This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓസ്‌മിയം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഓസ്‌മിയം Osmium ആവർത്തനപ്പട്ടികയിൽ എട്ടാമത്തെ ഗ്രൂപ്പിൽ ഉള്ള ലോഹമൂലകം. സിംബൽ: O, അണുസംഖ്യ 76, അണുഭാരം 190.2, ദ്രവണാങ്കം 3,000oC-നുമേൽ. ക്വഥനാങ്കം 5,100oC-നുമേൽ. 1804-ൽ സ്‌മിത്സണ്‍ ടെനന്റ് എന്ന ഇംഗ്ലീഷ് ശാസ്‌ത്രജ്ഞന്‍ ഈ മൂലകം കണ്ടുപിടിച്ചു. ഗന്ധം എന്ന അർഥമുള്ള ഓസ്‌മേ എന്ന ഗ്രീക്ക് പദത്തിൽനിന്നാണ് ഓസ്‌മിയം എന്ന പേര് നിഷ്‌പന്നമായിട്ടുള്ളത്. പ്ലാറ്റിനം അയിരുകളിൽ ഈ മൂലകം കാണപ്പെടുന്നു. ഓസ്‌മിയം-ഇറിഡിയം കൂട്ടുലോഹമായ ഓസ്‌മിറിഡിയത്തിൽ നിന്നോ പ്ലാറ്റിനം അയിരുകളിൽ നിന്നോ ഇതു പൃഥക്കരിക്കപ്പെടുന്നു.
ഹെക്‌സാഗണൽ ക്ലോസ്‌പാക്‌ഡ് (HCP)സംരചനയാണ് ഈ മൂലകത്തിന്റേത്. ഇതിന്റെ നിറം നീലംകലർന്ന വെളുപ്പാണ്. ഘനത്വം 22.8 ഗ്രാം/സി.സി. (20oC)ഏറ്റവും ഘനത്വം കൂടിയ മൂലകമാണിത്. സുസ്ഥിരങ്ങളായ ഏഴ് ഐസോടോപ്പുകള്‍ ഉണ്ട്; അണുഭാരസംഖ്യകള്‍ യഥാക്രമം 184, 186, 187, 188, 189, 190, 191, 192. കൂടാതെ ആറ് അസ്ഥിര ഐസോടോപ്പുകളുമുണ്ട്; ഭാരസംഖ്യകള്‍ 182, 183, 185, 191, 193, 194. ഓസ്‌മിയം ഒരു സംക്രമണ(transition)മൂലകമാണ്.
വായുവിൽ ചൂടാക്കിയാൽ ബാഷ്‌പശീലമുള്ള വിഷസ്വഭാവത്തോടുകൂടിയ OsO4(ഓസ്‌മിയം ടെട്രാക്‌സൈഡ്) ഉണ്ടാകുന്നു. ഇക്കാരണത്താൽ ലോഹ-ശുദ്ധീകരണം ക്ലേശകരമാണ്. ഓസ്‌മിയം അടങ്ങിയ അയിരുകള്‍ നല്ലപോലെ പൊടിച്ച് അക്വാറീജിയ ചേർത്ത് തിളപ്പിക്കുമ്പോള്‍ OsO4 ബാഷ്‌പം ഉണ്ടാകുന്നു. ഇത് കാസ്റ്റിക് ആൽക്കലി ലായനിയിൽ അവശോഷണം ചെയ്യിപ്പിക്കുന്നു. അങ്ങനെ കിട്ടുന്ന ചുവന്ന നിറമുള്ള ഓസ്‌മേറ്റ് ലായനിയിൽനിന്ന് ഓസ്‌മിയം സള്‍ഫൈഡായോ ഹൈഡ്രാക്‌സൈഡായോ അവക്ഷേപിപ്പിക്കാം. ഇവയെ ഹൈഡ്രജനിൽ റെഡ്യൂസ് ചെയ്‌ത് ഓസ്‌മിയം-ലോഹം ലഭ്യമാക്കുന്നു.
Os Cl2 , Os Cl3 , Os Cl4, Os F6 , Os F5 , Os F4 , Os O, Os2 O3, Os O2, Os O4, Os S2, Os S4 എന്നിവ ചില ഓസ്‌മിയം യൗഗികങ്ങളാണ്. ഓസ്‌മിക് ആസിഡ് അന്‍ഹൈഡ്രഡ് എന്നറിയപ്പെടുന്ന ഛ ഛെ4 40oCൽ ഉരുകുകയും 130oC-ൽ തിളയ്‌ക്കുകയും ചെയ്യുന്നു.
ഓർഗാനിക യൗഗികങ്ങളിൽ ദ്വിബന്ധങ്ങളുടെ ഹൈഡ്രാക്‌സിലീകരണത്തിൽ ഓസ്‌മിക് ആസിഡ് ഓക്‌സിഡൈസിങ് ഏജന്റായി ഉപയോഗിക്കപ്പെടുന്നു. അതിചൂർണിത(well powdered))മായ ഓസ്‌മിയം, ഹൈഡ്രജന്‍-ഓക്‌സിജന്‍ സംയോജനത്തെയും (50oC) നൈട്രജന്‍-ഹൈഡ്രജന്‍ സംയോജനത്തെയും ഉത്‌പ്രരണം ചെയ്യും. വിലകൂടിയ ഫൗണ്ടന്‍പെന്‍ നിബ്ബുകളുടെ മുനകള്‍ ഉണ്ടാക്കാന്‍ ഓസ്‌മിയം-ഇറിഡിയം കൂട്ടുലോഹവും മൈക്രാസ്‌കോപ് സ്ലൈഡുകള്‍ നിർമിക്കാന്‍ ഓസ്‌മിക് ആസിഡും ഉപയോഗിക്കപ്പെടുന്നു.
(ഡോ. കെ.പി. ധർമരാജയ്യർ)