This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കണ്ടകശ്ശനി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:52, 28 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കണ്ടകശ്ശനി

ജ്യോതിഷത്തില്‍ ചന്ദ്രസ്ഥിതരാശിയിലോ അതിന്റെ നാല്‌, ഏഴ്‌, പത്ത്‌ എന്നീ ഭാവങ്ങളിലോ ശനി സഞ്ചരിക്കുന്ന കാലങ്ങളെ കണ്ടകശ്ശനി എന്ന സംജ്‌ഞകൊണ്ടു വ്യവഹരിച്ചു പോരുന്നു. ജനനസമയത്തുള്ള ചന്ദ്രസ്ഥിതരാശിയെ ലഗ്‌നമാക്കിയാണ്‌ ഗ്രഹങ്ങളുടെ ചാരവശാലുള്ള ഫലങ്ങളെ ജ്യൗതിഷികള്‍ പ്രവചിക്കാറുള്ളത്‌.

കണ്ടകകേന്ദ്രചതുഷ്‌ടയ സംജ്ഞാഃ
സപ്‌തമലഗ്‌നചതുര്‍ഥഖഭാനാം
 

എന്ന പ്രമാണമഌസരിച്ച്‌ സപ്‌തമം (7), ലഗ്‌നം (1)ചതുര്‍ഥം (4), ഖഭം (10) എന്നീ ഭാവങ്ങള്‍ക്കു കണ്ടകം, കേന്ദ്രം, ചതുഷ്‌ടയം എന്നീ സംജ്ഞകളുണ്ട്‌. ഈ മൂന്നില്‍ വച്ച്‌ കണ്ടകം എന്ന പദം സ്വീകരിച്ചത്‌ ആ കാലഘട്ടങ്ങള്‍ ശല്യകാരികളാകയാലാണ്‌ (കണ്ടകശബ്‌ദത്തിന്‌ മുള്ള്‌, ശത്രു എന്നര്‍ഥങ്ങളുണ്ട്‌). ജാതകാദേശത്തില്‍ ഗോചരഫലങ്ങളെപ്പറ്റി പ്രസ്‌താവിക്കുന്നതിപ്രകാരമാണ്‌.

"നാനാരോഗശുചം സുഖാര്‍ഥവിഹതിം
	സ്ഥാനാര്‍ഥഭൃത്യാദികം
സ്‌ത്രീബന്ധ്വര്‍ഥസുഖച്യുതിം ധനസുഖ
	ഭ്രംശം സപത്‌നക്ഷയം
മാര്‍ഗാസക്തിമനല്‌പദുഃഖനിചയം
	ധര്‍മപ്രണാശാമയാന്‍
ദാരിദ്യ്രംധനലാഭമര്‍ഥവിഹതിം
	ധത്തേ ക്രമാദര്‍ക്കജഃ' 
 

ഇതഌസരിച്ച്‌ ശനി സഞ്ചരിക്കുന്നത്‌ ചന്ദ്രലഗ്‌നത്തിലെങ്കില്‍ നാനാരോഗദുഃഖങ്ങളും, നാലാം ഭാവത്തിലെങ്കില്‍ സ്‌ത്രീബന്ധ്വര്‍ഥസുഖച്യുതിയും, ഏഴിലെങ്കില്‍ വിദേശഗമനവും പത്തിലെങ്കില്‍ ദാരിദ്ര്യവുമാണ്‌ ജാതകന്‌ ഫലങ്ങള്‍. ശനിക്ക്‌ ഒരു രാശിയില്‍ സഞ്ചരിക്കുന്നതിന്‌ രണ്ടരക്കൊല്ലം (ഏകദേശം വേണം) ആകയാല്‍ ഒരാള്‍ക്ക്‌ അയ്യഞ്ചുകൊല്ലം കഴിയുമ്പോള്‍ പിന്നീടുള്ള രണ്ടരക്കൊല്ലം വീതം കണ്ടകശ്ശനിയും ആ കാലഘട്ടം ബഹുവിധ ദുരിതപൂര്‍ണവും ആയിരിക്കും. ജന്മലഗ്‌നത്തിലും അതിഌമുമ്പും (12)അതിഌശേഷവും (2) ഉള്ള രാശികളില്‍ ശനി സഞ്ചരിക്കുന്ന കാലത്തെ ഏഴരശ്ശനി എന്നാണ്‌ പറയാറുള്ളത്‌. ചന്ദ്രലഗ്‌നത്തില്‍ ശനിയുടെ സഞ്ചാരകാലം ഏഴരശ്ശനിയുടെ മധ്യകാലമാണ്‌. ആകയാല്‍ ഒരുവന്റെ ജീവിതത്തില്‍ ചന്ദ്രലഗ്‌നത്തില്‍ ശനി സഞ്ചരിക്കുമ്പോള്‍ കണ്ടകശ്ശനിയും ഏഴരശ്ശനിയും കൂടിയാണെന്നു പറയാറുണ്ട്‌.

ഏഴരശ്ശനിയെപ്പോലെ കണ്ടകശ്ശനിയും മലയാളികളായ ജ്യോതിഷികള്‍ക്കിടയില്‍ പ്രചാരമുള്ള ഒരു ശൈലിയാണ്‌. രണ്ടും മലയാള സാഹിത്യത്തില്‍ കഷ്‌ടകാലം എന്ന അര്‍ഥത്തില്‍ പ്രയോഗിക്കപ്പെടുന്നുണ്ട്‌. "കണ്ടകശ്ശനി ഹേതുവായി കാടുപുക്കു വസിക്കണം ഗോവിന്ദ' എന്നിങ്ങനെ ഇരുപത്തിനാലുവൃത്തത്തിലും, "കണ്ടകശ്ശനി കൊണ്ടേപോകൂ' എന്ന്‌ പഴഞ്ചൊല്ലിലും പ്രസ്‌തുത ശൈലീപ്രയോഗം കാണാം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍