This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കീഴ്‌നടപ്പുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:42, 27 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കീഴ്‌നടപ്പുകള്‍

Precedents

ഒരു വ്യവഹാരത്തിൽ ഒരു കോടതി ഒരിക്കൽ പുറപ്പെടുവിച്ച വിധിനിർണയത്തിന്‌ സമാനനിയമപ്രശ്‌നങ്ങളിൽ പിന്നീടുണ്ടാകുന്ന വ്യവഹാരങ്ങളുടെ വിധിനിർണയത്തിനു ബാധകമാകുന്ന തരത്തിൽ ആധികാരികതയുണ്ടെന്ന നിയമസങ്കല്‌പം. സമാനസ്വഭാവമുള്ള വ്യവഹാരങ്ങളുടെ വിധിതീർപ്പ്‌ ഒരുപോലെ ആയിരിക്കണമെന്നത്‌ നീതിനിർവഹണത്തിലെ അടിസ്ഥാനതത്ത്വമാണ്‌. അതായത്‌ ഒരു ന്യായാധിപന്‍ ഒരു വ്യവഹാരത്തിൽ വിധികല്‌പിക്കുന്നത്‌ മുമ്പൊരിക്കൽ അതേ സ്വഭാവമുള്ള ഒരു വ്യവഹാരത്തിൽ മറ്റൊരു ന്യായാധിപന്‍ കല്‌പിച്ച വിധിക്കു സദൃശമായ രീതിയിലായിരിക്കണം. ന്യായീകരിക്കാന്‍ കഴിയാത്ത കാരണങ്ങളില്ലെങ്കിൽ സമാനസ്വഭാവമുള്ള വ്യവഹാരങ്ങളിലെ വിധികല്‌പന മുന്‍കാലങ്ങളിൽ വിധികല്‌പിച്ച വ്യവഹാരങ്ങളിലേതിൽ നിന്നു വിഭിന്നമാകരുത്‌. നിയമപരമായ കീഴ്‌നടപ്പിന്‌ സാർവജനീന പ്രഭാവമുണ്ടെന്നു കാണാം. "മുമ്പു തീർപ്പുകല്‌പിച്ചതിൽ ഉറച്ചുനിൽക്കുക' എന്നർഥമുള്ള "സ്റ്റേറേ ഡിസൈസിസ്‌' എന്ന നിയമതത്ത്വത്തിന്‌ സാർവജനീനമായ അംഗീകാരമുണ്ടെന്നതാണ്‌ ഇതിനുകാരണം.

ഇംഗ്ലണ്ടിൽ. ഇംഗ്ലീഷ്‌ നിയമത്തിന്റെ ആധാരശിലകളിലൊന്നാണ്‌ നിയമപരമായ കീഴ്‌നടപ്പിനു നല്‌കുന്ന പ്രാമാണ്യം. നൂറ്റാണ്ടുകളായി വിധികല്‌പിച്ചിട്ടുള്ള വ്യവഹാരങ്ങളുടെ വിധിന്യായത്തിൽനിന്ന്‌ ഉരുത്തിരിഞ്ഞിട്ടുള്ളതാണ്‌ ഇംഗ്ലണ്ടിലെ അലിഖിതനിയമം അഥവാ "കോമണ്‍ ലാ'. ഇംഗ്ലണ്ടിലെ ന്യായാധിപന്മാരുടെ വിധിന്യായങ്ങളിൽനിന്ന്‌ ആവിർഭവിച്ചതാണ്‌ ഇംഗ്ലണ്ടിലെ "കോമണ്‍ ലാ' എന്നുതന്നെ പറയാം.

നിയമപരമായ കീഴ്‌നടപ്പിന്‌ ഇംഗ്ലണ്ടിൽ ആധികാരികസ്വഭാവം തന്നെയുണ്ട്‌. നിയമസംഹിതയുടെ മുഖ്യസ്രാതസ്സുകളിൽ ഒന്നായിത്തീർന്നിട്ടുള്ള കീഴ്‌നടപ്പുകള്‍ എല്ലാ കോടതികള്‍ക്കും ബാധകവുമാണ്‌. വിവിധ വ്യവഹാരങ്ങളിൽ വിധിന്യായം പുറപ്പെടുവിച്ചിട്ടുള്ള ന്യായാധിപന്മാരുടെ സ്വാധീനത, വൈഭവം, സത്‌പ്പേര്‌ എന്നിവ കൊണ്ടാണ്‌ കീഴ്‌നടപ്പുകള്‍ക്ക്‌ ആധികാരിക സ്വഭാവം കൈവന്നത്‌. കീഴ്‌നടപ്പിനെ സംബന്ധിച്ചിട്ടുള്ള ഇംഗ്ലീഷ്‌ സിദ്ധാന്തം മുന്‍കാലങ്ങളിലെക്കാള്‍ കർക്കശമായി അനുവർത്തിക്കപ്പെടുന്നതായിട്ടാണ്‌ ഇതിനെ സംബന്ധിച്ച്‌ കൂടുതൽ പഠനങ്ങള്‍ നടത്തിയിട്ടുള്ള ഗുഡ്‌ഹാർട്ട്‌ അഭിപ്രായപ്പെട്ടിട്ടുള്ളത്‌. 1966-നുശേഷം കീഴ്‌നടപ്പ്‌ ആധികാരികമായി സ്വീകരിക്കുന്നതിൽ അല്‌പം അയവുണ്ടായിട്ടുണ്ടെന്നു കാണാം. കീഴ്‌നടപ്പ്‌ സ്വീകരിക്കുന്നതിൽ വരുത്താവുന്ന അയവുകളെ സംബന്ധിച്ച കാര്യങ്ങള്‍ 1966-ലെ "പ്രാക്‌റ്റീസ്‌ സ്റ്റേറ്റ്‌മെന്റി'ൽ പ്രസ്‌താവിച്ചിട്ടുണ്ട്‌. ഇംഗ്ലണ്ടിലെ പരമോന്നത നീതിപീഠമായ ഹൗസ്‌ ഒഫ്‌ ലോഡ്‌സിന്റെ മുന്‍കാല വിധിന്യായങ്ങള്‍ക്ക്‌ ആധികാരിക സ്വഭാവമുണ്ടെങ്കിലും യുക്തമെന്നു തോന്നുന്ന അവസരങ്ങളിൽ മുന്‍വിധിന്യായങ്ങള്‍ ആധികാരികമായി സ്വീകരിക്കുന്നതിൽ നിന്നു വ്യതിചലിക്കാനോ ഭേദഗതി വരുത്താനോ അസ്ഥിരപ്പെടുത്താനോ ഹൗസ്‌ ഒഫ്‌ ലോഡ്‌സിനു സ്വാതന്ത്യ്രമുണ്ടായിരിക്കുമെന്ന്‌ "പ്രാക്‌റ്റീസ്‌ സ്റ്റേറ്റ്‌മെന്റി'ലൂടെ ലോഡ്‌ ചാന്‍സലർ വ്യക്തമാക്കി.

ഫ്രാന്‍സിൽ. ഫ്രാന്‍സിൽ കീഴ്‌നടപ്പുകള്‍ക്ക്‌ നിയമത്തിന്റെ സ്രാതസ്സ്‌ എന്ന സ്ഥാനമില്ല. വ്യവഹാരങ്ങളുടെ വിധിനിർണയത്തിന്‌ മുന്‍വ്യവഹാരങ്ങളുടെ വിധിന്യായങ്ങള്‍ ബാധകമല്ല; ആധികാരികവുമല്ല. ഒരു വ്യവഹാരത്തിൽ തീർപ്പുകല്‌പിക്കുമ്പോള്‍ പൊതുതത്ത്വങ്ങള്‍ ആവിഷ്‌കരിക്കരുതെന്ന്‌ സിവിൽകോഡ്‌ (അനുച്ഛേദം 5) വിലക്കുന്നുമുണ്ട്‌.

നിയമപരമായ അടിസ്ഥാനമില്ലെന്ന കാരണത്താൽ ഒരു മുന്‍വ്യവഹാര വിധിതീർപ്പ്‌ അസ്ഥിരപ്പെടുത്താന്‍ ഫ്രഞ്ച്‌ അപ്പലേറ്റ്‌ കോടതിക്കു കഴിയും. എന്നാൽ സിവിൽക്കോഡിൽ പരാമർശിക്കപ്പെടാത്ത കാര്യങ്ങളെ സംബന്ധിച്ചിടത്തോളം മുന്‍കാല വ്യവഹാരങ്ങളിലെ വിധിതീർപ്പുകള്‍ക്ക്‌ ആധികാരിക സ്ഥാനമുണ്ട്‌. വ്യവഹാരങ്ങളുടെ വിധിതീർപ്പുകളിലൂടെ ഉരുത്തിരിഞ്ഞതാണ്‌ സാധാരണകോടതികളിൽനിന്നു വ്യത്യസ്‌തമായ "കോണ്‍സൽ ദീത്താ'യുടെ "ഡ്രായി അഡ്‌മിനിസ്റ്റ്രാറ്റീ' കോടതികള്‍. ഫ്രാന്‍സിലെയും ഇംഗ്ലണ്ടിലെയും കോടതികളുടെ ശ്രണിയിലുള്ള വ്യത്യാസവും രണ്ടു രാജ്യങ്ങളിലെയും ന്യായാധിപന്മാരുടെ ഔദ്യോഗികപദവിയിലുള്ള വ്യത്യാസവും കീഴ്‌നടപ്പുകളുടെ ആധികാരികതയുടെ ഏറ്റക്കുറച്ചിലിലേക്കു വിരൽചൂണ്ടുന്നു.

യു.എസ്സിൽ. യു.എസ്സിനെ സംബന്ധിച്ചിടത്തോളം യു.എസ്‌. സുപ്രീംകോടതിക്കും വിവിധ സ്റ്റേറ്റുകളിലെ അപ്പീൽ കോടതികള്‍ക്കും മുന്‍ വ്യവഹാരങ്ങളുടെ വിധിന്യായങ്ങള്‍ ബാധകമല്ല. സുപ്രീംകോടതി അതിന്റെ തന്നെ മുന്‍വിധിന്യായങ്ങള്‍ അസ്ഥിരപ്പെടുത്തിയ നിരവധി അവസരങ്ങളുമുണ്ടായിട്ടുണ്ട്‌.

ഇന്ത്യയിൽ. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിയമപരമായ കീഴ്‌നടപ്പിന്‌ ഭരണഘടന തന്നെ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌. 1935-ലെ ഗവണ്‍മെന്റ്‌ ഒഫ്‌ ഇന്ത്യാ ആക്‌റ്റിലെ 212-ാം വകുപ്പിലും ഇന്ത്യന്‍ ഭരണഘടനയുടെ 141-ാം അനുച്ഛേദത്തിലും ഇതു സംബന്ധിച്ച വ്യവസ്ഥകളുണ്ട്‌. സുപ്രീംകോടതിയുടെ വിധിന്യായങ്ങള്‍ ഇന്ത്യയിലെ എല്ലാ കോടതികള്‍ക്കും ബാധകമാണെന്ന്‌ ഭരണഘടനയിലെ 141-ാം അനുച്ഛേദം അനുശാസിക്കുന്നു. സുപ്രീംകോടതിയുടെ വിധിന്യായങ്ങള്‍ എല്ലാ കോടതികള്‍ക്കും ബാധകമാണെങ്കിലും സുപ്രീംകോടതിക്കു ബാധകമല്ല. സുപ്രീംകോടതിയുടെ വിധികള്‍ തക്ക അവസരങ്ങളിൽ അസ്ഥിരപ്പെടുത്തുകയോ തിരുത്തി എഴുതുകയോ ചെയ്‌തിട്ടുണ്ട്‌. ഉദാ. "ബംഗാള്‍ ഇമ്യൂണിറ്റി കമ്പനി സ്റ്റേറ്റ്‌ ഒഫ്‌ ബിഹാർ' (AIR 1955 SC 661). സുപ്രീംകോടതിയുടെ വിധി അതിനുതന്നെ ബാധകമല്ലെന്നതുകൊണ്ട്‌ മുന്‍കാല വ്യവഹാരങ്ങളുടെ വിധികല്‌പനകള്‍ക്ക്‌ ആധികാരിക സ്വഭാവമില്ലെന്നു കണക്കാക്കേണ്ടതില്ല. ഓരോ വ്യവഹാരത്തിനും ആസ്‌പദമായ സാഹചര്യങ്ങളുടെ വെളിച്ചത്തിൽ പൊതുജന താത്‌പര്യത്തിനു മുന്‍തൂക്കം നല്‌കിക്കൊണ്ടാണ്‌ കീഴ്‌നടപ്പുകളിൽനിന്നു വ്യതിചലിച്ച്‌ മുന്‍കാല വിധിത്തീർപ്പുകള്‍ പുനഃപരിശോധിക്കാനോ തിരുത്തിക്കുറിക്കാനോ അസ്ഥിരപ്പെടുത്താനോ സുപ്രീംകോടതി തയ്യാറാകുന്നത്‌.

കോടതിയുടെ വിധികല്‌പനകളെ കീഴ്‌നടപ്പിന്റെ അടിസ്ഥാനത്തിൽ ആധികാരികം, പ്രരകം എന്നിങ്ങനെ രണ്ടായി തരംതിരിക്കാം. അംഗീകരിച്ചാലും ഇല്ലെങ്കിലും മുന്‍കാല വിധിത്തീർപ്പുകള്‍ ബാധകമാകുന്നതാണ്‌ ആധികാരിക-കീഴ്‌നടപ്പുകള്‍. പ്രരക-കീഴ്‌നടപ്പുകളെ സംബന്ധിച്ചിടത്തോളം മുന്‍കാല വിധിത്തീർപ്പുകള്‍ ന്യായാധിപന്മാർ അനുസരിച്ചുകൊള്ളണമെന്നില്ല; എന്നാൽ അവയ്‌ക്ക്‌ അർഹമായ പരിഗണന നല്‌കാറുണ്ട്‌. ആധികാരിക-കീഴ്‌നടപ്പുകള്‍ക്ക്‌ നിയമത്തിന്റെ സ്രാതസ്‌ എന്ന നിലയിൽ സ്ഥാനമുണ്ട്‌. പ്രരക-കീഴ്‌നടപ്പുകള്‍ക്ക്‌ ഈ സ്ഥാനമില്ല; അവയ്‌ക്ക്‌ ചരിത്രപരമായ പ്രാധാന്യമേയുള്ളൂ. ചില കീഴ്‌നടപ്പുകള്‍ ചില കോടതികളെ സംബന്ധിച്ചിടത്തോളം ആധികാരികവും മറ്റു ചില കോടതികളെ സംബന്ധിച്ചിടത്തോളം പ്രരകവും ആയതുകൊണ്ട്‌ കീഴ്‌നടപ്പുകളെ മൊത്തത്തിൽ ആധികാരികം, പ്രരകം എന്നു കൃത്യമായി വേർതിരിക്കുക സാധ്യമല്ല. ഉദാ. കീഴ്‌ക്കോടതികളെ സംബന്ധിച്ചിടത്തോളം ഒരു ഹൈക്കോടതിയുടെ വിധിത്തീർപ്പിന്‌ ആധികാരികസ്ഥാനമുണ്ട്‌. എന്നാൽ ഒരു ഹൈക്കോടതിയുടെ വിധിന്യായത്തിന്‌ സുപ്രീംകോടതിയിൽ പ്രരകസ്ഥാനമേയുള്ളൂ. ഒരു ഹൈക്കോടതിയുടെ വിധിത്തീർപ്പ്‌ ഇതര ഹൈക്കോടതികള്‍ക്ക്‌ ആധികാരികമല്ല; പ്രരകം മാത്രമാണ്‌.

ഒരു വ്യവഹാരത്തിലുള്‍ക്കൊള്ളുന്ന വസ്‌തുതകളല്ല, മറിച്ച്‌ വ്യവഹാരത്തിലാവിർഭവിച്ചിട്ടുള്ള "റേഷ്യോ ഡെസിഡെന്‍സി'യാണ്‌ കീഴ്‌നടപ്പിന്‌ ബാധകമാകുന്ന ആധാരവസ്‌തു. ഒരു വ്യവഹാരത്തിന്റെ വിധിത്തീർപ്പിൽ ആധികാരികമായി നില്‌ക്കുന്ന നിയമതത്ത്വമാണ്‌ "റേഷ്യോ ഡെസിഡെന്‍ഡി'. സ്റ്റേറേ ഡിസൈസിസ്‌ എന്ന സംജ്ഞയ്‌ക്കു നല്‌കുന്ന യാഥാസ്ഥിതിക വ്യാഖ്യാനം സ്റ്റേറേ റേഷ്യോനിബുസ്‌ റെസിഡെന്‍ഡിസ്‌ എന്നാണ്‌; അതായത്‌ മുന്‍ വ്യവഹാരങ്ങളുടെ തീർപ്പിലെ റേഷ്യോനെഡ്‌ ഡെസിഡെന്‍ഡിയിൽ ഉറച്ചുനിൽക്കുക എന്നർഥം. ഒരു വ്യവഹാരത്തിന്റെ വിധിത്തീർപ്പ്‌ വ്യവഹാരത്തിൽ ഏർപ്പെട്ടിട്ടുള്ള കക്ഷികള്‍ക്കു മാത്രം ബാധകമാണ്‌. എന്നാൽ അതിലടങ്ങിയിരിക്കുന്ന അമൂർത്തമായ "റേഷ്യോ ഡെസിഡെന്‍ഡി'യാകട്ടെ സാർവജനീന നിയമപ്രാബല്യമുള്ളതാണ്‌. ഒരു കോടതിവിധിക്ക്‌ കീഴ്‌നടപ്പിന്റെ പ്രഭാവമുണ്ടാകണമെങ്കിൽ രണ്ടു സംഗതികള്‍ ഒത്തുചേർന്നിരിക്കണം. ഒന്നാമതായി അത്‌ ഒരു ന്യായാധിപന്‍ പുറപ്പെടുവിച്ച അഭിപ്രായമായിരിക്കണം. രണ്ടാമതായി അത്‌ ഒരു വ്യവഹാരത്തിന്റെ വിധിത്തീർപ്പിനനിവാര്യമായ അഭിപ്രായവുമായിരിക്കണം. അതായത്‌ അത്‌ "ഒബിറ്റർ ഡിക്‌റ്റം' ആയിരിക്കരുത്‌. ഒരു വ്യവഹാരത്തിന്റെ വിധിത്തീർപ്പിൽ വിധിത്തീർപ്പിനാസ്‌പദമല്ലാതെ, സംഭവഗത്യാ ന്യായാധിപന്‍ പുറപ്പെടുവിക്കുന്ന അഭിപ്രായമാണ്‌ "ഒബിറ്റർ ഡിക്‌റ്റം'.

"ഒബിറ്റർ ഡിക്‌റ്റ'ത്തിനു കീഴ്‌നടപ്പിന്റെ പ്രാബല്യമില്ല. ഒരു വ്യവഹാരത്തിന്റെ വിധിത്തീർപ്പിൽ "ഒബിറ്റർ' അനിവാര്യമല്ലെന്നതാണ്‌ ഇതിനു കാരണം. "ഒബിറ്ററി'ന്‌ കീഴ്‌നടപ്പിന്റെ പ്രാബല്യമില്ലെങ്കിലും ഇന്ത്യയിലെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി ഒരു വ്യവഹാരത്തിന്റെ വിധിന്യായത്തിനിടയിൽ പുറപ്പെടുവിക്കുന്ന "ഒബിറ്റർ' അഭിപ്രായങ്ങളെ ആദരവോടെയാണ്‌ കീഴ്‌ക്കോടതികള്‍ കണക്കാക്കാറുള്ളത്‌.

ഒരു വിധിന്യായത്തിലെ "റേഷ്യോ ഡെസിഡെന്‍ഡി' കണ്ടുപിടിക്കുമ്പോള്‍ വിയോജിച്ചുകൊണ്ടുള്ള വിധിന്യായത്തെ ഒഴിവാക്കുകയാണു ചെയ്യുന്നത്‌. വിയോജിച്ചുകൊണ്ടുളള വിധിന്യായം എത്ര പ്രാധാന്യമർഹിക്കുന്നതായാലും അതു "റേഷ്യോ' ആയി കണക്കാക്കാറില്ല. വ്യവഹാരത്തിന്റെ തീർപ്പിനെ സംബന്ധിച്ചിടത്തോളം അതിന്റെ തീരുമാനത്തിലെത്താന്‍ വിയോജിച്ചുകൊണ്ടുള്ള വിധി ഒട്ടും സഹായകമല്ലെന്നതാണ്‌ ഇതിനു കാരണം. ഇന്ത്യന്‍ ഭരണഘടനയുടെ 145(5) അനുച്ഛേദമനുസരിച്ച്‌ വിയോജിച്ചുകൊണ്ടുള്ള വിധിന്യായങ്ങള്‍ പുറപ്പെടുവിക്കാന്‍ ഉന്നതന്യായപീഠങ്ങളായ ഹൈക്കോടതികളിലെയും സുപ്രീംകോടതികളിലെയും ന്യായാധിപന്മാർക്ക്‌ അവകാശമുണ്ട്‌.

ചില സാഹചര്യങ്ങളിൽ കീഴ്‌നടപ്പുകളുടെ ആധികാരികസ്വഭാവം നഷ്‌ടപ്പെടാറുണ്ട്‌. ഒരു കോടതിവിധിക്കെതിരായ വിധത്തിലുളള നിയമങ്ങളോ ചട്ടങ്ങളോ പിന്നീട്‌ പാസ്സാക്കപ്പെട്ടാലോ ആ വിധിയെ ഉയർന്ന കോടതി ദുർബലപ്പെടുത്തിയാലോ ആണ്‌ അതിന്റെ ആധികാരികത നഷ്‌ടപ്പെടുക. "പെർ ഇന്‍കുറിയം' വിധിത്തീർപ്പുകളും ഇതരകോടതികള്‍ക്കു ബാധകമല്ല. കോടതികള്‍ക്കു ബാധകമായ നിയമങ്ങളെയോ ഉയർന്ന ന്യായാസനപീഠങ്ങള്‍ പുറപ്പെടുവിച്ച വിധിന്യായങ്ങളെയോ സംബന്ധിച്ച അജ്ഞതയുടെ ഫലമായി പുറപ്പെടുവിക്കുന്ന വിധിത്തീർപ്പുകളാണ്‌ "പെർ ഇന്‍കുറിയം' വിധികള്‍. "സബ്‌സൈലന്‍ഷ്യോ' കീഴ്‌നടപ്പുകളും ഇതര കോടതികള്‍ക്കു ബാധകമല്ല. ഒരു വ്യവഹാരത്തിനാസ്‌പദമായ നിയമശകലങ്ങള്‍ കോടതിയുടെ ശ്രദ്ധയിൽപ്പെടാതെയോ ആ നിയമശകലങ്ങളുടെ അന്തസ്സത്ത കോടതി ശരിക്കും മനസ്സിലാക്കാതെയോ പുറപ്പെടുവിക്കുന്ന വിധിന്യായങ്ങളാണ്‌ "സബ്‌സൈലന്‍ഷ്യോ' വിധികള്‍. ഒരു വ്യവഹാരത്തിന്റെ വിധിയിൽ പരസ്‌പരവിരുദ്ധങ്ങളായ രണ്ട്‌ അഭിപ്രായങ്ങളുണ്ടെങ്കിൽ അതിലേതാണ്‌ കീഴ്‌നടപ്പായി കരുതേണ്ടതെന്ന്‌ കോടതി വ്യക്തമാക്കേണ്ടതുണ്ട്‌. ഒരു കോടതിയുടെ തീരുമാനം മേൽക്കോടതി അസാധുവാക്കിയില്ലെങ്കിൽപ്പോലും മേൽക്കോടതിയുടെ ഒരു തീരുമാനവുമായി പൊരുത്തപ്പെടുന്നതല്ല എന്നു തോന്നിയാൽ ഒരു കോടതിക്ക്‌ ആ കോടതിയുടെ തന്നെ ഒരു വിധിത്തീർപ്പിനെ സ്വീകരിക്കാതിരിക്കാം.

(സി.പി.ആർ.പി.പ്രസാദ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍