This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിർഗിസ്ഥാന്‍, റിപ്പബ്ലിക്‌ ഒഫ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

23:35, 25 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കിർഗിസ്ഥാന്‍, റിപ്പബ്ലിക്‌ ഒഫ്‌

Kirghistan, Republic of

മധ്യേഷ്യയിലെ ഒരു സ്വതന്ത്ര റിപ്പബ്ലിക്‌. മുന്‍പ്‌ സോവിയറ്റ്‌ യൂണിയന്റെ ഭാഗമായിരുന്ന കിർഗിസിയ 1991-ൽ സ്വതന്ത്ര റിപ്പബ്ലിക്കായപ്പോള്‍ കിർഗിസ്ഥാന്‍ എന്ന്‌ പുനർനാമകരണം ചെയ്യപ്പെട്ടു. ചൈനയ്‌ക്ക്‌ പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന 'ടിയെന്‍ഷാന്‍ പർവതനിരകളും താഴ്‌വരകളും നിറഞ്ഞ ഈ ഭൂപ്രദേശത്തിന്‌ 198, 500 ച.കി.മീ. വിസ്‌തീർണമുണ്ട്‌. ടിയെന്‍ഷാന്‍ പർവതത്തിലെ പൊക്കം കൂടിയ രണ്ട്‌ കൊടുമുടികളാണ്‌ പൊബോദയും (7322 മീ.) ഖന്‍-തെഗ്രിയും (6885 മീ). ഇവിടത്തെ ഫലഭൂയിഷ്‌ഠമായ മണ്ണ്‌ കൃഷിക്ക്‌ വളരെ അനുയോജ്യമാണ്‌. ഉയർന്ന തടങ്ങളിൽ മഴ സമൃദ്ധം. താഴ്‌വരകളിൽ നിബിഡവനങ്ങള്‍ തഴച്ചുവളരുന്നു. പരുത്തി, നെല്ല്‌, ബീറ്റ്‌റൂട്ട്‌, പുകയില എന്നിവയാണ്‌ പ്രധാന കൃഷികള്‍. സോവിയറ്റ്‌ യൂണിയന്റെ ഭാഗമായിരുന്നപ്പോള്‍ ദ്രുതഗതിയിലുള്ള വ്യവസായവത്‌കരണം ഈ പ്രദേശത്ത്‌ നടന്നിട്ടുണ്ട്‌. എണ്ണ, കൽക്കരി, മെർക്കുറി, ആന്റിമണി, യുറേനിയം തുടങ്ങിയവ ഇവിടെ വ്യാപകമായി ഖനനം ചെയ്യുന്നു. തുണിമില്ലുകളും കാർഷികോപകരണം, പഞ്ചസാര, തുകലുത്‌പന്നങ്ങള്‍ എന്നിവയുടെ നിർമാണവും പഴവർഗ സംസ്‌കരണവുമാണ്‌ പ്രധാന വ്യവസായങ്ങള്‍.

ജനസംഖ്യ: 5,081,429 (2004). ജനങ്ങളിൽ 75 ശതമാനം മുസ്‌ലിങ്ങളും, 20 ശതമാനം റഷ്യന്‍ ഓർത്തഡോക്‌സ്‌ മതവിശ്വാസക്കാരും 5 ശതമാനം മറ്റുള്ളവരുമാണ്‌. 97 ശതമാനംപേർ സാക്ഷരരാണ്‌. തലസ്ഥാനം: ബിഷ്‌കെക്ക്‌.

എട്ടാം നൂറ്റാണ്ടിൽ അറബികള്‍ മധ്യേഷ്യയിലെ ഏറെ സ്ഥലം ആക്രമിച്ച്‌ കിർഗിസിൽ ഇസ്‌ലാം മതം പ്രചരിപ്പിച്ചു. 1758-ൽ ഈ രാജ്യം ചൈനാസാമ്രാജ്യത്തിന്റെ ഭാഗമായി. 19-ാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ ഇത്‌ ഉസ്‌ബെക്‌ ഖാനേറ്റിലെ ഒരു പ്രവിശ്യയായി. 1876-ൽ കിർഗിസിയ റഷ്യയിൽ ലയിച്ചു. 1926-ൽ കിർഗീസ്‌ സ്വയംഭരണ നാട്‌ സോവിയറ്റ്‌ സോഷ്യലിസ്റ്റ്‌ റിപ്പബ്ലിക്കിന്റെ ഘടകമായി. 1991-ലാണ്‌ കിർഗീസിയ സ്വാതന്ത്യ്രം പ്രഖ്യാപിച്ച്‌ കിർഗിസ്ഥാനായത്‌.

സാഹിത്യകലാപ്രവർത്തനങ്ങളിൽ ഈ റിപ്പബ്ലിക്‌ എക്കാലത്തും മുന്നണിയിലായിരുന്നു. 1963-ൽ ലെനിന്‍ പ്രസ്‌ നേടിയ ചിംഗിസ്‌ അയിത്‌ മതോവ്‌ ഈ രംഗത്ത്‌ പ്രസിദ്ധനാണ്‌. കിർഗിസ്‌ ഭാഷയിലുള്ള പത്രങ്ങള്‍ക്കും മാസികകള്‍ക്കും പുസ്‌തകങ്ങള്‍ക്കും നല്ല പ്രചാരമുണ്ട്‌. വിദ്യാഭ്യാസരംഗത്തും കിർഗിസിയ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്‌.

(തോട്ടം രാജശേഖരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍