This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിഡ്‌, തോമസ്‌ (1558 - 94)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

23:15, 25 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കിഡ്‌, തോമസ്‌ (1558 - 94)

Kyd, Thomas

ഇംഗ്ലീഷ്‌ നാടകകൃത്ത്‌. ലണ്ടനിലെ ഒരു ആധാരമെഴുത്തുകാരനായിരുന്ന ഫ്രാന്‍സിസ്‌ കിഡിന്റെ പുത്രനായി 1558-ൽ ജനിച്ചു. ദ്‌ സ്‌പാനിഷ്‌ ട്രാജഡി(The Spanish Tragedy)യാണ്‌ ഇദ്ദേഹത്തിന്റെ ഏറ്റവും മുഖ്യകൃതി.

മർച്ചന്റ്‌സ്‌ ടെയിലേഴ്‌സ്‌ സ്‌കൂളിലെ വിദ്യാഭ്യാസത്തിനുശേഷം കിഡ്‌ തോമസ്‌ പല തൊഴിലുകളിൽ ഏർപ്പെട്ടെങ്കിലും ഒന്നിലും ഉറച്ചു നിന്നില്ല. ലാറ്റിന്‍ഗ്രന്ഥങ്ങള്‍ ധാരാളമായി വായിച്ച കിഡിനെ സാഹിത്യജീവിതത്തിൽ ഏറ്റവുമധികം സ്വാധീനിച്ചത്‌ സെനേക്ക ആയിരുന്നു. സെനേക്കന്‍ നാടകങ്ങളുടെ മാതൃകയിലാണ്‌ കിഡ്‌ തന്റെ നാടകങ്ങള്‍ രചിച്ചത്‌. എലിസബേത്തന്‍ കാലഘട്ടത്തിൽ ഷെയ്‌ക്‌സ്‌പിയറുടെ മുന്‍ഗാമിയായിരുന്ന ഇദ്ദേഹത്തിന്റെ പ്രസിദ്ധ കൃതി "സ്‌പാനിഷ്‌ ട്രാജഡി' എന്ന നാടകമാണ്‌. ഷെയ്‌ക്‌സ്‌പിയർ, ബെന്‍ ജോണ്‍സണ്‍, ഫ്‌ളെച്ചർ തുടങ്ങിയ പില്‌ക്കാല നാടകകൃത്തുകളെ ഈ കൃതി ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്‌. ഹാംലെറ്റ്‌ രചിക്കാന്‍ ഷെയ്‌ക്‌സ്‌പിയർക്കു പ്രചോദനം നല്‌കിയത്‌ കിഡിന്റെ ഹാംലെറ്റ്‌ എന്ന നാടകമാണെന്നു നിരൂപകന്മാർ ചൂണ്ടിക്കാട്ടുന്നു. 1587-88 കാലത്താണ്‌ സ്‌പാനിഷ്‌ ട്രാജഡി ആദ്യമായി അരങ്ങേറിയത്‌. "ഭീകര'മായ ഈ ദുരന്തനാടകം ചാള്‍സ്‌ 1-ാമന്റെ കാലംവരെയും അവതരിപ്പിക്കപ്പെട്ടു പോന്നു. പില്‌ക്കാലത്ത്‌ കിഡ്‌ എന്ന നാടകകൃത്തും സ്‌പാനിഷ്‌ ട്രാജഡി എന്ന നാടകവും വിസ്‌മരിക്കപ്പെടുകയുണ്ടായി. നിരൂപകന്മാരും സാഹിത്യചരിത്രകാരന്മാരും ഇദ്ദേഹത്തിന്റെ പേരുപോലും മറന്ന മട്ടായിരുന്നു. തോമസ്‌ ഹേവുഡിന്റെ അപ്പോളജി ഫോർ ആക്‌ടേഴ്‌സ്‌ എന്ന ഗ്രന്ഥത്തിൽ സ്‌പാനിഷ്‌ ട്രാജഡിയുടെ കർത്താവെന്ന നിലയിൽ കിഡിന്റെ പേര്‌ പരാമൃഷ്‌ടമായിരുന്നത്‌ 1773-ൽ തോമസ്‌ ഹാകിന്‍സ്‌ കണ്ടെത്തിയതോടെയാണ്‌ കിഡിനെപ്പറ്റി ഇംഗ്ലീഷുകാർ ശ്രദ്ധിച്ചു തുടങ്ങിയതും കിഡിന്റെ ജീവിതത്തെപ്പറ്റിയും സാഹിത്യസംഭാവനകളെപ്പറ്റിയും അറിഞ്ഞതും. ജീവിത സായാഹ്നത്തിൽ ഇദ്ദേഹം ക്രിസ്റ്റഫർ മാർലോയുമായി സുഹൃദ്‌ബന്ധം സ്ഥാപിച്ചു. 1590-93 കാലത്ത്‌ ഇരുവരും സസെക്‌സിലെ പ്രഭുവിന്റെ കീഴിൽ ഉദ്യോഗം വഹിച്ചിരുന്നു. ഈ പ്രഭുവിന്റെ പത്‌നിക്കാണ്‌ കിഡ്‌ തന്റെ "കൊർണീലിയ' എന്ന നാടകം സമർപ്പിച്ചിട്ടുള്ളത്‌.

1593-ൽ മാർലോയ്‌ക്കെതിരായി ഉന്നീതമായ രാജ്യദ്രാഹക്കുറ്റവുമായി ബന്ധപ്പെടുത്തി കിഡിനെയും അറസ്റ്റുചെയ്യുകയുണ്ടായി. കഠിനമായ മർദനത്തിനിരയായ കിഡ്‌ ജയിൽവിമുക്തനായെങ്കിലും അടുത്ത വർഷം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍