This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കജ്‌റി നൃത്തം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:07, 26 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കജ്‌റി നൃത്തം

കാശ്‌മീരികളുടെ ഇടയില്‍ പ്രചാരത്തിലുള്ള ഒരു നാടോടിനൃത്തം; റൗഫ്‌ എന്ന പേരിലും ഇത്‌ അറിയപ്പെടുന്നു. സ്‌ത്രീകള്‍ ഒന്നിച്ചണിനിരന്നു നടത്തുന്ന ഈ നൃത്തം വസന്തകാലത്തിന്റെ ആഗമനത്തിലാണു സംഘടിപ്പിക്കപ്പെടാറുള്ളത്‌. ഊഞ്ഞാല്‍പ്പാട്ടിലെ ഈണത്തിലാണു കജ്‌റി നൃത്തത്തിലെ ഗാനങ്ങളുടെ സംഗീതസംവിധാനം. നര്‍ത്തകികള്‍ തന്നെയാണ്‌ ഗാനാലാപനവും നടത്തുന്നത്‌. ഈ ഗാനങ്ങള്‍ കാശ്‌മീരികളുടെ ജീവിതരീതിയെ പ്രതിപാദിക്കുന്നവയും ഭൂമീദേവിയെ പ്രകീര്‍ത്തിക്കുന്നവയുമാണ്‌.

കജ്‌റി നൃത്തത്തില്‍ നര്‍ത്തകര്‍ രണ്ടു വരിയായി വേര്‍തിരിഞ്ഞ്‌ അഭിമുഖമായി നിന്നുകൊണ്ട്‌ കൈകൊട്ടി കുമ്മിയടിച്ചു മുന്നോട്ടും പിന്നോട്ടും ലളിതമായ ചുവടുകള്‍ വച്ചു നൃത്തം ചെയ്യുന്നു. അതിമനോഹരവും വര്‍ണശബളവുമാണു കജ്‌റി നൃത്തത്തിന്റെ വേഷവിധാനം. നര്‍ത്തകര്‍ അണിയുന്ന പാവാടകളുടെ കീഴ്‌ഭാഗം വിസ്‌താരമേറിയതും മുകള്‍ഭാഗം ദേഹത്തോടു പറ്റിച്ചേര്‍ന്നു കിടക്കുന്നതുമാണ്‌. കറങ്ങുമ്പോള്‍ കുടയുടെ ആകൃതി തോന്നിക്കുന്ന പാവാടകളുടെ അരിക്‌ അലങ്കാര തുന്നല്‍കൊണ്ടു മോടിപിടിപ്പിച്ചിരിക്കും. ദേഹത്തോടുപറ്റിച്ചേര്‍ന്നു കിടക്കുന്ന "ചോളി' ബ്ലൗസും ഇ(വര്‍ ധരിക്കുന്നു. തലമുടിയില്‍ നേര്‍ത്ത തുണി (veil) പിന്‍ചെയ്‌തു ഘടിപ്പിക്കുകയും കണ്‌ഠത്തിലും കര്‍ണങ്ങളിലും കൈകാലുകളിലും വിചിത്രങ്ങളായ ആഭരണങ്ങള്‍ അണിയുകയും ചെയ്യാറുണ്ട്‌.

കിഴക്കന്‍ യൂറോപ്പില്‍ "ബാള്‍ക്കന്‍' വംശജരുടെ ഇടയില്‍ കജ്‌റി നൃത്തത്തോട്‌ സാദൃശ്യമുള്ള നാടോടിനൃത്തങ്ങള്‍ പ്രചാരത്തിലുണ്ട്‌. ഗ്രീക്കുകാരുടെ ഇടയില്‍ പ്രചരിച്ചിട്ടുള്ള ചില നാടോടിഗാനങ്ങള്‍ കജ്‌റി ഗാനങ്ങളോടു സാദൃശ്യമുള്ളവയാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍