This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാഹിത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:53, 25 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കാഹിത

Cahita

അമേരിന്ത്യന്‍ ജനവർഗങ്ങളുടെ ഒരു വിഭാഗം. മെക്‌സിക്കോയുടെ വടക്കു പടിഞ്ഞാറെ തീരത്തു സിനലോ, ഫ്യൂർട്ടെ, മായോ, യാക്വി എന്നീ നദീതടങ്ങളിലാണ്‌ ഇക്കൂട്ടർ നിവസിക്കുന്നത്‌. കൃഷി ചെയ്‌തു ഉപജീവനം നടത്തിപോരുന്ന കാഹിതാ വർഗക്കാരിൽ ഭൂരിഭാഗവും നിമ്‌നതലങ്ങളിലും നദീതടങ്ങളിലുമാണ്‌ നിവസിച്ചിരുന്നത്‌. എന്നാൽ പശ്ചിമദുരാംഗോയുടെ ഉന്നതമേഖലകളിൽ താമസിച്ചിരുന്ന ചെറിയൊരു വിഭാഗം കാഹിതകള്‍ വേനൽക്കാലത്തെ മഴയെമാത്രം ആശ്രയിച്ചു കാർഷികവൃത്തിയിലേർപ്പെട്ടു. നിമ്‌ന മേഖലയിൽ നിവസിച്ചിരുന്നവർ ഫലഭൂയിഷ്‌ഠമായ നദീതടങ്ങളിൽ വിവിധതരം ധാന്യങ്ങളും മറ്റു ഭക്ഷ്യ വസ്‌തുക്കളും ധാരാളമായി ഉത്‌പാദിപ്പിച്ചിരുന്നു. മണ്‍പാത്രനിർമാണത്തിലും കുട്ടനെയ്‌ത്തിലും തുണിനെയ്‌ത്തിലും ഇക്കൂട്ടർ നിപുണരായിരുന്നു. "റഞ്ചെരിയ' എന്ന്‌ അറിയപ്പെടുന്ന കോളനികളിൽ അടുത്തടുത്തു നിർമിച്ചിരുന്ന കുടിലുകളിലാണ്‌ ഇവർ നിവസിച്ചിരുന്നത്‌. ഓരോ "റഞ്ചെരിയ'യും ഒരു തലവന്റെയോ ഒരുകൂട്ടം തലവന്മാരുടെയോ നിയന്ത്രണത്തിൽ സ്വതന്ത്രമായി പ്രവർത്തിച്ചിരുന്നു. എന്നാൽ അടിയന്തിര ഘട്ടങ്ങളിൽ "റഞ്ചെരിയ'കള്‍ സഹകരിച്ചു പ്രവർത്തിച്ച്‌ ശക്തമായ ഗോത്രവർഗസംഘടനയായി നിലകൊണ്ടിരുന്നു. സ്‌പെയിന്‍കാരുടെ സ്വാധീനതയുടെ ഫലമായി റഞ്ചെരിയകള്‍ പട്ടണങ്ങളിലെ പള്ളികള്‍ക്കു ചുറ്റുമായി കേന്ദ്രീകരിക്കപ്പെട്ടിരുന്നു. കാഹിതാ ജനവർഗക്കാർ തങ്ങളുടെ ഗോത്രമതത്തിന്റെയും ക്രിസ്‌തുമതത്തിന്റെയും ഒരു സങ്കരരൂപം വളർത്തിയെടുത്തു. കാഹിതാ സംസ്‌കാരത്തിന്‌ യു. എസ്സിലെ പ്യൂബ്ലോ ഇന്ത്യന്‍ സംസ്‌കാരവുമായി വളരെയധികം സാമ്യമുണ്ട്‌.

യൂട്ടോ-ആസ്‌ടെക്കന്‍ ഭാഷാകുലത്തിൽപ്പെട്ട കാഹിത ഭാഷ സംസാരിക്കുന്ന കാഹിത ജനവർഗങ്ങളിൽ അവശേഷിക്കുന്ന പ്രബല വിഭാഗങ്ങള്‍ യാക്വി, മായോ എന്നിവയാണ്‌. ആദ്യകാലങ്ങളിൽ സ്‌പാനിഷ്‌ ആക്രമണത്തെ എതിർത്തിരുന്ന യാക്വികളും മായോകളും ക്രമേണ ജസ്യൂട്ട്‌ മിഷനറിമാരുമായി സഹകരിച്ചു തുടങ്ങി. 17-ാം നൂറ്റാണ്ടോടുകൂടി ജസ്യൂട്ട്‌ മിഷനറിമാർ ഈ ജനവർഗക്കാരെ മുഴുവനും ക്രിസ്‌തുമതത്തിലേക്ക്‌ പരിവർത്തനം ചെയ്യിച്ചു. 19-ാം നൂറ്റാണ്ടിൽ ഇവർ മെക്‌സിക്കന്‍ ആധിപത്യത്തിനെതിരെ പടപൊരുതി. യാക്വികളുടെ പോരാട്ടം ഏകദേശം ഒരു നൂറ്റാണ്ടോളം നീണ്ടു നിന്നു. 1886-ൽ മെക്‌സിക്കന്‍ ഗവണ്‍മെന്റ്‌ ബലം പ്രയോഗിച്ച്‌ ഇവരെ ഛിന്നഭിന്നമാക്കുകയും ആയിരക്കണക്കിനാളുകളെ സോണോറോ, ഓക്‌സാക്ക, യുക്കാറ്റന്‍ എന്നിവിടങ്ങളിലേക്കു നാടുകടത്തുകയും ചെയ്‌തു. മറ്റുള്ളവർ യു. എസ്സിന്റെ തെക്ക്‌ പടിഞ്ഞാറ്‌ ഭാഗങ്ങളിലേക്കു പലായനം ചെയ്‌തു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍