This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിയോവ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

23:26, 25 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കിയോവ

Kiowa

ഒരു അമേരിന്ത്യന്‍ ജനവർഗം. വടക്കേ അമേരിക്കയിലെ മധ്യമഹാസമതലത്തിന്റെ തെക്കന്‍ ഭാഗങ്ങളിൽ നിവസിക്കുന്ന ഈ ജനവർഗം കിയോവ-ടാനോവന്‍ ഗോത്രത്തിൽപ്പെട്ട ഭാഷ സംസാരിക്കുന്നു. ഒരുകാലത്ത്‌ ഈ പ്രദേശത്തെ ഇന്ത്യന്‍ ജനവർഗങ്ങളിൽ ഏറ്റവും പ്രബലന്മാരായിരുന്നു ഇക്കൂട്ടർ. ആരംഭത്തിൽ പടിഞ്ഞാറന്‍ മൊണ്ടാനയിലെ മലമ്പ്രദേശങ്ങളിൽ നിവസിച്ചിരുന്ന ഇവർ മറ്റു ജനവർഗങ്ങളുടെ സമ്മർദത്തിനു വഴങ്ങി 17-ാം നൂറ്റാണ്ടോടുകൂടി കിഴക്കോട്ടു നീങ്ങുകയും ഡക്കോട്ടയിലെ ബ്ലാക്ക്‌ ഹിൽസിൽ താവളമുറപ്പിക്കുകയും ചെയ്‌തു. 18-ാം നൂറ്റാണ്ടായതോടെ ഇക്കൂട്ടർ വടക്ക്‌ കാന്‍സസ്‌, കൊളറാഡോ എന്നിവിടങ്ങളിലും പടിഞ്ഞാറ്‌ ന്യൂമെക്‌സിക്കോയിലും തെക്ക്‌ ടെക്‌സാസിലും വ്യാപിച്ചു. പൊതുവായ ആവശ്യങ്ങള്‍ക്കായി ഇവർ സമ്മേളിച്ചിരുന്നത്‌ കനേഡിയന്‍ നദീതടത്തിലും റെഡ്‌ നദിക്കരയിലെ വിചിതാപർവത പ്രദേശങ്ങളിലുമാണ്‌. കാലക്രമേണ കിയോവ ജനവർഗം മധ്യമഹാസമതലപ്രദേശത്തെ പരിഷ്‌കൃത ജനവർഗങ്ങളിൽ ഒന്നായിത്തീർന്നു. ഇന്ന്‌ ഇവർ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്‌ ഒക്‌ലഹോമ, ടെക്‌സാസ്‌ എന്നിവിടങ്ങളിലാണ്‌.

മധ്യമഹാസമതലത്തിലെ അമേരിന്ത്യന്‍ ജനവർഗങ്ങളിൽ കുതിരകളെ ഏറ്റവും കൂടുതൽ മെരുക്കി ഉപയോഗപ്പെടുത്തിയിരുന്നത്‌ കിയോവ ജനവർഗമാണ്‌. കിയോവാ സാമ്പത്തിക സാംസ്‌കാരിക ഘടനയുടെ അടിസ്ഥാനംതന്നെ ഒരുകാലത്ത്‌ കുതിര ആയിരുന്നു. വ്യക്തികള്‍ക്ക്‌ സ്വന്തമായുള്ള കുതിരകളുടെ എണ്ണമനുസരിച്ച്‌ സമ്പന്നരെ വേർതിരിക്കുന്ന സമ്പ്രദായം ഇവരുടെ സമൂഹത്തിൽ പ്രബലമായിരുന്നു. ഇതിനായി ഇവർ വ്യാപകമായ തോതിൽ കുതിര മോഷണവും കുതിരക്കച്ചവടവും നടത്തുക പതിവാണ്‌. അക്കാലത്ത്‌ 20 മുതൽ 30 വരെ കുതിരകളുള്ളവരാണ്‌ ഇവരുടെയിടയിൽ സമ്പന്നർ. ചില ദ്രവ്യങ്ങള്‍ക്കു വിലയായും പെണ്‍വിലയായും കുതിരകളെ കൈമാറുന്ന പതിവും അപൂർവമല്ല. അലഞ്ഞുതിരിഞ്ഞു നടക്കുന്ന കാട്ടുപോത്തിന്‍ കൂട്ടത്തെ സംഘം ചേർന്ന്‌ പിന്തുടരുക കിയോവന്‍ ജനങ്ങളുടെ ശീലമായിരുന്നു. ഇങ്ങനെ സഞ്ചരിക്കുന്ന കുടുംബസംഘങ്ങള്‍ "ടോപഡോഗ' എന്നും സംഘത്തലവന്‍ "ടോപഡോക്കി' എന്നും അറിയപ്പെടുന്നു.

സംഘത്തലവന്റെ പിന്തുടർച്ചാവകാശത്തെയും മറ്റും സംബന്ധിച്ച്‌ കർക്കശവും സങ്കീർണവുമായ നിയമങ്ങള്‍ ഉണ്ട്‌. ടോപഡോക്കികള്‍ ഉള്‍പ്പെടുന്ന ഗോത്രഭരണസമിതിയിൽ നിന്നാണ്‌ വർഗത്തലവനെ തിരഞ്ഞെടുക്കുന്നത്‌.

തടികൊണ്ടു നിർമിച്ച മുക്കാലിയിൽ മൃഗചർമം വലിച്ചുകെട്ടി തയ്യാറാക്കുന്നതും എളുപ്പത്തിൽ പൊളിച്ചുമാറ്റാവുന്നതുമായ കൂടാരങ്ങളിലാണ്‌ ഇവർ താമസിച്ചിരുന്നത്‌. കാട്ടുപോത്തിറച്ചിയായിരുന്നു ഇവരുടെ മുഖ്യാഹാരം. കാട്ടു ഞാവൽപ്പഴങ്ങളും പോത്തിന്‍ കൊഴുപ്പും ഉണങ്ങിയ ഇറച്ചിയും ചേർത്തു പൊടിച്ചുണ്ടാക്കുന്ന ഒരു മിശ്രിതാഹാരം (Pemmican) ആണ്‌ ഇവരുടെ ഇഷ്‌ടഭോജ്യം. വന്യഫലങ്ങളും കിഴങ്ങുവർഗങ്ങളും ഉണ്ടാകുന്ന കാലങ്ങളിൽ അവ ശേഖരിച്ച്‌ ആഹരിക്കുന്നു. പക്ഷികളുടെ ഇറച്ചിയും മത്സ്യവും മദ്യവും ഇവർക്കു നിഷിദ്ധമാണ്‌. പരമ്പരാഗതമായി കൃഷിക്കാരല്ലാത്ത ഇവർ മറ്റു കർഷക ജനവർഗങ്ങളിൽ നിന്ന്‌ ധാന്യങ്ങളും പച്ചക്കറികളും വിലയ്‌ക്കുവാങ്ങിയാണ്‌ ഉപയോഗിക്കാറുള്ളത്‌.

മൃഗചർമനിർമിതവും ലോഹങ്ങള്‍കൊണ്ട്‌ അലങ്കാരപ്പണികള്‍ നടത്തിയതുമായ വസ്‌ത്രങ്ങളാണ്‌ കിയോവാ ജനങ്ങളുടെ പരമ്പരാഗതവേഷം. പാദരക്ഷയും പരുക്കന്‍ ഉപയോഗത്തിനുള്ള വസ്‌ത്രങ്ങളും തയ്യാറാക്കുന്നത്‌ കാട്ടുപോത്തിന്റെ ചർമംകൊണ്ടാണ്‌. ഒരുതരം വെള്ളികൊണ്ടു നിർമിച്ചതും മിന്നിത്തിളങ്ങുന്നതും ചലിക്കുമ്പോള്‍ കിലുങ്ങുന്നതുമായ വൈവിധ്യമാർന്ന ആഭരണങ്ങള്‍ ഇവർ തലയിലും കഴുത്തിലും അരയിലും കൈകാലുകളിലും ധരിക്കുന്നു. സ്വപ്‌നം, വെളിപാട്‌ എന്നിവയിലൂടെ യുദ്ധം, മൃഗയാവിനോദം, ചികിത്സ എന്നീ രംഗങ്ങളിൽ അതിമാനുഷമായ ശക്തി ആർജിക്കുവാന്‍ കഴിയുമെന്ന്‌ ഇവർ വിശ്വസിക്കുന്നു. 2010-ലെ കണക്കനുസരിച്ച്‌ കിയോവ ജനവർഗത്തിന്റെ സംഖ്യ ഏകദേശം 11,500 ആണെന്നു കരുതുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BF%E0%B4%AF%E0%B5%8B%E0%B4%B5" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍