This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുക്കുടാണ്ഡന്യായം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:45, 27 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുക്കുടാണ്ഡന്യായം

ലോകന്യായങ്ങളിലൊന്ന്‌. സന്ദർഭവും അന്യപദസാന്നിധ്യവുംകൊണ്ടു വിവക്ഷിതമായ അർഥം ഗ്രഹിക്കുന്നത്‌ കുക്കുടാണ്ഡന്യായേനയാണ്‌. കുക്കുടമെന്ന വാക്കിനു പൂവന്‍കോഴി എന്നാണർഥം. എന്നാൽ "അണ്ഡം' എന്ന പദത്തിന്റെ സാന്നിധ്യംകൊണ്ട്‌ "കുക്കുടി'-പിടക്കോഴി എന്നർഥമാണ്‌ ഇവിടെ ധരിക്കേണ്ടത്‌. കുക്കുടിയുടെ അണ്ഡം കുക്കുടാണ്ഡമെന്നു വിഗ്രഹിക്കുകയും വേണം. "കുക്കുട്യാദീനാമണ്ഡാദിഷു' എന്ന വാർത്തികമനുസരിച്ച്‌ അണ്ഡശബ്‌ദം ഉത്തരപദമാകുമ്പോള്‍ "കുക്കുടി' എന്ന ശബ്‌ദത്തിന്‌ പുംവദ്‌ഭാവം (പുല്ലിങ്‌ഗത്തിലേതുപോലെയുള്ള രൂപം) വരുന്നു. ഇതുപോലെ മറ്റുള്ളിടത്തും സന്ദർഭംകൊണ്ടു വിവക്ഷിതാർഥം ഗ്രഹിക്കാവുന്നതാണ്‌. ഇവിടെ "പിടക്കോഴിയുടെ മുട്ട' എന്നർഥമാണ്‌ വിവക്ഷിതം. വിദ്വാന്‍ പാർവതി അമ്മ എന്നു പറയുമ്പോള്‍ "വിദ്വാന്‍' എന്ന പദത്തിനു ലേഡി വിദ്വാന്‍ (വിദുഷി) എന്നർഥമാണ്‌ ധരിക്കേണ്ടത്‌. ഇത്‌ കുക്കുടാണ്ഡ്യന്യായേനയുള്ള വിവക്ഷിതാർഥഗ്രഹണമാണ്‌.

"മാഗിഷദധിന്യായ'വും ഇതുമായി ബന്ധപ്പെട്ടതാണ്‌. മഹിഷം എന്ന പദത്തിന്‌ മഹിഷത്തെ (പോത്തിനെ) സംബന്ധിച്ച്‌, മഹിഷി (എരുമ)യെ സംബന്ധിച്ചത്‌ എന്ന രണ്ടർഥം ഉണ്ട്‌. എന്നാൽ പ്രകൃതത്തിൽ ദധി (തൈര്‌) എന്ന പദത്തിന്റെ സാന്നിധ്യംകൊണ്ട്‌ "മാഹിഷ'മെന്നതിന്‌ "മഹിഷി'യെ സംബന്ധിച്ചത്‌ എന്നർഥം തന്നെ ധരിക്കണം.

സംയോഗ വിപ്രയോഗാദികള്‍കൊണ്ട്‌ അർഥനിർണയം ചെയ്യണമെന്ന ശാബ്‌ദിക നയം ഈ ന്യായത്തെ അവലംബിച്ചുള്ളതാണ്‌.

(മുതുകുളം ശ്രീധർ; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍