This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കണിയാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:33, 28 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കണിയാന്‍

പരമ്പരാഗതമായി ജ്യോതിഷം, വൈദ്യം, മന്ത്രവാദം തുടങ്ങിയ വിദ്യകള്‍ കുലവൃത്തിയായി സ്വീകരിച്ചുപോരുന്ന കേരളത്തിലെ ഒരു ജാതി വിഭാഗം. ഗണകന്‍, കണിയാന്‍, കണിശന്‍, കണിയാര്‍ പണിക്കര്‍, കളരിപ്പണിക്കര്‍, ഗുരുക്കള്‍ എന്നീ പേരുകളിലും ഇവര്‍ പ്രദേശഭേദമഌസരിച്ച്‌ അറിയപ്പെടുന്നു. ജ്യോതിഷം എന്നര്‍ഥം വരുന്ന "ഗണിതം' എന്ന പദത്തില്‍ നിന്നും നിഷ്‌പന്നമായ ഗണകശബ്‌ദത്തിന്റെ തദ്‌ഭവമാണ്‌ കണിയാന്‍ അഥവാ കണിശന്‍. ഇവരെ തൊഴിലടിസ്ഥാനമാക്കി തീണ്ടാക്കണിയാന്‍, കണിയാന്‍ എന്നീ പേരുകളിലും പരാമര്‍ശിക്കാറുണ്ട്‌.

പരശുരാമന്റെ ശാപമേറ്റവരാണു കണിയാന്മാര്‍ എന്ന്‌ ഒരു ഐതിഹ്യമുണ്ട്‌. ഉന്നതകുലജാതരായ ചിലര്‍ പരശുരാമനെ പരീക്ഷിക്കുന്നതിഌവേണ്ടി ധ്യാനിച്ചു പ്രത്യക്ഷനാക്കി. ക്ഷുഭിതനായ പരശുരാമന്‍, "സത്‌കര്‍മങ്ങളെയും വേദവിദ്യകളെയും പരിഹസിച്ചു തുടങ്ങിയ നിങ്ങള്‍ അലസന്മാരും അധമന്മാരുമായി ദുര്‍മന്ത്രവാദവും മറ്റു വേദവിദ്യകളും ജീവിതായോധനത്തിഌള്ള മാര്‍ഗമാക്കി അധഃപതിച്ച്‌ നീചന്മാരായി ഭവിക്കട്ടെ' എന്ന ശാപം നല്‌കി മറഞ്ഞു എന്നും ഇങ്ങനെ നീചത്വം ഭവിച്ചവരുടെ പരമ്പരയില്‍പ്പെട്ടവര്‍ പില്‌ക്കാലത്ത്‌ ജീവിതായോധനത്തിഌള്ള മാര്‍ഗമായി മന്ത്രവാദവും ജ്യോത്‌സ്യവും വൈദ്യവും കൈകാര്യം ചെയ്യുവാന്‍ തുടങ്ങിയെന്നും, കാലാന്തരത്തില്‍ ഇക്കൂട്ടരെ കണിയാന്മാര്‍ അഥവാ ഗണകന്മാര്‍ എന്നു വിളിച്ചു തുടങ്ങിയെന്നുമാണ്‌ ഐതിഹ്യം.

പ്രാചീനകാലം മുതല്‍ക്കേ ജ്യോതിഷം കുലത്തൊഴിലാക്കി അഭ്യസിച്ചു പോന്ന ഗണകന്മാര്‍ക്കു സമൂഹത്തില്‍ മാന്യതയുണ്ടായിരുന്നു എന്നു മാര്‍ക്കോപ്പോളോ രേഖപ്പെടുത്തിയിട്ടുണ്ട്‌. ജ്യോതിഷത്തില്‍ അദ്‌ഭുതകരമായ കഴിവുകള്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഇക്കൂട്ടരുടെ അഭിപ്രായങ്ങള്‍ നാടുവാഴികളും രാജാക്കന്മാരും എല്ലാ കാര്യങ്ങളിലും ആരാഞ്ഞു എന്ന്‌ ബാര്‍ബോസയുടെ ചരിത്രക്കുറിപ്പുകള്‍ വ്യക്തമാക്കുന്നു. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ഈ വര്‍ഗത്തിന്റെ ജ്യോതിഷനൈപുണ്യത്തെ മാനിച്ച്‌ അനന്തപദ്‌മനാഭന്‍, ശിവശങ്കരന്‍, ശങ്കിലി തുടങ്ങിയ ബഹുമാനപ്പേരുകള്‍ കല്‌പിച്ചുകൊടുത്തിരുന്നതായി തഴ്‌സ്റ്റഌം സൂചിപ്പിച്ചിട്ടുണ്ട്‌.

കേരളത്തിന്റെ വടക്കന്‍ പ്രദേശങ്ങളിലുള്ള കണിയാന്മാര്‍ കളരി അഭ്യാസത്തില്‍ ഉന്നതപാരമ്പര്യം പുലര്‍ത്തിയിരുന്നു. ഒരു കാലത്ത്‌ കേരളത്തിലെ ശൂദ്രപ്പടയെ ആയോധനമുറകള്‍ അഭ്യസിപ്പിച്ചിരുന്ന ആദ്യാചാര്യന്മാര്‍ കളരിപ്പണിക്കന്മാരായിരുന്നു. കളരി അഭ്യാസങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന കണിയാന്മാര്‍ "കളരിപ്പണിക്കര്‍' എന്ന ജാതിനാമം സ്വീകരിച്ചിരുന്നു. കളരിപ്പയറ്റിലെ അപൂര്‍വ അടവുകളായ "പന്തീരാന്‍വടി', "പുലിയങ്കം' എന്നിവ കണിയാന്മാരുടെ സംഭാവനകളാണെന്ന്‌ തഴ്‌സ്റ്റണ്‍ തറപ്പിച്ചു പറയുന്നു.

ജ്യോതിഷത്തില്‍ നവഗ്രഹസിദ്ധി കൈവരിക്കുവാന്‍ കണിയാന്മാര്‍ പൂജാദികര്‍മങ്ങളും മറ്റും ചെയ്‌തുവന്നിരുന്നു. നവഗ്രഹസിദ്ധികള്‍ കൊണ്ടുള്ള മാഹാത്‌മ്യം കാരണം പ്രഖ്യാതമായിത്തീര്‍ന്ന "പാഴൂര്‍ പടിപ്പുര' ഇക്കാലത്തും ജ്യോതിഷവിദ്യയുടെ നിത്യോജ്ജ്വല സ്‌മാരകമായി നിലകൊള്ളുന്നു.

ലളിതകലകളില്‍ പ്രഗല്‌ഭരായ കണിയാന്മാരുടെ കളമെഴുത്ത്‌ തന്ത്രകല, കോലമെഴുത്ത്‌ എന്നിവ പ്രസിദ്ധമാണ്‌. താന്ത്രികതത്ത്വശാസ്‌ത്രത്തിലുള്ള ജ്ഞാനം ഇവരെ ആര്യസംസ്‌കാരവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ഇവര്‍ നൂലുകെട്ട്‌, അന്നപ്രാശം, ഉപനയനം തുടങ്ങിയ ചടങ്ങുകളും വിവാഹത്തിന്‌ സപ്‌തതി, കന്യാദാനം തുടങ്ങിയ ചടങ്ങുകളും അഌഷ്‌ഠിച്ചുവരുന്നു.

കണിയാന്മാരില്‍ ഒരു വിഭാഗമായ തീണ്ടാക്കണിയാന്‍ കുടകെട്ട്‌, ദുര്‍മന്ത്രവാദം എന്നിവ ജീവിത മാര്‍ഗമായി സ്വീകരിച്ചു പോരുന്നവരാണ്‌. പാതിത്യം സംഭവിച്ചവരാണെന്നു കരുതി യാഥാസ്ഥിതികരായ കണിയാന്മാര്‍ ഈ തീണ്ടാക്കണിയാന്മാരുമായി വിവാഹബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നില്ല. എന്നാല്‍ അടുത്തകാലത്തായി ഈ രണ്ടു വിഭാഗക്കാരും തമ്മില്‍ വിവാഹബന്ധങ്ങള്‍ നടക്കുന്നുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍