This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാസി മുഹ്‌യിദ്ദീന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:10, 25 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കാസി മുഹ്‌യിദ്ദീന്‍

അറബി പണ്‌ഡിതന്‍. ഇദ്ദേഹം കോഴിക്കോട്ടുകാരനാണ്‌. ഹിജ്‌റ 1004-ൽ കാസി മുഹമ്മദിന്റെ വരിഷ്‌ഠ പുത്രനായി ജനിച്ചു. പ്രാഥമിക പഠനം സ്വപിതാവിൽ നിന്നാണ്‌ ഇദ്ദേഹം നിർവഹിച്ചത്‌. പിതാവിന്റെ കത്തുകളും ഫത്‌വകളും ഗ്രന്ഥങ്ങളിൽ ചിലതും കാസി മുഹ്‌യിദ്ദീനാണ്‌ എഴുതിയിരുന്നത്‌. പിതാവിന്റെ മരണശേഷം ഇദ്ദേഹം കോഴിക്കോട്ടെ കാസി സ്ഥാനം ഏറ്റെടുത്തു. അക്കാലത്ത്‌ അവിടത്തെ മുസ്‌ലിങ്ങളും സാമൂതിരി രാജാക്കന്മാരുമായി അടുത്ത ബന്ധത്തിലായിരുന്നു. മതച്ചടങ്ങുകള്‍, ആഘോഷങ്ങള്‍, വൈവാഹിക കർമങ്ങള്‍ എന്നിവയിലെല്ലാം അന്യോന്യം ബന്ധപ്പെട്ടു ചെയ്‌തു പോന്നിരുന്ന ആചാരക്രമങ്ങള്‍ പലതുമുണ്ടായിരുന്നു. അതു കാരണം കാസി മുഹ്‌യിദ്ദീന്‍ കോഴിക്കോട്ടെ കാസിയായി അധികാരമേറ്റെടുത്തത്‌ സാമൂതിരിപ്പാടിന്റെയും മുസ്‌ലിം നേതാക്കളുടെയും അനുഗ്രഹാശീർവാദങ്ങളോടു കൂടിയായിരുന്നു. ഇദ്ദേഹത്തിന്റെ ജീവിതകാലത്താണ്‌ ലന്തക്കാർ കേരളത്തിൽ പ്രവേശിച്ചത്‌. ഒരു സ്വതന്ത്രചിന്തകനായ ഇദ്ദേഹം പറങ്കികളെ ഇവിടെ നിന്ന്‌ തുരത്തിയതുപോലെ ലന്തക്കാരെയും ആട്ടിപ്പായിക്കേണ്ടതാണെന്നു തുറന്ന്‌ പ്രഖ്യാപിക്കുകയുണ്ടായി.

പിതാവിനെപ്പോലെ കാസി മുഹ്‌യിദ്ദീന്‍ നല്ലൊരു മുഫ്‌ത്തിയും മതപ്രസംഗകനും കവിയും ഗ്രന്ഥകാരനുമായിരുന്നു. ഇദ്ദേഹം എഴുതിയ അഞ്ച്‌ അറബിഭാഷാകൃതികള്‍ ഖസീദത്തുഫീ മദ്‌ഹി മഹ്‌മൂദ്‌ഖാന്‍ ഖാക്കാന്‍, മർസിയ്യഃ അലാശൈഖ്‌ മുഹമ്മദുൽ ജിഫ്‌രി, ഖസീദത്ത്‌ ഫീ മദ്‌ഹീ മുഹമ്മദ്‌ സാലിഹിൽ മശ്‌ഹൂർ, ഖസീദത്ത്‌ ഫീനഹ്‌സിൽ അയ്യാം, ഖസീദത്തുൽ ബിശ്‌റത്തുൽ അളീമു ഫീ ഖിസ്സത്തി ന്നുസ്‌റത്തിൽ അളീമഃ എന്നിവയാണ്‌.

ഹിജ്‌റ 1067-ൽ ഇദ്ദേഹം അന്തരിച്ചു. സ്വപിതാവിന്റെ ഖബറിനടുത്തുതന്നെയാണ്‌ ഇദ്ദേഹത്തെയും സംസ്‌കരിച്ചിട്ടുള്ളത്‌.

(സി. എന്‍. അഹമ്മദ്‌ മൗലവി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍