This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കടല്‍ സിംഹം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:59, 27 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കടല്‍ സിംഹം

Sea lion

സീലുകളുടെ (seals) കുടുംബമായ ഒട്ടാറീയിഡേയില്‍പ്പെടുന്നതും ബാഹ്യകര്‍ണം ഉള്ളതുമായ വിവിധ സസ്‌തനികള്‍. സീലുകളുടെതായി മൂന്നു വ്യത്യസ്‌ത കുടുംബങ്ങള്‍ ഉണ്ട്‌. കടല്‍സിംഹങ്ങളും കടല്‍ക്കരടികളും അടങ്ങുന്നതാണ്‌ ഒന്നാമത്തേത്‌. വാല്‍റസുകള്‍ രണ്ടാമതൊരു കുടുംബത്തിലും യഥാര്‍ഥ സീലുകള്‍ (true or earless seals) മൂന്നാമത്തെ കുടുബത്തിലും പെടുന്നു.

ഈ ജലസസ്‌തനികള്‍ ഭീമാകാരങ്ങളാണെങ്കിലും നിഷ്‌ഠുരങ്ങളല്ല. ഭൂമധ്യരേഖയ്‌ക്ക്‌ ഇരുവശങ്ങളിലുമുള്ള സമുദ്രങ്ങളില്‍ ഇവയെ കണ്ടെത്താം. എന്നാല്‍ ഉത്തരതീരങ്ങളില്‍ ഇവ ധാരാളമായി കാണപ്പെടുന്നു. ചുറുചുറുക്കുള്ള ഈ ജീവികള്‍ കൂടുതല്‍ സമയവും കരയില്‍ കഴിയാന്‍ ഇഷ്‌ടപ്പെടുന്നവയാണ്‌. പിന്നിലെ ഫ്‌ളിപ്പറുകളായി രൂപാന്തരപ്പെട്ടിട്ടുള്ള മുന്‍കാലുകള്‍ മുമ്പോട്ടാക്കി, കരയില്‍ നടക്കുന്നതിഌം ഓടുന്നതിഌം പാറകളില്‍ കയറുന്നതിഌപോലും, ഇവയ്‌ക്കു പ്രയാസമില്ല. കരയിലെ മറ്റേതൊരു ജീവിയെയും പോലെ ഈ പ്രവൃത്തികള്‍ ഇവ നിഷ്‌പ്രയാസം ചെയ്യുന്നതായി കാണാം.

സീല്‍കുടുംബങ്ങളില്‍ ഒന്നാമത്തേതിലെ അംഗങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വലുപ്പം കൂടിയ ജീവിയാണ്‌ കടല്‍ സിംഹം. വളര്‍ച്ചയെത്തിയ ഒരാണ്‍ജീവിയ്‌ക്ക്‌ നാല്‌ മീ. വരെ നീളവും 1,000 കി.ഗ്രാം. ഭാരവും ഉണ്ടാകും. പെണ്‍ജീവിയുടെ വലുപ്പം മൂന്ന്‌ മീ. ആണ്‌; ഭാരം 270 കി. ഗ്രാമും. പട്ടിയുടേതുപോലുള്ള മുഖവും, രോമരഹിതമായ തൊലിയും, അസാധാരണമാംവിധം വഴങ്ങുന്ന "ഫ്‌ളിപ്പറു'കളും ഇവയുടെ സവിശേഷതയാണ്‌. ഇതിന്‍െറ രോമശൂന്യമായ തോലിഌം, മാംസത്തിഌം വാണിജ്യപ്രാധാന്യം ഒട്ടും തന്നെ ഇല്ലെന്നു പറയാം. ഉത്തരദക്ഷിണ അമേരിക്കകളുടെ പസിഫിക്‌ തീരങ്ങള്‍, ആസ്‌റ്റ്രലിയ, ന്യൂസിലന്‍ഡ്‌ എന്നിവിടങ്ങളാണ്‌ ഇവയുടെ ആവാസകേന്ദ്രങ്ങള്‍. മത്സ്യങ്ങള്‍, കണവ, കിനാവള്ളി എന്നിവയെ ഭക്ഷിച്ചു കഴിയുന്നു.

വസന്താരംഭത്തോടെ കടല്‍സിംഹങ്ങള്‍ ഇണചേരലിഌള്ള പ്രത്യേകസ്ഥലങ്ങളിലേക്കു യാത്ര തിരിക്കുന്നു. ആദ്യം അവിടെ എത്തിച്ചേരുക എപ്പോഴും ആണ്‍സിംഹങ്ങളായിരിക്കും. തീരത്തോടടുത്തഭാഗങ്ങളാണ്‌ ആദ്യമാദ്യം വരുന്നവ തിരഞ്ഞെടുക്കുക. ഇവ, താമസിച്ചെത്തുന്നവയുമായി, തങ്ങള്‍ തിരഞ്ഞെടുത്ത സ്ഥലത്തിഌ വേണ്ടി ഉഗ്രന്‍ പോരാട്ടങ്ങള്‍ നടത്തുക പതിവാണ്‌. യുദ്ധത്തില്‍ തളര്‍ന്നു പരാജിതരാകുന്നവ കരയിലേക്കു കൂടുതലായി മാറിക്കൊടുക്കും. പെണ്‍സിംഹങ്ങള്‍ എത്തുന്നതോടെ ഓരോ ആണും തനിക്ക്‌ ആകുന്നിടത്തോളം എണ്ണം പെണ്ണിനെ പിടികൂടി സ്വന്തമാക്കാന്‍ ശ്രമിക്കുന്നു. ഇങ്ങനെ ഓരോ ആണിന്റെയും "അന്തപുഃര'ത്തില്‍ പത്തു മുതല്‍ പതിനഞ്ചുവരെ പെണ്‍സിംഹങ്ങളെകാണാം. സ്വന്തം അന്തഃപുരം കാത്തുസൂക്ഷിക്കുന്നതിന്‌ ആണിന്‌ നിതാന്തജാഗ്രത ആവശ്യമാണ്‌. ഇക്കാരണത്താല്‍ ഇണചേരലിന്‍െറ കാലം മുഴുവഌം (രണ്ടു മാസമോ അതിലധികമോ) ആണ്‍സിംഹങ്ങള്‍ തിന്നുകയോ കുടിക്കുകയോ ചെയ്യാറില്ല. തത്‌ഫലമായി, ഇണചേരല്‍കാലാരംഭത്തില്‍ തടിച്ച്‌ നല്ല ആരോഗ്യവാന്മാരായിരിക്കുന്ന ഇവ അതിന്റെ അവസാനമാകുമ്പോഴേക്കും ശോഷിച്ച്‌ ദുര്‍ബലരായിത്തീരുന്നു. കടലാനകളെയും ഫര്‍ സീലുകളെയും പോലെ സ്‌ഥിരമായ ഒരന്തഃപുരം ഇവയ്‌ക്കില്ലാത്തതാണ്‌ ഇതിഌ കാരണം.

കുഞ്ഞുങ്ങള്‍ കരയിലാണ്‌ ജനിക്കുന്നത്‌. ഒരു പ്രസവത്തില്‍ സാധാരണ ഒരു കുഞ്ഞു മാത്രമേ ഉണ്ടാകാറുള്ളു. ജനനസമയത്തു കുട്ടിക്ക്‌ ഉദ്ദേശം അഞ്ചു കി.ഗ്രാം തൂക്കം കാണും. ചോക്കലെറ്റിന്റെ തവിട്ടുനിറമാണ്‌ കുഞ്ഞുങ്ങള്‍ക്ക്‌. അവയെ മാതാപിതാക്കള്‍ (മാതാവുമാത്രവും)സംരക്ഷിക്കുന്നു.

ഒട്ടോറിയ ജുബേറ്റ, ഒ. സ്റ്റെലെറി എന്നിവ ഇക്കൂട്ടത്തില്‍പ്പെട്ട സാധാരണ ഇനങ്ങളാണ്‌. "കാലിഫോര്‍ണിയ സീ ലയണ്‍' (Zalophus Californianus) ആണ്‌ കടല്‍സിംഹങ്ങളില്‍ ഏറ്റവും വലുപ്പം കുറഞ്ഞ ഇനം. ഇവയില്‍ ആണിഌ 3 മീറ്ററില്‍ താഴെയേ നീളമുണ്ടായിരിക്കൂ; ഉദ്ദേശം 270 കി.ഗ്രാം ഭാരവും കാണും. മഞ്ഞ കലര്‍ന്ന തവിട്ടു നിറമുള്ള ഇതിന്‍െറ ശരീരം നനയുന്നതോടെ കറുപ്പായി തോന്നുന്നു. സുവോളജിക്കല്‍ പാര്‍ക്കുകളിലും, സര്‍ക്കസുകളില്‍ അഭ്യാസികളെന്ന നിലയിലും കാണുന്നത്‌ ഈ ജീവികളെയാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍