This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കണ്ണശ്ശന്മാര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കണ്ണശ്ശന്മാര്‍
നിരണത്തു പണിക്കന്മാര്‍ എന്നറിയപ്പെടുന്ന കേരളീയ കവികള്‍. മധ്യ തിരുവിതാംകൂറിലെ തിരുവല്ലായില്‍ നിരണം ദേശത്തു തൃക്കപാലീശ്വരം ശിവക്ഷേത്രത്തിഌ സമീപത്തു കണ്ണശ്ശന്‍പറമ്പ് എന്ന് ഇന്നും വ്യവഹരിച്ചു വരുന്ന സ്ഥലത്തു ജനിച്ച കവികളാണ് ഇവര്‍. മാധവപ്പണിക്കര്‍, ശങ്കരപ്പണിക്കര്‍, രാമപ്പണിക്കര്‍ എന്നിവരായിരുന്നു ഇവരില്‍ പ്രധാനികള്‍.
1350നോടടുപ്പിച്ചു നിരണത്ത് കണ്ണന്‍ (കണ്ണപ്പണിക്കര്‍) എന്നൊരു വിശിഷ്ട പണ്ഡിതന്‍ ജനിച്ചു. ഉഭയകവീശ്വരന്‍ (സംസ്‌കൃത മലയാള ഭാഷകളില്‍ ഒന്നുപോലെ കവനം ചെയ്യുന്നതില്‍ സമര്‍ഥന്‍) എന്ന പ്രസിദ്ധി സമ്പാദിച്ച ഈ യോഗവിദ്യാ പാരീണഌ ജനങ്ങള്‍ നല്‌കിയ ബഹുമതി ബിരുദമാണു കണ്ണശ്ശന്‍ എന്ന പദം. അങ്ങനെ കണ്ണപ്പണിക്കര്‍ കണ്ണശ്ശനായി. കണ്ണശ്ശന്റെ സംസ്‌കൃതീകൃത രൂപമാണു കരുണേശന്‍. ഇദ്ദേഹത്തിന്റെ പുത്രന്മാരാണ് മാധവപ്പണിക്കരും ശങ്കരപ്പണിക്കരും. അവരും അച്ഛനെപ്പോലെ വിദ്യാധിപന്മാരായിത്തീര്‍ന്നു. ഇളയ പുത്രിയുടെ മകനാണ് രാമപ്പണിക്കര്‍. രാമായണകര്‍ത്താവായ രാമപ്പണിക്കര്‍ ഉത്തരകാണ്ഡത്തിന്റെ ഉപസംഹാരത്തില്‍ കുടുംബചരിത്രസംബന്ധമായി ചെയ്‌തിട്ടുള്ള പ്രസ്‌താവനയില്‍ നിന്നുമാണ് കണ്ണശന്മാരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടുള്ളത്.
"വാഌലകിഌ സമമാകിയ നിരണ മഹാദേശേ താന്‍ വന്നുളനായാ നൂനമിലാത മഹാഗുരുവരനാ യുഭയകവീശ്വരനായ മഹാത്‌മാ, മാനിതനാകിയ കരുണേശന്‍ പര മാത്‌മാവേ താനെന്നറിവുറ്റേ ദീനത വാരാതെ മറ്റോരോ ദേഹികളെപ്പോല്‍ വാണ്ണാന്‍ പലനാള്‍. ആനവനിരുവര്‍ തനൂജന്മാരുള രായാരവരുടെ സോദരിമാരായ് മാനിനിമാരൊരു മൂവര്‍ പിറന്നാര്‍; മറ്റതു കാലമവന്‍ തിരുവടിയും താഌടനേ തന്നുടലൊടു വേറായ് ത്തനിയേ പരമാത്‌മാവേയായാന്‍ ആനവനോടെതിരായ് വിദ്യാധിപ രായാര്‍ പുനരവഌടെ തനയന്മാര്‍. തനയന്മാരാമവരിരുവര്‍ക്കു സഹോദരിമാര്‍ മൂവര്‍ക്കും മകനാ യഌപമരായവര്‍ മൂവരിലിളയവ ളാകിയ മാനിനി പെറ്റുളനായാന്‍ ഇനിയ മഹാദേവാജ്ഞയിനാലേ യിതമൊടു വാലകനാകിയ രാമന്‍; പുനരവഌം നിജപാപം കളവാന്‍ പുരുഷോത്തമകഥ ചൊല്‌ക തുനിഞ്ഞാന്‍'.
രാമപ്പണിക്കര്‍ തന്റെ മാതാമഹനായ കണ്ണശ്ശനെ ഉഭയകവീശ്വരന്‍ എന്നു പുകഴ്‌ത്തുന്നുണ്ടെങ്കിലും ഇദ്ദേഹത്തിന്റെ വക ഒരു കൃതിയും ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. ഇദ്ദേഹത്തില്‍ നിന്നാണ് പുത്രന്മാര്‍ക്കും ദൗഹിത്രഌം കാവ്യരചനയ്‌ക്കു പ്രചോദനം സിദ്ധിച്ചത്. എന്നു മാത്രമല്ല, നിരണം കൃതികള്‍ പൊതുവേ കണ്ണശ്ശന്‍ കൃതികള്‍ എന്ന പേരില്‍ പ്രചരിക്കത്തക്കവണ്ണം ഇദ്ദേഹത്തിന്റെ പ്രാഭവം നിലനിന്നിരുന്നു എന്നതും ഒരു വസ്‌തുതയാണ്. രാമപ്പണിക്കരുടെ രാമായണത്തിഌ കണ്ണശ്ശരാമായണം എന്ന പേരിലാണ് പ്രസിദ്ധി. ഇതില്‍ നിന്നു കണ്ണശ്ശന്റെ കുടുംബത്തിലെ കവികളെ പൊതുവേ കണ്ണശ്ശന്മാര്‍ എന്നു വിളിച്ചിരുന്നതായി വിചാരിക്കാം. തിരുവല്ലാക്ഷേത്രവും തിരുവനന്തപുരത്തിനടുത്തുള്ള മലയിന്‍കീഴ് ശ്രീവല്ലഭക്ഷേത്രവും തിരുവല്ലാ ദേശക്കാരായ പത്തില്ലത്തില്‍ പോറ്റിമാരുടെ വകയായിരുന്നു. അവരുടെ ഒരാശ്രിതനായിരുന്ന കരുണേശഌം പുത്രന്മാരും കാലാന്തരത്തില്‍ മലയിന്‍കീഴിലേക്കു താമസം മാറ്റി. ക്ഷേത്രത്തിഌ പടിഞ്ഞാറുള്ള പാളയംകുന്ന് എന്ന സ്ഥലമായിരുന്നു ഇവരുടെ നിവാസസ്ഥാനം. മാധവപ്പണിക്കരും ശങ്കരപ്പണിക്കരും കൃതികള്‍ നിര്‍മിച്ചത് ഇവിടെ വച്ചാണ്. രാമപ്പണിക്കര്‍ നിരണത്തുതന്നെ സ്ഥിരമായി താമസിച്ചു. അദ്ദേഹത്തിന്റെ കൃതികളില്‍ തൃക്കപാലീശ്വരം ശിവനെയാണ് സ്‌മരിച്ചിരിക്കുന്നത്; മലയിന്‍കീഴിനെയോ അവിടത്തെ പ്രതിഷ്‌ഠാമൂര്‍ത്തിയെയോ പറ്റി ഒരു പ്രസ്‌താവവും കാണുന്നില്ല. കരുണേശന്‍ ഒടുവില്‍ മലയിന്‍കീഴ് നിന്നു സ്വദേശമായ നിരണത്തേക്കു മടങ്ങിപ്പോകുമ്പോള്‍ ഇടയ്‌ക്കുവച്ച് അന്തരിച്ചു എന്നാണ് ഊഹിക്കപ്പെടുന്നത്. എഴുത്തച്ഛഌ മുമ്പു ജീവിച്ചിരുന്ന ഈ കവികളുടെ കാലം സൂക്ഷ്‌മമായി നിര്‍ണയിക്കപ്പെട്ടിട്ടില്ല. ചില തെളിവുകളെ ആസ്‌പദമാക്കി കൊല്ലം 6-ാം (എ.ഡി. 14) ശതകത്തിലെന്ന് ആദ്യത്തെ ഭാഷാചരിത്രകാരനായ സര്‍വാധികാര്യക്കാര്‍ പി. ഗോവിന്ദപ്പിള്ളയും കൊല്ലം 525 ഌം 625 ഌം (എ.ഡി. 13501450) ഇടയ്‌ക്കെന്ന് കേരളസാഹിത്യചരിത്ര കര്‍ത്താവായ മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യരും രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ണശ്ശന്മാര്‍ ഉപയോഗിച്ചിട്ടുള്ള വൃത്തങ്ങള്‍ പില്‌ക്കാലത്ത് നിരണം വൃത്തങ്ങള്‍ എന്ന പേരില്‍ പ്രസിദ്ധമായിത്തീര്‍ന്നു. അവ ദ്രാവിഡസമ്പ്രദായമഌസരിച്ചുള്ള പാട്ടുകളാണ്. പല വൃത്തങ്ങള്‍ ഇവര്‍ പ്രയോഗിച്ചിട്ടുണ്ട്. അവയില്‍ ഏറ്റവും പ്രധാനമായിട്ടുള്ളത്, തുള്ളല്‍ പാട്ടുകളിലെ തരംഗിണി എന്ന വൃത്തത്തോടു സമാനമായിട്ടുള്ള ഒരു വൃത്തമാണ്. 16 മാത്രകള്‍ വീതമുള്ള ഈരണ്ടു ഖണ്ഡങ്ങളടങ്ങിയ നാല് ഈരടികള്‍ ചേര്‍ന്നതാണ് ആ വൃത്തം. ഉദാ.
"അവനതിസുന്ദരനിന്ദു സമാനന നായതഭുജനരുണാംബുജനയനന്‍ കുവലയകാന്തി കലര്‍ന്ന നരേന്ദ്ര കു മാരനിടന്തടവും തിരുമാര്‍വന്‍ തവമിയലും മുനിവേഷധരന്‍ കുശ ധരസൗമ്യന്‍ കടിതട പരിശോഭിത ഌവവിമികും ജംഘായുഗളന്‍ വടി വുടയ പദാംബുജനംബുജനാഭന്‍'.
മൂന്നു കവികളും ഈ വൃത്തമാണ് പ്രധാനമായി ഉപയോഗിച്ചിട്ടുള്ളത്. എതുക (ദ്വിതീയാക്ഷരപ്രാസം), മോന (ഒരു പാദത്തിന്റെ പ്രഥമാക്ഷരവും ആ പാദത്തിലെ ദ്വിതീയ ഭാഗത്തിന്റെ പ്രഥമാക്ഷരവും തുല്യമായിരിക്കല്‍), അന്താദിപ്രാസം (ഒരു പാട്ട് ഏതു പദം കൊണ്ടാണോ അവസാനിക്കുന്നത്, ആ പദം കൊണ്ട് അടുത്ത പാട്ട് ആരംഭിക്കല്‍) എന്നീ ഗാനലക്ഷണങ്ങള്‍ നിരണം കൃതികളില്‍ പ്രായേണ സാര്‍വത്രികമായിക്കാണുന്നു. മാധവപ്പണിക്കരുടെ കൃതിയാണ് ഭാഷാ ഭഗവദ്‌ഗീത. ഭാരതീയ ഭാഷകളില്‍ ഭഗവദ്‌ഗീതയ്‌ക്ക് ആദ്യമായി ഉണ്ടായ വിവര്‍ത്തനമാണിത്. ഇതൊരു പ്രതിപദ പരിഭാഷയല്ല; സംക്ഷിപ്‌തരൂപമാണ്; സംസ്‌കൃതത്തില്‍ എഴുനൂറു ശ്ലോകങ്ങളടങ്ങിയ ഗീത മുന്നൂറ്റിയിരുപത്തെട്ടു ശീലുകളില്‍ ഒതുക്കിയിരിക്കുന്നു. ഈ കൃതിയുടെ പ്രാരംഭത്തിലെ ഒരു പാട്ടില്‍ കവിയുടെ പേര് ചേര്‍ത്തിട്ടുണ്ട്; മലയിന്‍കീഴ് ശ്രീവല്ലഭനെ സ്‌മരിക്കുന്നുമുണ്ട്. സംസ്‌കൃതത്തിലും മലയാളത്തിലും തമിഴിലും പണ്ഡിതനായിരുന്നു മാധവപ്പണിക്കരെന്നു കൃതി വ്യക്തമാക്കുന്നു. ഈ പ്രാചീന വിവര്‍ത്തനത്തെ അതിശയിക്കുന്ന മറ്റൊരു ഗീതാപരിഭാഷയും മലയാളത്തില്‍ ഇന്നോളമുണ്ടായിട്ടില്ല.
"അഴുതളവേ കണ്ണീര്‍മെയ് മാര്‍വി ലതീവ പൊഴിഞ്ഞുടനര്‍ജുന ഹൃദയേ മുഴുതുമെഴും ശോകാഗ്‌നി ശമിക്ക മുകുന്ദാഞ്‌ജനമേഘം തന്നിടയേ അഴകിയ മന്ദസ്‌മിത മിന്നോടുമ നന്തരമേ ചൊല്‍ധാരകളോടും വഴിയേ യുഞ്ചജ്ഞാനാമൃതമഴ വര്‍ഷിപ്പാന്‍ വടിവൊടു നിനവുറ്റാന്‍'.