This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഐന്‍തോവന്‍, വില്ലം (1860 - 1927)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഐന്തോവന്, വില്ലം (1860 - 1927)
Einthoven, Willem
ഡച്ച് ശരീരശാസ്‌ത്രവിദഗ്‌ധന്‍ (physiologist). 1924-ൽ വൈദ്യശാസ്‌ത്രത്തിനുള്ള നോബൽസമ്മാനം ഇദ്ദേഹത്തിനാണ് ലഭിച്ചത്. ജാവയിലെ സെമാരങ്‌ഗ് എന്ന സ്ഥലത്ത് 1860 മേയ് 21-ന് ജനിച്ചു. ഐന്‍തോവന്റെ പിതാവ് സെമാരങ്‌ഗിലെ ഭിഷഗ്വരനായിരുന്നു. ഐന്‍തോവന് ആറു വയസ്സായപ്പോള്‍ പിതാവ് ചരമമടഞ്ഞു. നാലു വർഷത്തിനുശേഷം മാതാവ് തന്റെ കുട്ടികളോടൊപ്പം നെതർലാന്‍ഡ്‌സിലെ യൂട്രക്‌റ്റ് എന്ന സ്ഥലത്ത് സ്ഥിരതാമസമാക്കിയതിനാൽ യൂട്രക്‌റ്റ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലാണ് വിദ്യാഭ്യാസം നിർവഹിച്ചത്.
പഠനത്തിൽ സമർഥനായിരുന്ന ഐന്‍തോവന്‍ 1885 ജൂലായ് മാസത്തിൽ വൈദ്യശാസ്‌ത്രത്തിൽ പിഎച്ച്.ഡി. ബിരുദം നേടി. ഫോട്ടോകള്‍ക്ക് ത്രിമാനത്വം തോന്നിക്കുന്ന(three dimensional) "സ്റ്റിരിയോസ്‌കോപ്' എന്ന ഉപകരണത്തെക്കുറിച്ചുള്ള ഗവേഷണപ്രബന്ധത്തിനാണ് ഈ ബിരുദം ലഭിച്ചത്. ആ വർഷം ഡിസംബറിൽ ഇദ്ദേഹം നെതർലാന്‍ഡ്‌സിലെ ലൈഡന്‍ സർവകലാശാലയിൽ ഫിസിയോളജി പ്രാഫസറായി. മരണംവരെ ഈ സ്ഥാനത്ത് തുടരുകയും ചെയ്‌തു. 1886-ൽ തന്റെ അടുത്ത ബന്ധുവായ ലൂയി ദ് വോഗലിനെ വിവാഹം കഴിച്ചു. മകന്‍ പില്‌ക്കാലത്ത് പിതാവിനെ ശാസ്‌ത്രീയപരീക്ഷണത്തിൽ സഹായിക്കുന്ന പങ്കാളിയായിത്തീർന്നു.
1895-ൽ ഐന്‍തോവന്‍ കാപ്പിലറി ഇലക്‌ട്രാമീറ്ററിലെ ഭൗതികസ്ഥിരാങ്കങ്ങള്‍ക്ക് നിർവചനം നല്‌കുകയും യഥാർഥവക്രരേഖ(real curve) കണക്കാക്കുകയും ചെയ്‌തു. ഇലക്‌ട്രാകാർഡിയോഗ്രാം എന്നാണ് ഇദ്ദേഹം ഇതിനു നാമകരണം ചെയ്‌തത്. ഈ വക്രരേഖ, അതിന്റെ യഥാർഥരൂപത്തിൽ, നേരിട്ടു രേഖപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് ഇദ്ദേഹം കരുതി. പൊതുവായി ഉപയോഗിക്കുന്നതിനാവശ്യമായ അടിസ്ഥാന തോതുകളും നിർണയിച്ചു (1903). 1912 ആയതോടെ ഹൃദയത്തിൽ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തമായി മനസ്സിലാക്കാന്‍ മറ്റു ചില കണ്ടുപിടിത്തങ്ങള്‍ കൂടി നടത്തി. "ടെലികാർഡിയോഗ്രാമുകള്‍' എന്നാണ് ഇതിനു നല്‌കിയ പേര്. ഇത് പല ഹൃദ്‌രോഗങ്ങളെക്കുറിച്ചും മനസ്സിലാക്കുവാന്‍ ഐന്‍തോവനെ സഹായിച്ചു. ഇതോടൊപ്പം "സ്റ്റ്രിങ് ഗാൽവനോമീറ്റർ' എന്നുപേരുള്ള ഒരു ഉപകരണത്തിന്റെ സഹായത്തോടെ ഹൃദയത്തിലുണ്ടാകുന്ന ശബ്‌ദങ്ങളും മർമരങ്ങളും ഇലക്‌ട്രാകാർഡിയോഗ്രാമിനോടൊപ്പം, ഒരേ സമയത്തുതന്നെ രേഖപ്പെടുത്തി രോഗത്തെക്കുറിച്ചുള്ള അറിവു വർധിപ്പിക്കാനും ശ്രദ്ധിച്ചു. ടോർഷന്‍ തത്ത്വം (torsion principle) അനുസരിച്ചു പ്രവർത്തിക്കുന്ന ഒരു സ്റ്റ്രിങ് റിക്കോർഡറും സ്റ്റ്രിങ് മിയോഗ്രാഫും ഇദ്ദേഹം ഉണ്ടാക്കി. ഈ ഉപകരണങ്ങളുടെ സഹായത്തോടെ ഹൃദയത്തിന്റെ പേശീസങ്കോചവും ഇലക്‌ട്രാകാർഡിയോഗ്രാമും അഭേദ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്നു എന്നു തെളിയിക്കുവാന്‍ ഇദ്ദേഹത്തിനു സാധിച്ചു. 1924-ൽ "ഡങ്കാം' ലക്‌ചറുകള്‍ക്കായി ഐന്‍തോവന്‍ അമേരിക്കയിൽ പര്യടനം നടത്തി. ഇദ്ദേഹം അവസാനമായി നടത്തിയ പരീക്ഷണം ജാവയിലുള്ള "മലബാർ' എന്ന ട്രാന്‍സ്‌മിറ്റർ ഉപയോഗിച്ചു ക്ഷേപണം ചെയ്‌ത റേഡിയോടെലഗ്രാമുകള്‍ സ്വീകരിക്കുന്നതിനുള്ളതായിരുന്നു. തന്റെ പുത്രനുമൊത്താണ് ഇദ്ദേഹം ഈ പരീക്ഷണം നിർവഹിച്ചത്. ഹൃദയത്തിന്റെ പ്രവർത്തനം മൂലമുണ്ടാകുന്ന വൈദ്യുതിപ്രവാഹത്തെക്കുറിച്ചുള്ളതായിരുന്നു ഇദ്ദേഹത്തിന്റെ അവസാനത്തെ പഠനഗ്രന്ഥം. ഇത് ഇദ്ദേഹത്തിന്റെ മരണാനന്തരമാണ് പ്രസിദ്ധീകൃതമായത്. 1927 സെപ്. 28-ന് ലൈഡനിൽ ഐന്‍തോവന്‍ നിര്യാതനായി.