This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എന്റെ സത്യാന്വേഷണ പരീക്ഷകള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
എന്റെ സത്യാന്വേഷണ പരീക്ഷകള്‍
മഹാത്മാഗാന്ധി ഗുജറാത്തിയിലെഴുതിയ ആത്മകഥയുടെ ഇംഗ്ലീഷ് വിവർത്തനത്തിന്റെ (The Story of My Experiments with Truth) മലയാളഭാഷാനുവാദത്തിന് നല്‌കപ്പെട്ടിട്ടുള്ള പേര്. അദ്ദേഹത്തിന്റെ തന്നെ പത്രാധിപത്യത്തിൽ പുറപ്പെട്ടിരുന്ന നവജീവനിൽ പ്രതിവാരം പ്രസിദ്ധീകൃതമായ ഈ സ്‌മരണസഞ്ചിക പുസ്‌തകരൂപത്തിൽ പ്രകാശിതമായത് രണ്ടു വാല്യങ്ങളായിട്ടാണ് (1927-29). പിന്നീടുള്ള അതിന്റെ പതിപ്പുകളിൽ ഒരൊറ്റ പുസ്‌തകത്തിൽത്തന്നെ അഞ്ചുഭാഗങ്ങള്‍ അടങ്ങിയിരിക്കുന്നതായി കാണാം. ഒന്നാം ഭാഗത്തിൽ 25-ഉം രണ്ടിൽ 29-ഉം മൂന്നിൽ 23-ഉം നാലിൽ 47-ഉം അഞ്ചിൽ 43-ഉം അധ്യായങ്ങളാണ് ഉള്ളത്. നാതിദീർഘമായ ഓരോ അധ്യായവും പ്രത്യേകം ശീർഷകങ്ങളിലൊതുക്കിയിരിക്കുന്നു. ഒറ്റ വാല്യമായി പുറത്തുവന്ന പതിപ്പുകളുടെ അവസാനം ദീർഘമായ ഒരു അനുബന്ധസൂചികയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഗ്രന്ഥത്തിന്റെ ഭൂരിഭാഗവും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌തത് ഗാന്ധിജിയുടെ പ്രവറ്റ് സെക്രട്ടറിയായി ആമരണം സേവനമനുഷ്‌ഠിച്ച മഹാദേവദേശായിയാണ്. അഞ്ചാം ഭാഗത്തിലെ 15 അധ്യായങ്ങളുടെ പരിഭാഷ നിർവഹിച്ചത് ദേശായിയുടെ സഹപ്രവർത്തകനും മറ്റൊരു ഗാന്ധിശിഷ്യനുമായ പ്യാരേലാൽ ആയിരുന്നു.
എല്ലാ ഭാരതീയഭാഷകളിലും ഈ കൃതിക്ക് ഒന്നിലധികം വിവർത്തനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ ഗ്രന്ഥത്തിന്റെ സമഗ്രമായ പ്രഥമമലയാളവിവർത്തനം കെ. മാധവനാരുടെ എന്റെ സത്യാന്വേഷണ പരീക്ഷകള്‍ (കോഴിക്കോട്, 1955) ആണ്. ഗാന്ധിജിയുടെ ജീവിതത്തിലെ സവിശേഷ സംഭവങ്ങളെയും അവയുമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങളെയും വിവരിക്കുന്ന ചില ആത്മകഥാഭാഗങ്ങള്‍ ഇംഗ്ലീഷിൽ നിന്നു വിവർത്തനം ചെയ്യപ്പെട്ടവയായി വേറെയും നമുക്ക് ലഭിച്ചിട്ടുണ്ട്. ഇവയിൽ ഭരതന്‍ കുമരപ്പ നിർവഹിച്ച ഇംഗ്ലീഷ് സംക്ഷേപണത്തിന്റെ രണ്ടു പ്രധാന ഭാഷാനുവാദങ്ങള്‍ കെ. രാമചന്ദ്രന്‍നായരും (തിരുവനന്തപുരം, 1955) കെ.ടി. ഗോപാലകൃഷ്‌ണനും (കണ്ണൂർ, 1956) ചെയ്‌തിട്ടുള്ളത് പ്രാധാന്യമർഹിക്കുന്നു.
മലയാളത്തിൽ ഇത് എന്റെ സത്യാന്വേഷണപരീക്ഷകള്‍ എന്ന പേരിലാണ് അറിയപ്പെടുന്നതെങ്കിലും മൂലനാമം എന്റെ സത്യാന്വേഷണപരീക്ഷണകഥ (The Story of My Experiments with Truth) എന്നാണ്. പുസ്‌തകത്തിന് ഈ പേരുകൊടുത്തതിനെപ്പറ്റി ഗാന്ധിജി ആമുഖത്തിൽ സാമാന്യം ദീർഘമായി പ്രതിപാദിക്കുന്നുണ്ട്. ""ശരിക്കും ഒരാത്മകഥ എഴുതാന്‍ തുനിയണമെന്നല്ല എന്റെ ഉദ്ദേശ്യം. സത്യത്തെ വിഷയമാക്കി ഞാന്‍ നടത്തിയിട്ടുള്ള നിരവധി പരീക്ഷണങ്ങളുടെ കഥ പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്റെ ജീവിതത്തിൽ ഈ പരീക്ഷണങ്ങളല്ലാതെ മറ്റൊന്നും നടന്നിട്ടില്ലാത്തതിനാൽ, ഈ കഥ ഒരു ആത്മകഥയുടെ രൂപം കൈക്കൊള്ളുമെന്നതു സത്യമാണ്. വീണ്ടും അദ്ദേഹം പറയുന്നു; ""ഞാന്‍ ചില സിദ്ധാന്തങ്ങളെ ചർച്ച ചെയ്യാന്‍ മാത്രമേ ഒരുങ്ങിയിരുന്നുള്ളുവെങ്കിൽ, നിശ്ചയമായും ഒരു ആത്മകഥാരചനയ്‌ക്ക് ഒരുമ്പെട്ടുകൂടാ. എന്നാൽ ഈ സിദ്ധാന്തങ്ങളുടെ നിരവധി പ്രായോഗിക വ്യവഹാരങ്ങളുടെ ചരിത്രം വിവരിക്കണമെന്നതാണ് എന്റെ ഉദ്ദേശ്യമെന്നുള്ളതിനാൽ ഞാന്‍ എഴുതിത്തുടങ്ങുന്ന ഈ അധ്യായങ്ങള്‍ക്ക് എന്റെ സത്യാന്വേഷണപരീക്ഷണ കഥ എന്ന ശീർഷകമാണ് നൽകാന്‍ പോകുന്നത്. അക്രമരാഹിത്യം, അഹിംസ, ബ്രഹ്മചര്യം തുടങ്ങിയവയുമായി ഞാന്‍ നടത്തിയ പരീക്ഷണങ്ങളുടെ വിവരണങ്ങളും ഇതിൽ നിശ്ചയമായി കാണാം. എന്നെ സംബന്ധിച്ചിടത്തോളം പരമോന്നതമായ സിദ്ധാന്തം സത്യംമാത്രമാണ്. അതിൽ എണ്ണമറ്റ മറ്റു സിദ്ധാന്തങ്ങളും അടങ്ങിയിരിക്കുന്നു... ഈശ്വരനെ ഞാന്‍ സത്യമെന്ന രൂപത്തിൽ മാത്രമാണ് ആരാധിക്കുന്നത്. അത് കണ്ടെത്താനുള്ള അന്വേഷണയാത്രയിൽ എനിക്കിഷ്‌ടപ്പെട്ട സകലതും ത്യജിക്കാന്‍ ഞാന്‍ സന്നദ്ധനാണ്... എന്റെ ജീവന്‍പോലും!
സ്വന്തം കുടുംബപശ്ചാത്തലത്തെക്കുറിച്ച് ഒരു സംക്ഷിപ്‌ത വിവരണത്തോടുകൂടി ആരംഭിക്കുന്ന ഈ ആത്മകഥ തന്റെ ജനനം, വിദ്യാഭ്യാസം, ഇംഗ്ലണ്ട് യാത്ര, സ്വദേശത്തെ അഭിഭാഷകവൃത്തി, ദീർഘവും സംഭവബഹുലവുമായ ദക്ഷിണാഫ്രിക്കന്‍ പര്യടനം ഭാരതത്തിൽ വീണ്ടും തിരിച്ചെത്തിയശേഷം പില്‌ക്കാലത്ത് രാജ്യത്തെയാകെ ഉത്‌കടമായി ഉലയ്‌ക്കുകയും സാർവജനീനമായി പടർന്നുപിടിക്കുകയും ചെയ്‌ത സത്യഗ്രഹസമരത്തിന്റെ ആരംഭകാലബഹിർ സ്‌ഫോടനങ്ങള്‍ എന്നിവയിലൂടെ കടന്ന് നാഗപ്പൂരിൽ നടന്ന ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ്സിന്റെ സമ്പൂർണസമ്മേളനത്തിൽ (1920) പാസ്സാക്കപ്പെട്ട നിസ്സഹകരണപ്രമേയത്തോടുകൂടി അവസാനിക്കുന്നു. കോണ്‍ഗ്രസ്സിന്റെ ഭരണഘടനാപരിഷ്‌കരണം, അയിത്തോച്ചാടനം, ഹിന്ദു-മുസ്‌ലിം ഐക്യം, ഖാദിപ്രചരണം തുടങ്ങിയവയെ സ്‌പർശിച്ചുകൊണ്ടും ആസന്നമായിപൊട്ടിപ്പുറപ്പെടാന്‍ പോകുന്ന ഖിലാഫത്ത് സമരത്തെ വിഭാവനം ചെയ്‌തുകൊണ്ടുമാണ് ആകെ 167 അധ്യായങ്ങളുള്‍ക്കൊള്ളുന്ന ഗാന്ധിജിയുടെ അസാധാരണമായ ആത്മനിവേദനങ്ങള്‍ അവസാനിക്കുന്നത്. മറ്റുള്ള ആത്മകഥകളിൽ നിന്ന് ഈ ആത്മകഥയെ വേർതിരിച്ച് നിർത്തുന്നത് ഇതിന്റെ ഓരോ വരിയിലും ഓരോ പദത്തിലും നിറഞ്ഞുതുളുമ്പുന്ന ആത്മാർഥതയാണ്. വായനക്കാരിൽ നിന്ന് ഗാന്ധിജി യാതൊന്നും മറച്ചു വയ്‌ക്കുന്നില്ല; തനിക്കു വന്നിട്ടുള്ള പാളിച്ചകളെയും പരാജയങ്ങളെയും നീതീകരിക്കാനോ അനുവാചകന് സ്വീകാര്യമാംവിധം വ്യാഖ്യാനിക്കാനോ അദ്ദേഹം ഇതിൽ ഒരിടത്തും ഒരു ശ്രമവും നടത്തുന്നില്ല. ബാല്യകാലത്ത് അദ്ദേഹം ചെയ്യാനിടയായിട്ടുള്ള കുറ്റകൃത്യങ്ങള്‍ മുഴുവനും ഇതിൽ അണിനിരന്നിരിക്കുന്നു. മോഷണവാസന, മാംസഭോജനതൃഷ്‌ണ, വേശ്യാലയസന്ദർശനം തുടങ്ങിയ പ്രലോഭനങ്ങള്‍ക്ക് അദ്ദേഹം ഓരോ കാലത്ത് വിധേയനായതിന്റെ യഥാതഥവർണനകള്‍ ഇതിൽക്കാണാം. മദ്യം, മങ്ക, മാംസം എന്നിവയെ ജീവിതത്തിൽ ഒരിക്കലും സ്‌പർശിക്കുകയില്ലെന്ന് ഒരു ജൈനസിദ്ധന്റെ നിർദേശപ്രകാരം മാതാവിന്റെ മുമ്പിലും പുകവലി, പാശ്ചാത്യജീവിതരീതി, അഭാരതീയമായ വേഷവിധാനങ്ങള്‍ എന്നിവയിലൊന്നിലും ആകൃഷ്‌ടനാവുകയില്ലെന്ന് പിതൃവ്യന്റെ സാന്നിധ്യത്തിലും ശപഥം ചെയ്‌തിട്ട് ഇംഗ്ലണ്ടിലേക്ക് കപ്പൽകയറിയ ഈ പതിനെട്ടുവയസ്സുകാരന്‍ തന്റെ ജീവിതത്തിൽ ഇവയൊരിക്കലും ലംഘിക്കപ്പെടാതെ ലോകജനതയുടെ മുന്നിൽ മഹാത്മാവായി ഉയർന്നതിന്റെ സമുജ്ജ്വലവൃത്താന്തം ഇതിൽ യാതൊരു പോറലുമേശാതെ പ്രതിഫലിക്കുന്നു.
ദക്ഷിണാഫ്രിക്കയിൽ വെള്ളക്കാരുടെ വർണവിവേചനനയം വരുത്തിയ പീഡാനുഭവങ്ങള്‍, അവിടത്തെ ഭാരതീയരുടെ താത്‌പര്യസംരക്ഷണസമരത്തിന്റെ വിജയകരമായ പരിണാമം, ബ്രഹ്മചര്യപ്രതിജ്ഞ, ബോവർയുദ്ധം, കോണ്‍ഗ്രസ്സിലേക്കുള്ള ഉപക്രമണം, ഗോപാലകൃഷ്‌ണഗോഖലെയുമായുള്ള ഗുരുശിഷ്യബന്ധം, ആത്മവിദ്യാസംഘവുമായുള്ള സമ്പർക്കം, സുളുലഹളകള്‍, ഉപവാസസത്യാഗ്രഹപരിപാടികളുടെ ആദ്യകാലപ്രയോഗങ്ങള്‍, പ്രകൃത്യധിഷ്‌ഠിതമായ ചികിത്സാരീതിയിലുള്ള പരീക്ഷണങ്ങള്‍, ടാഗൂറുമായുള്ള സന്ദർശനം, ചമ്പാരന്‍ സത്യാഗ്രഹം, ആദ്യത്തെ അറസ്റ്റ്, ഖെദ്ദസത്യഗ്രഹം, ഒന്നാം ലോകയുദ്ധത്തിൽ അനുഷ്‌ഠിച്ച സേവനം, റൗലത്ത് നിയമങ്ങള്‍, സ്വയം ഏറ്റുപറയുന്ന "ഹിമാലയന്‍ അബദ്ധങ്ങള്‍', നവജീവന്‍, യങ്‌ഇന്ത്യ (Young India)എന്നീ ആനുകാലികപ്രസിദ്ധീകരണങ്ങള്‍, അഖിലേന്ത്യാ പര്യടനം, ഖിലാഫത്ത് സമരങ്ങളുടെ തയ്യാറെടുപ്പ്, ജാലിയന്‍വാലാ കൂട്ടക്കൊല, അമൃതസരസ് കോണ്‍ഗ്രസ്, ഖാദിപ്രസ്ഥാനത്തിന്റെ ഉദയം തുടങ്ങി ഈ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങള്‍ മുതൽ ഭാരതത്തെയും വിദേശരാജ്യങ്ങളെയും പിടിച്ചുലയ്‌ക്കാന്‍ തുടങ്ങിയ നിരവധി പരിപാടികളും സിദ്ധാന്തങ്ങളും സന്ദേശങ്ങളും കൊണ്ടുനിറഞ്ഞ ഈ കൃതിഗാന്ധിജിയുടെ സുതാര്യമായ വ്യക്തിത്വത്തിന് നിദർശനമാണ്. വ്യർഥമായ ഒരു പദമോ പ്രയോഗമോ കണ്ടെത്താന്‍ കഴിയുന്ന മഹാന്മാർക്കുമാത്രം സാധിക്കുന്ന സിദ്ധിയുടെ വിജയത്തെയാണ് വിളിച്ചോതുന്നത്.
അന്യൂനമായ ഒരു സാഹിത്യസൃഷ്‌ടി എന്ന നിലയിൽ എന്റെ സത്യാന്വേഷണ പരീക്ഷകള്‍ക്കുള്ള പരിമിതികള്‍ എന്തൊക്കെയായാലും ഒരു രാജ്യത്തെയും ജനതയെയും മാത്രമല്ല ലോകമനഃസാക്ഷിയെത്തന്നെയും തട്ടിഉണർത്താനാകുന്ന ഒരു ഉത്‌കൃഷ്‌ടഗ്രന്ഥം എന്ന നിലയിൽ ഈ കൃതിക്കുള്ള സ്ഥാനം ശ്രദ്ധേയമാണ്.