This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആരവല്ലിനിരകള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ആരവല്ലിനിരകള്‍
രാജസ്ഥാന്‍ സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന പർവതം; ഉദ്ദേശം 640 കി.മീ. നീളത്തിൽ, വ.കി-തെ.പ. ആയി കിടക്കുന്നു. സമുദ്രതലത്തിൽനിന്നും 305 മുതൽ 915 വരെ മീ. ഉയരത്തിലുള്ള ഈ മലനിരകളിലെ ഏറ്റവും പൊക്കം കൂടിയഭാഗം ആബുപർവതം (Mount Abu; 1,219 മീ.)ആണ്. 10-100 കി.മീ. വീതിയുള്ള മലകളാണ് ആരവല്ലിയിലുള്ളത്. തെക്കുനിന്ന് വടക്കോട്ടുപോകുന്തോറും നേർത്തുവരുന്ന ഈ മലനിരകള്‍ ഏറിയഭാഗവും സസ്യരഹിതമായി കാണപ്പെടുന്നു. ജനവാസം തീരെ കുറവാണ്. ആരവല്ലി നിരകള്‍ക്കിടയ്‌ക്കുള്ള താഴ്‌വരകള്‍ മണൽമൂടിയ മരുസ്ഥലങ്ങളാണ്. വടക്കുകിഴക്ക് ഒരു ശാഖ ജയ്‌പൂരിനും അൽവാറിനും അരികിലൂടെ നീളുന്നു; ഇത് "പഥരീലി പഹാഡ്' എന്നാണറിയപ്പെടുന്നത്. ഡൽഹിക്കു സമീപമുള്ള, വിചിത്രവും ക്വാർട്ട്‌സൈറ്റ് നിർമിതവുമായ മൊട്ടക്കുന്നുകള്‍ വരെ ഈ പർവതനിര നീണ്ടുകിടക്കുന്നതായി കരുതപ്പെടുന്നു.
ആർക്കിയോസോയിക് കല്‌പത്തിലെ ധാർവാർ ശിലാക്രമമാണ് ആരവല്ലിനിരകളിൽ കണ്ടുവരുന്നത്. പർവതനപ്രക്രിയകളുടെ ഫലമായി മടക്കി ഉയർത്തപ്പെട്ട ധാർവാർ ശിലാക്രമങ്ങളാണ് ആരവല്ലിനിരകള്‍. കാലപ്പഴക്കംകൊണ്ട് വിഭഞ്‌ജിത(fractured)മായ നിലയിലാണ് ഇപ്പോഴത്തെ കിടപ്പ്. പാലിയോസോയിക് യുഗത്തിലും ഈ ഭൂഭാഗം ഊർധ്വാധര (vertical) ചലനങ്ങള്‍ക്ക് വഴിപ്പെട്ടിരിക്കാം; യുഗാന്തരങ്ങളായുള്ള അപരദനപ്രക്രിയകളുടെ ഫലമായി കണ്ടെടുക്കപ്പെട്ട് മീസോസോയിക് കല്‌പത്തിൽ ഏതാണ്ട് സമതലപ്രായമായി. ടെർഷ്യറി കാലഘട്ടത്തിൽ സംവലനം (warping) മൂലം ഇന്നത്തെ സ്ഥിതിയിലായിത്തീർന്നു. അപക്ഷരണഫലമായി അന്യോന്യം സമാന്തരങ്ങളായ അനവധി മലനിരകള്‍ പിന്നീട് രൂപംകൊണ്ടു. പാർശ്വങ്ങള്‍ കുത്തനെ ചരിഞ്ഞ് മുകള്‍ഭാഗം പരന്ന മൊട്ടക്കുന്നുകളാണ് ഈ നിരകള്‍; സ്ലേറ്റ്, നയ്‌സ്, ക്വാർട്ട് സൈറ്റ്, മാർബിള്‍, ഷെയ്‌ൽഗ്രാനൈറ്റ് തുടങ്ങിയ ശിലകള്‍ സുലഭമായി ഇവിടെ കാണപ്പെടുന്നു. ഇവ ചൂഷണം ചെയ്യാനുള്ള "ആരവല്ലി പദ്ധതി നിലവിൽ വന്നു കഴിഞ്ഞു. ട്രക്കിങ്‌പ്രിയരുടെ ഇഷ്‌ടവിനോദ കേന്ദ്രമാണിവിടം.'