This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കക്കാട്‌, എന്‍.എന്‍. (1927 87)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:12, 26 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കക്കാട്‌, എന്‍.എന്‍. (1927 87)

ആധുനിക മലയാള കവി. കക്കാട്‌ നാരായണന്‍ നമ്പൂതിരിയെന്ന്‌ പൂര്‍ണനാമം. കോഴിക്കോട്‌ ജില്ലയിലെ കൊയിലാണ്ടിക്കടുത്തുള്ള അവിടനല്ലൂരില്‍, കക്കാട്‌ മനയില്‍ പണ്ഡിതനായ നാരായണന്‍ നമ്പൂതിരിയുടെയും സംഗീത വിദുഷിയായ ദേവകി അന്തര്‍ജനത്തിന്‍െറയും മൂന്നാമത്തെ മകനായി 1927 ജൂലാ. 14ന്‌ ജനിച്ചു. പിതാവില്‍ നിന്ന്‌ പാരമ്പര്യരീതിയില്‍ സംസ്‌കൃതവും കുലവിദ്യയായ തന്ത്രവിദ്യയും അഭ്യസിച്ചു. തൃശൂര്‍ കേരളവര്‍മ കോളജില്‍ നിന്ന്‌ ബാച്ച്‌ലര്‍ ഒഫ്‌ ഓറിയന്റല്‍ ലാങ്‌ഗ്വേജസ്‌ (ബി.ഒ.എല്‍.) ബിരുദം നേടി. 1958ല്‍ ആകാശവാണിയില്‍ ഉദ്യോഗസ്‌ഥനായ കക്കാട്‌ 1985ല്‍ പെന്‍ഷനാകുന്നതുവരെ ആകാശവാണിയില്‍ത്തന്നെത്തുടര്‍ന്നു. സാഹിത്യം കൂടാതെ പുല്ലാങ്കുഴല്‍, ചിത്രരചന, ചിത്രാസ്വാദനം, ശാസ്‌ത്രീയസംഗീതം തുടങ്ങിയവയിലും അവഗാഹമുണ്ടായിരുന്നു.

കോളജ്‌ വിദ്യാഭ്യാസകാലത്ത്‌ ഗുരുവായിരുന്ന എന്‍.വി. കൃഷ്‌ണവാരിയര്‍ ഇദ്ദേഹത്തിഌ മുന്നില്‍ വിജ്ഞാനത്തിന്റെ പുതിയ ജാലകങ്ങള്‍ തുറന്നുകാട്ടി. നമ്പൂതിരി യോഗക്ഷേമസഭയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം ഇദ്ദേഹത്തെ പുരോഗമനവാദിയാക്കുകയും പാരമ്പര്യ ഹൈന്ദവാചാരങ്ങള്‍ ഉപേക്ഷിക്കാന്‍ പ്രാപ്‌തനാക്കുകയും ചെയ്‌തു. പൂണൂലും കുടുമയും ഉപേക്ഷിച്ച കക്കാട്‌ സ്വാതന്ത്യ്ര സമരത്തിലും ദേശീയ നേതാക്കളിലും ആകൃഷ്‌ടനായി. വിദ്യാര്‍ഥി കോണ്‍ഗ്രസ്സില്‍ അംഗമായ ഇദ്ദേഹം നൂല്‍നൂല്‍പ്പ്‌, ഹരിജനോദ്ധാരണം തുടങ്ങിയ വിവിധ കോണ്‍ഗ്രസ്‌ പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുത്തിരുന്നു. എന്നാല്‍ സ്വാതന്ത്യ്രലബ്‌ധിക്കുശേഷം കോണ്‍ഗ്രസ്സിഌണ്ടായ മൂല്യച്യുതി കോണ്‍ഗ്രസ്സില്‍ നിന്ന്‌ അകലുന്നതിഌം അക്കാലത്ത്‌ മലബാറില്‍ ശക്തിപ്രാപിച്ചു കൊണ്ടിരുന്ന കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിലേക്ക്‌ അടുക്കുന്നതിഌം കാരണമായി. 1962ല്‍ കമ്മ്യൂണിസ്റ്റെന്നും 1975ല്‍ നക്‌സലൈറ്റെന്നും 1982ല്‍ വര്‍ഗീയവാദിയെന്നും കക്കാടിനെ വിശേഷിപ്പിക്കുകയും ആക്ഷേപിക്കുകയും ചെയ്‌തിരുന്നു. എല്ലാ കാലത്തും ഇദ്ദേഹം പ്രകടിപ്പിച്ച ധീരതയും മൂല്യാധിഷ്‌ഠിത ജീവിതബോധവും തന്നെയാണ്‌ കക്കാട്‌ എന്ന വ്യക്തിയുടെയും അദ്ദേഹത്തിന്റെ കവിതകളുടെയും മുഖമുദ്ര.

1957ല്‍ "ശലഭഗീതം' എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചുകൊണ്ടാണ്‌ കാവ്യരംഗത്ത്‌ ഇദ്ദേഹത്തിന്റെ അരങ്ങേറ്റം. നഗരജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന വിഷമസന്ധികളാണ്‌ ഈ കവിതകള്‍ അനാവരണം ചെയ്യുന്നത്‌. 1960ല്‍ "പാതാളത്തിന്‍െറ മുഴക്കം' പ്രസിദ്ധീകൃതമായതോടെ ആധുനിക കവി എന്ന നിലയില്‍ കക്കാട്‌ ശ്രദ്ധേയനായി. ഉചിതമായ പുരാവൃത്തങ്ങളിലൂടെയും അഌയോജ്യമായ ബിംബങ്ങളിലൂടെയും പുരാണ കഥകളിലൂടെയും ആണ്‌ കവിതാ സന്ദര്‍ഭങ്ങള്‍ കവി വരച്ചു കാണിക്കുന്നത്‌. നാഗരികമഌഷ്യന്റെ വ്യഥകള്‍ ഇതിലെ പ്രധാന പ്രമേയമാണ്‌. 1965-75 കാലത്ത്‌ മാതൃഭൂമിയില്‍ "കുട്ടേട്ടന്‍' എന്ന പേരില്‍ ബാലപംക്തി കൈകാര്യം ചെയ്‌തിരുന്ന കക്കാട്‌ മാരുതി, നാനാക്‌ തുടങ്ങിയ തൂലികാനാമങ്ങളില്‍ ആഌകാലികങ്ങളില്‍ എഴുതിയിരുന്നു.

ആധുനികതയുടെ പരീക്ഷണശാലയായാണ്‌ കക്കാടിന്റെ കവിത വിലയിരുത്തപ്പെടുന്നത്‌. ഇദ്ദേഹത്തിന്റെ കാവ്യസപര്യയ്‌ക്ക്‌ മൂന്നു ഘട്ടങ്ങളുണ്ടെന്നാണ്‌ നിരൂപകമതം. മൂല്യാരാധകനായി നിലയുറപ്പിച്ചു. നഗരവൈരൂപ്യത്തെയും വളര്‍ന്നുവരുന്ന ഇന്ദ്രിയസുഖാസക്തിയെയും വിമര്‍ശിക്കുന്ന ഒന്നാം ഘട്ടത്തിലെ രചനകളാണ്‌ "ആയിരത്തിത്തൊള്ളായിരത്തി അറുപത്തിമൂന്ന്‌', "പാതാളത്തിന്റെ മുഴക്കം' എന്നീ കവിതാസമാഹാരങ്ങളിലെ കവിതകള്‍. "ദുഃഖം', "പാര്‍ക്കില്‍', "വാഹനം', "ബീറ്റ്‌', "വേരുകള്‍', "പാതാളത്തിന്റെ മുഴക്കം', "പ്രാര്‍ഥന', "ക്ഷീണം', "ഫയലുകള്‍', "പനിനീര്‍പ്പൂവിന്റെ ഗന്ധം', "മോഷ്‌ടിച്ചെടുത്ത ഒരു രാത്രി' തുടങ്ങിയ കവിതകള്‍ ഉദാഹരണങ്ങളാണ്‌.

നഗരവൈരൂപ്യത്തെ ഭാരതത്തിന്റെ മൊത്തം വൈരൂപ്യമായിക്കാണുകയും ഏതോ ഒരു പ്രത്യാശയില്‍ മനസ്സര്‍പ്പിക്കുകയും ചെയ്യുന്നതാണ്‌ രണ്ടാംഘട്ടം. വിലാപത്തിന്റെയല്ല, മറിച്ച്‌ വാശിയുടെ സ്വരമാണ്‌ "വജ്രകുണ്ഡല'ത്തിലൂള്ളത്‌. തന്റെ സ്വപ്‌നകന്യകയെ അണിയിക്കേണ്ട വജ്രകുണ്ഡലം എന്ത്‌ വിലകൊടുത്തും കാത്തുസൂക്ഷിക്കും എന്ന്‌ പ്രഖ്യാപിക്കുന്ന കവി "വനിതാഗര്‍ഭ'ത്തിലെ ബീജം പുനഃസൃഷ്‌ടിയുടെ കരുത്തായി പുറത്തുവരുമെന്ന്‌ വിശ്വസിക്കുന്നു.

മൂല്യച്യുതിയില്‍ മനംനൊന്ത മൂല്യാരാധകന്റെ അമര്‍ഷങ്ങളും നൈരാശ്യങ്ങളും വിഹ്വലതകളും ആണ്‌ മൂന്നാംഘട്ടത്തിലെ കവിതകളില്‍ കാണുന്നത്‌. "പട്ടിപ്പാട്ട്‌', "ചെറ്റകളുടെ പാട്ട്‌', "കഴുവേറിപ്പാച്ചന്‍െറ പാട്ടുകള്‍', "വാരിക്കുഴിപ്പാട്ട്‌', "കുമ്മാട്ടി', "രാമായണംകളി' തുടങ്ങിയ രചനകള്‍ ഈ വിഭാഗത്തില്‍പ്പെടുന്നു. ഒടുവില്‍ "സഫലമീ യാത്ര' എന്നുപറഞ്ഞു തന്നെയാണ്‌ കവി നിര്‍ത്തുന്നത്‌.

ശലഭഗീതങ്ങള്‍, കവിത, പാതാളത്തിന്റെ മുഴക്കം, ആയിരത്തിത്തൊള്ളായിരത്തി അറുപത്തിമൂന്ന്‌, ഇതാ ആശ്രമമൃഗം, കൊല്ല്‌ കൊല്ല്‌, നാടന്‍ ചിന്തുകള്‍, പകലറുതിക്കു മുന്‍പ്‌, സഫലമീയാത്ര, വജ്രകുണ്ഡലം (ഖണ്ഡകാവ്യം), കവിതയും പാരമ്പര്യവും (നിരൂപണപഠനങ്ങള്‍), അവലോകനം (ഉപന്യാസങ്ങള്‍) മുതലായവയാണ്‌ കക്കാടിന്റെ പ്രമുഖ കൃതികള്‍.

"കവിത' എന്ന സമാഹാരത്തിന്‌ ലഭിച്ച ചെറുകാടിന്‍െറ പേരിലുള്ള ശക്തി അവാര്‍ഡാണ്‌ കക്കാടിഌ ലഭിച്ച ആദ്യത്തെ പുരസ്‌കാരം. "സഫലമീയാത്ര'ക്ക്‌ കേരളസാഹിത്യ അക്കാദമി അവാര്‍ഡ്‌ (1985) വയലാര്‍ അവാര്‍ഡ്‌ (1986) എന്നിവ ലഭിച്ചു. ഇതുകൂടാതെ ആശാന്‍ പ്രസ്‌, ഓടക്കുഴല്‍ അവാര്‍ഡ്‌ എന്നീ അവാര്‍ഡുകളും കക്കാടിഌ ലഭിച്ചിട്ടുണ്ട അര്‍ബുദത്തെത്തുടര്‍ന്ന്‌ 1987 ജഌ. 6ന്‌ കക്കാട്‌ അന്തരിച്ചു.

(രാധിക; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍