This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കടംകഥകള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കടംകഥകള്‍
ഒരു സാഹിത്യവിനോദം. അഴിപ്പാന്‍ കഥ, തോല്‍ക്കഥ എന്നീ പേരുകളിലും അറിയപ്പെടുന്നു. സംസ്‌കൃത സാഹിത്യത്തിലെ പ്രഹേളികയോട് ഇതിന് സാമ്യമുണ്ട്. ഇംഗ്ലീഷില്‍ റിഡില്‍ (riddle) എന്ന് പറയുന്നു. കടംകഥകള്‍ ഉണ്ടാക്കുന്നതും പറയുന്നതും ഉത്തരം കണ്ടുപിടിക്കുന്നതും തികച്ചും ബുദ്ധിപരമായ ഒരു വിനോദമാണെന്ന് താഴെ കൊടുക്കുന്ന ദൃഷ്‌ടാന്തങ്ങള്‍ വ്യക്തമാക്കുന്നതാണ്.
"വെള്ളിക്കിണ്ണത്തില്‍ ഞാവല്‍പ്പഴം; കനകനാറി പൂത്തു കുടം ചാടി; ആന കേറാമല, ആളുകേറാമല, ആയിരം കാന്താരി പൂത്തിറങ്ങി; മാനത്തൊരു മയില്‍മുട്ട, ഓടിച്ചെന്നാല്‍ കൊണ്ടുപോരാം; ആഹാ ഊഹൂമരം, കാക്കയ്‌ക്കിരിക്കാന്‍ കൊമ്പില്ല.'
ഈ വാക്യങ്ങളെല്ലാം ചോദ്യങ്ങളാണ്. ഓരോന്നും ഓരോ വസ്‌തുതയെ നിഗൂഢമായി അന്തര്‍ഭവിപ്പിച്ചിട്ടുണ്ട്. ആ വസ്‌തുതയാണ് കടംകഥയുടെ ഉത്തരം. കേരളത്തിലെ കുടുംബങ്ങളില്‍ അംഗങ്ങള്‍ ഒത്തിരുന്ന് കടംകഥ പറഞ്ഞു കളിക്കുന്ന ഒരു രീതി പണ്ടുണ്ടായിരുന്നു. വിരളമായിട്ടെങ്കിലും കുട്ടികള്‍ ഒത്തുകൂടുന്ന ദിക്കില്‍ ഇന്നും ഈ സമ്പ്രദായം കാണാം. കടംകഥ പറഞ്ഞുകളിക്കുന്നവര്‍ രണ്ടു ചേരികളായി മാറി ഒരു ചേരിയില്‍ പെട്ടവര്‍ കടംകഥ പറയുകയും മറ്റു ചേരിയിലുള്ളവര്‍ ഉത്തരം പറയുകയും ചെയ്യുന്നു. ഉത്തരം മുട്ടിയാല്‍ കടം സമ്മതിക്കണമെന്നു വ്യവസ്ഥയുണ്ട്. കടം മൂളിക്കുന്ന കഥ എന്ന അര്‍ഥത്തിലാണ് കടംകഥ എന്ന പേര്‍. ഉത്തരംമുട്ടിയവന്‍ തോല്‍ക്കുന്നതുകൊണ്ടായിരിക്കും തോല്‍ക്കഥ എന്നുകൂടി ഇതിഌ പേരുണ്ടായത്. അഴിക്കാഌള്ള കണ്ടുപിടിച്ചെടുക്കാഌള്ള ഉത്തരത്തിന്‍െറ സൂചനയോടുകൂടിയ കഥ എന്ന അര്‍ഥത്തിലാണ് അഴിപ്പാന്‍ കഥ എന്ന പേര് ഇതിഌ ലഭിച്ചിട്ടുള്ളത്. മുകളില്‍ ഉദാഹരിച്ചിട്ടുള്ള കടംകഥകളുടെ ഉത്തരങ്ങള്‍ കണ്ണ്, സൂര്യോദയം, രാത്രിയിലെ ആകാശം, നാളികേരം, പുക എന്നിവയാണ്. ഉത്തരവും കടംകഥയും ഒത്തു പരിശോധിച്ചാല്‍ കടംകഥ മൊത്തത്തില്‍ കാവ്യാത്‌മകമായ ഒരു രഹസ്യഭാഷയാണെന്നു പറയേണ്ടിയിരിക്കുന്നു. രൂപകാതിശയോക്തി മുതലായ അലങ്കാരങ്ങളിലുള്ളപോലെ സങ്കേതത്തിഌ സുനിശ്ചിതത്വമോ പാരമ്പര്യാഌവാദമോ ഇല്ലായ്‌കയാല്‍ കടംകഥകളെ കാവ്യനിര്‍വചനത്തില്‍ ഉള്‍ക്കൊള്ളിക്കുവാന്‍ സാധ്യമല്ല. എങ്കിലും ഭാവനയുടെ ഒളിവിളയാട്ടം ഓരോ കടംകഥയെയും ഓരോ ലഘുകാവ്യമാക്കി മാറ്റിയിട്ടുള്ളതു കാണാം.
മലയാളത്തിലെ കടംകഥകളോടു സാധര്‍മ്യമുള്ള ഒരു സാഹിത്യവിനോദമാണു സംസ്‌കൃതത്തിലെ പ്രഹേളിക. ഉത്തരം ആവശ്യപ്പെടുന്ന ശ്ലോകരൂപത്തിലുള്ള കടംകഥയാണത്.
"കുക്ഷിരസ്‌തി ശിരോ നാസ്‌തി ബാഹുരസ്‌തി നിരംഗുലിഃ അപദോ നരഭോക്‌താ ച യോ ജനാതി സ പണ്ഡിതഃ'
വയറുണ്ട് തലയില്ല; കൈയുണ്ട് വിരലില്ല; കാലില്ല മഌഷ്യനേ തിന്നും. ആരെന്നറിയുന്നവനാണ് പണ്ഡിതന്‍ (ഉത്തരം: കുപ്പായം).
"വൃക്ഷാഗ്രവാസീ ന ച പക്ഷിരാജഃ ത്രിനേത്രാധാരീ ന ച ശംകരോളയം ജലം ച ബിഭ്രന്ന ഘടോ ന മേഘഃ ത്വഗ് വസ്‌ത്രധാരീ നച സിദ്ധയോഗീ.'
വൃക്ഷാഗ്രത്തിലാണു താമസം; പക്ഷിയല്ല. മൂന്നു കണ്ണുണ്ട്; ശിവനല്ല. ഉള്ളില്‍ ജലമുണ്ട്; കുടമല്ല, മേഘവുമല്ല. തോലാണ് ധരിക്കുന്നത്; എന്നാല്‍ യോഗിയുമല്ല (ഉത്തരം: നാളികേരം). സംസ്‌കൃതഭാഷയിലെ പ്രഹേളികകളെ അപേക്ഷിച്ച് മലയാളഭാഷയിലെ കടംകഥകള്‍ കൂടുതല്‍ ചമത്‌കാരകാരികളാണെന്നു കാണാം. ചില ഉദാഹരണങ്ങള്‍ കൂടി താഴെ കൊടുക്കുന്നു; ഉത്തരങ്ങള്‍ ബ്രാക്കറ്റിലും. 1. ആനയ്‌ക്കും നിലയില്ല; ആനക്കാരഌം നിലയില്ല,അമ്പാടിക്കൃഷ്‌ണന് അരയറ്റം വെള്ളം (തവള).
2. കാട്ടില്‍ പട്ടും ചൂടി നില്‍ക്കുന്നു (കൈതച്ചക്ക).
3. ചത്തകാള, വടിയെടുക്കുമ്പോള്‍ ഓടും (വള്ളം).
4. ഊരിയ വാള്‍ ഉറയിലിടും കാലം പൊന്നിട്ട കത്തി പണയം തരാം (കറന്ന പാല്‍).
5. ഞെട്ടില്ലാ മുണ്ടന്‍ചക്ക (കോഴിമുട്ട).
6. കൊല്ലഌമറിഞ്ഞില്ല, കൊല്ലത്തീമറിഞ്ഞില്ല തിത്തിത്തൈ എന്നൊരു കുഞ്ഞരിവാള്‍ (വാളന്‍പുളി).
7. ആനയെക്കെട്ടാന്‍ തടിയുണ്ട്, ജീരകം പൊതിയാന്‍ ഇലയില്ല (പുളിമരം).
8. താനൊരു കൂനന്‍, നിലവിളി പാ(രം (ശംഖ്).
9. താഴെയും മുകളിലും തട്ടിട്ടിരിക്കുന്ന കുഞ്ഞിരാമന്‍ (ആമ).
10. ഇലയില്ലാത്ത കൊമ്പില്‍ പൂവില്ലാത്ത കായ(ഇലക്‌ട്രിക് ബള്‍ബ്).
കടംകഥയുടെ രൂപത്തിലാണ് ഭാഷയില്‍ ആദ്യമായി സാഹിത്യം പ്രത്യക്ഷപ്പെട്ടതെന്നാണ് പണ്ഡിതമതം. മനഃപാഠമാക്കി വയ്‌ക്കാന്‍ പാകത്തിലുള്ളതാണ് അതിന്‍െറ രൂപഘടന. സാധാരണക്കാരന്റെ സംഭാഷണശൈലിയിലാണ് മിക്കവാറും കടംകഥകള്‍ നിബന്ധിച്ചിരിക്കുന്നത്.
(സി. ചന്ദ്രദത്തന്‍; സ.പ.)