This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കണയന്നൂര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കണയന്നൂര്‍
എറണാകുളം ജില്ലയിലെ ഒരു താലൂക്ക്. വടക്കു പറവൂര്‍, ആലുവാ താലൂക്കുകളും; കിഴക്കു കുന്നത്തുനാട് മൂവാറ്റുപുഴ താലൂക്കുകളും; തെക്കു ആലപ്പുഴ കോട്ടയം ജില്ലകളും; പടിഞ്ഞാറു കൊച്ചി താലൂക്കും കിടക്കുന്നു. വിസ്‌തീര്‍ണം 322.69 ച.കി.മീ. 22 വില്ലേജുകളുള്ള ഈ താലൂക്കിന്റെ ആസ്ഥാനം എറണാകുളമാണ്. ആമ്പല്ലൂര്‍, എടക്കാട്ടുവയല്‍, മുളന്തുരുത്തി, തിരുവാങ്കുളം, തൃപ്പൂണിത്തുറ പഞ്ചായത്തുകള്‍ ചേര്‍ന്ന മുളന്തുരുത്തു എന്‍.ഇ.എസ്. ബ്ലോക്കും; കുമ്പളം, മരട്, ഉദയംപേരൂര്‍, വൈറ്റില പഞ്ചായത്തുകള്‍ ചേര്‍ന്ന വൈറ്റില എന്‍.ഇ.എസ്. ബ്ലോക്കും, ചേരാനെല്ലൂര്‍, ഇടപ്പള്ളി, കടമക്കുടി, കളമശ്ശേരി, തൃക്കാക്കര, വെണ്ണല പഞ്ചായത്തുകള്‍ ചേര്‍ന്ന ഇടപ്പള്ളി എന്‍.ഇ.എസ്. ബ്ലോക്കും ഈ താലൂക്കില്‍ ഉള്‍പ്പെടുന്നു.
താലൂക്കിന്റെ പടിഞ്ഞാറുഭാഗം സമതലമാണെങ്കിലും തൃക്കാക്കര, കണയന്നൂര്‍, മുളന്തുരുത്തി മുതലായ പ്രദേശങ്ങളില്‍ 60 മീ. വരെ ഉയരമുള്ള കുന്നുകള്‍ കാണാം. ഒരു ച.കി.മീ. മുതല്‍ പത്തു ച.കി.മീ. വരെ വലുപ്പമുള്ള ഒരു ഡസനിലധികം ദ്വീപുകള്‍ ഈ താലൂക്കിലുണ്ട്. പോഞ്ഞിക്കര, വല്ലാര്‍പ്പാടം, കുമ്പളം, ചേരാനെല്ലൂര്‍ മുതലായവ അക്കൂട്ടത്തില്‍പ്പെടുന്നു. പെരിയാര്‍ നദി ഈ താലൂക്കില്‍ക്കൂടി ഒഴുകിയാണ് കായലില്‍ വീഴുന്നത്. മതപരവും ചരിത്രപരവും സാംസ്‌കാരികവും വ്യാവസായികവുമായ പ്രാധാന്യമുള്ള അനേകം സ്ഥലങ്ങളും സ്ഥാപനങ്ങളുംകൊണ്ടു പ്രസിദ്ധമാണ് ഈ താലൂക്ക്. ഇപ്പോള്‍ കൊച്ചി സര്‍വകലാശാലയുടെ ആസ്ഥാനമായിരിക്കുന്ന തൃക്കാക്കര പല ചരിത്രസ്‌മരണകളും ഉണര്‍ത്തുന്ന ഒരു സ്ഥലമാണ്. അനേകായിരം തീര്‍ഥാടകരെ ആകര്‍ഷിക്കുന്ന ഭഗവതിക്ഷേത്രം സ്ഥിതിചെയ്യുന്ന ചോറ്റാനിക്കരയും; ക്രസ്‌തവരുടെ ചരിത്രപ്രസിദ്ധമായ സുന്നഹദോസ് (1598) സമ്മേളിച്ച ഉദയംപേരൂരും; കൊച്ചിരാജാക്കന്മാരുടെ ആവാസസ്ഥാനമായിരുന്നതും പൂര്‍ണത്രയീക്ഷേത്രം നിലകൊള്ളുന്നതുമായ തൃപ്പൂണിത്തുറയും; ചങ്ങമ്പുഴ കൃഷ്‌ണപിള്ളയ്‌ക്കും സാഹിത്യപരിഷത്തിഌം ജന്മം നല്‍കിയ ഇടപ്പള്ളിയും ഈ താലൂക്കിലെ അവിസ്‌മരണീയങ്ങളായ മറ്റ് സ്ഥലങ്ങളില്‍ ചിലതാണ്.
വ്യവസായശാലകളും ഉത്തരോത്തരം ഉയര്‍ന്നുവരുന്ന ഈ താലൂക്കില്‍ റോഡ്‌റെയില്‍ജലഗതാഗതമാര്‍ഗങ്ങള്‍ ധാരാളമുണ്ട്. നഗരപ്രദേശത്തിഌ പുറത്തു ജനങ്ങളുടെ പ്രധാന ജീവിതമാര്‍ഗം കൃഷിയാണ്. നെല്‍ക്കൃഷിയാണ് മുഖ്യം. തെങ്ങും കമുകും മാവും പ്ലാവും മറ്റു ഫലവൃക്ഷങ്ങളും നിറഞ്ഞവയാണ് നാട്ടുമ്പുറങ്ങള്‍.
(എന്‍.കെ. ദാമോദരന്‍)