This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്‍സണ്‍, ജോർജ്‌ (1697 - 1762)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:46, 2 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആന്‍സണ്‍, ജോർജ്‌ (1697 - 1762)

Anson, George

ജോർജ്‌ ആന്‍സണ്‍

ബ്രിട്ടീഷ്‌ നാവിക സേനാധിപന്‍. ബ്രിട്ടനിലെ നാവിക സേനയുടെ പിതാവ്‌ എന്ന അപരനാമധേയത്താലാണ്‌ ഇദ്ദേഹം പരക്കെ അറിയപ്പെടുന്നത്‌. 1697 ഏ. 23-ന്‌ സ്റ്റഫേർഡ്‌ഷെയറിലെ ഷഗ്‌ബറോയിൽ ജനിച്ചു. 1712-ൽ നാവികപ്പടയിൽ ചേർന്ന അദ്ദേഹം 26-ാമത്തെ വയസ്സിൽ ക്യാപ്‌റ്റനായി. 1740-44 വർഷങ്ങളിൽ തന്റെ കപ്പലായ സെഞ്ചൂരിയനിൽ (Centurion) ആഗോളപര്യടനം നടത്തിയതോടെ പ്രശസ്‌തനായിത്തീർന്നു. ആറ്‌ കപ്പലുകളുമായി അദ്ദേഹം യാത്ര തിരിച്ചെങ്കിലും ഒരെച്ചമേ ഒടുവിൽ അവശേഷിച്ചുള്ളൂ. ഹോണ്‍ മുനമ്പു ചുറ്റിയുള്ള അദ്ദേഹത്തിന്റെ യാത്ര അപകടം നിറഞ്ഞതായിരുന്നു. ചിലി തീരത്ത്‌ എത്തിയതിനുശേഷം പസിഫിക്‌ സമുദ്രം തരണം ചെയ്‌തപ്പോഴേക്കും അദ്ദേഹത്തിന്റെ അനുചരന്മാരിൽ അധികംപേരും മരിച്ചുകഴിഞ്ഞിരുന്നു. ടിനിയന്‍ ദ്വീപിലെത്തിയ അദ്ദേഹം മക്കാവോയിലേക്ക്‌ യാത്ര തിരിച്ചു. 1733-ൽ അദ്ദേഹം ഫിലിപ്പീന്‍സിന്റെ ഒരു വലിയ കപ്പൽ(Nuestra Senora De Cobadonga) പിടിച്ചെടുത്തു. നാലു ലക്ഷം പവനായിരുന്നു അതിന്റെ മതിപ്പുവില. അത്‌ കാന്റണ്‍ തുറമുഖത്തുവച്ച്‌ അദ്ദേഹം വിറ്റു. ചൈനീസ്‌ ജലാതിർത്തിയിലെത്തിയ ആദ്യത്തെ യുദ്ധക്കപ്പലാണ്‌ ആന്‍സന്റെ "സെഞ്ചൂരിയന്‍'. 1744 ജൂണ്‍ 15-ന്‌ അദ്ദേഹം അവിടെനിന്നും ലഭിച്ച അഞ്ചുലക്ഷം പവനുമായി ഇംഗ്ലണ്ടിലേക്കു തിരിച്ചു. ഇംഗ്ലണ്ടിൽനിന്നും യാത്രതിരിച്ച 1955 പേരിൽ 1,051 പേരും സ്‌കർവി (Scurvy) രോഗബാധമൂലം മരിച്ചിരുന്നു. ഈ ദുരന്തസംഭവത്താൽ പ്രരിതനായിട്ടാണ്‌ ജെയിംസ്‌ലിന്‍ഡ്‌ (1716-94) എന്ന സ്‌കോട്ടിഷ്‌ ഡോക്‌ടർ ഈ രോഗത്തിന്‌ നാരങ്ങാനീര്‌ ഔഷധമായി നിർദേശിച്ചു കൊണ്ടുള്ള തന്റെ വൈദ്യശാസ്‌ത്രകൃതി (A Treatise on the Scurvy-1754) ആന്‍സണ്‌ സമർപ്പിച്ചത്‌. 1745-ൽ അദ്ദേഹത്തിന്‌ അഡ്‌മിറൽട്ടി ബോർഡംഗമായി ഉദ്യോഗക്കയറ്റം ലഭിച്ചു. 1747-ൽ ഫിനിസ്റ്ററെ മുനമ്പിനു സമീപം കണ്ടുമുട്ടിയ ഒന്‍പത്‌ ഫ്രഞ്ച്‌ യുദ്ധക്കപ്പലുകളിൽ ആറെച്ചം അദ്ദേഹം തന്ത്രപരമായി പിടിച്ചെടുത്തു. ഈ വിശിഷ്‌ട സേവനംമൂലം ആന്‍സണ്‌ പ്രഭുസ്ഥാനം ലഭിച്ചു. ഇംഗ്ലണ്ടിലെ യുദ്ധക്കപ്പലുകളെ ആറായി തരംതിരിച്ചതും നാവികയുദ്ധോപകരണങ്ങള്‍ പരിഷ്‌കരിച്ചതും അദ്ദേഹമായിരുന്നു. നീലയും വെള്ളയും നിറങ്ങളിലുള്ള വേഷവിധാനം (uniform) ആഫീസർമാർക്ക്‌ വേണമെന്ന്‌ തീരുമാനിച്ചതിലും സ്ഥിരമായ ഒരു നാവികസേനയ്‌ക്ക്‌ രൂപം നല്‌കിയതിലും ആന്‍സണ്‌ പ്രധാനമായ പങ്കുണ്ട്‌. ശക്തമായ ഒരു നാവികപ്പട രൂപവത്‌കരിച്ചതുമൂലമാണ്‌ ഫ്രഞ്ചുകാരുമായുണ്ടായ സപ്‌തവത്സരയുദ്ധത്തിൽ ഇംഗ്ലീഷുകാർക്കു വിജയിക്കാന്‍ സാധിച്ചത്‌. 1751-ൽ അദ്ദേഹം നാവികസേനാധിപനായി. 1762 ജൂണ്‍ 6-ന്‌ ഹാർഫേഡ്‌ഷയറിലെ മൂർപാർക്കിൽ വച്ച്‌ അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തിന്റെ സാഹസിക സഞ്ചാരങ്ങളും കണ്ടുപിടിത്തങ്ങളും വിവരിക്കുന്ന ആന്‍സണ്‍സ്‌ വോയേജ്‌ (Anson's Voyage) എന്ന ഇംഗ്ലീഷ്‌ കൃതി പ്രസിദ്ധമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍