This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുത്തുബ്‌-ഉദ്‌-ദീന്‍ അയ്‌ബക്ക്‌(ഭ.കാ. 1206 - 10)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:05, 11 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുത്തുബ്‌-ഉദ്‌-ദീന്‍ അയ്‌ബക്ക്‌(ഭ.കാ. 1206 - 10)

ഡൽഹിയിലെ ഒന്നാമത്തെ സുൽത്താന്‍. ഇന്ത്യയിൽ മുസ്‌ലിം ഭരണം സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തത്‌ കുത്തുബ്‌-ഉദ്‌-ദീന്‍ അയ്‌ബക്കാണ്‌. യുദ്ധവീരനും ഭരണനിപുണനുമായ കുത്തുബ്‌-ഉദ്‌-ദീന്‍ ദിഗ്‌വിജയിയായിരുന്നു. തുർക്കി വംശജനായ ഇദ്ദേഹം തുർക്കിസ്‌താനിലാണു ജനിച്ചത്‌. ബാലനായ കുത്തുബ്‌-ഉദ്‌-ദീനെ ഒരു വർത്തകന്‍ നിഷാപൂരിലേക്ക്‌ കൊണ്ടുവന്നു അവിടത്തെ ഖാസിയുടെ അടിമയാക്കി. ഖാസി ഈ ബാലന്‌ തന്റെ മക്കളോടൊപ്പം വിദ്യാഭ്യാസവും പട്ടാളപരിശീലനും നല്‌കി. ഖാസിയുടെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്റെ മക്കള്‍ കുത്തുബ്‌-ഉദ്‌-ദീനെ ഒരടിമയായി വിറ്റു. അങ്ങനെ ഗസ്‌നിയിലെത്തിയ കുത്തുബ്‌-ഉദ്‌-ദീനെ മുഹമ്മദു ഗോറി വിലയ്‌ക്കുവാങ്ങുകയും കുത്തുബ്‌-ഉദ്‌-ദീന്റെ ബുദ്ധിസാമർഥ്യം, കഴിവ്‌, ധൈര്യം, ഔദാര്യം തുടങ്ങിയ വിശിഷ്‌ടഗുണങ്ങളിൽ ആകൃഷ്‌ടനായ മുഹമ്മദ്‌ ഗോറി ഇദ്ദേഹത്തെ ഒരു പട്ടാളവിഭാഗത്തിന്റെ നേതാവായി നിയമിക്കുകയും കുതിരകളുടെ മേൽനോട്ടച്ചുമതല ഏല്‌പിക്കുകയും ചെയ്‌തു. ഇന്ത്യനാക്രമണത്തിൽ പ്രശസ്‌തമായ സേവനം നല്‌കിയതുകൊണ്ട്‌ രണ്ടാം തറൈന്‍ (Tarain)യുദ്ധത്തിനുശേഷം (1192) കുത്തുബ്‌-ഉദ്‌-ദീനെ മുഹമ്മദ്‌ ഗോറി ഇന്ത്യന്‍ പ്രവിശ്യയുടെ ഭരണാധികാരിയാക്കി.

തന്റെ ശക്തിയും സ്വാധീനവും വർധിപ്പിക്കാനായി കുത്തുബ്‌-ഉദ്‌-ദീന്‍ പ്രമുഖ മുസ്‌ലിം കുടുംബങ്ങളുമായി വിവാഹബന്ധം സ്ഥാപിച്ചു. 1192 മുതൽ 1206 വരെയുള്ള കാലത്ത്‌ അജ്‌മീർ, മീററ്റ്‌, കനൗജ്‌, ഗുജറാത്ത്‌, ബുന്ദേൽഖണ്‌ഡ്‌ എന്നീ പ്രദേശങ്ങള്‍ ആക്രമിച്ചു കീഴ്‌പ്പെടുത്തി. ഭാരതത്തിലെ സമ്പന്നമായ ബദൗന്‍, ബിഹാർ എന്നിവ കൂടാതെ ബംഗാളിലെ ഏതാനും ഭാഗങ്ങളും ഇദ്ദേഹം കൈവശമാക്കി. ഗോറിയുടെ മരണാനന്തരം എതിർപ്പുകളെ തരണം ചെയ്‌തുകൊണ്ട്‌ 1206 ജൂണിൽ ഡൽഹിയിലെ സുൽത്താനായി; 1210 വരെ ഭരിച്ച ഇദ്ദേഹം ലാഹോറിൽ വച്ചു മൃതിയടഞ്ഞു.

കുത്തുബ്‌-ഉദ്‌-ദീന്‍ മഹാനായ ഒരു സേനാധിപനായിരുന്നു. വിശാലഹൃദയനും ഔദാര്യശാലിയുമായിരുന്നു ഇദ്ദേഹം. ധർമിഷ്‌ഠനായിരുന്നതുകൊണ്ട്‌ "ലാഖ്‌ബക്ഷ' (ലക്ഷദായകന്‍) എന്ന അപരനാമത്താൽ ഇദ്ദേഹം അറിയപ്പെട്ടു. നീതിമാനും ജനക്ഷേമതത്‌പരനും ആയിരുന്ന ഇദ്ദേഹം രാജ്യത്ത്‌ സമാധാനം നിലനിർത്തുന്നതിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വിദ്യാഭ്യാസം പ്രചരിപ്പിക്കുകയും സാഹിത്യകാരന്മാരെയും ഗ്രന്ഥകാരന്മാരെയും പ്രാത്സാഹിപ്പിക്കുകയും ചെയ്‌ത ഇദ്ദേഹം സുസംഘടിതവും സുശക്തവുമായ ഒരു ഭരണസമ്പ്രദായം ഏർപ്പെടുത്തി. ഡൽഹി സുൽത്താന്മാരുടെ ഭരണത്തിന്‌ അസ്ഥിവാരമിട്ടതും കുത്തുബ്‌-ഉദ്‌-ദീനായിരുന്നു. മതഭക്തനായിരുന്ന കുത്തുബ്‌-ഉദ്‌-ദീന്‍ ഡൽഹിയിലും അജ്‌മീരിലും ഓരോ പള്ളി പണിയിച്ചു. സുപ്രസിദ്ധമായ കുത്തുബ്‌ മീനാറിന്റെ നിർമാണം ആരംഭിച്ചുവെങ്കിലും അതു പൂർത്തിയാക്കാന്‍ ഇദ്ദേഹത്തിനു സാധിച്ചില്ല; പിന്‍ഗാമിയായ ഇൽത്തുത്ത്‌മിഷ്‌ ആണ്‌ അത്‌ പൂർത്തിയാക്കിയത്‌.

(പ്രാഫ. സയ്യദ്‌ മൊഹിയുദ്ദീന്‍ ഷാ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍