This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർത്തവം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:41, 9 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആർത്തവം

Menstruation

ഗർഭധാരണത്തിനു കഴിവുള്ള പ്രായപരിധിയിൽപ്പെട്ട സ്‌ത്രീകളുടെ ഗർഭാശയത്തിൽനിന്നും നിയത ഇടവേളയിൽ (periodic) ഉണ്ടാകുന്ന രക്തസ്രാവം. സാധാരണനിലയിൽ 10-15 വയസ്സിൽ ഇത്‌ ആരംഭിക്കുകയും ഉദ്ദേശം 50 വയസ്സുവരെ നീണ്ടു നില്‌ക്കുകയും ചെയ്യും. ആർത്തവാരംഭവും (menarche) ആർത്തവവിരാമവും (menopause) സംഭവിക്കുന്ന പ്രായം സൂക്ഷ്‌മമായി പറയാവുന്നതല്ല. പല പാരമ്പര്യഘടകങ്ങളും പൊതുവായ ആരോഗ്യനിലയും അനുസരിച്ച്‌ ഓരോ സ്‌ത്രീയിലും ഇത്‌ വ്യത്യസ്‌തമായിരിക്കും. രണ്ട്‌ ആർത്തവങ്ങള്‍ക്കിടയ്‌ക്കുള്ള സമയവും പലരിലും പലതരത്തിലാകുന്നു. ഒരു ആർത്തവത്തിന്റെ ആരംഭം മുതൽ അടുത്ത ആർത്തവത്തിന്റെ ആരംഭം വരെയുള്ള സമയം സാധാരണയായി 28 ദിവസമാണ്‌.

ആർത്തവം - വിവിധ ഘട്ടങ്ങള്‍

ആർത്തവ സമയത്ത്‌ 4-5 ദിവസങ്ങളോളം രക്തസ്രാവം ഉണ്ടാകും. സാധാരണയായി ഒരു ആർത്തവസമയത്ത്‌ 80ml രക്തം നഷ്‌ടപ്പെടും.

മസ്‌തിഷ്‌കത്തിലുള്ള ഹൈപ്പോതലാമസ്‌ (Hypothalamas), പിറ്റ്യൂറ്ററി (Pituitary- പീയൂഷഗ്രന്ഥി), വയറിനകത്തുള്ള അണ്ഡാശയം എന്നീ അവയവങ്ങളുടെ ക്രമമായും യോജിച്ചുമുള്ള പ്രവർത്തനഫലമായാണ്‌ ആർത്തവം ഉണ്ടാകുന്നത്‌. ഈ ഗ്രന്ഥികളിൽ നിന്നും ഹോർമോണുകള്‍ എന്ന രാസവസ്‌തുക്കള്‍ ഉത്‌പാദിപ്പിക്കപ്പെടുന്നു.

ഒരു ആർത്തവചക്രത്തിന്റെ ആരംഭത്തിൽ പീയൂഷഗ്രന്ഥി(Pituitary)യിൽനിന്നും ഫോളിക്കുലാർ സ്റ്റിമുലേറ്റിംഗ്‌ ഹോർമോണ്‍ (F.S.H.) , ലൂട്ടിനൈസിംഗ്‌ ഹോർമോണ്‍ (L.H.) എന്നീ ഹോർമോണുകള്‍ സ്രവിക്കപ്പെടുന്നു. പീയൂഷഗ്രന്ഥിയെ നിയന്ത്രിക്കുന്നത്‌ ഹൈപ്പോത്തലാമസ്‌ ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഗൊണാഡോ ട്രാഫിന്‍ റീലീസിംഗ്‌ ഹോർമോണ്‍ (GnRH) ആണ്‌. ഈ ഹോർമോണുകളുടെ പ്രവർത്തനം മൂലം ഏതെങ്കിലും ഒരു അണ്ഡാശയത്തിൽനിന്നും ഒരു അണ്ഡകോശം വളർന്ന്‌ വലുതാകുന്നു. വളരുന്ന അണ്ഡത്തെ പൊതിഞ്ഞ്‌ അനേകം കോശങ്ങളും അവക്കിടയിൽ ഒരു ദ്രാവകവും ഉണ്ടാകുന്നു. അണ്ഡവും, അതിനെ പൊതിഞ്ഞ കോശങ്ങളും ദ്രവവും ചേർന്ന ഘടനയെ ഗ്രാഫിയന്‍ ഫോളിക്കിള്‍ (Grafian Follicle) എന്ന്‌ വിളിക്കുന്നു. പൂർണവളർച്ച എത്തിയ ഗ്രാഫിയന്‍ ഫോളിക്കിളിന്‌ ഏതാണ്ട്‌ 20 ാാ വലുപ്പം ഉണ്ടായിരിക്കും. അണ്ഡാശയത്തിന്റെ ഉപരിതലത്തിലേക്ക്‌ നീങ്ങിവരുന്ന ഫോളിക്കിള്‍ പൊട്ടി അണ്ഡം പുറത്തു വരുന്നു. 28 ദിവസം നീളമുള്ള ആർത്തവ ചക്രത്തിൽ 14-ാമത്തെ ദിവസമാണ്‌ അണ്ഡവിസർജനം നടക്കുന്നത്‌. അണ്ഡവിസർജനത്തിന്‌ ശേഷം ഗ്രാഫിയന്‍ ഫോളിക്കിളിന്റെ ഘടനയിലും പ്രവർത്തനത്തിലും മാറ്റം സംഭവിക്കുകയും അത്‌ കോർപ്പസ്‌ ലൂട്ടിയം (Corpus luteum) എന്ന പേരിൽ അറിയപ്പെടുകയും ചെയ്യുന്നു.

ഗ്രാഫിയന്‍ ഫോളിക്കിളും, പിന്നീട്‌ കോർപ്പസ്‌ ലൂട്ടിയവും ഉത്‌പാദിപ്പിക്കുന്ന ഈസ്‌ട്രജന്‍, പ്രാജസ്റ്റിറോണ്‍ എന്നീ സ്‌ത്രീ ഹോർമോണുകള്‍ ഗർഭാശയത്തിൽ പല മാറ്റങ്ങളും വരുത്തുന്നു. ഗർഭാശയത്തിന്റെ ഉള്‍വശം പൊതിഞ്ഞിരിക്കുന്ന എന്‍ഡോമെട്രിയം (endometrium) എന്ന ആവരണത്തിലാണ്‌ ഏറ്റവും കൂടുതൽ മാറ്റങ്ങള്‍ വരുന്നത്‌. ഈ ഗർഭാശയാന്തരാവരണം (endometrium) വളരെ തടിക്കുകയും സാന്ദ്രമാകുകയും ചെയ്യും. എന്‍ഡോമെട്രിയത്തിൽ ധാരാളം ഗ്രന്ഥികള്‍ ഉണ്ടാകുകയും അവയിൽ സ്രവം നിറയുകയും ചെയ്യും. മാത്രമല്ല ധാരാളം സൂക്ഷ്‌മമായ രക്തധമനികള്‍ വളരുകയും വികസിക്കുകയും ചെയ്യും. ഗർഭധാരണം നടത്താന്‍ ഭ്രൂണത്തിനു വളരാനുള്ള തയ്യാറെടുപ്പുകള്‍ ആണ്‌ ഇതെല്ലാം.

അണ്ഡവിസർജനത്തിന്‌ ശേഷം അണ്ഡബീജ സംയോഗം നടന്നില്ലെങ്കിൽ ഗർഭധാരണം നടക്കുകയില്ല. ഗർഭധാരണം നടന്നില്ലെങ്കിൽ കോർപ്പസ്‌ ലൂട്ടിയം പതുക്കെ ജീർണിക്കുന്നു. അതോടൊപ്പം ഈസ്റ്റ്രജന്‍ (ീoestrogen), പ്രോജസ്റ്റിറോണ്‍ (progesteron) എന്നീ ഹോർമോണുകളുടെ ഉത്‌പാദനം വളരെ കുറയുന്നു. ഇതിന്റെ ഫലമായി എന്‍ഡോമെട്രിയത്തിന്റെ (ഗർഭാശയാന്തരാവരണത്തിന്റെ) ഉപരിഭാഗം ജീർണിക്കുകയും ഗർഭാശയത്തിൽ നിന്നും അടർന്ന്‌ വീഴുകയും രക്തത്തോടൊപ്പം വിസർജിക്കപ്പെടുകയും ചെയ്യും. രക്തസ്രാവം നിലയ്‌ക്കുന്നതോടെ ഗർഭാശയാന്തരാവരണം പുനർജനിക്കുകയും അടുത്ത ആർത്തവചക്രം ആരംഭിക്കുകയും ചെയ്യുന്നു.

ഗർഭകാലത്ത്‌ ആർത്തവം ഉണ്ടാകുകയില്ല. മുലയൂട്ടുന്ന അമ്മമാരിലും ആർത്തവം ഉണ്ടാകാതിരിക്കുകയും ക്രമംതെറ്റി വരികയും ചെയ്യും. ആർത്തവം ഉണ്ടാകാതിരിക്കുന്ന അവസ്ഥക്ക്‌ അനാർത്തവം (amenorrhoea) എന്ന്‌ പറയുന്നു. 16-17 വയസ്സായിട്ടും ആർത്തവം ആരംഭിച്ചില്ലെങ്കിൽ വൈദ്യ സഹായം തേടണം. ഇതിന്‌ പ്രാഥമിക അനാർത്തവം (Primary amenorrhoea) എന്ന്‌ പറയാം. കുറെ നാള്‍ ആർത്തവം കൃത്യമായി ഉണ്ടായതിന്‌ ശേഷം പിന്നീട്‌ ഉണ്ടായില്ലെങ്കിൽ ദ്വിതീയ അനാർത്തവം (Secondary amenorrhoea) എന്ന്‌ പറയും. ഗർഭാശയം, അണ്ഡാശയം, പീയൂഷഗ്രന്ഥി, ഹൈപ്പോത്തലാമസ്‌ ഇവയിലേതെങ്കിലും ഒരവയവത്തിന്റെ അഭാവം, വളർച്ചക്കുറവ്‌, പ്രവർത്തനത്തകരാറ്‌ ഇവ മൂലമാണ്‌ പ്രാഥമികവും ദ്വിതീയവുമായ അനാർത്തവം ഉണ്ടാകുന്നത്‌. ആരോഗ്യമുള്ള സ്‌ത്രീകളിൽ ആർത്തവ സമയത്ത്‌ വലിയ അസ്വാസ്ഥ്യങ്ങള്‍ കാണാറില്ല. ചെറിയ വയറുവേദന, തലവേദന, സ്‌തനങ്ങളിൽ ഭാരക്കൂടുതൽ തോന്നൽ ഇവയെല്ലാം സാധാരണമാണ്‌. സാധാരണയിൽ കവിഞ്ഞ വയറുവേദന, സ്‌തനങ്ങളിൽ ഭാരക്കൂടുതലും വേദനയും, അകാരണമായി ദേഷ്യം, സങ്കടം, വിഷാദം ഇവ തോന്നൽ ഈ ലക്ഷണങ്ങളെല്ലാം ചില സ്‌ത്രീകളിൽ കാണാറുണ്ട്‌. ഇതിന്‌ പ്രീമെന്‍സ്റ്റ്രൽ സിന്‍ഡ്രാം എന്നു പറയുന്നു (Pre menstnal Syndrome). ഗർഭാശയത്തിന്റെയും അണ്ഡാശയത്തിന്റെയും രോഗങ്ങള്‍ മൂലം കഠിനമായ വയറുവേദനയും നടുവേദനയും ആർത്തവസമയത്ത്‌ ഉണ്ടാകാം. ഗർഭാശയത്തിൽ അണുബാധയുണ്ടാകാന്‍ ഏറ്റവും സാധ്യതയുള്ള സമയം ആർത്തവകാലവും, ആർത്തവം കഴിഞ്ഞ ഉടനെയുമാണ്‌. ആയതിനാൽ ആർത്തവ സമയത്ത്‌ ഉപയോഗിക്കുന്ന വസ്‌ത്രങ്ങള്‍ വളരെ വൃത്തിയുള്ളതായിരിക്കണം. ദിവസവും കുളിക്കുകയും ദേഹം ശുചിയാക്കി വയ്‌ക്കുകയും വേണം.

ആർത്തവചക്രം

അണ്ഡാശയങ്ങളുടെ അണ്ഡോൽപ്പാദന ശേഷി നിലയ്‌ക്കുമ്പോഴാണ്‌ ആർത്തവ വിരാമം ഉണ്ടാകുന്നത്‌. സാധാരണ 45-50 വയസ്സാകുമ്പോഴാണ്‌ ആർത്തവം നിലയ്‌ക്കുന്നത്‌. ഈ പ്രായത്തിൽ തുടർച്ചയായി ഒരു വർഷം ആർത്തവം ഉണ്ടായില്ലെങ്കിൽ ആർത്തവം നിലച്ചതായി കരുതാം.

ശസ്‌ത്രക്രിയമൂലം അണ്ഡാശയങ്ങള്‍ എടുത്തു മാറ്റിയാലും ആർത്തവ വിരാമം ഉണ്ടാകും. ഇതിന്‌ കൃത്രിമമായ ആർത്തവവിരാമം എന്ന്‌ പറയുന്നു. ഗർഭാശയം മാത്രം മാറ്റിയാൽ ആർത്തവം ഉണ്ടാകുന്നില്ലെങ്കിലും, അണ്ഡാശയങ്ങള്‍ പ്രവർത്തിക്കുന്നതിനാൽ ആർത്തവവിരാമത്തിന്റെ അസ്വസ്ഥതകള്‍ ഉണ്ടാകുന്നില്ല.

ആർത്തവം നിലക്കുന്നതോടൊപ്പം ഈസ്റ്റ്രജന്‍, പ്രാജസ്റ്റിറോണ്‍ എന്നീ ഹോർമോണുകളുടെ അളവ്‌ വളരെ കുറയുന്നു. ഇതിൽ പ്രത്യേകിച്ചും ഈസ്റ്റ്രജന്റെ കുറവു കാരണം പല വിഷമതകളും ഉണ്ടാകാം. ഇവയെ ഹ്രസ്വകാല പ്രശ്‌നങ്ങള്‍ എന്നും ദീർഘകാല പ്രശ്‌നങ്ങള്‍ എന്നും തരം തിരിക്കാം. ദേഹത്തിൽ, പ്രത്യേകിച്ചും കഴുത്തിന്‌ മുകളിൽ, പെട്ടെന്ന്‌ ചൂട്‌ തോന്നുകയും ഉടനെ വിയർക്കുകയും ചെയ്യുന്നതാണ്‌ ഹ്രസ്വകാല പ്രശ്‌നങ്ങളിൽ വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നത്‌. ഇതുകൂടാതെ ഉറക്കക്കുറവ്‌, വിഷാദം, ലൈംഗികവിരസത, യോനിയിൽ വരള്‍ച്ച തുടങ്ങിയ പ്രശ്‌നങ്ങള്‍ ചിലർക്ക്‌ ഉണ്ടാകും. ഹോർമോണിന്റെ കുറവു മൂലമുളള ദീർഘകാല പ്രശ്‌നങ്ങളിൽ ഏറ്റവും പ്രധാനം എല്ലുകളുടെ തേയ്‌മാനം ആണ്‌. ഇതു കൂടാതെ ഹൃദ്രാഗം, രക്തസമ്മർദം തുടങ്ങിയ അനുഭവങ്ങളും ആർത്തവം നിലച്ച സ്‌ത്രീകളിൽ കൂടുതലായി കണ്ടുവരുന്നു.

ആർത്തവവിരാമം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഹോർമോണ്‍ ചികിത്സമൂലം തടയാം. ഡോക്‌ടറുടെ ഉപദേശമനുസരിച്ചും മേൽനോട്ടത്തിലും മാത്രമേ ഹോർമോണ്‍ ചികിത്സ നടത്താവൂ. ആരോഗ്യകരമായ ജീവിതരീതി കൊണ്ടും മിതമായ പോഷകാഹാരം കൊണ്ടും ക്രമമായ വ്യായാമം കൊണ്ടും ആർത്തവവിരാമത്തിന്‌ ശേഷമുള്ള ആരോഗ്യപ്രശ്‌നങ്ങളെ ഒരു പരിധിവരെ നിയന്ത്രിക്കാം.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B5%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍