ' എന്ന് ഭാമഹനും മറ്റു പ്രാചീനസാഹിത്യനിരൂപകരായ ദണ്ഡി, വാമനന് തുടങ്ങിയവരും വക്രാക്തിയെ കാവ്യാലങ്കാരമായി പരിഗണിച്ചു സ്വരൂപവിവേചനം ചെയ്തിട്ടുണ്ട്. പ്രാചീനമതങ്ങളെ തെല്ലും അവഗണിക്കാതെ കാലാനുകൂലമായി പരിഷ്കരിച്ചു രൂപപ്പെടുത്തിയതാണ് കുന്തകന്റെ വക്രാക്തിപദ്ധതി. വക്രാക്തിജീവിതത്തിലെ നാല് ഉന്മേഷങ്ങളിൽ മൂന്നാം ഉന്മേഷത്തിലെ ഏതാനും ഭാഗങ്ങള്‍ വരെ മാത്രമേ ലഭ്യമായിട്ടുള്ളൂ. പദ്യരൂപത്തിലുള്ള കാരികകളും (104) ഗദ്യരൂപത്തിലുള്ള വൃത്തികളും ഉദാഹരണങ്ങളുമിണക്കിക്കൊണ്ടാണ് പ്രതിപാദനം. വക്രാക്തി എന്ന അലങ്കാരം മാത്രമാണ് കാവ്യത്തിന്റെ ജീവിതം (വക്രാക്തിഃ കാവ്യജീവിതം) എന്ന താത്പര്യത്തിൽ വക്രാക്തിയെ കാവ്യാലങ്കാരമെന്നും പറയുന്നുണ്ട്.
വക്രമായ ഉക്തി-വക്രാക്തി; പദാർഥങ്ങളെ ചമത്കാരത്തോടുകൂടി പ്രകടിപ്പിക്കാനുതകുന്ന പദപദാർഥവചനമാണ് വക്രാക്തി. ഉപമ, രൂപകം, ദീപകം മുതലായ എല്ലാ അലങ്കാരങ്ങള്‍ക്കും ഏകാവലംബമാണ് ഇത്. ഇതില്ലാതെ ഒരലങ്കാരവും അലങ്കാരമാവുകയില്ല. വക്രാക്തിയാണ് ലൗകികപദാർഥങ്ങളെ വിഭാവാനുഭാവസഞ്ചാരിഭാവരൂപത്തിൽ അവതരിപ്പിച്ചു സഹൃദയന് രസാനുഭൂതിയുളവാക്കുന്നത്. ഭാമഹോക്തമായ ഈ വക്രാക്തിയുടെ പരിഷ്കരിച്ച പതിപ്പത്ര കുന്തകന്റെ വക്രാക്തി. ലളിതവും ഉചിതവുമായ ഗുണാലങ്കാരസന്നിവേശം കൊണ്ട് രമണീയമായ ശബ്ദാർഥങ്ങളുടെ ആന്തരവും അലൗകികവുമായ ഭാവങ്ങളെ പ്രകാശിപ്പിക്കുന്നതിനുള്ള സാമർഥ്യത്തെക്കുറിച്ച് ആദ്യമായി വിചിന്തനം ചെയ്തത് ആനന്ദവർധനാചാര്യനാണ്.അതു ധ്വനിവ്യാപാരമാണെന്നു ധ്വനികാരനും അനുമാനമാണെന്നു വ്യക്തിവിവേകകാരനും വക്രാക്തിയാണെന്നു കുന്തകനും വ്യവസ്ഥാപിക്കുന്നു.
വക്രാക്തിജീവിതം തുടങ്ങുന്നത് വക്രാക്തി പദത്തെ കൂട്ടിയിണക്കുന്ന കാവ്യലക്ഷണ നിർവചനത്തോടു കൂടിയാണ്.
""ശബ്ദാർഥൗ സഹിതൗ വക്രകവിവ്യാപാരശാലിനി, ബന്ധേ വ്യവസ്ഥിതൗ കാവ്യം തദ്വിദാഹ്ലാദകാരിണി'' (വക്രാക്തി ജീവിതം 1-7)
വക്രമായ കവിവ്യാപാരംകൊണ്ടു ശ്ലാഘ്യവും സഹൃദയർക്ക് ആഹ്ലാദജനകവും സൗഭാഗ്യലാവണ്യങ്ങളാൽ ചമത്കൃതവുമായ വാക്യവിന്യാസത്തിൽ സ്ഥിതിചെയ്യുന്ന ശബ്ദാർഥ സാഹിത്യമാണ് കാവ്യം. "കവേഃ കർമ്മകാവ്യം' എന്ന വ്യുത്പത്തിയാണ് കുന്തകന് സ്വീകാര്യം; "ശബ്ദാർഥൗ സഹിതൗ' എന്ന ഭാമഹന്റെ ലക്ഷണമല്ല. കാവ്യത്തിലുള്ള ശബ്ദാർഥ സാഹിത്യത്തിന്റെ യഥാർഥ സ്വരൂപം ആദ്യമായി നിരൂപണം ചെയ്തത് താനാണെന്നു കുന്തകന് അഭിമാനിക്കുന്നു. കാവ്യത്തിൽ ശബ്ദവും അർഥവും അലങ്കാര്യമാണ്. ശബ്ദാർഥങ്ങളെ ഒന്നിച്ച് ഒരുപോലെ രമണീയമാക്കുന്ന ഒരലങ്കാരമാണ് വക്രാക്തി. "വൈദഗ്ധ്യഭംഗീഭണിതി' എന്നാണ് കുന്തകന് വക്രാക്തിക്കു കൊടുക്കുന്ന നിർവചനം. വൈദഗ്ധ്യമെന്നാൽ കാവ്യകലാകുശലത എന്നാണ് ഇവിടെ വിവക്ഷിക്കുന്നത്.
വർണവിന്യാസവക്രത, പദപൂർവാർധവക്രത, പ്രത്യയവക്രത, വാക്യവക്രത, പ്രകരണവക്രത, പ്രബന്ധവക്രത എന്ന് വക്രാക്തിയെ ആറായി വിഭജിച്ചിരിക്കുന്നു. കൂടാതെ ഇവയ്ക്കു അനേകം അവാന്തര വിഭാഗങ്ങളുണ്ട്. കുന്തകന്, സുകുമാരമാർഗം, വിചിത്രമാർഗം, മധ്യമാർഗം എന്ന മൂന്നു മാർഗങ്ങളെയാണ് വൈദർഭി, ഗൗഡി, പാഞ്ചാലി എന്നീ രീതികളുടെ സ്ഥാനത്ത് സ്വീകരിച്ചിരിക്കുന്നത്.
മാധുര്യം, പ്രസാദം, ഓജസ്സ് എന്നീ ഗുണങ്ങളുടെ സ്ഥാനത്ത് മാധുര്യം, പ്രസാദം, ആഭിജാത്യം എന്നീ ഗുണങ്ങളെയും അതിനുപരിയായി ഔചിത്യം, ലാവണ്യം, സൗഭാഗ്യം എന്നീ പ്രബന്ധവ്യാപികളായ ഗുണങ്ങളെയും കുന്തകന് സ്വീകരിച്ചിട്ടുണ്ട്. വക്രാക്തി ജീവിതം കൊൽക്കത്തയിൽനിന്ന് ഡോ. എസ്.കെ.ഡേയും കാശിയിൽനിന്ന് ചൗഖാംബാ മുദ്രണാലയവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സമകാലികരും അനന്തരകാലികരുമായ എല്ലാ സാഹിത്യനിരൂപകരും രാജാനകകുന്തകനെ സബഹുമാനം സ്മരിച്ചിട്ടുണ്ട്. നോ. വക്രാക്തി
(മുതുകുളം ശ്രീധർ)