This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കടവല്ലൂര്‍ അന്യോന്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

16:00, 27 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കടവല്ലൂര്‍ അന്യോന്യം

കടവല്ലൂര്‍ (തൃശൂരില്‍ നിന്ന്‌ ഏകദേശം 20 നാഴിക വ.പ.) ശ്രീരാമക്ഷേത്രത്തില്‍ വച്ച്‌ തൃശൂര്‍യോഗക്കാരും തിരുനാവായ യോഗക്കാരുമായ ബ്രാഹ്മണര്‍ തമ്മില്‍ വര്‍ഷംതോറും നടത്തിവന്ന ഒരു വേദമത്സരപരീക്ഷ. "അന്യോന്യം' എന്ന പേരിലാണ്‌ ഈ വേദം ചൊല്ലല്‍ മത്സരം അറിയപ്പെട്ടിരുന്നത്‌.

ക്രിസ്‌ത്വബ്‌ദത്തിന്‍െറ ആദ്യശതകങ്ങളില്‍ ഇന്ത്യയിലുടനീളം ബുദ്ധജൈന മതങ്ങള്‍ക്കായിരുന്നു ഹിന്ദുമതത്തെക്കാള്‍ സ്വാധീനവും പ്രചാരവും. എ.ഡി. 6-ാം ശ.ത്തോടെ സ്ഥിതിമാറിയെങ്കിലും ദക്ഷിണേന്ത്യയില്‍ ഹിന്ദുമത സ്വാധീനം കുറവുതന്നെയായിരുന്നു. ഇതു പരിഹരിക്കാനായി കേരളത്തിഌ പുറത്തുള്ള ആറ്‌ ഹിന്ദുമതപണ്ഡിതന്മാര്‍ (ഭട്ടാചാര്യന്‍, ഭട്ടബാണന്‍, ഭട്ടവിജയന്‍, ഭട്ടമയൂഖന്‍, ഭട്ടഗോപാലന്‍, ഭട്ടനാരായണന്‍) കേരളത്തില്‍ എത്തി തൃശൂര്‍ ആസ്ഥാനമാക്കിക്കൊണ്ട്‌ ബുദ്ധപണ്ഡിതന്മാരുമായി സംവാദത്തിലേര്‍പ്പെട്ട്‌ അവരെ പരാജയപ്പെടുത്തി ഹിന്ദുമതത്തിന്റെ നഷ്‌ടപ്പെട്ട ചൈതന്യം വീണ്ടെടുത്തു. ഭട്ടാചാര്യഌം, ഭട്ടബാണഌം കേരളത്തില്‍ത്തന്നെ താമസിച്ചുകൊണ്ട്‌ ഹിന്ദുമതപ്രചാരണത്തില്‍ ഏര്‍പ്പെട്ടു. അതിന്റെ ഭാഗമായി അവര്‍ ഒരു വിദ്യാലയം സ്ഥാപിക്കുകയും ഒട്ടനവധി ശിഷ്യന്മാരെ വാര്‍ത്തെടുക്കുകയും ചെയ്‌തു. അവരില്‍ ശ്രഷ്‌ഠനായ പ്രഭാകരന്‍ പില്‌ക്കാലത്ത്‌ ഭട്ടന്മാര്‍ സ്ഥാപിച്ച വിദ്യാലയത്തിന്‍െറ അധിപനായി. ഇദ്ദേഹം "ഗുരു' എന്ന പേരിലും ഇദ്ദേഹത്തിന്റെ ശിക്ഷണകേന്ദ്രം "ഗുരുമഠം' എന്ന പേരിലും അറിയപ്പെട്ടു. പ്രഭാകരന്റെ ഹിന്ദുമത നവോത്ഥാന പ്രസ്ഥാനവുമായി ബന്ധപ്പെട്ടതാണ്‌ കടവല്ലൂര്‍ ക്ഷേത്രത്തിലെ വേദം ചൊല്ലല്‍ മത്സരം എന്നു കരുതപ്പെടുന്നു.

വാരമിരിക്കുക, ജടചൊല്ലുക, രഥചൊല്ലുക എന്നിവയാണ്‌ മത്സര പരീക്ഷയ്‌ക്കുള്ള വിഷയങ്ങള്‍. അതാതു പരീക്ഷയ്‌ക്കു ചേരുവാന്‍ ഉദ്ദേശിക്കുന്നവര്‍ പല പ്രാവശ്യവും സമക്ഷത്തുപോയി, അതായതു ഓരോരോ അമ്പലങ്ങളില്‍ നടക്കുന്ന വാരങ്ങളില്‍പോയി ജയിച്ചവരാകണം. രാത്രിസമയത്താണ്‌ പരീക്ഷകള്‍ നടത്താറുള്ളത്‌. തുലാം 30ഌ തൃശൂര്‍ യോഗക്കാരും തിരുനാവായയോഗക്കാരും കടവല്ലൂര്‍ എത്തുന്നു. ആദ്യ ദിവസപരീക്ഷയുടെ പേര്‌ "ഒന്നാംതി മുന്‍പിലിരിക്കലും', "രണ്ടാംതി രണ്ടാം വാരവും' ആണ്‌. "മുന്‍പിലിരിക്കുക' എന്നു വച്ചാല്‍ ഒന്നാമതായി വാരമിരിക്കുക എന്നാണ്‌ അര്‍ഥം. പിന്നത്തെ പരീക്ഷ "ഒന്നാംതി ജടയും' "മൂന്നാംതി രഥ'യുമാണ്‌. പിന്നീടുള്ള ദിവസങ്ങളില്‍ ചൊല്ലുന്ന ജടയ്‌ക്കും രഥയ്‌ക്കും "മുക്കിലെ ജട', "മുക്കിലെ രഥ' എന്നിങ്ങനെ പേര്‌ പറയുന്നു. ഒന്നിനോടു മേലേക്കിടയിലുള്ള പരീക്ഷകളാണ്‌ "കടന്നിരിക്കലും' "വലിയകടന്നിരിക്കലും'. "വലിയകടന്നിരിക്കലി'ല്‍ വിജയിയാകുക വൈദിക വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം കിട്ടാവുന്ന ഏറ്റവും വലിയ ബഹുമതിയാണ്‌. തെറ്റു വരുത്താതെയും സ്‌ഫുടമായും വേഗത്തിലും വേദം ചൊല്ലണമെന്നത്‌ നിര്‍ബന്ധമാണ്‌. കടവല്ലൂര്‍ വേദമത്സരത്തില്‍ ഒരിക്കലെങ്കിലും പങ്കെടുക്കുന്നത്‌ പാണ്ഡിത്യത്തിന്‍െറ മുദ്രയായി കണക്കാക്കപ്പെട്ടിരുന്നു. ഈ അന്യോന്യത്തില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ മറ്റുള്ള വൈദികപീഠങ്ങളിലും അര്‍ഹമായ സ്ഥാനം നല്‌കി വന്നിരുന്നു. കാലക്രമത്തില്‍ ഈ സമ്പ്രദായം ലോപിച്ചു പോയിരിക്കുന്നു.

നോ: കടന്നിരിക്കല്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍