This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുട്ടിക്കൃഷ്‌ണന്‍, പി.സി. (1915 - 79)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:52, 28 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുട്ടിക്കൃഷ്‌ണന്‍, പി.സി. (1915 - 79)

മലയാള സാഹിത്യകാരന്‍. കഥകളും നോവലുകളും കവിതകളും എഴുതിയിട്ടുണ്ടെങ്കിലും നോവലിസ്റ്റെന്ന നിലയിലാണ്‌ ഇദ്ദേഹത്തിന്‌ ഏറെ പ്രശസ്‌തി. കേരളീയ പാരമ്പര്യത്തെയും സംസ്‌കാരത്തെയും അതിന്റെ സമഗ്രസത്താവിശേഷത്തോടും കൂടി അവതരിപ്പിക്കുന്ന രചനകളാണ്‌ ഉറൂബ്‌ എന്ന തൂലികാനാമത്തിൽ പ്രസിദ്ധനായ ഇദ്ദേഹം കൈരളിക്കു കാഴ്‌ചവച്ചിട്ടുള്ളത്‌. പൊന്നാനിക്ക്‌ അടുത്തുള്ള പള്ളിപ്പുറത്ത്‌ പരുത്തുള്ളി ചിലപ്പുറത്തു വീട്ടിൽ കെ.വി. കരുണാകരമേനോന്റെയും പി.സി. പാറുക്കുട്ടിയമ്മയുടെയും മകനായി 1915 ആഗ. 15-നു കുട്ടിക്കൃഷ്‌ണന്‍ ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഉപജീവനാർഥം പല ജോലികളും ഇദ്ദേഹം നോക്കുകയുണ്ടായി. സ്‌കൂള്‍ അധ്യാപകന്‍, കമ്പൗണ്ടർ, ബനിയന്‍ കമ്പനിയിലും എസ്റ്റേറ്റിലും ക്ലാർക്ക്‌ മുതലായവ അക്കൂട്ടത്തിൽപ്പെടുന്നു. കേരളത്തിനു പുറത്തും ഏതാണ്ട്‌ ആറു കൊല്ലങ്ങളോളം പി.സി. ഉദ്യോഗസ്ഥനായി കഴിഞ്ഞുകൂടി. ഇക്കാലത്ത്‌ തുടർച്ചയായി മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ ഇദ്ദേഹം കവിതകളെഴുതിക്കൊണ്ടിരുന്നു. വിദേശത്തെ ജോലി ഉപേക്ഷിച്ച കുട്ടിക്കൃഷ്‌ണന്‍ മംഗളോദയം പത്രാധിപസമിതി അംഗമായി ചേർന്നു. ചങ്ങമ്പുഴ, കുട്ടിക്കൃഷ്‌ണമാരാർ തുടങ്ങിയ സാഹിത്യകാരന്മാരുമായി അടുത്ത മൈത്രീബന്ധം സ്ഥാപിക്കുന്നതിന്‌ ഇത്‌ വളരെയധികം പ്രയോജനപ്പെട്ടു. പി.സി.യിലെ എഴുത്തുകാരനെ കണ്ടെത്തിയ കുട്ടിക്കൃഷ്‌ണമാരാർ ഇദ്ദേഹത്തിന്‌ വേണ്ട നിർദേശങ്ങളും ഉപദേശങ്ങളും നല്‌കുകയുണ്ടായി, കവിതാരംഗത്തു പ്രവർത്തിച്ചിരുന്ന പി.സി. കഥയിലേക്കും നോവലിലേക്കും തിരിഞ്ഞത്‌ അങ്ങനെയാണെന്നു പറയപ്പെടുന്നു. 1950-ൽ കോഴിക്കോട്‌ റേഡിയോ നിലയത്തിൽ സ്റ്റാഫ്‌ ആർട്ടിസ്റ്റായി ജോലിയിൽ പ്രവേശിച്ച കുട്ടിക്കൃഷ്‌ണന്‍ അവിടെ അസിസ്റ്റന്റ്‌ പ്രാഡ്യൂസറുമായി. 1952-ൽ മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ തുടർക്കഥകളെഴുതാന്‍ തുടങ്ങിയതോടെയാണ്‌ ഉറൂബ്‌ എന്ന തൂലികാനാമം സ്വീകരിച്ചത്‌. ഇംഗ്ലീഷ്‌, സംസ്‌കൃതം, തമിഴ്‌, കർണാടകം തുടങ്ങിയ ഭാഷകളിൽ ഇദ്ദേഹത്തിന്‌ അനല്‌പമായ പാണ്ഡിത്യമുണ്ടായിരുന്നു. കുങ്കുമം, മലയാള മനോരമ എന്നീ വാരികകളുടെ പത്രാധിപർ എന്ന നിലയിലും കുട്ടിക്കൃഷ്‌ണന്‍ നിസ്‌തുലമായ സേവനങ്ങള്‍ അനുഷ്‌ഠിച്ചിട്ടുണ്ട്‌.

സാഹിത്യത്തിന്റെ വിവിധ ശാഖകളിലായി 35-ലധികം കൃതികള്‍ ഉറൂബിന്റേതായുണ്ട്‌. പിറന്നാള്‍ (കവിതകള്‍), ഉറൂബിന്റെ തിരഞ്ഞെടുത്ത കഥകള്‍, ഗോപാലന്‍ നായരുടെ താടി, ഉള്ളവരും ഇല്ലാത്തവരും, കൂമ്പെടുക്കുന്ന മണ്ണ്‌, ലാത്തിയും പൂക്കളും, തുറന്നിട്ട ജാലകം (കഥകള്‍), ഉമ്മാച്ചു, സുന്ദരികളും സുന്ദരന്മാരും, ആമിന, അണിയറ, മിണ്ടാപ്പെണ്ണ്‌, കുഞ്ഞമ്മയും കൂട്ടുകാരും, കരുവേലിക്കുന്ന്‌ (നോവലുകള്‍), തീ കൊണ്ടു കളിക്കരുത്‌ (നാടകം), അങ്കവീരന്‍ (ബാലസാഹിത്യം), ഉറൂബിന്റെ ശനിയാഴ്‌ചകള്‍ (മനോരമ ആഴ്‌ചപ്പതിപ്പിൽ എഴുതിയ മുഖപ്രസംഗങ്ങളുടെ സമാഹാരം) തുടങ്ങിയവ ഇതിൽ സവിശേഷ പരാമർശം അർഹിക്കുന്നവയാണ്‌. മലയാളസിനിമയുടെ ചരിത്രത്തിൽ ഒരു വഴിത്തിരിവു സൃഷ്‌ടിച്ചുകൊണ്ട്‌ പ്രസിഡന്റിന്റെ അവാർഡ്‌ നേടിയ ആദ്യത്തെ മലയാളചലച്ചിത്രമായ നീലക്കുയിലിന്റെ കഥയും തിരക്കഥയും എഴുതിയത്‌ പി.സി.യാണ്‌. "രാരിച്ചന്‍ എന്ന പൗരന്‍' എന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഇദ്ദേഹം തന്നെയാണ്‌ രചിച്ചത്‌. ഇദ്ദേഹത്തിന്റെ ഉമ്മാച്ചു, അണിയറ എന്നീ നോവലുകളും "നായരു പിടിച്ച പുലിവാല്‌' എന്ന ചെറുകഥയും വെള്ളിത്തിരയിൽ വന്നിട്ടുണ്ട്‌.

മലയാളത്തിൽ ഏറ്റവുമധികം അവാർഡുകള്‍ നേടിയിട്ടുള്ള സാഹിത്യകാരന്മാരിൽ ഒരാളാണ്‌ കുട്ടിക്കൃഷ്‌ണന്‍. ഉമ്മാച്ചുവിന്‌ കേരള സാഹിത്യ അക്കാദമിയുടെ അവാർഡും സുന്ദരികളും സുന്ദരന്മാരും എന്ന കൃതിക്ക്‌ കേന്ദ്രസാഹിത്യ അക്കാദമി അവാർഡും (1961) ഗോപാലന്‍നായരുടെ താടിക്ക്‌ എം.പി.പോള്‍ സമ്മാനവും ലഭിക്കുകയുണ്ടായി. സ്വാതന്ത്യ്രാനന്തരകാലത്തെ ഏറ്റവും മികച്ച കൃതിക്ക്‌ കേരള സാഹിത്യ അക്കാദമി ഏർപ്പെടുത്തിയ ആശാന്‍ ജന്മശതാബ്‌ദി അവാർഡ്‌ പി.സി.യുടെ സുന്ദരികളും സുന്ദരന്മാരും എന്ന കൃതിക്കാണ്‌ കിട്ടിയത്‌.

പൊന്നാനിയിലും പരിസരങ്ങളിലും ജീവിക്കുന്ന ഗ്രാമീണ മനുഷ്യന്റെ-അവിടെ ഹിന്ദുവും ക്രിസ്‌ത്യാനിയും മുസ്‌ലിമും ഒക്കെയുണ്ടാവും-ആന്തരചോദനാസ്‌പന്ദനങ്ങളാവിഷ്‌കരിക്കുന്നതിൽ ആയിരുന്നു ഇദ്ദേഹത്തിന്‌ ഏറെ താത്‌പര്യം. ഇദ്ദേഹത്തിന്റെ കൃതികള്‍ അനുവാചകഹൃദയത്തെ ആർദ്രവും ധന്യവും ഉന്മേഷകരവും ആക്കുന്ന ഒരു കായകല്‌പ ചികിത്സപോലെയാണെന്ന്‌ ചില നിരൂപകർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായിരിക്കെ 1979 ജൂല. 10-നു കുട്ടിക്കൃഷ്‌ണന്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍