This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുട്ടിമാളു അമ്മ, എ.വി. (1905 - 85)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:04, 28 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുട്ടിമാളു അമ്മ, എ.വി. (1905 - 85)

കേരളത്തിലെ സ്വാതന്ത്ര്യസമര സേനാനി. പഴയ മദ്രാസ്‌ പ്രസിഡന്‍സിയിൽപ്പെട്ട മലബാർ ജില്ലയിൽ പെരുമ്പിലാവിൽ ഗോവിന്ദമേനോന്റെയും മാധവിയമ്മയുടെയും പുത്രിയായി 1905 ഏ. 23-ന്‌ ആനക്കര വടക്കത്ത്‌ കുട്ടിമാളു അമ്മ ജനിച്ചു. സ്വഗൃഹത്തിലും ടാഗൂറിന്റെ ശാന്തിനികേതനിലും വിദ്യാഭ്യാസം നടത്തി. തുടർന്ന്‌ തലശ്ശേരി, മദ്രാസ്‌, കോഴിക്കോട്‌ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഇവർ മലയാളം, ഇംഗ്ലീഷ്‌, ഹിന്ദി എന്നീ ഭാഷകള്‍ക്കു പുറമേ തമിഴ്‌, തെലുഗു, കന്നഡ എന്നീ ഭാഷകളും അഭ്യസിച്ചു. കേരളത്തിലെ സാമൂഹിക-സാമ്പത്തിക-രാഷ്‌ട്രീയ രംഗങ്ങളിലേക്ക്‌ ചെറുപ്പത്തിൽത്തന്നെ ശ്രദ്ധ തിരിഞ്ഞു. 1925-ൽ ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ്സിൽ അംഗമായിത്തീർന്നതോടെയാണ്‌ ഇവരുടെ പൊതുജീവിതം ആരംഭിച്ചത്‌. ഇവർ 1925-ൽ പ്രശസ്‌ത കോണ്‍ഗ്രസ്‌ നേതാവും സ്വാതന്ത്യ്രസമരസേനാനിയുമായിരുന്ന കോഴിപ്പുറത്തു മാധവമേനോനെ വിവാഹം ചെയ്‌തു.

കോഴിക്കോട്‌ ടൗണ്‍ കോണ്‍ഗ്രസ്‌ കമ്മിറ്റി അധ്യക്ഷസ്ഥാനം തുടങ്ങി കെ.പി.സി.സി. അധ്യക്ഷപദംവരെ (1932) കുട്ടിമാളു അമ്മ അലങ്കരിച്ചിട്ടുണ്ട്‌. 1932, 40, 42 എന്നീ വർഷങ്ങളിൽ ഇവർക്കു ജയിൽവാസം അനുഭവിക്കേണ്ടിവന്നു. 1936-ലും 46-ലും മദ്രാസ്‌ നിയമസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. മദ്രാസ്‌ സർവകലാശാല സെനറ്റ്‌ അംഗ(1946-52)മായും പ്രവർത്തിച്ചിട്ടുണ്ട്‌. സ്വാതന്ത്യ്രലബ്‌ധിക്കുശേഷം കെ.പി.സി.സി. പ്രസിഡന്റും എ.ഐ.സി.സി. അംഗവുമായി. 1954-58 കാലത്ത്‌ കോണ്‍ഗ്രസ്‌ വർക്കിങ്‌ കമ്മിറ്റി അംഗവുമായിരുന്നു. സാമൂഹിക സേവനങ്ങള്‍ക്കും നേതൃത്വം നല്‌കിയിരുന്നു. കുട്ടിമാളു അമ്മയുടെ ശ്രമഫലമായി 1937-ൽ ആരംഭിച്ച കോഴിക്കോട്ടുള്ള "പുവർഹോം സൊസൈറ്റി'യുടെ അധ്യക്ഷയും ഇവർ ആയിരുന്നു. കോഴിക്കോട്‌ മുനിസിപ്പൽ കൗണ്‍സിൽ അംഗമായും ഇവർ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ഹരിജനങ്ങളുടെ ക്ഷേമത്തിനും വിധവാവിവാഹത്തിനും മിശ്രവിവാഹത്തിനുംവേണ്ടി പ്രവർത്തിച്ചുകൊണ്ടിരുന്ന കുട്ടിമാളു അമ്മ, "മാതൃഭൂമി' പത്രത്തിന്റെ ഡയറക്‌ടർബോർഡ്‌ അംഗം, മലബാർ ഹിന്ദിപ്രചാരസഭയുടെ പ്രസിഡന്റ്‌, ദേശീയ മഹിളാസമാജം പ്രസിഡന്റ്‌ എന്നീ നിലകളിൽ സേവനമനുഷ്‌ഠിച്ചു. ഇവരുടെ ജ്യേഷ്‌ഠസഹോദരിയാണ്‌ അമ്മു സ്വാമിനാഥന്‍. 1985 ഏപ്രിൽ 14-ന്‌ 80-ാം വയസ്സിൽ നിര്യാതയായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍