This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓറിജന്‍ (185 - 253)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഓറിജന്‍ (185 - 253)
Origan
പുരാതന ഗ്രീക്കുസഭയിലെ പ്രഗല്‌ഭനായ ഒരു ദൈവശാസ്‌ത്രജ്ഞന്‍. ഓറിജിനസ് അഡമാന്റിയസ് എന്നായിരുന്നു യഥാർഥപേര്. രക്തസാക്ഷിയായ ലിയോണൈഡ്‌സിന്റെ പുത്രനായി 185-ൽ അലക്‌സാണ്ട്രിയയിൽ ജനിച്ചു. 18-ാമത്തെ വയസ്സിൽ അലക്‌സാണ്ട്രിയയിലെ ബിഷപ്പിന്റെ അധീനതയിലുള്ള "കാറ്റിക്കെറ്റിക്കൽ' സ്‌കൂളിലെ അനൗദ്യോഗികാധിപനായി; നിരവധികാലം ബൈബിള്‍ പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും മുഴുകിക്കഴിഞ്ഞു. 215-ൽ ഈജിപ്‌തിലെ ജനങ്ങളുടെ അക്രമംമൂലം നാടുവിടേണ്ടിവന്നു. കുറച്ചുനാള്‍ പള്ളികളിൽ മതപ്രസംഗം നടത്തി. പിന്നീട് ദമെട്രിയസ് ഇദ്ദേഹത്തെ അലക്‌സാണ്ട്രിയയിലേക്ക് തിരിച്ചുവിളിച്ചു.
ബൈബിള്‍ വ്യാഖ്യാനങ്ങള്‍ക്കായി ഇദ്ദേഹം തന്റെ സമയം ചെലവാക്കി. ദമെട്രിയസ്സുമായുള്ള ബന്ധം അസംതൃപ്‌തമായതിനെത്തുടർന്ന് പലസ്‌തീന്‍, ഗ്രീസ്, ഏഷ്യാമൈനർ എന്നിവിടങ്ങള്‍ സന്ദർശിക്കുവാനുള്ള ക്ഷണം സ്വീകരിച്ചു (227); പലസ്‌തീനിലെ ബിഷപ്പുന്മാർ ഇദ്ദേഹത്തിനു നൽകിയ പൗരോഹിത്യസ്ഥാനം ഏറ്റെടുത്തു. ഓറിജന്റെ ഈ പ്രവൃത്തി ദമെട്രിയസ്സിനെ കോപിഷ്‌ഠനാക്കി. 231-ൽ ഓറിജന്‍ അലക്‌സാണ്ട്രിയയോട് അവസാനമായി യാത്രപറഞ്ഞു. ഈജിപ്‌തിലെ സുനഹദോസ് ഇദ്ദേഹത്തെ ആക്ഷേപിക്കുകയും ഇദ്ദേഹത്തിന് പൗരോഹിത്യം നിഷേധിക്കുകയും ചെയ്‌തു. 250-ൽ തടവുകാരനാക്കപ്പെട്ടു.
പീഡനങ്ങള്‍ക്കുവിധേയനായി, രോഗഗ്രസ്‌തനായ ഓറിജന്‍ 253-ൽ ടൈർ എന്ന സ്ഥലത്തുവച്ച് നിര്യാതനായി.
കൃതികള്‍. ഓണ്‍ ഫസ്റ്റ് പ്രിന്‍സിപ്പിള്‍സ്, ഓണ്‍ ദ് റിസറക്ഷന്‍, എക്‌സോർട്ടേഷന്‍ ടു മാർട്യർഡം, ഓണ്‍ പ്രയർ, കമന്റ റീസ് ഓണ്‍ ദ് ഹോളി സ്‌ക്രിപ്‌ചേഴ്‌സ് തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ കൃതികള്‍. ഇവയിൽ ചിലതുമാത്രമേ പൂർണരൂപത്തിൽ ലഭ്യമായിട്ടുള്ളൂ. ഈ കൃതികള്‍ ഇദ്ദേഹത്തിന്റെ ദർശനവും ദൈവശാസ്‌ത്രാവബോധവും വ്യക്തമാക്കുന്നവയാണ്.
സിദ്ധാന്തങ്ങള്‍. പഴയനിയമത്തെ സംരക്ഷിക്കുക എന്നതായിരുന്നു ഓറിജന്റെ ഉദ്ദേശ്യം. ശാശ്വതമായ ഒരു സുവിശേഷത്തിന്റെ (Gospal) പ്രതിച്ഛായ മാത്രമാണ് ഇപ്പോഴുള്ള സുവിശേഷം. ഈ വ്യാഖ്യാനങ്ങളെല്ലാം പരിശുദ്ധാത്മാവിന്റെ സൃഷ്‌ടിയാണെന്ന് ഇദ്ദേഹം വാദിച്ചു. ഈശ്വരന്‍ അമൂർത്തനും സ്ഥലകാലാതീതനും അചഞ്ചലനും ആയതുകൊണ്ട് കോപം, വിരോധം, പശ്ചാത്താപം തുടങ്ങിയ വികാരങ്ങള്‍ ഇദ്ദേഹത്തെ ബാധിക്കുന്നില്ല; ശിക്ഷിക്കുന്നത് ദൈവത്തിന്റെ ജോലിയല്ല; പാപത്തിന്റെ ഫലമാണ് ശിക്ഷ. പ്രത്യക്ഷമായ വെളിപാടിൽക്കൂടിയാണ് ദൈവജ്ഞാനം ഉണ്ടാകുന്നത് എന്നുള്ള സിദ്ധാന്തങ്ങള്‍ ക്രസ്‌തവസ്റ്റോയിക്കുകള്‍ക്കെതിരായി ഇദ്ദേഹം പ്രചരിപ്പിച്ചു.
ലോഗോസ് ആണ് ഇദ്ദേഹത്തിന്റെ ദൈവശാസ്‌ത്രവിചാരചർച്ചയിലെ കേന്ദ്രബിന്ദു. പ്രപഞ്ചത്തിന്റെ ആദിയും അന്ത്യവും ഏകത്വത്തിൽനിന്നാണ്. അതുകൊണ്ട് പ്രപഞ്ചാവസാനം ആരംഭംപോലെ തന്നെയായിരിക്കും. ശൂന്യതയിൽനിന്ന് ദൈവം പ്രപഞ്ചത്തെ സൃഷ്‌ടിച്ചു. പ്രപഞ്ചം ഈശ്വരനിൽനിന്നു വ്യത്യസ്‌തമാണ്. ക്രിസ്‌തുമതം മാത്രമാണ് സ്വീകാര്യമായിട്ടുള്ളതെന്ന് ഇദ്ദേഹം വാദിച്ചു.
ഇദ്ദേഹത്തിന്റെ ആശയങ്ങള്‍ ഗ്രീക്ക് സന്യാസപാരമ്പര്യത്തിലേക്കും പാശ്ചാത്യലോകത്തിലേക്കും വ്യാപിച്ചു. ജീവിച്ചിരുന്നപ്പോള്‍ വലിയ വിമർശനങ്ങള്‍ക്കു പാത്രമായി. സുവിശേഷത്തിൽ വിഗ്രഹോപാസന കൂട്ടിക്കലർത്തി എന്ന ആരോപണത്തിന് ഇദ്ദേഹം വിധേയനായി (പുത്രനെ പിതാവിനു താഴെ ആക്കി എന്നതും ആറിയന്‍ മതത്തിന്റെ അഗ്രഗാമി ആണെന്നതും ഇദ്ദേഹത്തിനെതിരായ ആക്ഷേപങ്ങളാണ്). അപ്പോസ്‌തലന്മാർക്കു ശേഷം ആദ്യകാലസഭയിലുണ്ടായിട്ടുള്ള ഏറ്റവും വലിയ ഉപദേശിയായിരുന്നു ഓറിജന്‍ എന്ന് ജെറോം അഭിപ്രായപ്പെടുന്നു.