This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കമലാകരഭട്ടന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

16:20, 3 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കമലാകരഭട്ടന്‍

സംസ്‌കൃത കാവ്യമീമാംസകഌം സ്‌മൃതികാരഌം. 16-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലാണ്‌ ഇദ്ദേഹം ജീവിച്ചിരുന്നതെന്നു ധര്‍മശാസ്‌ത്ര ചരിത്രഗ്രന്ഥങ്ങളില്‍ കാണുന്നു. പൈഠനപുരത്തിലെ മഹാവിദ്വാഌം സദാചാരനിഷ്‌ഠഌം ആശ്വലായന ശാഖീയഌമായ ഗോവിന്ദഭട്ടന്‍ എന്ന ബ്രാഹ്മണന്റെ വംശപരമ്പരയില്‍പ്പെട്ട കമലാകരഭട്ടന്‍ തന്ത്രവാര്‍ത്തികോപരിവ്യാഖ്യാ, ജീവത്‌ പിതൃകനിര്‍ണയം തുടങ്ങിയ ഗ്രന്ഥങ്ങളുടെ പ്രണേതാവായ രാമകൃഷ്‌ണഭട്ടന്റെ പുത്രഌം ഭാട്ടദിനകരത്തിന്റെയും ശാന്തിസാരത്തിന്റെയും കര്‍ത്താവായ ദിനകരഭട്ടന്റെ അഌജഌം ആചാരരത്‌നം തുടങ്ങിയ ധര്‍മശാസ്‌ത്രങ്ങളുടെ കര്‍ത്താവായ ലക്ഷ്‌മണഭട്ടന്റെ ജ്യേഷ്‌ഠഌമാണ്‌.

ഭിന്നകര്‍ത്തൃകങ്ങളായ നിരവധി ധര്‍മശാസ്‌ത്ര ഗ്രന്ഥങ്ങളില്‍ കാണപ്പെടുന്ന പരസ്‌പര വൈരുധ്യങ്ങള്‍ പരിഹരിക്കുന്നതിഌവേണ്ടി പൂര്‍വഗ്രന്ഥങ്ങള്‍ പരിശോധിച്ചും വിമര്‍ശിച്ചും വ്യാഖ്യാനിച്ചും കമലാകരഭട്ടന്‍ രചിച്ച നിര്‍ണയസിന്ധു എന്ന മഹാഗ്രന്ഥം ആസേതുഹിമാചലം ആദരിക്കപ്പെടുന്നു. സകല ധര്‍മശാസ്‌ത്ര ഗ്രന്ഥങ്ങളുടെയും ശിരോഭൂഷണമാണിത്‌.

പൂര്‍ത്തകമലാകരം, ശക്തികമലാകരം, കമലാകരാഹ്‌നികം, ശൂദ്രകമലാകരം എന്നിവ കമലാകരഭട്ടന്റെ പ്രധാന സ്‌മൃതിഗ്രന്ഥങ്ങളാണ്‌. വിവാദതാണ്ഡവം അഥവാ വിവാദകമലാകരം എന്നൊരു വ്യവഹാരഗ്രന്ഥവും ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. മമ്മടാചാര്യവിരചിതമായ കാവ്യപ്രകാശത്തിന്‌ ഇദ്ദേഹം രചിച്ച ഉപരിവ്യാഖ്യാനം ഇതര വ്യഖ്യാനങ്ങളെക്കാള്‍ സമുത്‌കൃഷ്ടമാണ്‌. ഇതിനെല്ലാം പുറമേ പല ജ്യോതിശ്ശാസ്‌ത്ര ഗ്രന്ഥങ്ങളും കമലാകരഭട്ടന്‍ രചിച്ചിട്ടുള്ളതായി കരുതപ്പെടുന്നു.

നിര്‍ണയ കമലാകരമെന്നുകൂടി പേരുള്ള നിര്‍ണയസിന്ധുവിന്‌ മൂന്നു പരിച്ഛേദങ്ങളാണുള്ളത്‌. ഓരോ പരിച്ഛേദത്തിഌം ധാരാളം അവാന്തരവിഭാഗങ്ങളുണ്ട്‌. ആദ്യത്തെ പരിച്ഛേദത്തില്‍ 240ല്‍പ്പരം വിഷയങ്ങളാണ്‌ വിവരിക്കപ്പെട്ടിരിക്കുന്നത്‌. രണ്ടാമത്തെ പരിച്ഛേദത്തെ ചൈത്രം മുതല്‍ ഫാല്‍ഗുനം വരെ പന്ത്രണ്ടു മാസങ്ങളായി വിഭജിച്ചു വിഷയങ്ങളെ വിന്യസിച്ചിരിക്കുന്നു. മൂന്നാമത്തെ പരിച്ഛേദത്തില്‍ 1,500ല്‍പ്പരം വിഷയങ്ങള്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. ഇതരകൃതികളിലും മിക്കവാറും സമാനമായ വിന്യാസക്രമമാണു സ്വീകരിച്ചിരിക്കുന്നത്‌.

(അരുമാനൂര്‍ നിര്‍മലാനന്ദന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍