This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അത്താത്തുര്‍ക്ക്, മുസ്തഫാ കമാല്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അത്താത്തുര്‍ക്ക്, മുസ്തഫാ കമാല്‍ (1881 - 1938)
Ataturk,Mustafa Kemal
ആധുനിക തുര്‍ക്കിയുടെ രാഷ്ട്രപിതാവും തുര്‍ക്കി റിപ്പബ്ളിക്കിന്റെ പ്രസിഡന്റും. അത്താത്തുര്‍ക്ക് (പ്രഥമ - തുര്‍ക്കികളുടെ പിതാവ്) എന്ന ബഹുമതി തുര്‍ക്കിയിലെ നാഷനല്‍ അസംബ്ളി 1935 ജനു. 1-ന് കമാല്‍ പാഷയ്ക്ക് നല്കി.
ഗ്രീസില്‍, സലോണിക്ക നഗരത്തിലെ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനായിരുന്ന അലി റിസയുടെയും, സുബെയിദയുടെയും മകനായി 1881-ല്‍ കമാല്‍ ജനിച്ചു. സലോണിക്കയിലും മൊണാസ്റ്റിറ്റിലും ആദ്യകാല വിദ്യാഭ്യാസം നടത്തി. അനന്തരം ഇസ്താംബൂളിലെ ഹര്‍ബിയെ സ്റ്റാഫ് കോളജില്‍ ചേര്‍ന്നു പഠിച്ചു; ഗണിതശാസ്ത്രത്തില്‍ അസാമാന്യസാമര്‍ഥ്യം പ്രകടിപ്പിക്കുകയുണ്ടായി. അനിതരസാധാരണമായ ബുദ്ധിസാമര്‍ഥ്യത്തിനുള്ള അംഗീകാരം എന്ന നിലയില്‍ 'കമാല്‍' (പരിപൂര്‍ണത) എന്ന സ്ഥാനം ഇദ്ദേഹത്തിനു അധ്യാപകര്‍ നല്കി. 1906-ല്‍ 'ക്യാപ്റ്റന്‍' പദവി നേടിയ ഇദ്ദേഹം ഡമാസ്കസിലെ കുതിരപ്പട്ടാളത്തെ നയിക്കാന്‍ നിയുക്തനായി. അവിടെ ഇദ്ദേഹം 'വതന്‍' എന്ന രഹസ്യ സംഘടനയുടെ ശാഖ സ്ഥാപിച്ചു. ഇക്കാലത്ത് ഇദ്ദേഹം ഫ്രഞ്ച് ഭാഷ പഠിക്കുകയും യൂറോപ്യന്‍ വിപ്ളവകാരികളുടെ ഗ്രന്ഥങ്ങള്‍ ശ്രദ്ധാപൂര്‍വം വായിച്ചു മനസിലാക്കുകയും ചെയ്തു. അന്നത്തെ തുര്‍ക്കി സുല്‍ത്താനായിരുന്ന അബ്ദല്‍ ഹമീദ് II-ന്റെ ഭരണത്തിനെതിരായി വിപ്ളവം സംഘടിപ്പിച്ച യുവതുര്‍ക്കികളില്‍പ്പെട്ട മൌലിക പരിവര്‍ത്തനവാദികളുടെ (Radicals) സംഘത്തിലായിരുന്നു കമാല്‍. കുറെക്കാലം ഇദ്ദേഹം രാഷ്ട്രീയകാര്യങ്ങളില്‍ നിന്നകന്നുനിന്നു. 1907 സെപ്.-ല്‍ സലോണിക്കയിലെ മൂന്നാം സേനാവിഭാഗത്തില്‍ സ്റ്റാഫ് ഉദ്യോഗസ്ഥനായും 1909 ഏ.-ല്‍ സേനാനായകനായ മുഹമ്മദ് ഷൌക്കത്ത് പാഷയുടെ സ്റ്റാഫില്‍ ഒരംഗമായും നിയമിതനായി. 1911-ല്‍ തുര്‍ക്കി യുദ്ധകാര്യമന്ത്രി ആയിരുന്ന മുഹമ്മദ് ഷൌക്കത്ത് തന്റെ യുദ്ധകാര്യാലയത്തില്‍ കമാലിനെ നിയമിച്ചു. ഇറ്റലിയും തുര്‍ക്കിയും തമ്മില്‍ യുദ്ധം ഉണ്ടായപ്പോള്‍ (1911-12) കമാല്‍ ലിബിയയില്‍ ഏതാനും മാസക്കാലം യുദ്ധസേവനം ചെയ്തു. 1911 ഒ. 12-ന് ബാള്‍ക്കന്‍ ശക്തികള്‍ തുര്‍ക്കിയെ ആക്രമിച്ചതിനെ തുടര്‍ന്ന് കമാല്‍ ഇസ്താംബൂളിലേക്കു മടങ്ങി. അവിടെനിന്നും ഇദ്ദേഹം ഗാലിപ്പോളിയിലെ ഒരു സൈനികവിഭാഗത്തിന്റെ മേധാവിയായി ഉയര്‍ത്തപ്പെട്ടു. രണ്ടാം ബാള്‍ക്കന്‍ യുദ്ധകാലത്ത് (1913) കമാല്‍, ത്രേസില്‍ സൈന്യസേവനം നടത്തി. ഇദ്ദേഹം ലഫ്. കേണലായി ഉയര്‍ന്നു.
ഒന്നാം ലോകയുദ്ധത്തില്‍ (1914-18) ജര്‍മനിയുടെ വിജയസാധ്യതയെപ്പറ്റി കമാലിന് ബലമായ സംശയമുണ്ടായിരുന്നതിനാല്‍ യുദ്ധത്തില്‍ തുര്‍ക്കി നിഷ്പക്ഷത പാലിക്കുകയാണ് നല്ലതെന്നായിരുന്നു ഇദ്ദേഹത്തിന്റെ അഭിപ്രായം. അപ്പോള്‍ ഇദ്ദേഹം ഗാലിപ്പോളിയിലെ 19-ാം സേനാവിഭാഗത്തിന്റെ മേധാവിയായിരുന്നു. ഗാലിപ്പോളി യുദ്ധത്തില്‍ തുര്‍ക്കിയുടെ വിജയത്തിനു പ്രധാനകാരണം കമാലിന്റെ ധൈര്യവും യുദ്ധതന്ത്രജ്ഞതയുമായിരുന്നു. 1916-ല്‍ വാന്‍ തടാകത്തിന്റെ പരിസരത്തുവച്ച് നടന്ന മ്യൂസ്, ബിത്ലിസ് യുദ്ധങ്ങളില്‍ കമാലിന്റെ നേതൃത്വത്തിലണിനിരന്ന തുര്‍ക്കി സൈന്യം റഷ്യയെ തോല്പിച്ചു. ഇതിനിടയില്‍ തുര്‍ക്കി സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന അറബി സംസ്ഥാനങ്ങളില്‍ ലഹള പൊട്ടിപ്പുറപ്പെടുകയാല്‍, ഡിയാര്‍ബക്കീര്‍ എന്ന സ്ഥലത്തെ രണ്ടാം സേനാവിഭാഗത്തിന്റെ നായകനായി കമാല്‍ നിയുക്തനായി. 1917 ഡി.-ല്‍ കമാല്‍ പാഷ പൂര്‍വസമരമുഖത്തെ സ്ഥിതിഗതികളെക്കുറിച്ചുള്ള വിവരങ്ങള്‍ തുര്‍ക്കി ഭരണമേധാവികളെ അറിയിച്ചു. ജര്‍മന്‍കാരെ തുര്‍ക്കിപ്പട്ടാളത്തിന്റെ സേനാനായകന്മാരായി നിയമിക്കരുതെന്നും അവരെ കേവലം ഉപദേശകരായി മാത്രമേ എടുക്കാവൂ എന്നും, ഒരൊറ്റ തുര്‍ക്കി ഭടനേയും സാമ്രാജ്യത്വത്തിനുവേണ്ടി കുരുതി കൊടുക്കാതെ തുര്‍ക്കിയുടെ സംരക്ഷണത്തിനുവേണ്ടി കരുതിവയ്ക്കണമെന്നുമായിരുന്നു കമാല്‍ പാഷയുടെ അഭിപ്രായം. യുദ്ധകാര്യമന്ത്രി അന്‍വര്‍പാഷ, കമാലിന്റെ അഭിപ്രായങ്ങളെ ആദരിച്ചില്ലെന്നു മാത്രമല്ല, ഇദ്ദേഹത്തിനെ അനിശ്ചിതകാലത്തേയ്ക്കു 'രോഗാവധി'യില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പക്ഷേ, സമരമുഖത്ത് സ്ഥിതിഗതികള്‍ വഷളായിത്തീര്‍ന്നതിനാല്‍ കമാല്‍ പാഷയുടെ സേവനം അനുപേക്ഷണീയമായിത്തീര്‍ന്നു. അതിനാല്‍ ഇദ്ദേഹത്തെ അവധിയില്‍ നിന്നും തിരിച്ചുവിളിച്ച് പലസ്തീനില്‍ 7-ാം സേനാവിഭാഗത്തിന്റെ തലവനായി നിയമിച്ചു. ഇദ്ദേഹം സ്വസൈന്യത്തെ ശത്രുക്കളില്‍നിന്നു രക്ഷപ്പെടുത്തി ആലപ്പോവിലേക്കു പിന്‍വാങ്ങി. 1918 ഒ. 26-നു ഇദ്ദേഹവും സൈന്യവും അവിടെനിന്നും അനത്തോളിയയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിലയുറപ്പിച്ചു. സിറിയന്‍ സൈന്യത്തിന്റെ കമാണ്ടറും ഇദ്ദേഹമായിരുന്നു. മുഡ്രോസ് (Mudros) യുദ്ധവിരാമക്കരാറി (1918 ഒ. 30) നെ തുടര്‍ന്ന് കമാല്‍ ഇസ്താംബൂളിലെത്തി. കരാര്‍ വ്യവസ്ഥകള്‍ നടപ്പില്‍ വരുത്താന്‍ തുര്‍ക്കിയില്‍ ഒരു പുതിയ ഭരണകൂടം അധികാരത്തില്‍ വന്നു. ഇവിടം മുതല്ക്കാണ് കമാലിന്റെ സജീവ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിക്കുന്നത്. സഖ്യശക്തികളെ ചെറുക്കാന്‍ ജനങ്ങളെ സംഘടിപ്പിക്കുന്ന ഉദ്യമത്തില്‍ ഇദ്ദേഹം വ്യാപൃതനായി. പുതുതായി ഭരണമേറ്റ സുല്‍ത്താന്‍ മുഹമ്മദ് IV കമാലിനെ അനത്തോളിയയുടെ കി. വ. കിഴക്കും പ്രദേശങ്ങളില്‍ താവളമുറപ്പിച്ചിരുന്ന സൈന്യങ്ങളുടെ ഇന്‍സ്പെക്ടര്‍ ജനറലായി നിയമിച്ചു. മേജര്‍ നിയാസി, അന്‍വര്‍ബേ എന്നീ നേതാക്കളുമൊരുമിച്ച് തുര്‍ക്കിയെ വിദേശാധിപത്യത്തില്‍നിന്ന് മോചിപ്പിക്കാനുള്ള പ്രഖ്യാപനത്തില്‍ കമാല്‍ പാഷ ഒപ്പുവച്ചു. ഈ ആശയത്തോടു യോജിപ്പുള്ള എല്ലാ സംഘടനകളുടേയും ഒരു സംയുക്ത സമ്മേളനം എര്‍സറം (Erszurum) എന്ന സ്ഥലത്തു വിളിച്ചുകൂട്ടി. 1919 ജൂല. 23 മുതല്‍ ആഗ. 6 വരെ നടന്ന ഈ സമ്മേളനത്തിന്റെ അധ്യക്ഷനായി കമാല്‍ പാഷ തെരഞ്ഞെടുക്കപ്പെട്ടു. 1919 സെപ്. 4-ന് നടന്ന സിവാസ് (Sivas) സമ്മേളനത്തില്‍വച്ച് ഒരു സ്വതന്ത്ര തുര്‍ക്കിക്ക് ജന്മമരുളുന്നതിനുള്ള 'ദേശീയകരാര്‍' അംഗീകരിക്കപ്പെട്ടു. കമാലിനെ, 1920 ഏ. 22-ന് നാഷനല്‍ അസംബ്ളി തുര്‍ക്കി പ്രസിഡന്റായി തെരഞ്ഞെടുത്തു.
തുര്‍ക്കി സുല്‍ത്താന്‍ 1920 ആഗ. 10-ന് സഖ്യകക്ഷികളുമായി ഒപ്പുവച്ച 'സെവേഴ്സ് ഉടമ്പടി' (Treaty of Servres) തുര്‍ക്കി ജനതയ്ക്ക് അപമാനകരമായിരുന്നു. അതിനാല്‍ കമാല്‍ പാഷയുടെ നേതൃത്വത്തില്‍ അങ്കാറായിലെ നാഷണല്‍ അസംബ്ളി പ്രസ്തുത ഉടമ്പടി നിരാകരിച്ചു. ബ്രിട്ടീഷുകാരുടെ പ്രേരണയോടുകൂടി, ഗ്രീസിലെ രാജാവായ കോണ്‍സ്റ്റന്റീന്‍ 1921 ജൂല.-ല്‍ തുര്‍ക്കിക്കെതിരായി സൈനികാക്രമണം നടത്തി. എന്നാല്‍ കമാലിന്റെ നേതൃത്വത്തില്‍ തുര്‍ക്കി ദേശീയവാദികള്‍ സകാറിയ (Sakarya) യുദ്ധത്തില്‍ ഗ്രീക് സൈന്യത്തെ പരാജയപ്പെടുത്തി. തിരിച്ച് അങ്കാറായിലെത്തിയ കമാലിന് ജനങ്ങള്‍ ജേതാവെന്നര്‍ഥം വരുന്ന 'ഘാസി' എന്ന സ്ഥാനപ്പേരു നല്കി. നാഷണല്‍ അസംബ്ളി, മുമ്മൂന്നു മാസം കഴിയുമ്പോള്‍ പുതുക്കത്തക്ക വ്യവസ്ഥയില്‍ ഏകാധിപത്യാധികാരം കമാലിനു നല്‍കി. തുര്‍ക്കിയിലെ സുല്‍ത്താന്‍ സ്ഥാനം റദ്ദുചെയ്തുകൊണ്ടുള്ള കല്പന കമാല്‍ (1922 ന. 1-ന്) പുറപ്പെടുവിച്ചു. സുല്‍ത്താനായിരുന്ന മുഹമ്മദ് VI, കോണ്‍സ്റ്റാന്റിനോപ്പിളില്‍നിന്ന് ഒരു ബ്രിട്ടിഷ് കപ്പലില്‍ രാജ്യംവിട്ടു. സ്ഥാനത്യാഗം ചെയ്ത സുല്‍ത്താന്റെ സഹോദരനായ അബ്ദുല്‍ മജീദ് ഖലീഫയായി അവരോധിക്കപ്പെട്ടു. 1923 ജൂല. 23-ന് തുര്‍ക്കിക്കനുകൂലമായ ലോസന്‍ (Lausanne) ഉടമ്പടിയില്‍ തുര്‍ക്കിയും സഖ്യശക്തികളും ഒപ്പുവച്ചു. പഴയ ഒട്ടോമന്‍ (ഉസ്മാനിയ) സാമ്രാജ്യത്തില്‍പ്പെട്ട പല രാജ്യ വിഭാഗങ്ങളും തുര്‍ക്കിക്ക് നഷ്ടപ്പെട്ടെങ്കിലും, യൂറോപ്യന്‍ ശക്തികളുടെ സ്വാധീനവലയത്തില്‍പ്പെടാത്ത ഒരു സ്വതന്ത്ര ദേശീയ തുര്‍ക്കി ഉടലെടുക്കാനിടയായത് ലോസന്‍ ഉടമ്പടി മൂലമാണ്. 1923 ഒ. 29-ന് തുര്‍ക്കി ഒരു റിപ്പബ്ളിക്കായി ഔപചാരികമായി പ്രഖ്യാപിക്കപ്പെട്ടു. റിപ്പബ്ളിക്കിന്റെ പ്രസിഡന്റായി മുസ്തഫാ കമാലും, പ്രധാനമന്ത്രിയായി ഇസ്മത്ത് പാഷയും തെരഞ്ഞെടുക്കപ്പെട്ടു. മരണംവരെ കമാല്‍ ആ പദവിയില്‍ തുടര്‍ന്നു.
ദേശീയ വിമോചന പ്രസ്ഥാനത്തില്‍ പങ്കെടുത്ത വിവിധ ജനകീയ സംഘടനകളെ സംയോജിപ്പിച്ച് 'റിപ്പബ്ളിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി' എന്നൊരു പുതിയ കക്ഷി രൂപവത്കരിച്ചപ്പോള്‍ കമാല്‍ ആ പാര്‍ട്ടിയുടെയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഖലീഫാ സ്ഥാനം നിര്‍ത്തല്‍ ചെയ്തുകൊണ്ടും തുര്‍ക്കിയെ ഒരു മതേതരറിപ്പബ്ളിക്കായി പ്രഖ്യാപനം ചെയ്തുകൊണ്ടും കമാലിന്റെ പ്രേരണയാല്‍ 1924 മാ. 3-ന് നാഷനല്‍ അസംബ്ളി നിയമം പാസാക്കി. രാജകുടുംബാംഗങ്ങളെയെല്ലാം നാടുകടത്തി. 1924-ല്‍ വിപുലമായ ഒരു ഭരണഘടനയുണ്ടാക്കി. അതനുസരിച്ച് പ്രായപൂര്‍ത്തി വോട്ടവകാശപ്രകാരം തുര്‍ക്കിയിലെ പൌരന്മാര്‍ തെരഞ്ഞെടുക്കുന്ന നാഷണല്‍ അസംബ്ളിയും അസംബ്ളി തെരഞ്ഞെടുക്കുന്ന പ്രസിഡന്റുമാണ് ഭരണത്തിലെ പ്രധാന ഘടകങ്ങള്‍. അസംബ്ളിയുടെയും പ്രസിഡന്റിന്റെയും കാലാവധി നാലുകൊല്ലത്തേക്കായി നിശ്ചയിച്ചു. തത്ത്വത്തില്‍ റിപ്പബ്ളിക്കന്‍ ഭരണമാണെങ്കിലും യഥാര്‍ഥത്തില്‍ കമാല്‍ പാഷയുടെ ഏകാധിപത്യഭരണമാണ് തുര്‍ക്കിയില്‍ നടന്നിരുന്നത്. ഇദ്ദേഹം തുര്‍ക്കി സൈന്യത്തിന്റെയും തുര്‍ക്കിയിലെ ഏക രാഷ്ട്രീയ പാര്‍ട്ടിയായിരുന്ന പീപ്പിള്‍സ് പാര്‍ട്ടിയുടെയും അനിഷേധ്യനേതാവായിരുന്നു. പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ ഇദ്ദേഹം അസംബ്ളിയെ നിയന്ത്രിക്കുകയും റിപ്പബ്ളിക്കിലെ പ്രസിഡന്റുസ്ഥാനം ഉറപ്പിക്കുകയും ചെയ്തു. പ്രസിഡന്റിന്റെ അധികാരമുപയോഗിച്ച് എല്ലാ പ്രധാന ഉദ്യോഗസ്ഥന്മാരെയും ഇദ്ദേഹം നിയമിച്ചു.
ഭരണപരിഷ്ക്കാരങ്ങള്‍. ദേശസാത്കരണംമൂലം തുര്‍ക്കിയുടെ സാമ്പത്തിക മേഖലയില്‍ വമ്പിച്ച പുരോഗതി കൈവന്നു. 1934 ജനു.-ല്‍ വ്യവസായവികസനത്തിന് ഒരു പഞ്ചവത്സരപദ്ധതി കമാല്‍ ആരംഭിച്ചു. ഗവ. ഉടമയില്‍ വ്യവസായങ്ങള്‍ തുടങ്ങുക, കൃഷി അഭിവൃദ്ധിപ്പെടുത്തുക, ഖനികള്‍ തുറക്കുക, വന്‍തോതില്‍ റെയില്‍പാതകളും റോഡുകളും നിര്‍മിക്കുക എന്നിവയെല്ലാം ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. ഗവ. വകയായി പരുത്തിമില്ലുകളും കമ്പിളി വസ്ത്രനിര്‍മാണശാലകളും, കൃത്രിമപ്പട്ടു നിര്‍മാണ ഫാക്ടറികളും മറ്റും ആരംഭിച്ച് വന്‍തോതില്‍ വ്യവസായവത്കരണം നടത്തി. കൂടാതെ കാര്‍ഷികകോളജുകളും, മാതൃക കൃഷിത്തോട്ടങ്ങളും, കൃഷിക്കാര്‍ക്ക് പണം കടംകൊടുക്കാനുള്ള ബാങ്കുകളും സ്ഥാപിച്ചു. 'കൃഷിഭൂമി കര്‍ഷകന്' എന്നുള്ള അടിസ്ഥാനത്തില്‍ ചെറുകിട കര്‍ഷകര്‍ക്ക് ഭൂമി വിലയ്ക്കുവാങ്ങി കൃഷി ചെയ്യാന്‍ പ്രോത്സാഹനം നല്കി. പഞ്ചസാര, പുകയില, തീപ്പെട്ടി, വെടിക്കോപ്പുകള്‍, ഉപ്പ്, മദ്യം എന്നിവയുടെ മേല്‍ ഗവ. കുത്തക സ്ഥാപിക്കുകയും ചെയ്തു.
തുര്‍ക്കികളുടെ ആചാരാനുഷ്ഠാനങ്ങളിലും വേഷവിധാനങ്ങളിലും മൌലികമായ മാറ്റങ്ങള്‍ വരുത്തി. 1925 ആഗ.-ല്‍ ബഹുഭാര്യാത്വം നിരോധിക്കുകയും വിവാഹമോചനത്തിന് വ്യവസ്ഥ ചെയ്യുകയും ഉണ്ടായി. 1925 ന.-ല്‍ 'ഫെസ്' തൊപ്പി നിരോധിക്കപ്പെട്ടു. സ്ത്രീകള്‍ മൂടുപടം ധരിക്കുന്നത് അവരുടെ ഇഷ്ടത്തിനു വിട്ടുകൊടുത്തു. എന്നിരുന്നാലും പൊതുവേ 'പര്‍ദാ' സമ്പ്രദായത്തെ നിരുത്സാഹപ്പെടുത്തി. 1926-ല്‍ സ്വിസ് നിയമത്തിന്റെ മാതൃകയില്‍ സിവില്‍ നിയമമവും ഇറ്റാലിയന്‍ നിയമത്തിന്റെ മാതൃകയില്‍ ക്രിമിനല്‍ നിയമവും, ജര്‍മന്‍ നിയമത്തിന്റെ മാതൃകയില്‍ വാണിജ്യനിയമവും പരിഷ്കരിച്ചു. ഇസ്ളാംമതം സര്‍ക്കാര്‍ മതമാണെന്നുള്ള ഭരണഘടനയിലെ വകുപ്പ് 1928 ഏ. 1-ന് റദ്ദു ചെയ്തു. അറബി അക്ഷരമാലയ്ക്കു പകരം ലത്തീന്‍ അക്ഷരമാല പതിനഞ്ചു വര്‍ഷത്തിനകം സാര്‍വത്രികമായി ഉപയോഗിക്കണമെന്ന് 1928 ന. 2-ന് ഉത്തരവ് പുറപ്പെടുവിച്ചു. നിരക്ഷരത നിര്‍മാര്‍ജനം ചെയ്യാന്‍ ഇദ്ദേഹം യത്നിച്ചു. നാല്പതു വയസ്സിനു താഴെയുള്ള എല്ലാ തുര്‍ക്കി പൌരന്മാരും സ്കൂളില്‍ ഹാജരായി ലത്തീന്‍ അക്ഷരമാല പഠിക്കണമെന്ന വ്യവസ്ഥ നിര്‍ബന്ധിതമാക്കി. കമാല്‍ പാഷ തന്നെ പ്രസ്തുത അക്ഷരമാല പഠിക്കുകയും പഠിച്ചതിനുശേഷം മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്തു. 1930 മാ. 18-ന് കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്ന പേര്‍ ഇസ്താംബൂള്‍ എന്നും, അഗോറ അങ്കാറാ എന്നും, സ്മെര്‍ന ഇസ്മിര്‍ എന്നും, ഏഡ്രിയനോപ്പിള്‍ എഡിര്‍നെ എന്നും മാറ്റി. 1930 മേയ് മാസത്തില്‍ ലിബറല്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടി എന്ന പേരില്‍ ഒരു പുതിയ പ്രതിപക്ഷ കക്ഷി പ്രവര്‍ത്തിക്കാന്‍ താത്കാലികമായിട്ടെങ്കിലും ഇദ്ദേഹം അനുവാദം നല്കി. 1934 ഡി. 24-ന് സ്ത്രീകള്‍ക്ക് അസംബ്ളി തെരഞ്ഞെടുപ്പില്‍ വോട്ടവകാശം അനുവദിച്ചു. തന്മൂലം 1935 മാ.-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 17 സ്ത്രീകള്‍ക്ക് അസംബ്ളിയില്‍ അംഗത്വം ലഭിച്ചു.
'നമ്മുടെ നാട്ടിലും ലോകത്തിലും സമാധാനം' എന്നതായിരുന്നു കമാല്‍ പാഷയുടെ വിദേശനയത്തിന്റെ കാതല്‍. 1930 ഒ. 30-ന്, തുര്‍ക്കിയുടെ ശത്രുവായിരുന്ന ഗ്രീസുമായി 'അങ്കാറാ ഉടമ്പടി' വഴി സൌഹാര്‍ദബന്ധം സ്ഥാപിച്ചു. ബ്രിട്ടീഷുകാരോടും കമാല്‍ പാഷ സൌഹൃദമനോഭാവം പ്രകടിപ്പിച്ചു. ബാള്‍ക്കന്‍ രാജ്യങ്ങള്‍, റഷ്യ, ഇറാക്ക്, ഇറാന്‍, അഫ്ഗാനിസ്താന്‍ എന്നീ അയല്‍ രാജ്യങ്ങളോടും ഇദ്ദേഹം മൈത്രിയില്‍ പെരുമാറി.
തുര്‍ക്കി പ്രസിഡന്റായിരിക്കവേ, 1938 ന. 10-ന് ഇദ്ദേഹം ഇസ്താംബൂളില്‍വച്ച് നിര്യാതനായി. അങ്കാറയില്‍ ഇദ്ദേഹത്തിന്റെ സ്മാരകമായി വലിയൊരു ശവകുടീരം നിര്‍മിച്ചിട്ടുണ്ട്. ഈ ശവകുടീരം സ്ഥിതിചെയ്യുന്ന പൂന്തോട്ടം തുര്‍ക്കിയിലെ എല്ലാ പ്രവിശ്യകളില്‍നിന്നും ശേഖരിച്ച മണ്ണുകൊണ്ടു നിര്‍മിതമാണ്.
സ്മിര്‍ണക്കാരിയായ ലത്തീഫയുമായുള്ള ഇദ്ദേഹത്തിന്റെ ചുരുങ്ങിയ കാലത്തെ ദാമ്പത്യ ജീവിതത്തില്‍ സന്താനങ്ങള്‍ ഉണ്ടായില്ല. അതുകൊണ്ട് രണ്ടു പെണ്‍കുട്ടികളെ ഇദ്ദേഹം ദത്തെടുത്തു വളര്‍ത്തി. നോ: തുര്‍ക്കി, യുവതുര്‍ക്കി പ്രസ്ഥാനം
(പ്രൊഫ. പി.എസ്. വേലായുധന്‍)