This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞുണ്ണി അച്ചന്‍, പാലിയത്ത്‌ (1881 - 1942)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

02:34, 28 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുഞ്ഞുണ്ണി അച്ചന്‍, പാലിയത്ത്‌ (1881 - 1942)

കേരളത്തിലെ ഒരു സ്വതന്ത്രചിന്തകനും പണ്ഡിതനും കവിയും. ചെറിയ കുഞ്ഞുണ്ണി അച്ചന്‍ എന്നറിയപ്പെട്ടിരുന്ന ഇദ്ദേഹം ചേന്നമംഗലത്ത്‌ പാലിയത്ത്‌ കാവുകുഞ്ഞമ്മയുടെയും ആലത്തൂർ ജനാർദനന്‍ നമ്പൂതിരിപ്പാടിന്റെയും സീമന്ത പുത്രനായി 1881-ൽ (കൊ.വ. 1056 ഇടവം) ജനിച്ചു. പാലിയത്തെ കുടുംബാചാര്യനായിരുന്ന പുതുക്കുടി രാമുണ്ണി ഇളയതിന്റെയും ചതുശ്ശാസ്‌ത്രപണ്ഡിതനായ ചേന്നമംഗലം അയ്യാശാസ്‌ത്രികളുടെയും കീഴിലായിരുന്നു വിദ്യാഭ്യാസം നടത്തിയത്‌. പഴയ രീതിയിലുള്ള പഠനത്തിനുശേഷം എറണാകുളം നീലുപ്പട്ടരുടെ അടുക്കൽനിന്ന്‌ ഇംഗ്ലീഷും പഠിച്ചു. പഠിക്കുമ്പോള്‍ത്തന്നെ സംസ്‌കൃതത്തിലും മലയാളത്തിലും കവിതയെഴുതിത്തുടങ്ങിയ കുഞ്ഞുണ്ണി അച്ചന്റെ രണ്ടു കവിതകള്‍ മാത്രമേ പുസ്‌തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ളൂ; ശുക്രനീതി എന്ന സംസ്‌കൃതകാവ്യത്തിന്റെ മലയാളം വിവർത്തനവും കാശിയാത്ര എന്ന മലയാളകൃതിയും. മഹാവീരചരിതം എന്നൊരു കൃതിയും ഇദ്ദേഹത്തിന്റേതായിട്ടുണ്ട്‌.

ഒരു യാഥാസ്ഥിതിക പ്രഭുകുടുംബമായ പാലിയത്തെ അംഗങ്ങളിൽ ആദ്യത്തെ പൊതുപ്രവർത്തകന്‍ കുഞ്ഞുണ്ണി അച്ചനായിരുന്നു. ഒരു മികച്ച വാഗ്മിയായിരുന്ന ഇദ്ദേഹം. "മതവും മൈത്രിയും', "മതവും മനുഷ്യനും' എന്നു തുടങ്ങിയ വിഷയങ്ങളെ അധികരിച്ച്‌, ഇദ്ദേഹം കേരളത്തിലങ്ങോളമിങ്ങോളം നടത്തിയ പ്രസംഗപരമ്പര അന്നത്തെ കൊച്ചി രാജാവിനെ ആകർഷിക്കുകയും സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും കുഞ്ഞുണ്ണി അച്ചനെക്കൊണ്ട്‌ പ്രസംഗങ്ങള്‍ നടത്തിക്കുകയും ചെയ്‌തു. ഈ പ്രഭാഷണങ്ങള്‍ ക്രാഡീകരിച്ചു പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്‌ കുഞ്ഞുണ്ണി അച്ചന്റെ സഗുണോപാസനം. കുഞ്ഞുണ്ണി അച്ചന്റെ ഉടമസ്ഥതയിലും പത്രാധിപത്യത്തിലും എറണാകുളത്തുനിന്ന്‌ ഭജേകേരളം എന്ന പേരിൽ ഒരു ദിനപത്രം പ്രസിദ്ധീകരിച്ചിരുന്നു. കൊച്ചി ദിവാനായിരുന്ന വിജയരാഘവാചാരിയുടെ പ്രവർത്തനങ്ങളെ അതിനിശിതമായി വിമർശിച്ചുവന്ന പ്രസ്‌തുത പത്രത്തിൽ "കൊമ്പന്റെ മോഹിനിയാട്ടം' എന്ന ശീർഷകത്തിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചതിനെ തുടർന്ന്‌ പത്രം നിരോധിക്കപ്പെട്ടു. പിന്നീട്‌ കുഞ്ഞുണ്ണി അച്ചന്‍ കേരളകേസരി എന്ന മാസികയും സനാതനി എന്ന പത്രവും നടത്തിയിരുന്നു. ഒറ്റപ്പാലത്തു നടന്ന കേരളസംസ്ഥാന കോണ്‍ഗ്രസ്‌ സമ്മേളനത്തിൽ കുഞ്ഞുണ്ണി അച്ചന്‍ ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തിന്‌ ആവേശം നല്‌കിക്കൊണ്ടുള്ള ഒരു ഉജ്ജ്വല പ്രസംഗം നടത്തി. കഥകളി, തുള്ളൽ എന്നിവയുടെ പ്രാത്സാഹനത്തിനും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്‌. കവിതിലകന്‍ കുണ്ടൂർ നാരായണമേനോന്റെ (1861-1936) ഭാഗിനേയിയായിരുന്നു ഇദ്ദേഹത്തിന്റെ സഹധർമിണി. തൃശൂർ പാലിയത്തു വച്ച്‌ കുഞ്ഞുണ്ണി അച്ചന്‍ 1942-ൽ (കൊ.വ. 1118 ചിങ്ങം 17) അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍