This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുടം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:15, 28 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുടം

വെള്ളം കോരുന്നതിനും വെള്ളം സൂക്ഷിക്കുന്നതിനും മറ്റും ഉപയോഗിക്കുന്ന വാവട്ടം കുറഞ്ഞ ഒരു പാത്രം. ഇടുപ്പിൽ ചേർത്തുകൊണ്ടു നടക്കാന്‍ സൗകര്യമുണ്ടെന്നതാണ്‌ കുടത്തിന്റെ പ്രത്യേകത. മണ്‍കുടങ്ങള്‍ക്കായിരുന്നു മുന്‍കാലങ്ങളിൽ പ്രചാരം. സമ്പന്ന കുടുംബങ്ങളിൽ പിച്ചള, ഓട്‌, ചെമ്പ്‌ എന്നീ ലോഹങ്ങള്‍കൊണ്ടുള്ള കുടം ഉപയോഗിക്കുന്നു. ഇന്ന്‌ അലുമിനിയം, സങ്കരലോഹങ്ങള്‍, സ്റ്റീൽ എന്നിവകൊണ്ടു നിർമിക്കപ്പെടുന്ന കുടങ്ങള്‍ക്കാണു പ്രചാരമുള്ളത്‌.

പ്രാചീനകാലം മുതല്‌ക്കേ കുടം ഉപയോഗിച്ചിരുന്നതായി രേഖകളുണ്ട്‌. യാഗാദികർമങ്ങള്‍ക്ക്‌ കുടം കൂടിയേ കഴിയൂ. ക്ഷേത്രങ്ങളിലെയും മറ്റും പൂജകള്‍ക്കും അഭിഷേകാദിചടങ്ങുകള്‍ക്കും കുടം ഉപയോഗിക്കുന്നുണ്ട്‌. ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്ന ചെറിയ കുടങ്ങള്‍ക്ക്‌ കലശങ്ങളെന്നാണു പറയുന്നത്‌. ചില ക്ഷേത്രങ്ങളിൽ "കുട'വുമായി ബന്ധപ്പെട്ട ചില വഴിപാടുകള്‍ തന്നെയുണ്ട്‌. ഉദാ: സഹസ്രകലശം, കലശാഭിഷേകം, ദേവീക്ഷേത്രങ്ങളിലെ കുംഭകുടം, മഞ്ഞക്കുടം, നിണക്കുടം, അമ്മന്‍കുടം എന്നിവയും ശ്രദ്ധേയങ്ങളാണ്‌.

"കുട'വുമായി ബന്ധപ്പെട്ട നിരവധി ശൈലികളും ചൊല്ലുകളും മലയാളഭാഷയിൽ പ്രചാരത്തിലുണ്ട്‌. "നിഷ്‌ഫലമായ പ്രവൃത്തി' എന്നർഥമുള്ള "കുടത്തിനു പുറത്തു വെള്ളമൊഴിക്കൽ', പുറമേ പ്രകാശിക്കാത്ത വസ്‌തു, ഒതുക്കമുള്ള വ്യക്തി എന്നിങ്ങനെ അർഥമുള്ള "കുടത്തിലെ വിളക്ക്‌', പുറമേ പോകാന്‍ നിവൃത്തിയില്ലാത്ത ദുഷ്‌ടന്‍ എന്നർഥമുള്ള "കുടത്തിലിട്ട പാമ്പ്‌'. ഗുണസമ്പൂർണന്‍ എന്നർഥമുള്ള "നിറകുടം', "അരക്കുടം തുളുമ്പും; നിറകുടം തുളുമ്പുകയില്ല' എന്നിവ ഇവയിൽ പ്രശസ്‌തങ്ങളാണ്‌.

""തരുണ്യാലിംഗിതഃ കണ്‌ഠേ
	നിതംബസ്‌തനമാശ്രിതഃ
	ഗുരൂണാം സന്നിധാനേങ്കപി
	കഃ കൂജതിമുഹുർമുഹുഃ''
 

(തരുണിയാൽ കണ്‌ഠത്തിൽ ആലിംഗിതനായി നിതംബത്തെയും സ്‌തനത്തെയും ആശ്രയിച്ചിരിക്കുന്ന ആരാണ്‌ ഗുരുക്കന്മാരുടെ സാന്നിധ്യത്തിലും ശബ്‌ദിക്കുന്നത്‌?) എന്ന പ്രസിദ്ധമായ സംസ്‌കൃതപ്രഹേളിക തുളുമ്പുന്ന അരക്കുടത്തെക്കുറിച്ചുള്ളതാണ്‌. പ്രാചീന തമിഴകത്തിൽപ്പെട്ട ചേരനാടിന്റെ ഒരു ഭാഗത്തിനും "കുടം' എന്നു പേരുണ്ട്‌ (നോ. കുടനാട്‌). വീട്‌, നഗരം, പർവതം, ചുറ്റിക, വൃക്ഷം, കൊടുവേലി, പൂയം നക്ഷത്രം; വാഴ, പന മുതലായവയുടെ കൂമ്പ്‌ എന്നിങ്ങനെ പല അർഥങ്ങളും ഈ ശബ്‌ദത്തിന്‌ നിഘണ്ടുക്കളിൽ കൊടുത്തുകാണുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%81%E0%B4%9F%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍