This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞിക്കൃഷ്‌ണപ്പൊതുവാള്‍, അമ്പാടി (1812 - 81)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:47, 27 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുഞ്ഞിക്കൃഷ്‌ണപ്പൊതുവാള്‍, അമ്പാടി (1812 - 81)

മലയാളകവിയും സാഹിത്യകാരനും. തൃശൂരിലെ അമ്പാടി തറവാട്ടിൽ 1812-ൽ ജനിച്ചു. അക്കാലത്തെ അറിയപ്പെടുന്ന ഒരു സംസ്‌കൃത പണ്ഡിതനായിരുന്ന തൃശൂർ താഴയ്‌ക്കാട്ടു ചെറിയ നാരായണപ്പൊതുവാളുടെ കീഴിൽ സംസ്‌കൃതം അഭ്യസിച്ചു. ഫലിതത്തിന്റെ സമൃദ്ധി, ഭാഷയുടെ ലാളിത്യം എന്നിവയാണ്‌ പൊതുവാളിന്റെ കവിതയുടെ സവിശേഷതകള്‍. വെണ്‍മണി അച്ഛന്റെയും പൂന്തോട്ടത്തിന്റെയും കവനസമ്പ്രദായമാണ്‌ ആ കവിതകളിൽ അധികവും കാണാന്‍ കഴിയുക. ഒരിക്കൽ പൊതുവാള്‍ തിരുവനന്തപുരത്തെത്തി സ്വാതിതിരുനാള്‍ മഹാരാജാവിനെ മുഖം കാണിച്ച്‌ തന്റെ സങ്കടങ്ങള്‍ ഉണർത്തിച്ചതിന്റെ ഫലമായി അദ്ദേഹം പൊതുവാളിനെ യഥോചിതം സത്‌കരിക്കുകയുണ്ടായി. സ്വാതിതിരുനാളിന്റെ അനന്തരഗാമിയായിരുന്ന ഉത്രം തിരുനാളിന്റെ മുന്നിൽ പട്ടാഭിഷേകം എന്നൊരു തുള്ളലുണ്ടാക്കി പാടികേള്‍പ്പിക്കുകയും "അതിൽ ജ്യേഷ്‌ഠന്റെ സ്വർഗാരോഹണം വർണിക്കുന്ന ഘട്ടംകേട്ടു മഹാരാജാവു കണ്ണീർവാർക്കുകയും' ചെയ്‌തതായി മഹാകവി ഉള്ളൂർ (കേരളസാഹിത്യ ചരിത്രം വാല്യം IV) രേഖപ്പെടുത്തിയിട്ടുണ്ട്‌. ഉത്രം തിരുനാളിന്റെ നിർദേശമനുസരിച്ച്‌ ഏതാനും ആട്ടക്കഥകളും പൊതുവാള്‍ നിർമിച്ചിട്ടുണ്ട്‌.

അക്കാലത്ത്‌ സർവസാധാരണമായിരുന്ന കവിതക്കത്തുകള്‍, വാദപ്രതിവാദങ്ങള്‍ മുതലായ കവിതാവിനോദങ്ങളിൽ പൊതുവാള്‍ സ്ഥിരമായി പങ്കെടുത്തിരുന്നു.

ഒരിക്കൽ തൃശൂർ പൂരത്തിനു പാറമേക്കാവുകാരെ ദുഷിച്ചുകൊണ്ട്‌ വെണ്‍മണി മഹന്‍ നമ്പൂതിരി ഏതാനും ശ്ലോകങ്ങളെഴുതി. അതിനു മറുപടിയായി പൊതുവാള്‍ പത്തു ശ്ലോകങ്ങള്‍ "പാറമേക്കാവു തേതി' എന്ന പേരിൽ അയച്ചുകൊടുത്തു. തത്‌കർത്താവ്‌ പൊതുവാളാണെന്നു മനസ്സിലാക്കിയ വെണ്‍മണി അതു ചീന്തി തീയിലിട്ടു. ആ ശ്ലോകങ്ങള്‍ വീണ്ടും പകർത്തി താഴെക്കാണുന്ന ശ്ലോകത്തോടുകൂടി അയച്ചുകൊടുത്തു.

""വായിച്ചീടാതെ കാവ്യാദികള്‍ പലപൊഴുതും
	കോങ്കപിദേവീപ്രസാദാ-
	ലായീപോൽപണ്ടുവിദ്വാന്‍മണി പുനരവനത്ര
	മഹാന്‍ കാളിദാസന്‍
	ആയീതൽക്കാലമിങ്ങുള്ളൊരുതരുണിയഹോ
	പാറമേൽക്കാവിലമ്മ-
	സ്ഥായീലണ്ണണ്ണമിപ്പോള്‍ വിദുഷികവിതയ-
	ത്തേതിയാം കാളിദാസി''
 

പൊതുവാളിന്റെ കാവ്യരചനാപാടവത്തിന്റെയും പദലാളിത്യത്തിന്റെയും ഹാസ്യാത്മകതയുടെയും ഉത്തമോദാഹരണമായി ഈ ശ്ലോകത്തെ കണക്കാക്കാം.

കൃഷ്‌ണാവതാരം, കാളിയമർദനം, കേശിവധം, കംസവധം എന്നീ ആട്ടക്കഥകളും വ്യാസോത്‌പത്തി, മാരാവാഹനം എന്നീ തുള്ളലുകളും പാത്രചരിതം കൈകൊട്ടിക്കളിപ്പാട്ടും ആണ്‌ പൊതുവാളിന്റെ പ്രധാനകൃതികള്‍. ഇതിനുപുറമേ നിരവധി ഒറ്റശ്ലോകങ്ങളും പാട്ടുകളും ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. പ്രസിദ്ധമായ കവിപക്വാവലിയിൽ "പൊതുവാളമ്പാടി പൂവമ്പഴം' എന്നിങ്ങനെ ഇദ്ദേഹത്തെ പരാമർശിച്ചിട്ടുണ്ട്‌.

1879 ആയപ്പോഴേക്കും തൃശൂരിലെ കുടുംബഗൃഹത്തിൽ തിരിച്ചുവന്ന പൊതുവാള്‍ 1881-ൽ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍