This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കഠ്‌പുത്‌ലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

16:50, 27 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കഠ്‌പുത്‌ലി

രാജസ്ഥാനില്‍ പ്രചരിച്ചിട്ടുള്ള ഒരിനം പാവക്കൂത്ത്‌. മരപ്പാവ എന്ന്‌ ശബ്‌ദാര്‍ഥം. ഏകദേശം രണ്ടുമൂന്നു മണിക്കൂര്‍ നീണ്ടുനില്‌ക്കുന്ന കഠ്‌പുത്‌ലി ആകര്‍ഷകവും ആസ്വാദ്യവുമായ ഒരു വിനോദമാണ്‌. പാവക്കൂത്തിഌ പ്രസിദ്ധിയാര്‍ജിച്ചിട്ടുള്ള മാര്‍വാഡ്‌ എന്ന സ്ഥലത്തു പ്രചാരത്തിലിരിക്കുന്ന കഠ്‌പുത്‌ലി മഹാരാഷ്‌ട്രയിലും പ്രചരിച്ചിട്ടുണ്ട്‌. ബംഗാളിലെ പുത്‌ലിഖേല്‍ (പാവകളി), തമിഴ്‌നാട്ടിലെ ബൊമ്മലാട്ടം, നിഴലാട്ടം, കേരളത്തിലെ തോല്‍പ്പാവക്കൂത്ത്‌, ഓലപ്പാവക്കൂത്ത്‌ എന്നിവയോട്‌ ഇതിന്‌ സാദൃശ്യമുണ്ട്‌.

നൂറ്റാണ്ടുകള്‍ക്കുമുന്‍പ്‌ തന്നെ ഭാരതത്തില്‍ ഈ കലാരൂപം നിലവിലിരുന്നതായി ചരിത്രരേഖകളില്‍ കാണുന്നു. കഠ്‌പുത്‌ലിയുടെ വികാസപരിണാമങ്ങളാണ്‌ ഭാരതീയ നാടകത്തിന്‌ രൂപം നല്‌കിയതെന്ന്‌ ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. നിഴലാട്ടം, ബൊമ്മലാട്ടം എന്നീ കലാരൂപങ്ങള്‍ക്കൊപ്പം പ്രചരിച്ചിരുന്ന കഠ്‌പുത്‌ലി ഇന്ത്യയില്‍ നിന്നും ക്രമേണ യൂറോപ്പിലേക്ക്‌ പ്രചരിച്ചിരിക്കാമെന്ന്‌ ഗ്രീക്ക്‌ പുരാണങ്ങളിലെ പരാമര്‍ശങ്ങളില്‍ നിന്നും അഭ്യൂഹിക്കേണ്ടിയിരിക്കുന്നു.

തടി, തുണി, കടലാസ്‌, തോല്‍, കാര്‍ഡ്‌ബോര്‍ഡ്‌ എന്നിവ കൊണ്ട്‌ നിര്‍മിച്ചിട്ടുള്ള പാവകളാണ്‌ കഠ്‌പുത്‌ലിയില്‍ ഉപയോഗിക്കുന്നത്‌. പാവകളുടെ അവയവങ്ങള്‍ കറുത്ത നൂലുകൊണ്ട്‌ ഘടിപ്പിച്ചിരിക്കും. "കഠ്‌പുത്‌ലിവാലാ' എന്നറിയപ്പെടുന്ന വ്യക്തികള്‍ ത-ിരശ്ശീലയ്‌ക്കു പിന്നില്‍ നിന്നുകൊണ്ട്‌ പാവകളില്‍ ഘടിപ്പിച്ചിട്ടുള്ള നൂലില്‍ പിടിച്ച്‌ അവയെ ചലിപ്പിക്കുന്നു. ഓരോ പാവയുടെയും നിയന്ത്രണം ഓരോ വ്യക്തിയുടെ ചുമതലയിലായിരിക്കും. പാവകള്‍ തമ്മില്‍ സംഭാഷണം നടത്തുന്ന പ്രതീതി ഉളവാകത്തക്കവണ്ണം തിരശ്ശീലയ്‌ക്കു പിന്നില്‍ നില്‌ക്കുന്നവര്‍ സംഭാഷണം നടത്തുന്നു. നിഴലാട്ടത്തിലെന്നപോലെ കഠ്‌പുത്‌ലിയിലും പാവകളെ തിരശ്ശീലയ്‌ക്കു പിന്നില്‍ നിര്‍ത്തി, പിന്‍ഭാഗത്തു നിന്നും പ്രകാശം നല്‌കി അവയുടെ നിഴല്‍ തിരശ്ശീലയില്‍ പതിപ്പിച്ചും കളിപ്പിക്കാറുണ്ട്‌. ഇതിന്‌ കാര്‍ഡ്‌ബോര്‍ഡ്‌ കൊണ്ട്‌ നിര്‍മിച്ച പാവകളാണ്‌ ഉപയോഗിക്കുന്നത്‌.

പുരാണം, ചരിത്രം, ഐതിഹ്യം, നിത്യജീവിതസംഭവങ്ങള്‍ എന്നിവയാണ്‌ കഠ്‌പുത്‌ലിയിലെ പ്രമേയങ്ങള്‍. അമര്‍സിങ്‌ റാഥോഡിന്റെയും മറ്റു വീരപുരുഷന്മാരുടെയും കഥകള്‍ രാജസ്ഥാനികള്‍ കഠ്‌പുത്‌ലിയിലൂടെ അവതരിപ്പിക്കാറുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍