This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുട്ടനാട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:33, 28 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുട്ടനാട്‌

കേരളത്തിലെ ആലപ്പുഴ ജില്ലയിൽപ്പെട്ട ഒരു താലൂക്ക്‌. വിസ്‌തീർണം: 26,593 ഹെക്‌റ്റർ; ജനസംഖ്യ: 2,04,319 (2001); താലൂക്കാസ്ഥാനം: മങ്കൊമ്പ്‌. കൈനകരി നോർത്ത്‌, കൈനകരിസൗത്ത്‌, പുളിങ്കുന്ന്‌, കുന്നുമ്മ, കാവാലം, നീലംപേരൂർ, വെളിയനാട്‌, രാമന്‍കരി, ചമ്പക്കുളം, നെടുമുടി, തകഴി, എടത്വ, മുട്ടാർ, തലവടി എന്നിവയാണ്‌ ഈ താലൂക്കിലെ പ്രധാനവില്ലേജുകള്‍. കുട്ടനാട്ടിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള വില്ലേജ്‌ എടത്വയും (23,584) രണ്ടാമത്തെ വില്ലേജ്‌ തലവടിയും (21,470) ജനപ്പെരുപ്പം ഏറ്റവും കുറഞ്ഞ വില്ലേജ്‌ നീലംപേരൂരും (5,918) ആണ്‌. ഒരു കാലത്ത്‌ തിരുവിതാംകൂറിന്റെ നെല്ലറ എന്ന ഖ്യാതി ഈ താലൂക്കിനുണ്ടായിരുന്നു. എന്നാൽ ഇന്ന്‌ കുട്ടനാട്ടിൽ നെൽക്കൃഷിയുടെ പ്രാധാന്യവും പ്രചാരവും കുറയുന്നതായാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. വെള്ളപ്പൊക്കവും ഉയർന്ന കൂലിനിരക്കും ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റവും രാസവളത്തിന്റെ വിലക്കൂടുതലും പല കൃഷിക്കാരും ഇപ്പോള്‍ പുഞ്ചക്കൃഷിയിൽ നിന്ന്‌ പിന്‍വാങ്ങുന്നതാണ്‌ ഇതിനുകാരണം.

ചരിത്രാതീതകാലത്ത്‌ കുട്ടനാട്‌ മുഴുവന്‍ കടലിനടിയിൽ ആയിരുന്നുവെന്ന്‌ ഒരു വാദമുണ്ട്‌. കുട്ടനാടിന്റെ കിഴക്കുഭാഗത്തുള്ള കടുത്തുരുത്തിയും കോട്ടയത്തിന്‌ അടുത്തുള്ള വയസ്‌കരയും ഒക്കെ അക്കാലത്ത്‌ തുറമുഖങ്ങളായിരുന്നു എന്നും കാലക്രമേണ കടൽ പിന്‍വാങ്ങിയതായിരിക്കാം എന്നും അക്കൂട്ടർ അഭിപ്രായപ്പെടുന്നു; കുട്ടനാടിനെപ്പറ്റി ആദ്യത്തെ പരാമർശം കാണുന്നത്‌ ആറാംശതകത്തിലേതെന്ന്‌ വിശ്വസിക്കപ്പെടുന്ന തൊൽക്കാപ്പിയത്തിലാണ്‌. അന്നു കൊല്ലത്തിന്‌ വടക്ക്‌ കുട്ടനാടായും അതിനപ്പുറത്തുള്ള തൃശൂർജില്ലയും തെക്കേമലബാറും കുടനാടായും അറിയപ്പെട്ടു. ഇവിടെ ആദ്യമായി ഒരു സർവേ നടന്നത്‌ 1827-ലാണ്‌. മദ്രാസിലെ സർവേയർ ജനറൽ ആഫീസിന്റെ നേതൃത്വത്തിൽ പഴയ തിരുവിതാംകൂർ-കൊച്ചി നാട്ടുരാജ്യങ്ങളിലെ സ്ഥിതിവിവര സർവേ(1816-27)റിപ്പോർട്ടിൽ (വാല്യം 2, അധ്യായം 17) കുട്ടനാടിന്റെ പൂർണചരിത്രം വിവരിച്ചിട്ടുണ്ട്‌. അമ്പലപ്പുഴ, പുറക്കാട്‌, ആലപ്പുഴ, തകഴി, ചമ്പക്കുളം, കരുമാടി, കോഴിമുക്ക്‌, തലവടി, പുളിങ്കുന്ന്‌, കാവാലം, നെടുമുടി, കൈനകരി എന്നീ പന്ത്രണ്ടു പകുതികളിലായി 72 മുറികള്‍ അന്ന്‌ കുട്ടനാട്ടിൽ ഉള്‍പ്പെട്ടിരുന്നു. ഇവയെക്കുറിച്ചുള്ള വിശദവിവരങ്ങളും റിപ്പോർട്ടിലുണ്ട്‌. പമ്പ, മണിമല, പുന്ന, കാവാലം എന്നീ നാലു നദികള്‍ കുട്ടനാട്‌ ദേശത്തിന്റെ കിഴക്കുഭാഗത്തുകൂടി ഒഴുകി വേമ്പനാട്ടു കായലിൽ പതിക്കുന്നു. കൃഷിസൗകര്യത്തിനും ഗതാഗതസൗകര്യത്തിനുംവേണ്ടി ഇടയിലൂടെ തോടുകള്‍ വെട്ടിയിരുന്നു. കൊട്ടാരക്കര, റാന്നി, കോന്നി, പന്തളം എന്നീ പ്രദേശങ്ങളിൽനിന്നും തടികള്‍ ചെങ്ങാടം കെട്ടി ആലപ്പുഴ തടി ഡിപ്പൊകളിലേക്ക്‌ കൊണ്ടുവന്നിരുന്നു. കുട്ടനാട്ടിലെ ഏറ്റവും വലിയ ജലസങ്കേതം വേമ്പനാട്ടുകായലാണ്‌. എരുമയും പോത്തുമായിരുന്നു ഈ ദേശത്തിന്റെ വലിയ മൃഗസമ്പത്ത്‌. മത്സ്യവും കോഴിയും താറാവും സമൃദ്ധമാണ്‌. കായലിൽ മുതലയും ചീങ്കണ്ണിയും ധാരാളമുണ്ടായിരുന്നു.

പുറക്കാടിന്റെ തെക്കുകിഴക്കരുകിൽ തുടങ്ങി തോട്ടപ്പള്ളിവഴി കടന്നുപോകുന്ന ഏതാണ്ട്‌ അഞ്ചരകിലോമീറ്റർ നീളമുള്ള ഒരേയൊരു റോഡ്‌ മാത്രമേ മുന്‍പ്‌ ഈ ജില്ലയിലുണ്ടായിരുന്നുള്ളൂ. വള്ളങ്ങളിലായിരുന്നു ഉള്‍പ്രദേശങ്ങളിലെ സഞ്ചാരം. പുഞ്ചനിലങ്ങളിലെ വെള്ളം വറ്റിക്കുന്നതിന്‌ "നാലിലച്ചക്രം' മുതൽ "ഇരുപത്തിനാലിലച്ചക്രം' വരെ ഉപയോഗിച്ചിരുന്നു. പുഞ്ചക്കൃഷി ചെയ്യുന്ന നിലങ്ങളിൽനിന്ന്‌ അക്കാലത്ത്‌ ഏകദേശം മൂന്നരലക്ഷം പറ നെല്ലു കിട്ടിയിരുന്നു. കുട്ടനാട്ടിന്റെ ഇതിഹാസമെന്ന്‌ വിവരിക്കപ്പെടുന്ന, തകഴി ശിവശങ്കരപ്പിള്ളയുടെ കയർ എന്ന നോവലിന്റെ തുടക്കം അനേകവർഷങ്ങള്‍ക്കു മുമ്പ്‌ രാജഭരണകാലത്ത്‌ അവിടത്തെ കണ്ടെഴുത്തിന്‌ എത്തുന്ന ക്ലാസ്സിപ്പേരിന്റെ വരവ്‌ വിളിച്ചറിയിച്ചുകൊണ്ടാണ്‌.

""ജനം പെറ്റുപെരുകുന്നു. അങ്ങനെ പെരുകുന്ന ജനത്തിന്റെ വയറടയണ്ടേ? നദികള്‍ കരവച്ചുണ്ടായ നല്ല വളക്കൂറുള്ള മണ്ണ്‌. തരാതരത്തിന്‌ മഴയും വെയിലും ഉണ്ട്‌. വിത്തുവീണാൽ മതി. ആയിരം ഇരട്ടികൊടുക്കാന്‍ പഞ്ചഭൂതങ്ങള്‍ ഒരുങ്ങിയിരിക്കുന്നു. എല്ലാവരും മണ്ണിൽപണിയണം എന്ന്‌ നോവലിസ്റ്റ്‌ മൂത്തകുറുപ്പാശാന്‍ എന്നൊരു കഥാപാത്രത്തെക്കൊണ്ട്‌ ഈ കൃതിയിൽ പറയിക്കുന്നുണ്ട്‌. ഫ്യൂഡൽ കാലഘട്ടംമുതൽ, ജനത്തിന്റെ വായും വയറും തൃപ്‌തിപ്പെടുത്താനായി അന്നം വിളയിക്കുന്ന ജോലി കുട്ടനാട്‌ മുറതെറ്റാതെ ചെയ്‌തുപോന്നു. ദേവനാരായണന്‍ അമ്പലപ്പുഴയിൽ (ചെമ്പകശ്ശേരി രാജ്യം) ഭരണം നടത്തിയിരുന്ന കാലത്ത്‌ തഞ്ചാവൂരിലും മറ്റും നിന്ന്‌ പത്തുതലമുറയ്‌ക്കു മുമ്പ്‌ ബ്രാഹ്മണരെകൊണ്ടുവന്ന്‌ മങ്കൊമ്പിൽ പാർപ്പിച്ചു. അവർ തദ്ദേശവാസികളെക്കൊണ്ട്‌ കഠിനമായി പണി എടുപ്പിച്ച്‌ കായൽ ചതുപ്പുകള്‍ വരമ്പുകോരി നികത്തി വ്യാപകമായ തോതിൽ പുഞ്ചക്കൃഷി ചെയ്‌തു. കനത്ത വിളവുകൊയ്‌ത ജന്മിമാർ വടക്ക്‌ ചേർത്തലവരെയും തെക്ക്‌ കൊല്ലം വരെയും കിഴക്ക്‌ കാഞ്ഞിരപ്പള്ളി തുടങ്ങിയ മലയോരമേഖലകളിലും നെല്ല്‌ വിറ്റ്‌ ലാഭമെടുത്തു. ഇക്കാലത്ത്‌ കിഴക്കേമഠത്തിന്റെയും കൊട്ടാരത്തുമഠത്തിന്റെയും മുന്നിൽ നെല്ലുകൊണ്ടുപോകാനുള്ള വള്ളങ്ങള്‍ കാത്തുകിടന്നിരുന്നു. വർഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ക്രിസ്‌ത്യാനി-നായർ ഭൂപ്രഭുക്കന്മാരും ഇവിടെ ഭൂവുടമകളായി. ഇവരെല്ലാം ചേർന്ന്‌ 50,000-ത്തിൽപ്പരം ഹെക്‌ടർസ്ഥലം നെൽക്കൃഷി യോഗ്യമാക്കി. കായലിൽ വന്‍വരമ്പുകളും ചിറകളും പിടിപ്പിച്ച്‌ എടുത്ത കായൽ നിലങ്ങളും ആഴംകുറഞ്ഞ സ്ഥലങ്ങളിൽ വരമ്പുറപ്പിച്ചെടുത്ത മേല്‌പാടങ്ങളും പുഞ്ചക്കൃഷിക്ക്‌ പറ്റിയവയായി. വരമ്പ്‌ കുത്തി വെള്ളംവറ്റിച്ചാണ്‌ കൃഷിചെയ്യുന്നത്‌. ഈ വരമ്പുകള്‍ മഴക്കാലത്ത്‌ ഇടിഞ്ഞ്‌ പോകുന്നതിനാൽ വേനൽക്കാലത്ത്‌ ഇവ വീണ്ടും കുത്തിയുറപ്പിച്ചിരുന്നു.

മനുഷ്യശക്തി മാത്രമുപയോഗിച്ച്‌ വെള്ളം വറ്റിച്ച്‌ കൃഷിയിറക്കുന്ന ആദ്യകാലരീതിക്ക്‌ മാറ്റം വന്നത്‌ ഒന്നാംലോകയുദ്ധകാലത്താണ്‌. ബ്രിട്ടീഷ്‌ കപ്പലുകളുടെ അറ്റകുറ്റപ്പണികള്‍ നിർവഹിക്കുന്നതിനായി യുദ്ധകാലത്ത്‌ (1914-18) ജോർജ്‌ ബ്രണ്ടന്‍ എന്നൊരു ബ്രിട്ടീഷുകാരന്‍ കൊച്ചിയിൽ "ബ്രണ്ടന്‍ കമ്പനി' എന്നപേരിൽ ഒരു വർക്ക്‌ഷോപ്പ്‌ ആരംഭിച്ചു. ഒരു പ്രഗല്‌ഭ എന്‍ജിനീയർ കൂടിയായിരുന്ന ഇദ്ദേഹമാണ്‌ കുട്ടനാട്ടുകാരുടെ സഹായത്തിനായി മണ്ണെണ്ണകൊണ്ടു പ്രവർത്തിപ്പിക്കുന്ന ഏതാനും എന്‍ജിനുകള്‍ ഇംഗ്ലണ്ടിൽ നിന്ന്‌ ഇറക്കുമതി ചെയ്‌തത്‌. ആ എന്‍ജിനോട്‌ ഇന്നു കാണുന്ന "പെട്ടിയും പറയും' പമ്പ്‌ സംവിധാനം ചെയ്‌ത്‌ അദ്ദേഹം കോണ്‍ട്രാക്‌റ്റ്‌ അടിസ്ഥാനത്തിൽ വെള്ളം വറ്റിച്ചുകൊടുക്കാനുള്ള ഏർപ്പാട്‌ ആരംഭിച്ചു. ബ്രണ്ടന്‍ സായ്‌പിന്റെ പമ്പ്‌ ആദ്യമായി പ്രവർത്തിച്ചത്‌ കുമരകം വില്ലേജിലെ ഒരു പാടശേഖരത്തിലായിരുന്നു. ഇക്കാരണത്താൽ ആ പ്രദേശത്തിന്റെ പേര്‌ ബ്രണ്ടന്‍ കായൽ എന്നായിത്തീർന്നു. ഈ മണ്ണെണ്ണ എന്‍ജിനുകള്‍ ക്രൂഡ്‌ ഓയിൽ എന്‍ജിനുകളിലേക്കും പിന്നീട്‌ ഡീസൽ എന്‍ജിനുകളിലേക്കും ഇപ്പോള്‍ വൈദ്യുതമോട്ടോറുകളിലേക്കും മാറുകയുണ്ടായി.

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സമരം നിരന്തരമായി നടക്കുന്ന കുട്ടനാടിന്റെ സമഗ്രവും സമ്പൂർണവുമായ വികസനത്തിനുള്ള ഒരു പദ്ധതി 1948-ൽ ആരംഭിച്ചു. ഉപ്പുവെള്ളം തടയുവാനും അധികവെള്ളം പുറത്തുകളയുവാനും ഗതാഗതം സുഗമമാക്കുവാനും ഒരുപ്പൂകൃഷി ഇരുപ്പൂകൃഷിയാക്കുവാനും ഉപകരിക്കത്തക്കവിധം തണ്ണീർമുക്കം ബണ്ടും, ആലപ്പുഴ-ചങ്ങനാശ്ശേരി റോഡും തോട്ടപ്പള്ളി സ്‌പിൽവേയും യഥാവിധി സംവിധാനം ചെയ്യപ്പെട്ടിട്ടുണ്ട്‌. ആലപ്പുഴ ചങ്ങനാശ്ശേരി റോഡ്‌ പൂർത്തിയായതോടെ ഈ ഭാഗത്തെ ഗതാഗതപ്രശ്‌നങ്ങള്‍ ഗണ്യമായി പരിഹരിക്കപ്പെട്ടു. ആലപ്പുഴ വഴിക്ക്‌ പ്രവർത്തനമാരംഭിച്ച ബ്രാഡ്‌ഗേജ്‌ റെയിൽപ്പാതയും കുട്ടനാടന്‍ പ്രദേശങ്ങളുടെ ഗതാഗത സൗകര്യം വർധിപ്പിച്ചിട്ടുണ്ട്‌.

തോട്ടപ്പള്ളി സ്‌പിൽവേ. പാടശേഖരങ്ങളിൽ രണ്ടാംകൃഷി ചെയ്യുന്നതിനുവേണ്ടി വെള്ളം കടലിലേക്ക്‌ അടിച്ചുകളയുന്നതിനായി കടലിലേക്ക്‌ ഒരു പൊഴിക്ക്‌ രൂപം നല്‌കുകയുണ്ടായി. തോട്ടപ്പള്ളി സ്‌പിൽവേ എന്നറിയപ്പെടുന്ന ഇത്‌ നാഷണൽ ഹൈവേ 47-ൽ ആലപ്പുഴനിന്ന്‌ 21 കി.മീ. തെക്കായി സ്ഥിതിചെയ്യുന്നു. 400 മീറ്റർ വീതിയും 1500 മീറ്റർ നീളവും ഉള്ള ഒരു തോട്‌ ഇതിനുവേണ്ടി നിർമിച്ചു. ഈ തോടിനു കുറുകേ ഏതാണ്ട്‌ മധ്യഭാഗത്തായി 10 മീറ്റർ അകലത്തിൽ കോണ്‍ക്രീറ്റ്‌ തൂണുകള്‍ പണിത്‌ അവയ്‌ക്കിടയിൽ ഇരുമ്പുപലകകള്‍ പിടിപ്പിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള മുപ്പതോളം ഷട്ടറുകളുണ്ട്‌. വൈദ്യുത മോട്ടോറുകളുടെ സഹായത്താൽ ഉയർത്തുകയും താഴ്‌ത്തുകയും ചെയ്‌താണ്‌ ഈ ഷട്ടറുകള്‍ പ്രവർത്തിപ്പിക്കുന്നത്‌. 1951-ൽ പണി ആരംഭിച്ച സ്‌പിൽവേ 1954-ൽ പൂർത്തിയാക്കുകയുണ്ടായി.

വർഷകാലത്ത്‌ 2,50,000 ലക്ഷം ക്യൂബിക്‌ അടിവെള്ളം ഒരു സെക്കന്‍ഡിൽ കുട്ടനാട്ടിൽ നിറയുന്നുണ്ടെന്നും ഇതിൽ 1,50,000 ക്യുബിക്‌ അടി സ്വയമേവ കടലിലേക്ക്‌ ഒഴുകിപ്പോകുന്നു എന്നുമാണ്‌ കണക്കാക്കിയിട്ടുള്ളത്‌. ബാക്കിയുള്ള 1,00,000 ക്യുബിക്‌ അടിയിൽ 64,000 ക്യുബിക്‌ അടി സ്‌പിൽവേ ഷട്ടറുകളിലൂടെ കടലിലേക്ക്‌ ഒഴുക്കാമെന്നാണ്‌ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌. എന്നാൽ ഇത്‌ മുഴുവനായി നിറവേറ്റപ്പെടുന്നില്ലെന്ന പരാതിയുണ്ട്‌.

തോട്ടപ്പള്ളി സ്‌പിൽവേ പണി പൂർത്തിയായെങ്കിലും സ്‌പിൽവേയിലേക്കു വെള്ളം ഒഴുകിവരേണ്ടുന്ന ചാനലിന്റെ ആഴം വർധിപ്പിക്കാത്തതിനാൽ വെള്ളപ്പൊക്കകാലത്ത്‌ പമ്പയിൽ കവിഞ്ഞുനിറയുന്ന വെള്ളം മുഴുവനും കൊണ്ടുപോകാന്‍ ഇപ്പോഴത്തെ കനാലിനു കഴിയുന്നില്ല. തണ്ണീർമുക്കം ബണ്ട്‌ നിർമിച്ച അവസരത്തിൽ അതുമൂലം ഉണ്ടാകുമെന്ന്‌ പ്രതീക്ഷിച്ചിരുന്ന ഗുണഫലങ്ങള്‍ പൂർണമായി ഉണ്ടായിട്ടില്ലെന്നും പരാതിയുണ്ട്‌. കാലപ്പഴക്കംകൊണ്ടും കൃത്യമായ അറ്റകുറ്റപ്പണികള്‍ ചെയ്യാത്തതിനാലും സ്‌പിൽവേയുടെ ഷട്ടറുകള്‍ ഫലപ്രദമായി പ്രവർത്തിക്കാത്തിനാലും ജലനിർഗമനത്തിന്‌ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുകയും വെള്ളപ്പൊക്കത്തിന്റെ കെടുതികളിൽ നിന്ന്‌ രക്ഷപ്പെടാന്‍ കൃഷിക്കാർക്ക്‌ കഴിയാതെ വരികയും ചെയ്യുന്നുവെന്നതും മറ്റൊരു പോരായ്‌മയാണ്‌.

ആഫ്രിക്കന്‍ പായലിന്റെ നശീകരണമാണ്‌ മറ്റൊരു മുഖ്യാവശ്യം. ആറുകളിലൂടെ ബോട്ടുകളും തോടുകളിലൂടെ വളളങ്ങളും നീങ്ങാത്തവിധം ഈ പായൽപ്പറ്റം ഗതാഗതതടസ്സമുണ്ടാക്കുന്നു.

പമ്പാനദി പാണ്ടനാട്ടുവച്ച്‌ രണ്ടായിപിരിഞ്ഞ്‌ ഒരു ശാഖനീരേറ്റുപുറം വഴിയും മറ്റേശാഖ പരുമല വഴിയും ഒഴുകുന്നു. ശാഖകളും ഉപശാഖകളുമായി വളർന്നൊഴുകുന്ന പമ്പയാറ്‌ ഈ താലൂക്കിനെ ഫലഭൂയിഷ്‌ഠവും ജലഗതാഗതസൗകര്യമുള്ളതുമാക്കുന്നു.

കുട്ടനാട്ടിലെ ജനവാസമുള്ള പ്രദേശങ്ങള്‍ കടൽനിരപ്പിൽനിന്ന്‌ ഏതാണ്ട്‌ ഒരു മീറ്റർവരെ മാത്രം ഉയരത്തിലാണ്‌. സാധാരണ കാലാവസ്ഥയിൽ 21oC മുതൽ 32oC വരെ ചൂട്‌ കുട്ടനാട്ടിലനുഭവപ്പെടാറുണ്ട്‌. പ്രതിവർഷ മഴയുടെ തോത്‌ 238 സെ.മീ. (115) ആണ്‌. കഴിഞ്ഞ 20-25 വർഷങ്ങള്‍ക്കിടയ്‌ക്ക്‌ കേരളത്തിലെ നെൽക്കൃഷി ചെയ്യുന്ന ഭൂപ്രദേശങ്ങളുടെ വിസ്‌തൃതിയിൽ കുറവുണ്ടായിട്ടുണ്ട്‌. കുട്ടനാട്ടും ഈ കുറവ്‌ പ്രകടമാണ്‌. 2002-03-ൽ കേരളത്തിലാകെ 6.89 ലക്ഷം മെട്രിക്‌ടണ്‍ നെല്ല്‌ ഉത്‌പാദിപ്പിച്ചതായാണ്‌ കണക്ക്‌. അതിനടുത്ത വർഷം ഇത്‌ 5.70 ലക്ഷം ടണ്ണായി-17 ശതമാനം കുറവ്‌. എന്നാൽ കുട്ടനാട്ടിൽ ഈ കുറവ്‌ 35 ശതമാനത്തിലേറെയാണ്‌. കേരള ഗവണ്‍മെന്റ്‌ നിയോഗിച്ച വിദഗ്‌ധകമ്മിറ്റിയുടെ റിപ്പോർട്ട്‌ പ്രകാരം കുട്ടനാട്ടിലെ നെല്ലുത്‌പാദനം സാധാരണ നിലവാരത്തിൽനിന്ന്‌ ഏറെ താഴെയാണ്‌. 2003-04-ൽ പുഞ്ചക്കൃഷിയിലെ വിളവ്‌ ഹെക്‌ടറൊന്നിന്‌ 2238 കിലോഗ്രാം ആയിരുന്നു. ഇത്‌ 2002-03-ലേതിനെക്കാള്‍ 18 ശതമാനം കുറവാണ്‌. കായൽ നികത്തിയ പലേടങ്ങളിലും തെങ്ങ്‌, വാഴ, കപ്പ എന്നിവ കൃഷിചെയ്യുന്നു. നെൽക്കൃഷി നടത്തുന്ന പുഞ്ചപ്പാടങ്ങളുടെ വിസ്‌തൃതി ഇതുവരെ ശാസ്‌ത്രീയമായി നിർണയിച്ചിട്ടില്ല. നെൽക്കൃഷിയെ ആധാരമാക്കി വളർന്നുവന്നിരുന്ന ഈ പ്രദേശത്തെ സമ്പദ്‌വ്യവസ്ഥയ്‌ക്കു പകരമായി ഒരു ബദൽ "ഇക്കോണമി'-സമ്പദ്‌ഘടന-ഇവിടെ പടുത്തുയർത്താനുള്ള സാധ്യതകളും കുറവാണ്‌. അതിനാൽ കഴിഞ്ഞ 50 വർഷമായി പുതിയ തലമുറയിൽപ്പെട്ടവർ കേരളത്തിലെയും ഇന്ത്യയിലെയും മറ്റുപ്രദേശങ്ങളിലേക്കും വിദേശങ്ങളിലേക്കും ജീവിതരംഗം പറിച്ചുനട്ടുകൊണ്ടിരിക്കുകയാണ്‌. ചേതോഹരമായ ഈ നാട്ടിലേക്ക്‌ വിദേശടൂറിസ്റ്റുകള്‍ ആയിരക്കണക്കിന്‌ വന്നുകൊണ്ടിരിക്കുന്നതിനാൽ ഇവിടത്തെ വിനോദസഞ്ചാരസാധ്യതകള്‍ വാണിജ്യാടിസ്ഥാനത്തിൽ വികസിച്ചുവരുന്നുണ്ട്‌. എല്ലാവർഷവും ആഗസ്റ്റിൽ ഉത്സാഹത്തിമിർപ്പോടെ നടത്തപ്പെടുന്ന വട്ടക്കായലിൽ നെഹ്രുട്രാഫി വള്ളംകളി മത്സരത്തിന്‌ അന്താരാഷ്‌ട്രപ്രശസ്‌തി കൈവന്നതോടെ കേരളത്തിന്റെ തനതായ ഈ ഉത്സവത്തിന്‌ പുതുജീവന്‍ കൈവന്നിട്ടുണ്ട്‌.

എല്ലാവർഷവും മിഥുനമാസം മൂലംനാളിൽ വള്ളംകളി ചമ്പക്കുളം ആറ്റിൽ നിന്നാരംഭിക്കുന്നു. ഓണക്കാലത്ത്‌ നീരേറ്റു പുറത്താറ്റിലും പായിപ്പാടാറ്റിലും ഉത്രട്ടാതിനാളിൽ ആറന്മുളയിലും ഈ ഉത്സവം തുടരുന്നു. ഇതിനിടയ്‌ക്കാണ്‌ നെഹ്രുട്രാഫി നടത്തപ്പെടുന്നത്‌. കുട്ടനാട്ടുകാരാനായ കോറുപ്പുന്ന വെങ്കിടനാരായണനാചാരിയാണ്‌ ആദ്യമായി ചുണ്ടന്‍വള്ളം ഡിസൈന്‍ ചെയ്‌തു നിർമിച്ചത്‌. കുട്ടനാടന്‍ ചുണ്ടന്‍വള്ളങ്ങളുടെ പ്രശസ്‌തി ഇന്നു ലോകമൊട്ടാകെ പരന്നിട്ടുണ്ട്‌. ഇന്ന്‌ കുട്ടനാട്ടിന്റെ വിനോദസഞ്ചാരപ്രാധാന്യം വർധിപ്പിക്കുന്ന മറ്റൊരു പ്രധാന ഘടകം വേമ്പനാട്ടു കായലിലെ "ഹൗസ്‌ ബോട്ടു'കളാണ്‌. എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടുകൂടി പ്രവർത്തിക്കുന്ന ഹൗസ്‌ ബോട്ടുകള്‍ ഈ പ്രദേശത്തെ പ്രധാന ധനാഗമമാർഗങ്ങളായി മാറിയിട്ടുണ്ട്‌.

ബുദ്ധമതവും ബുദ്ധദർശനങ്ങളും അനേക ശതാബ്‌ദക്കാലം പമ്പാനദിയുടെ തീരങ്ങളിൽ നിലനിന്നിരുന്നതായി ചരിത്രവും നാഗരികതയുടെ അവശിഷ്‌ടങ്ങളും സാക്ഷ്യപ്പെടുത്തുന്നു. പമ്പാനദീതീരത്തെ നിരവധി ശാസ്‌താക്ഷേത്രങ്ങളും കരുമാടിക്കുട്ടനും എല്ലാം ബുദ്ധമതാനുയായികള്‍ അവശേഷിപ്പിച്ചു പോയ സ്‌മാരകങ്ങളാണെന്നാണ്‌ പറയപ്പെടുന്നത്‌. കേരളത്തിൽ ബുദ്ധമതത്തിന്റെ ഉറച്ച ആസ്ഥാനമായിരുന്നു അന്നത്തെ ചേർത്തല മുതൽ കൊല്ലംവരെയുള്ള തീരപ്രദേശം. ക്രിസ്‌തു ശിഷ്യനായ തോമാശ്ലീഹ 1-ാം ശതകത്തിന്റെ മധ്യത്തിൽ പള്ളിസ്ഥാപിക്കാന്‍ തിരഞ്ഞെടുത്തതും കുട്ടനാടിന്റെ കിഴക്കരികിലുള്ള പമ്പാതീരപ്രദേശമായ നിരണമായിരുന്നു. കുട്ടനാട്ടിലെ എല്ലാ പ്രധാനപ്രദേശങ്ങളിലും ഇന്ന്‌ പുരാതനമായ ക്രിസ്‌ത്യന്‍ പള്ളികളുണ്ട്‌. ബ്രാഹ്മണമഠങ്ങളുടെ കേന്ദ്രമായ മങ്കൊമ്പിലെ ഭദ്രകാളീക്ഷേത്രം ആ നാടിന്റെ മുഴുവന്‍ പരദേവതയായി ആരാധിക്കപ്പെടുന്നു.

ദേവനാരായണന്‍ കുട്ടനാട്‌ വാണിരുന്ന കാലത്ത്‌ തന്നെ കലാസാഹിത്യരംഗങ്ങളിൽ അന്യൂനമായ ക്ലാസ്സിക്കൽ അടിത്തറ കുട്ടനാട്‌ ഉറപ്പിച്ചിരുന്നു. കുഞ്ചന്‍നമ്പ്യാർ ആവിഷ്‌കരിച്ച തുള്ളൽ പ്രസ്ഥാനം ഇതിന്‌ ഉത്തമോദാഹരണങ്ങളാണ്‌. ദ്രാവിഡീയവും ആര്യസംസ്‌കാരപ്രചോദിതവുമായ അനേകം ധാരകളുടെ സമന്വിതരൂപമാണ്‌ ഈ ജനകീയകലകള്‍. നെടുമുടി മാത്തൂർ ദേവീക്ഷേത്രത്തിന്റെ കളിയരങ്ങിലും കണ്ടങ്കരിക്കാവിലും, തകഴി ശാസ്‌താക്ഷേത്രത്തിലും നമ്പ്യാർ ഏറെക്കാലം നടത്തിയ പരീക്ഷണങ്ങളാണ്‌ ഓട്ടന്‍തുള്ളൽ എന്ന കലാരൂപത്തിന്റെ സൃഷ്‌ടിക്ക്‌ വഴിവച്ചത്‌. കഥകളിയിലും അന്ന്‌ തമ്പുരാന്റെ സദസ്സിൽ പരീക്ഷണങ്ങള്‍ നടന്നകാലമായിരുന്നു. പില്‌ക്കാലത്ത്‌ മാത്തൂർ കുഞ്ഞുപിള്ളപ്പണിക്കർ, ഗുരു കുഞ്ചുക്കുറുപ്പ്‌, ഗുരു തോട്ടം ശങ്കരന്‍ നമ്പൂതിരി, ഗുരു ഗോപിനാഥ്‌ എന്നീ പ്രതിഭാശാലികളായ കഥകളിനടന്മാർക്ക്‌ ശക്തിയും പ്രചോദനവും നല്‌കിയത്‌ ഈ പൈതൃകമാണ്‌. ഏറെക്കാലം കഥകളിയിലെ തെക്കന്‍ ചിട്ടയുടെ കളരി കുട്ടനാടായിരുന്നു.

സാഹിത്യരംഗത്തും കുട്ടനാടിന്റെ സംഭാവന അവിസ്‌മരണീയമാണ്‌. വിഖ്യാതരായ സർദാർ കെ.എം. പണിക്കർ മുതൽ കവി കാവാലം നാരായണപ്പണിക്കർ വരെയുള്ളവർ കാവാലത്തുകാരാണ്‌. കുട്ടനാട്ടിന്റെ ഇതിഹാസകാരനെന്നഭിമാനിച്ചിരുന്ന തകഴി ശിവശങ്കരപ്പിള്ളയുടെ രണ്ടിടങ്ങഴി, കയർ, തുടങ്ങിയ നോവലുകളും വെള്ളപ്പൊക്കത്തിൽ തുടങ്ങിയ അനേകം കഥകളും കുട്ടനാടിന്റെ പശ്ചാത്തലത്തിൽ കുട്ടനാട്ടിലെ ജനജീവിതം തനിമയോടെ ആവിഷ്‌കരിക്കുന്നവയാണ്‌. ആലപ്പുഴയിലെ സംഘടിത തൊഴിലാളി വർഗം ഇന്നാട്ടിലെ സാമൂഹ്യ-രാഷ്‌ട്രീയ-സാംസ്‌കാരിക ജീവിതത്തെ എങ്ങനെ രൂപപ്പെടുത്തിയെന്നും അദ്ദേഹം ചിത്രീകരിച്ചു. ആധുനികകവി അയ്യപ്പപ്പണിക്കരും കുട്ടനാട്ടിലെ പുന്നെല്ലിന്റെയും കായൽപ്പരപ്പിന്റെയും ഗന്ധം ശ്വസിച്ച്‌ വളർന്ന കുട്ടനാട്ടുകാരനാണ്‌. അദ്ദേഹത്തിന്റെ കൃതികളിലെ നർമവും താളവും ഭാവസൗന്ദര്യവും പമ്പയാറിന്റെയും വേമ്പനാട്ടുകായലിന്റെയും തീരത്തു വളർന്ന സംസ്‌കൃതിയുടെ ഭാഗമാണ്‌. തപ്‌തബാഷ്‌പം തുടങ്ങി അനേകം നല്ല കൃതികള്‍ സംഭാവന ചെയ്‌ത, രാഷ്‌ട്രീയനേതാവുകൂടിയായിരുന്ന കുട്ടനാട്ട്‌ രാമകൃഷ്‌ണപിള്ള, ചലച്ചിത്രനടനായ നെടുമുടിവേണു, നാഗവള്ളി ആർ.എസ്‌.കുറുപ്പ്‌, സാഹിത്യ ചരിത്രകാരനായ പി.കെ. പരമേശ്വരന്‍നായർ, പാണിനീയപ്രദ്യോതകാരനായ ഐ.സി. ചാക്കോ തുടങ്ങിയ നിരവധി പ്രശസ്‌തർ കുട്ടനാട്ടുകാരാണ്‌.

(കുട്ടനാട്ടു രാമകൃഷ്‌ണപ്പിള്ള; തോട്ടം രാജശേഖരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍