This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കന്നി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:16, 1 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കന്നി

Virgo

രാശിചക്രത്തിലെ ആറാമത്തെ രാശി. കന്യക എന്നര്‍ഥമുള്ള വിര്‍ഗോ (Virgo) എന്ന പദമാണ്‌ ഈ രാശിയെ സൂചിപ്പിക്കാന്‍ പാശ്ചാത്യ ജ്യോതിശ്ശാസ്‌ത്രജ്ഞന്മാര്‍ ഉപയോഗിക്കുന്നത്‌. അസ്‌റ്റ്രാക്കസ്‌ (Astracus), അെന്‍കോറാ (Ancora) എന്നിവരുടെ പുത്രിയായ ഇയുസ്റ്റിഷിയാ (Iustitia) ആണ്‌ ഈ കന്യകയെന്നും അതല്ല ജൂപ്പിറ്ററിന്റെയും തെമിസ്സിന്റെയും പുത്രിയാണ്‌ ഇവരെന്നും ഗ്രീക്ക്‌ ഇതിഹാസ ഗ്രന്ഥങ്ങളില്‍ സൂചനകളുണ്ട്‌. കയ്യില്‍ ധാന്യക്കതിരേന്തി നില്‍ക്കുന്ന കന്യകയുടെ രൂപമാണ്‌ പാശ്ചാത്യ സങ്കല്‌പത്തില്‍. ഭാരതീയ സങ്കല്‌പമഌസരിച്ച്‌ ഒരു കൈയില്‍ സസ്യവും മറ്റേതില്‍ അഗ്നിയും വഹിച്ചുകൊണ്ട്‌ തോണിയില്‍ കയറി ജലയാത്രചെയ്യുന്ന ഒരു കന്യകയുടെ രൂപമാണ്‌ ഈ രാശിക്കുള്ളത്‌.

രാശിചക്രത്തെ മേടം, ഇടവം തുടങ്ങിയ പന്ത്രണ്ട്‌ രാശികളായി വിഭജിച്ചിരിക്കുന്നതുപോലെ അശ്വതി, ഭരണി തുടങ്ങി ഇരുപത്തേഴു നക്ഷത്രങ്ങളായും വിഭജിച്ചിട്ടുണ്ട്‌. ഒരു രാശി രണ്ടേകാല്‍ നക്ഷത്രം ഉള്‍ക്കൊള്ളുന്നു. ഉത്രത്തിന്റെ ഒടുവിലത്തെ മുക്കാല്‍ഭാഗം, അത്തം, ചിത്തിര(spica)യുടെ ആദ്യത്തെ പകുതി എന്നീ നക്ഷത്രങ്ങള്‍ കന്നിരാശിയില്‍ ഉള്‍പ്പെടുന്നു. ഈ നാളുകളുടെ പ്രസ്‌തു ഭാഗങ്ങളില്‍ ജനിച്ചവര്‍ കന്നിക്കൂറിലാണ്‌ ജനിച്ചതെന്നോ അല്ലെങ്കില്‍ അവരുടെ ചന്ദ്രലഗ്‌നം കന്നിയാണെന്നോ പറയുന്നു. ഈ നക്ഷത്രങ്ങളില്‍ ചിത്തിര(ചിത്ര) ഏറ്റവും പ്രകാശമുള്ളതാണ്‌. ഈ നക്ഷത്രത്തെ പാശ്ചാത്യ ശാസ്‌ത്രജ്ഞന്മാര്‍ സ്‌പൈക്കാ (spica) എന്നു വിളിക്കുന്നു. ഈ നക്ഷത്രത്തെ നിരീക്ഷിച്ച്‌ കന്നിരാശിയുടെ സ്ഥാനം നിര്‍ണയിക്കാന്‍ കഴിയും.

കന്നി ലഗ്‌നരാശിയായി വരുന്നവര്‍ സൗമ്യസ്വഭാവികളും സ്‌ത്രീത്വമുള്ള മുഖഭാവക്കാരും സൗന്ദര്യമുള്ളവരും കലകളില്‍ താത്‌പര്യമുള്ളവരും ആയിരിക്കുമെന്നാണ്‌ ജ്യോതിഷഗ്രന്ഥങ്ങള്‍ പറയുന്നത്‌.

രാശികളെ ഓജം, യുഗ്‌മം എന്നു രണ്ടായും ചരം, സ്ഥിരം, ഉഭയം എന്നു മൂന്നായും ശീര്‍ഷോദയം, പൃഷ്‌ടോദയം, ഉഭയോദയം എന്നു മൂന്നായും വിഭജിക്കാറുണ്ട്‌. കന്നി യുഗ്‌മരാശിയും ഉഭയരാശിയും ശീര്‍ഷോദയരാശിയുമാണ്‌. ജ്യോതിഷനിയമമഌസരിച്ച്‌ ഇത്‌ പകല്‍ ബലമുള്ളതും വിചിത്ര വര്‍ണത്തോടു കൂടിയതും ആകുന്നു. കാലപുരുഷന്റെ അരക്കെട്ടായി ഇതു സങ്കല്‌പിക്കപ്പെട്ടിരിക്കുന്നു.

(പ്രാഫ. കെ. രാമകൃഷ്‌ണപിള്ള)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍