This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുടപ്പന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:04, 28 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുടപ്പന

Talipot Palm

കേരളത്തിൽ ധാരാളമായി കാണപ്പെടുന്ന ഒരിനം പന. ഏകപത്ര (Monocotyledon) സസ്യവർഗത്തിൽപ്പെട്ട പാമേ (Palmae) കുടുംബത്തിലെ ഒരു വൃക്ഷമാണിത്‌. ശാ. നാ.: കോറിഫ അംബ്രാക്യൂലിഫെറ (Corypha umbraculifera). ഇന്ത്യ, ശ്രീലങ്ക, മ്യാന്‍മർ, മലയ എന്നിവിടങ്ങളിലാണ്‌ കുടപ്പന ധാരാളമായി കാണപ്പെടുന്നത്‌.

ഒറ്റത്തടിവൃക്ഷമാണിത്‌. തടിയിൽ വലയങ്ങള്‍ കാണപ്പെടുന്നു. 30 മീറ്റർ വരെ ഉയരംവയ്‌ക്കുന്ന തടിക്ക്‌ ഒരു മീറ്ററിലധികം ചുറ്റളവു വരും. ഹസ്‌താകാരമായ ഇല അസാമാന്യ വലുപ്പത്തിൽ വളരുന്നു. ഇലയ്‌ക്ക്‌ i.- i. 5 മീ. വരെ നീളം വരും. ഇലത്തണ്ടിനോടടുത്തഭാഗം രണ്ടായി പിരിഞ്ഞതാണ്‌. ഇലപ്പരപ്പിന്‌ 2œ-5œ മീ. വ്യാസമുണ്ടായിരിക്കും. ഇലയ്‌ക്ക്‌ 80-100 ദീർഘഖണ്ഡങ്ങള്‍ കാണപ്പെടുന്നു. ഓരോ ഖണ്ഡത്തിനും 15 സെ.മീ. വീതിയുണ്ടായിരിക്കും. പർണവൃന്തങ്ങള്‍ ബലമേറിയവയും 14 മീറ്ററോളം നീളമുള്ളവയുമായിരിക്കും. ഇവയുടെ വക്കുകള്‍ ദന്തുരമാണ്‌. പർണവൃന്തങ്ങള്‍ സാധാരണ ജോടികളായാണ്‌ കാണപ്പെടുക. പുഷ്‌പവാഹക ശിഖരങ്ങള്‍ക്ക്‌ നാല്‌ മീറ്റളോളം നീളംവരും. വലുപ്പമേറിയ പൂങ്കുലകൊണ്ട്‌ ശ്രദ്ധേയമാണ്‌ കുടപ്പന. ജീവിതകാലത്തിൽ ഒരിക്കൽ മാത്രമേ ഇവ പുഷ്‌പിക്കാറുള്ളൂ. ആയിരക്കണക്കിന്‌ ചെറിയ ക്രീം നിറത്തിലുള്ള പൂക്കള്‍ ചേർന്ന പൂങ്കുല ഒരു കുടപോലെ കാണപ്പെടുന്നു. ബാഹ്യദളപുഞ്‌ജത്തിന്‌ കപ്പിന്റെ ആകൃതിയാണുള്ളത്‌. ഇവ ചെറുതും മൂന്ന്‌ ചെറിയ ദന്തസദൃശഭാഗങ്ങളോടു കൂടിയവയുമാണ്‌. ദളങ്ങള്‍ വീതിയേറിയവയും ബാഹ്യദളപുഞ്‌ജത്തെക്കാള്‍ മൂന്നോ നാലോ ഇരട്ടി വലുപ്പമുള്ളവയുമായിരിക്കും. സാധാരണ ആറ്‌ കേസരങ്ങളാണുള്ളത്‌. അണ്ഡാശയം കോണിന്റെ ആകൃതിയിലുള്ളതും ചുവട്‌ ഉരുണ്ടതുമാണ്‌. ഇതിന്‌ മൂന്നു പാളികള്‍ കാണാറുണ്ട്‌. വർത്തിക(style) അണ്ഡാശയത്തെക്കാള്‍ നീളമേറിയതാണ്‌.

വർത്തികാഗ്രം സരളഘടനയോടു കൂടിയതായിരിക്കും. 3-4 സെ.മീ. നീളമുള്ള കായകള്‍ ആയിരക്കണക്കിന്‌ എണ്ണമുണ്ടാകും. പച്ച കലർന്ന മഞ്ഞനിറത്തിലുള്ള കായയിൽ ഒരു വിത്ത്‌ മാത്രമേ ഉണ്ടാകൂ. 40-80 വർഷമാണ്‌ കുടപ്പനയുടെ ആയുർദൈർഘ്യം. കുടപ്പനയുടെ പത്രഖണ്ഡങ്ങള്‍ സാമ്പത്തിക പ്രാധാന്യമുള്ളവയാണ്‌. അടുത്തകാലംവരെ എഴുത്തോലകളായി ഈ പത്രഖണ്ഡങ്ങളാണ്‌ ഉപയോഗിച്ചിരുന്നത്‌. കുടയുടെ നിർമാണത്തിനും ഇവ ധാരാളമായി ഉപയോഗപ്പെടുത്തിവരുന്നു. കുടയുണ്ടാക്കാനുപയോഗിക്കുന്ന ഓലയുള്ള പന എന്ന അർഥത്തിലാവാം ഈ വൃക്ഷത്തെ കുടപ്പന എന്നു വിളിച്ചുവരുന്നത്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%81%E0%B4%9F%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A8" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍