This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കഥാര്‍സിസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:37, 1 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കഥാര്‍സിസ്‌

Catharsis

ദുരന്തനാടകധര്‍മത്തിന്‌ അരിസ്റ്റോട്ടില്‍ നല്‌കുന്ന സൈദ്ധാന്തികനാമം.

വിമലീകരണം അഥവാ വിരേചനം എന്നര്‍ഥം വരുന്ന കഥൈറീന്‍ (Kathairein) എന്ന ഗ്രീക്കു പദത്തില്‍ നിന്നാണ്‌ കഥാര്‍സിസിന്റെ ഉത്‌പത്തി. മതവിജ്ഞാനീയത്തിലും വൈദ്യശാസ്‌ത്രത്തിലും കഥാര്‍സിസ്‌ എന്ന പദം ഗ്രീസില്‍ പ്രസിദ്ധമായിരുന്നു. മലിനമായ ശരീരത്തില്‍ നിന്ന്‌ ആത്മാവിനെ വേര്‍തിരിച്ച്‌ സംശുദ്ധമാക്കുന്നതിന്‌ കഥാര്‍സിസ്‌ എന്ന പദമാണ്‌ പ്ലേറ്റോ ഉപയോഗിക്കുന്നത്‌. രോഗകാരകങ്ങളായി ശരീരത്തിലുണ്ടാകുന്ന മിച്ചവസ്‌തുക്കളെ പുറത്തുകളഞ്ഞ്‌ ആരോഗ്യം പുനഃസ്ഥാപിക്കുന്ന പ്രക്രിയയെ കഥാര്‍സിസ്‌ എന്നാണ്‌ ഗ്രീക്കു വൈദ്യശാസ്‌ത്രജ്ഞനായ ഹിപ്പോക്രാറ്റസ്‌ വിളിച്ചത്‌. കഥാര്‍സിസിനെ കലാതത്ത്വവിചിന്തനത്തിലേക്കു കൂട്ടിക്കൊണ്ടുവന്നത്‌ അരിസ്റ്റോട്ടിലാണ്‌. ഇവിടെ വികാരവിരേചനം എന്നാണ്‌ വിവക്ഷിതം. തന്റെ "പൊയറ്റിക്‌സി'ല്‍ ദുരന്തനാടകത്തെപ്പറ്റി പ്രതിപാദിക്കുന്നിടത്താണ്‌ അരിസ്റ്റോട്ടില്‍ കഥാര്‍സിസ്‌ സിദ്ധാന്തം അവതരിപ്പിക്കുന്നത്‌. ദുരന്തനാടകത്തില്‍ ചിത്രീകരിക്കപ്പെടുന്ന ദുഃഖാഌഭവങ്ങള്‍ പ്രക്ഷകഹൃദയത്തില്‍ ഭയകരുണങ്ങള്‍ ഉത്തേജിപ്പിക്കുന്നു. ഉത്തേജിതമായ ഈ വികാരങ്ങള്‍ ആത്യന്തികമായി വിരേചിക്കപ്പെടുന്നു. അങ്ങനെ പ്രക്ഷകഹൃദയം വിമലീകൃതമാകുന്നു. കലയില്‍ ആവിഷ്‌കൃതമാകുന്ന ദുഃഖം പ്രക്ഷകന്‌ സുഖാഌഭൂതി ഉളവാക്കുന്നു. ഇതാണ്‌ കഥാര്‍സിസിന്റെ കാതല്‍.

പ്ലേറ്റോയുടെ സിദ്ധാന്തത്തിന്റെ നിഷേധമാണിത്‌. "മഌഷ്യമനസ്സിലെ വികാരങ്ങളെ അരാജകമായി അഴിച്ചു വിടുന്ന നാടകദര്‍ശനം' അക്കാരണം കൊണ്ടുതന്നെ വര്‍ജ്യമാണെന്നാണ്‌ പ്ലേറ്റോയുടെ പക്ഷം. എന്നാല്‍ വികാരങ്ങളെ പട്ടിണിക്കിട്ടു കൊല്ലുകയല്ല വേണ്ടതെന്നും, അവയെ നിയന്ത്രണ വിധേയമാക്കാതെ ചാലുകീറി വിടുകയാണു വിമലീകരണത്തിനാവശ്യമെന്നുമാണ്‌ അരിസ്റ്റോട്ടില്‍ സിദ്ധാന്തിക്കുന്നത്‌. അതിന്‌ ഉചിതമായ മാര്‍ഗം ദുരന്തനാടകദര്‍ശനമാണെന്ന്‌ അദ്ദേഹം അഭിപ്രായപ്പെടുന്നു.

കഥാര്‍സിസിന്‌ ഒരു നിര്‍വചനം അരിസ്റ്റോട്ടില്‍ നല്‌കിക്കാണുന്നില്ല. തന്നിമിത്തം പില്‌ക്കാലത്ത്‌ പല നിരൂപകരും സ്വമനോധര്‍മമഌസരിച്ച്‌ അതിനെ നിര്‍വചിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഫ്രായ്‌ഡിന്റെ മനോവിജ്ഞാനീയവുമായി ബന്ധപ്പെടുത്തിയുള്ള ഒരു വ്യാഖ്യാനമാണ്‌ കൂട്ടത്തില്‍ പ്രധാനം. തീവ്രമായ മാനസികസംഘര്‍ഷവും തീക്ഷ്‌ണമായ വികാരവിക്ഷോഭവും ഒരു ദുരന്തനാടകത്തില്‍ പ്രക്ഷകന്‍ ദര്‍ശിക്കുന്നു. അത്തരം വികാരങ്ങള്‍ ബോധമനസിലേക്ക്‌ തള്ളിക്കയറിവരാതെ, അവയെ തന്നിലേക്ക്‌ ഒതുക്കിവയ്‌ക്കാഌള്ള ഒരു സംരക്ഷണക്ഷമത മഌഷ്യഌ സ്വായത്തമാണ്‌. പക്ഷേ അത്തരം വികാരങ്ങള്‍ വിസ്‌മൃതമാവുകയല്ല; നേരേമറിച്ച്‌ മനസ്സിന്റെ അടിത്തട്ടില്‍ അടിഞ്ഞുകിടക്കുന്ന ഈ വികാരങ്ങള്‍ സ്വയം വിരേചനം തേടുകയാണ്‌ ചെയ്യുന്നത്‌. സംതൃപ്‌തി ഉളവാക്കുന്ന അത്തരമൊരു വികാരവിമുക്തിയാണ്‌ ദുരന്തനാടകദര്‍ശനത്തിലൂടെ പ്രക്ഷകന്‌ അഌഭവവേദ്യമാകുന്നത്‌. ചിത്രീകരിക്കപ്പെടുന്നവയ്‌ക്ക്‌ സമാനമായ വികാരാഌഭവങ്ങള്‍ പ്രക്ഷകഌ സ്വന്തമായിത്തന്നെ ഉണ്ടായിട്ടുള്ളതാകാം. ഒളിപ്പിച്ചുവയ്‌ക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ സ്വയം പ്രകടമാക്കാന്‍ വെമ്പുന്ന അത്തരം വികാരങ്ങളുടെ ആവിഷ്‌കരണം നേരിട്ടുകാണുമ്പോള്‍, അവയില്‍നിന്ന്‌ അയാള്‍ക്കു മോചനം ലഭിക്കുന്നു. അമര്‍ത്തപ്പെട്ട വികാരങ്ങളുടെ വിരേചനമാണ്‌ ദുരന്തനാടകം സാധിപ്പിക്കുന്നതെന്ന അരിസ്റ്റോട്ടിലിന്റെ അഭിപ്രായവും ഫ്രായ്‌ഡിന്റെ ആശയവും യോജിക്കുന്നതായിക്കാണാം.

ദുഃഖാഌഭവങ്ങളില്‍നിന്ന്‌ മഌഷ്യന്‍ പുതിയൊരു ജീവിതാവബോധം രൂപപ്പെടുത്തുന്നു. നാടകം കണ്ടുകൊണ്ടിരിക്കുമ്പോള്‍ മനസ്സിലുണ്ടാകുന്ന വിക്ഷോഭവും അതിഌശേഷമുണ്ടാകുന്ന പ്രശാന്തിയും ദുഃഖാഌഭവത്തെയും അനന്തരഫലമായ ബോധസമാര്‍ജനത്തെയും സൂചിപ്പിക്കുന്നു. ഭയം, കരുണം എന്നിവ വിപരീതധ്രുവങ്ങളില്‍ വര്‍ത്തിക്കുന്ന വികാരങ്ങളാണെന്നും അവയുടെ അഌരഞ്‌ജനവും സമതുലനവുമാണ്‌ കഥാര്‍സിസ്‌ എന്നും ഐ.എ. റിച്ചാര്‍ഡ്‌സ്‌ അഭിപ്രായപ്പെടുന്നു. പുതിയൊരു കലാസ്വാദനശേഷി നമ്മിലുളവാക്കുന്നതിന്‌ ഈ വികാരശോധനം പ്രയോജകീഭവിക്കയും ചെയ്യുന്നു.

രസാഌഭവതത്ത്വമാരാഞ്ഞ ഭാരതീയനിരൂപകന്മാരും കലയ്‌ക്ക്‌ മഌഷ്യഹൃദയത്തെ സംസ്‌കരിക്കാന്‍ കഴിവുണ്ടെന്നു മനസ്സിലാക്കിയിരുന്നു. പാശ്ചാത്യരുടെ വിരേചനവും വിമലീകരണവുമൊക്കെ ഈ സംസ്‌കരണ പ്രക്രിയയില്‍ ഒതുങ്ങുന്നുണ്ട്‌. അരിസ്റ്റോട്ടിലിന്റെ കഥാര്‍സിസിനെ വ്യാഖ്യാനിക്കുകയും വിശദീകരിക്കുകയും ചെയ്‌തിട്ടുള്ള ഐ.എ. റിച്ചാര്‍ഡ്‌സ്‌, ബുച്ചര്‍ തുടങ്ങിയവരുടെ ആശയഗതികള്‍, സാധാരണീകരണസിദ്ധാന്തം സയുക്തികം സ്ഥാപിച്ച, അഭിവ്യക്തിവാദിയായ അഭിനവഗുപ്‌ത(10-ാം ശതകത്തിന്റെ അന്ത്യം)ന്റേതിനോട്‌ സമാനങ്ങളാണ്‌. നോ: അഭിനവഗുപ്‌തന്‍;

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍